ആദ്യ തദ്ദേശീയ അമേരിക്കൻ രക്തസാക്ഷി: ഫാ. സ്റ്റാൻലി റോതർ

അമേരിക്കയിലെ ആദ്യ തദ്ദേശീയ രക്തസാക്ഷി എന്ന് അറിയപ്പെടുന്ന വ്യക്തിയാണ് വാഴ്ത്തപ്പെട്ട സ്റ്റാൻലി റോതർ. “അപകടത്തിന്റെ ആദ്യ സൂചനയിൽ ഒരു ഇടയന് ഓടിരക്ഷപെടാൻ കഴിയില്ല” – ഈ വാക്കുകൾക്ക് സ്വന്തം ജീവിതത്തിലൂടെ സാക്ഷ്യം വഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. പീഡനങ്ങൾക്കും കലഹങ്ങൾക്കും നടുവിൽ തന്നെ ദൈവം ഏൽപിച്ച വിശ്വാസ സമൂഹത്തെ ചേർത്തുപിടിക്കുകയും അവർക്കായി തന്റെ പൗരോഹിത്യ കടമകൾ നിർവ്വഹിക്കുകയും ചെയ്തു. ഒടുവിൽ തന്റെ 46-ാം വയസിൽ രക്തസാക്ഷിയായി മരണം വരിക്കുകയും ചെയ്തു. ആ വിശുദ്ധ ജീവിതത്തെ അടുത്തറിയാം…

ഒക്‌ലഹോമയിൽ നിന്നുള്ള ഒരു അമേരിക്കൻ റോമൻ കാത്തലിക് പുരോഹിതനായിരുന്നു സ്റ്റാൻലി ഫ്രാൻസിസ് റോതർ. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം വൈദികനാകുക എന്ന തന്റെ വിളി തിരിച്ചറിഞ്ഞ സ്റ്റാൻലി, വൈദിക പരിശീലനത്തിനായി സെമിനാരിയിൽ ചേർന്നു. 1963 -ൽ പൗരോഹത്യം സ്വീകരിച്ച അദ്ദേഹം 1968 -ൽ ഗ്വാട്ടിമാലയിൽ എത്തി. ഫാ. സ്റ്റാൻലി അവിടെയുള്ള തന്റെ ഇടവകക്കാരുടെ ലളിതവും കാർഷികവുമായ ജീവിതശൈലി വളരെ വേഗത്തിൽ തന്നെ തിരിച്ചറിഞ്ഞു. അവിടെ എത്തിയ അദ്ദേഹം സ്പാനിഷും ഒപ്പം പ്രാദേശികഭാഷയായ ത്സുതുജിൽ ഭാഷയും പഠിച്ചു. ഈ ഭാഷ ആ പ്രദേശത്തെ ആളുകൾക്കല്ലാതെ മറ്റുള്ളവർക്ക് അറിയില്ലായിരുന്നു. അതിനാൽ തന്നെ ഈ ഭാഷയിൽ വിശുദ്ധ ഗ്രന്ഥമോ, മറ്റു കാര്യങ്ങളോ ഉണ്ടായിരുന്നില്ല. ഈ ഒരു കാരണത്താൽ അവിടെ ഉണ്ടായിരുന്ന ആളുകൾക്ക് കൂദാശകളും മറ്റും അന്യമായിരുന്നു. ഈ സാഹചര്യം മനസിലാക്കിയ ഫാ. സ്റ്റാൻലി, രൂപതാധികൃതരോട് അനുവാദം ചോദിക്കുകയും ഈ തദ്ദേശീയ ത്സുതുജിൽ ജനത്തിനായി സേവനം ചെയ്യാൻ ആരംഭിക്കുകയും ചെയ്തു.

ആ സമയത്ത് തന്റെ അജപാലന ചുമതലകൾ നിർവ്വഹിക്കുന്നതിന്റെ കൂടെ തന്നെ അദ്ദേഹം, പുതിയ നിയമം ത്സുതുജിലേക്ക് വിവർത്തനം ചെയ്യുകയും ആ ഭാഷയിൽ പതിവായി കുർബാനകൾ ആരംഭിക്കുകയും ചെയ്തു. കൂടാതെ, ആ വർഗ്ഗക്കാരുടെ ഇടയിൽ ഒരു ആശുപത്രിയും സ്ഥാപിച്ചു. വൈകാതെ തന്നെ ആ തദ്ദേശീയ ജനതക്കിടയിൽ അദ്ദേഹം പ്രധാനപ്പെട്ട വ്യക്തിയായി മാറി. അവർ സ്നേഹത്തോടെ അദ്ദേഹത്തെ ‘പാഡ്രെ ഫ്രാൻസിസ്കോ’ എന്ന് വിളിക്കാൻ തുടങ്ങി.

