പെൺകുട്ടികൾക്ക് അമ്മമാർ പറഞ്ഞുകൊടുക്കേണ്ട അഞ്ചു കാര്യങ്ങൾ

കുഞ്ഞുങ്ങളുടെ ലോകം അമ്മമാരെ ചുറ്റിപ്പറ്റിയാണ്. അവരുടെ ദേഷ്യവും വാശിയുമൊക്കെ പുറത്തെടുക്കുന്നതും സ്നേഹം കൂടുമ്പോൾ വന്ന്  പറ്റിച്ചേർന്നിരിക്കുന്നതുമെല്ലാം അമ്മമാരോടുകൂടെത്തന്നെയാണ്. ലോകം എത്രത്തോളം നല്ലതാണെന്നും എന്തൊക്കെ സാധ്യതകളാണ് കുഞ്ഞുങ്ങളെ കാത്തിരിക്കുന്നതെന്നും അറിയാൻ കുഞ്ഞുങ്ങൾ ആരംഭിക്കുന്നതുതന്നെ അമ്മമാരിൽ നിന്നണ്. അതിനാലാണ് മക്കളുടെ വളർച്ചയിൽ, പ്രത്യേകിച്ച് പെൺകുട്ടികളുടെ വളർച്ചയിൽ അമ്മമാർക്ക് വലിയൊരു പങ്കുണ്ട് എന്നുപറയുന്നത്.

വളർച്ചയുടെ ഓരോ കാലഘട്ടത്തിലും പെൺമക്കൾക്ക് അമ്മമാരുടെ പ്രത്യേക കരുതലും സംരക്ഷണവും ആവശ്യമാണ്. പെണ്മക്കളുടെ വളർച്ചയിൽ അമ്മമാർ നിർബന്ധമായും പറഞ്ഞുകൊടുക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം…

1. മാനസികമായും ശാരീരികമായും ശക്തരാവുക

തങ്ങളുടെ കുട്ടികൾ ശക്തിയും ബുദ്ധിയും ബലവുമുള്ളവരായി വളരാൻ താല്പര്യപ്പെടുകയും അതിനായി എന്തുംചെയ്യാൻ തയ്യാറുമാണ് മാതാപിതാക്കൾ. കുട്ടികൾക്ക് ശരീരത്തിനാവധ്യമായ ആരോഗ്യകരമായ ഭക്ഷണം നൽകുന്നതോടൊപ്പം നല്ല ജീവിതശൈലികൾ വളർത്തിയെടുക്കാനുള്ള പരിശീലനവും നൽകാം. പോഷകഗുണമുള്ള ഭക്ഷണം കഴിക്കാനും കൃത്യമായ സമയത്ത് ഉറങ്ങാനും വ്യായാമം ചെയ്യാനും ചെറിയ പ്രായത്തിൽ തന്നെ ശീലിപ്പിക്കാം. പ്രതിസന്ധികളെ തരണംചെയ്യാനുള്ള ശക്തിയും മാനസിക കരുത്തും അവർ ആർജിച്ചെടുക്കുന്നുണ്ടെന്ന് വളരുന്ന പ്രായത്തിൽതന്നെ ഉറപ്പുവരുത്തണം.

2. നല്ല വിദ്യാഭ്യാസം ഉറപ്പുനൽകാം

വിദ്യാഭ്യാസം ഒരു നിസ്സാരകാര്യമല്ല. മനസ്സിലെ പല മോശം ചിന്തകളെയും മാറ്റാനും ലോകത്തെക്കുറിച്ച് കൂടുതൽ അറിവു ലഭിക്കുവാനും വിദ്യാഭ്യാസം സഹായിക്കും. കാലാനുസൃതമായ മാറ്റങ്ങളെ അവതരിപ്പിച്ചുകൊണ്ട് കുട്ടികൾക്ക് താല്പര്യമുള്ള മേഘലകളിൽ മികച്ച അറിവ് പകരാൻ അമ്മമാർ ശ്രമിക്കണം. വിദ്യാഭ്യാസം വലിയ ഒരു സമ്പത്താണെന്നും അത് ആർജിച്ചെടുക്കേണ്ടത് ആവശ്യമാണെന്നുമുള്ള ബോധ്യം പെൺകുട്ടികളിൽ വളർത്താൻ അമ്മമാർക്കു മാത്രമേ കഴിയൂ.

