വരൂ, നമുക്ക് ‘പോളാർ എക്സ്പ്രസി’ൽ ഉത്തരധ്രുവം വരെ പോകാം

2004 – ൽ റിലീസ് ചെയ്ത മനോഹരമായ ആനിമേഷൻ-അഡ്വെഞ്ചർ ക്രിസ്തുമസ് സിനിമയാണ് ‘ദി പോളാർ എക്സ്പ്രസ്സ്.’ ‘ഫോറെസ്റ്റ് ഗംബ്‌’, ‘കാസ്റ്റ് എവേ’ എന്നീ വിഖ്യാത സിനിമകൾ സംവിധാനം ചെയ്ത റോബർട്ട് സെമെക്കിസാണ് ഈ സിനിമയുടെയും സംവിധായകൻ. ഏറ്റവും മനോഹരമായ ക്രിസ്തുമസ് സിനിമകളിൽ ഒന്നാണിത്. തുടർന്നു വായിക്കുക.

2004 – ൽ റിലീസ് ചെയ്ത മനോഹരമായ ആനിമേഷൻ-അഡ്വെഞ്ചർ ക്രിസ്തുമസ് സിനിമയാണ് ‘ദി പോളാർ എക്സ്പ്രസ്സ്.’ ‘ഫോറെസ്റ് ഗംബ്‌’, ‘കാസ്റ്റ് എവേ’ എന്നീ വിഖ്യാത സിനിമകൾ സംവിധാനം ചെയ്ത റോബർട്ട് സെമെക്കിസാണ് ഈ സിനിമയുടെയും സംവിധായകൻ. ക്രിസ് വാൻ ഓൾബർഗ് 1985 – ൽ ‘ദി പോളാർ എക്സ്പ്രസ്സ്’ എന്ന പേരിൽ കുട്ടികൾക്കുവേണ്ടി എഴുതിയ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ. ഇതിലെ ആറു കഥാപാത്രങ്ങൾക്കു ശബ്ദം നൽകിയിരിക്കുന്നത് ടോം ഹാങ്ക്സ് ആണ്.

ഒരു ക്രിസ്മസ് രാവിൽ, പോളാർ എക്സ്പ്രസ് എന്ന ട്രെയിനിൽ, ഉത്തരധ്രുവത്തിലേയ്ക്ക് സാഹസിക യാത്ര നടത്തുന്ന ഒരു കുട്ടിയുടെ കഥയാണ് ഈ സിനിമയിൽ. ഈ യാത്രയിൽ സൗഹൃദം, ധീരത, ക്രിസ്തുമസിന്റെ ചൈതന്യം എന്നിവയെക്കുറിച്ച് ആ കുട്ടി പഠിക്കുന്നു. അതിലും ഉപരിയായി, ക്രിസ്തുമസിലും സാന്താക്ളോസിലും ക്രിസ്തുമസ് നൽകുന്ന ചൈതന്യത്തിലും അവൻ വിശ്വസിക്കുന്നു. ടോം ഹാങ്ക്സിന്റെ രൂപം തന്നെയാണ് പോളാർ എക്സ്പ്രെസ്സിലെ ടിക്കറ്റ് നൽകുന്ന ആനിമേറ്റഡ് കഥാപാത്രത്തിനും.

കഥാസാരം

ക്രിസ്മസ് രാവിൽ, എല്ലാവരും നിദ്രയിലാണ്ട സമയം. ക്രിസ്തുമസിലും സാന്താക്ളോസിലും പൂർണ്ണമായും വിശ്വാസം ഇല്ലാത്ത ഒരു ആൺകുട്ടി അവന്റെ വീടിന്റെ മുൻപിൽ ഒരു ട്രെയിൻ വന്നു നിൽക്കുന്നതായി കാണുന്നു. എല്ലാത്തിനെയും സംശയത്തോടെയാണ് അവൻ കാണുന്നത്. ഉത്തര ധ്രുവത്തിലേക്കുള്ള പോളാർ എക്സ്പ്രസ്സ് ആണ് ഈ ട്രെയിൻ എന്ന് ട്രെയിനിന്റെ കണ്ടക്റ്റർ അവനെ അറിയിക്കുന്നു. അവനും ആ ട്രെയിനിൽ കയറേണ്ടതുണ്ട്. അവൻ ആ നിഗൂഢമായ ട്രെയിനിൽ – പോളാർ എക്സ്പ്രസിൽ – കയറുന്നു.