എന്നാൽ സന്തോഷവും സമാധാനവും നിറഞ്ഞ ആ ജീവിതം അധികം മുന്നോട്ട് പോയില്ല. ഗ്വാട്ടിമാലൻ ആഭ്യന്തരയുദ്ധത്തിന്റെ അക്രമം സമാധാനപരമായ ഗ്രാമങ്ങളിലേക്കും വ്യാപിച്ചു. തിരോധാനങ്ങളും കൊലപാതകങ്ങളും അപകടങ്ങളും നിത്യസംഭവങ്ങളായി മാറിയെങ്കിലും ഈ അസ്വസ്ഥതകൾക്കിടയിലും ഫാ. സ്റ്റാൻലി കഠിനാദ്ധ്വാനം ചെയ്തു. ഒരു കർഷക സഹകരണസംഘം, ഒരു സ്കൂൾ, ഒരു ആശുപത്രി, മതബോധനത്തിനായി ഉപയോഗിച്ച ആദ്യത്തെ കത്തോലിക്കാ റേഡിയോ സ്റ്റേഷൻ തുടങ്ങിയവക്ക് ഈ സമയം ഫാ. സ്റ്റാൻലി രൂപം നൽകിയിരുന്നു.

1981 -ന്റെ തുടക്കത്തിൽ, അദ്ദേഹത്തിന്റെ പേര് വലതുപക്ഷ ഡെത്ത് സ്ക്വാഡുകളുടെ ഹിറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്നു. ജീവനിൽ ഭീഷണിയുള്ളതിനാൽ ഉടൻ തന്നെ ഗ്വാട്ടിമാല വിട്ടുപോകണമെന്ന മുന്നറിയിപ്പ് റോതറിന് ലഭിച്ചു. പക്ഷേ, തന്റെ ജനത്തെ ഉപേക്ഷിക്കാൻ അദ്ദേഹത്തിന് മനസ് വന്നില്ല. അതിനാൽ അദ്ദേഹം ആ തദ്ദേശീയ ജനത്തിനിടയിലേക്ക് മടങ്ങിപ്പോയി. കഷ്ടതകൾക്കിടയിൽ വലയുന്ന തന്റെ ജനത്തിനൊപ്പം ഈസ്റ്റർ കുർബാന അർപ്പിക്കണമെന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചു. ആർച്ചുബിഷപ്പിൽ നിന്നും പ്രത്യേക അനുവാദം വാങ്ങിയാണ് അദ്ദേഹം തിരികെ എത്തിയത്.

1981 ജൂലൈ 28 -ന് പുലർച്ചെ, തോക്കുധാരികൾ റോതറിന്റെ റെക്ടറിയിൽ അതിക്രമിച്ചു കയറി. കൊലയാളികൾ ഫ്രാൻസിസ്കോ ബോസെൽ എന്ന കൗമാരക്കാരനെ റോതറിന്റെ കിടപ്പുമുറി കാണിക്കാൻ നിർബന്ധിച്ചു. ആ കൗമാരക്കാരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വൈദികന്റെ പക്കലേക്ക് എത്താൻ അക്രമികൾക്കു കഴിഞ്ഞു. തുടർന്നു നടന്ന പോരാട്ടത്തിൽ ഫാ. സ്റ്റാൻലി വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു.

ആ വർഷം ഗ്വാട്ടിമാലയിൽ കൊല്ലപ്പെട്ട 10 വൈദികരിൽ ഒരാളായിരുന്നു റോതർ. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ ഒക്‌ലഹോമയിലേക്ക് തിരികെ കൊണ്ടുപോകുകയും 1981 ആഗസ്റ്റ് 3 -ന് ജന്മനാട്ടിലെ ഹോളി ട്രിനിറ്റി സെമിത്തേരിയിൽ സംസ്‌കരിക്കുകയും ചെയ്തു. ത്സുതുജിൽ ഇടവകക്കാരുടെ അഭ്യർത്ഥനപ്രകാരം, അദ്ദേഹത്തിന്റെ ഹൃദയം നീക്കം ചെയ്യുകയും സാന്റിയാഗോ ആറ്റിറ്റ്‌ലാനിലെ പള്ളിയുടെ അൾത്താരയുടെ കീഴിൽ പ്രത്യേകമായി അടക്കം ചെയ്യുകയും ചെയ്തു.

മരിയ ജോസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.