3. ‘നോ’ പറയാൻ പഠിപ്പിക്കാം

പറയേണ്ട സമയത്ത് ‘നോ’ പറയാതിരുന്നതുകൊണ്ട് പല അബദ്ധങ്ങളിലും ചെന്നുചാടുന്ന അനേകം കുട്ടികളുണ്ട്. അതിനാൽ നോ പറയേണ്ടിടത്ത് നോ പറയാനുള്ള പരിശീലനം കുട്ടികൾക്കു നൽകണം. ചില സാഹചര്യങ്ങളിൽ നോ എന്ന ഒറ്റവാക്കിനു പകരം ഒരായിരം വിശദീകരണങ്ങൾ കൊടുക്കേണ്ടതായിവരും. ഈ സാഹചര്യങ്ങളിൽ പതറാതിരിക്കാനുള്ള പിന്തുണയും കൂടെ അമ്മയുണ്ട് എന്ന വിശ്വാസവും ചെറുപ്പംമുതൽ പെൺകുട്ടികൾക്കു കൊടുക്കാം. സ്വയം ശരിയെന്നു  ബോധ്യമുള്ള കാര്യങ്ങൾ ചെയ്യാനും ചുറ്റുമുള്ളവർ എന്തുകരുതുമെന്ന് വിചാരിച്ച് അവനവനു ഗുണമുള്ള കാര്യങ്ങൾ ചെയ്യാതിരിക്കരുതെന്നും കുട്ടികളെ പറഞ്ഞുപഠിപ്പിക്കണം.

4. സന്തോഷങ്ങളുടെ ശരിയായ അർഥം പകരാം

കൗമാരപ്രായത്തിലെത്തുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന് പല മാനങ്ങളുണ്ടാകും. ചിലർക്ക് സന്തോഷം കൂട്ടുകാരുടെ കൂടെ കറങ്ങിനടക്കുന്നതാകും, ചിലർക്ക് മറ്റുപല കാര്യങ്ങളാകും സന്തോഷം നൽകുന്നത്. അതിനാൽ എന്താണ് ശരിയായ സന്തോഷമെന്ന തിരിച്ചറിവ് കുട്ടികൾക്കു നൽകുന്നത് ജീവിതത്തിൽ ശരിയായ ദിശയിൽ സഞ്ചരിക്കുന്നതിന് അവരെ സഹായിക്കും.

നമുക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ ഏതാണെന്നു തീരുമാനിക്കേണ്ടത് എപ്പോഴും നമ്മളായിരിക്കണം. അതൊരിക്കലും മറ്റൊരാളാകരുതെന്നും പറഞ്ഞുകൊടുക്കാം. ഒപ്പം എഴുത്തും ചിത്രരചനയും കരകൗശലനിർമ്മാണവും ഉൾപ്പെടെ പലതരത്തിലുള്ള പ്രവർത്തകളും കുട്ടികൾക്ക് പരിചയപ്പെടുത്താം.

5. സ്വന്തംകാലിൽ നിൽക്കാൻ പ്രേരിപ്പിക്കാം

വിവാഹത്തിനുമുമ്പ് സ്വന്തം അധ്വാനംകൊണ്ടു ജീവിക്കാൻ ഓരോ പെൺകുട്ടിയും പഠിച്ചിരിക്കണം; ലഭിക്കുന്ന പണം കൃത്യമായി ചെലവഴിക്കാൻ ശീലിക്കുകയുംവേണം. അതിനു പരിശീലനം നൽകേണ്ടത് അമ്മമാരാണ്. പണത്തിന്റെ ശരിയായ വിനിയോഗം സംബന്ധിച്ചുള്ള പരിശീലനം ഭാവിജീവിതത്തിൽ വരവറിഞ്ഞു ചിലവ് നടത്തുന്നതിനും അതിലൂടെ കുടുംബജീവിതം സാമ്പത്തികമായി ഭദ്രമാക്കുന്നതിനും സഹായിക്കും. ഒപ്പം തീരുമാനങ്ങളെടുക്കുന്നതിനും പ്രതിസന്ധികളിൽ തളരാതിരിക്കുന്നതിനും പെൺകുട്ടികൾക്ക് കരുത്തുപകരാൻ അമ്മമാർക്കു മാത്രമേ കഴിയുകയുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.