അതോടെ, ഉത്തരധ്രുവത്തിലേക്കുള്ള ഒരു മാന്ത്രിക സാഹസിക യാത്ര ആരംഭിക്കുന്നു. അതീവ സുന്ദരമായ യാത്രയാണത്. ട്രെയിനിൽ മറ്റു കുട്ടികളുമുണ്ട്. ഓരോരുത്തരും ഓരോ സ്വഭാവ സവിശേഷതയുള്ളവരുമാണ്. യാത്രയ്ക്കിടയിൽ ഉദ്വേഗജനകവും സാഹസികവും രസകരവുമായ നിരവധി സംഭവങ്ങൾ ഉണ്ടാകുന്നു.

ഉത്തരധ്രുവത്തിൽ എത്തുമ്പോൾ, സാന്താക്ലോസ് അവൻ ആഗ്രഹിക്കുന്ന എന്തെങ്കിലും സമ്മാനം വാഗ്ദാനം ചെയ്യുന്നു. അവൻ, സാന്തയുടെ റെയിൻഡിയറിന്റെ ഹാർനെസിൽ നിന്ന് ഒരു മണി മാത്രം ചോദിക്കുന്നു. അത് അവനു ലഭിക്കുകയും ചെയ്യുന്നു. എന്നാൽ തിരികെ, വീട്ടിലേക്കുള്ള വഴിയിൽ മണി നഷ്ടപ്പെട്ടു. പോളാർ എക്സ്പ്രസിൽ തന്നെയാണ് തിരികെ യാത്രയും.

ക്രിസ്മസ് പ്രഭാതത്തിൽ സ്വന്തം വീട്ടിൽ വച്ച്, അവൻ ക്രിസ്മസ് ട്രീയുടെ ചുവട്ടിൽ മണി കണ്ടെത്തുന്നു, അത് കുലുക്കുമ്പോൾ, മണി താൻ ഇതുവരെ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ ശബ്ദം അവൻ ശ്രവിക്കുന്നു. അവന്റെ കുഞ്ഞനുജത്തിക്കും സ്വരം കേൾക്കാൻ പറ്റുന്നുണ്ട്. പക്ഷേ, മറ്റുള്ളവർക്ക് അതിന്റെ നാദം കേൾക്കാനാവുന്നില്ല. വിശ്വാസം ഉള്ളവർക്കു മാത്രമേ, മണിനാദം ശ്രവിക്കാനാവൂ.

സന്ദേശം

വിശ്വസിക്കുക എന്നതാണ് ഈ സിനിമ മുൻപോട്ടു വയ്ക്കുന്ന പ്രധാനപ്പെട്ട സന്ദേശം. എങ്കിലും മറ്റു സന്ദേശങ്ങളുമുണ്ട്. ഉത്തര ധ്രുവത്തിൽ നിന്നും തിരികെ പോരുന്ന സമയത്തു സംഭവിച്ച ഒരു കാര്യം വളരെ പ്രധാനപ്പെട്ടതാണ്. കുട്ടികൾ തിരികെ ട്രെയിനിൽ കയറുന്ന സമയത്തു കാണിക്കുന്ന ടിക്കറ്റിൽ, ടിക്കറ്റ് പരിശോധിക്കുന്ന ആൾ ഒരു സന്ദേശം ടിക്കറ്റിൽ രേഖപ്പെടുത്തുന്നുണ്ട്. ഓരോ കുട്ടിക്കും അവരുടെ സ്വഭാവത്തിനനുസരിച് ഓരോ സന്ദേശമാണ് ലഭിക്കുന്നത്. പഠിക്കുക, ആശ്രയിക്കുക, നയിക്കുക, വിശ്വസിക്കുക എന്നതാണ് ആ നാലു സന്ദേശങ്ങൾ. ഈ സിനിമ കാണുന്ന ഓരോ ആളും അതേ സന്ദേശങ്ങൾ തന്നെ ജീവിതത്തിൽ പകർത്തേണ്ടതുണ്ട്.

സാന്തയിലും ക്രിസ്മസിന്റെ ആത്മാവിലും വിശ്വസിക്കുന്നതിനപ്പുറം, ചുറ്റുമുള്ളവരുമായി കരുണ പങ്കിടണമെന്നും ഈ സിനിമ പ്രേക്ഷകരെ ഓർമ്മിപ്പിക്കുന്നുണ്ട്. ട്രെയിൻ യാത്രയിൽ ഉടനീളം പുതിയ സുഹൃത്തുക്കളെ സമ്പാദിക്കാനും, അവശ്യ സമയത്ത് ഒപ്പമുള്ളവരെ സഹായിക്കാനും, ക്രിസ്മസിന്റെ യഥാർത്ഥ അർത്ഥംമനസിലാക്കിയതിനുശേഷം അത് മറ്റുള്ളവരുമായി പങ്കുവയ്ക്കാനും നായകനായ ആൺകുട്ടിക്ക് കഴിഞ്ഞു എന്നത് ഈ സിനിമയിൽനിന്നും പഠിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ്.

എൽജിക്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.