മൺപള്ളികളിലും മരച്ചുവട്ടിലും ഞങ്ങൾ കുർബാന അർപ്പിച്ചു: മലയാളി വൈദികന്റെ അനുഭവം

ആഫ്രിക്കയിലെ വിവിധ മിഷന്‍ പ്രദേശങ്ങളില്‍ ജോലിചെയ്യുന്ന വൈദികര്‍ക്ക് ദാരിദ്ര്യത്തെ അതിന്റെ പൂർണ്ണതയിൽ കണ്ട കഥകൾ പറയാനുണ്ട്. കഴിഞ്ഞ പതിമൂന്നു വര്‍ഷങ്ങളായി എം.സി.ബി.എസ്. സന്യാസ സമൂഹത്തിലെ വൈദികര്‍ ടാന്‍സാനിയായിലെ വിവിധ ഇടവകകളില്‍ സേവനമനുഷ്ഠിക്കുകയാണ്. സെബാസ്റ്റ്യന്‍ വടക്കേടത്ത് അച്ചനും (ഫാ. ലിജീഷ് വടക്കേടത്ത് എം.സി.ബി.എസ്) കഴിഞ്ഞ പത്തു വര്‍ഷമായിട്ട് ടാന്‍സാനിയായിൽ സേവനമനുഷ്ഠിക്കുകയാണ്. പതിനൊന്ന് പള്ളികളിലാണ് അദ്ദേഹം ശുശ്രൂഷ ചെയ്യുന്നത്. അദ്ദേഹം പങ്കുവച്ച ചില സംഭവങ്ങൾ ഇവിടെ കുറിക്കുന്നു.

ഈ വര്‍ഷങ്ങളില്‍ ജനങ്ങളുടെ ഇടയിലൂടെ സഞ്ചരിച്ചപ്പോള്‍ ദാരിദ്ര്യത്തിന്റെ മൂര്‍ദ്ധന്യാവസ്ഥ കാണുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഒരുനേരത്തെ ആഹാരത്തിനായി കഷ്ടപ്പെടുന്നവര്‍, ഉടുക്കുവാന്‍ വസ്ത്രം പോലുമില്ലാത്തവര്‍, രോഗം വന്നാല്‍ ആശുപത്രിയില്‍ പോകാന്‍ കഴിയാതെ അവിടെക്കിടന്നു മരിക്കുന്നവര്‍. അങ്ങനെ എത്രയോപേരെ അച്ചന്‍ തന്നെ ഇടവകയിലെ വാഹനത്തില്‍ കൊണ്ടുപോയിട്ടുണ്ട്.

പക്ഷേ, ഈ ദാരിദ്ര്യാവസ്ഥയിലും തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കുവാന്‍ അവര്‍ തയ്യാറല്ല. മണ്ണ് കൊണ്ടുള്ള ചെറിയ പള്ളികളും അതല്ലെങ്കില്‍ മരത്തിന്റെ ചുവട്ടിലാണെങ്കില്‍പ്പോലും അവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാനായിട്ട് ഒരുമിച്ചുകൂടാറുണ്ട്. എന്തു സംഭവിച്ചാലും ഞങ്ങൾക്ക് ക്രിസ്തു വേണം എന്ന ശക്തമായ വിശ്വാസം.

വൈദികനായ ശേഷം കേരളത്തിലെ വിവിധ പള്ളികളിലും കേരളത്തിന് പുറത്തുള്ള വലിയ പള്ളികളിലും സെബാസ്റ്റ്യനച്ചന്‍ കുര്‍ബാനയര്‍പ്പിച്ചിട്ടുണ്ട്. അതിനുശേഷമാണ് ആഫ്രിക്കയില്‍ എത്തിച്ചേരുന്നത്. ഇവിടെ വന്നതിനുശേഷമുള്ള അനുഭവങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നു. മനസ്സിലുണ്ടായിരുന്ന പള്ളിയൊന്നും ആയിരുന്നില്ല ആഫ്രിക്കയിലെ ഗ്രാമങ്ങളിൽ ഉണ്ടായിരുന്നത്.

ഒരിക്കൽ വളരെദൂരം സഞ്ചരിച്ച് ഒരു പള്ളിയില്‍ ബലിയര്‍പ്പിക്കാനായി ചെന്നു. അച്ചന്റെ കണ്ണ് നനയിപ്പിക്കുന്ന കാഴ്ച്ചയാണ് അവിടെയുണ്ടായിരുന്നത്. മണ്ണുകൊണ്ട് നിര്‍മ്മിച്ച, എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുവീഴാവുന്ന പള്ളി. പള്ളിയിലെ ബലിപീഠം എന്നുപറയുന്നത് രണ്ട് ഇഷ്ടിക വച്ചിട്ട് അതിന്റെ മുകളില്‍ ഒരു കീറത്തുണി വിരിച്ചിരിക്കുന്നു, അത്രേ ഉള്ളൂ! ഈശോയുടെ കാലിത്തൊഴുത്തിലെ ജനനവും സെഹിയോനിലെ ആദ്യ ബലിയർപ്പണവും കാൽവരിയിലെ ജീവിതബലിയും മനസിലേയ്ക്ക് വന്നു. അന്ന് അവിടെ ബലിയര്‍പ്പിച്ചപ്പോള്‍ അച്ചന്റെ കണ്ണ് നിറഞ്ഞു. കൈകള്‍ വിറച്ചു. ദൈവമേ, എന്ന് അറിയാതെ ഉള്ളില്‍ വിളിച്ചു. പക്ഷേ, അതൊരു അനുഭവമായിരുന്നു. ജീവിതത്തിൽ മറ്റൊരിടത്തും ലഭിക്കാത്ത അനുഭവം!

മണ്ണ് കൊണ്ടുണ്ടാക്കിയ ഇത്തരം പള്ളികൾ എപ്പോൾ വേണമെങ്കിലും ഇടിഞ്ഞുവീഴാം. പ്രത്യേകിച്ച് മഴക്കാലത്ത്. ഒരിക്കൽ കുർബാന അർപ്പിക്കാനായി ചെന്നപ്പോൾ പള്ളിയില്ല; പള്ളിയുടെ സ്ഥാനത്ത് ഒരു മൺകൂന മാത്രം! ആളുകളും എത്തി. എവിടെ ബലിയർപ്പിക്കും? ഇഷ്ടികകളും കല്ലുകളും തൊട്ടടുത്തുള്ള മരത്തിന്റെ ചുവട്ടിലേക്ക് ചേർത്തിട്ടു, ബലിപീഠമായി! അന്ന് അവിടെയാണ് ബലിയർപ്പിച്ചത്.

യേശുവിന്റെ ബലിയര്‍പ്പണവും ഇതുപോലെ അല്ലായിരുന്നോ? കാല്‍വരിയിലെ കുരിശില്‍ തന്റെ ജീവന്‍ മറ്റുള്ളവര്‍ക്കായി പകുത്തുനല്‍കുമ്പോള്‍ അവിടുന്ന് ഒന്നുമില്ലാത്തവനായിരുന്നു. ദരിദ്രനെപ്പോലെ വിവസ്ത്രനായിരുന്നു.

ഇതുപോലുള്ള എത്രയോ ബലിപീഠങ്ങളില്‍ ഇന്നും ബലിയര്‍പ്പണം നടക്കുന്നു. ജി. കടൂപ്പാറയിലച്ചന്റെ ഒരു പുസ്തകത്തില്‍ വായിച്ചത് ഓര്‍മ്മ വരുന്നു: “ദരിദ്രന്റെ കണ്ണീര്‍ മഴയായി പെയ്യുമ്പോള്‍… അതിന്റെ കുത്തൊഴുക്കില്‍പ്പെട്ട് നമ്മുടെ സമൃദ്ധിയുടെ വിഭവങ്ങള്‍ ഒഴുകിപ്പോകാതിരിക്കട്ടെ.”

ഇന്ന് മനുഷ്യനെ വേദനിപ്പിക്കുന്ന ഏറ്റവും വലിയ മാരകരോഗം എന്നുപറയുന്നത് ക്യാന്‍സറോ, ഹൃദ്രോഗമോ അല്ല; അത് ദാരിദ്ര്യമാണ്, എന്ന് ഒരു സിനിമയിൽ പറയുന്നത് എത്ര ശരിയാണ്.

ഇതുപോലുള്ള ജീവിതങ്ങള്‍ നമുക്കു ചുറ്റുമുണ്ടെന്ന് ഓര്‍ക്കാം. ഒരു നേരത്തെ ആഹാരം മറ്റുള്ളവര്‍ക്കായി നമുക്ക് കരുതിവയ്ക്കാം. ദാരിദ്ര്യത്തിന് ജാതിയില്ല, മതമില്ല, ഭാഷയില്ല. അച്ചന്റെയൊക്കെ പള്ളിയില്‍ ഏത് ആഘോഷം നടന്നാലും അടുത്തുള്ള മുസ്ലീങ്ങളെയും മറ്റ് മതസ്ഥരെയും ക്ഷണിക്കാറുണ്ട്. അവരെ വിവിധ കാര്യങ്ങളില്‍ സഹായിക്കാറുമുണ്ട്.

നമ്മുടെ ഹൃദയത്തെ ബാധിച്ചിരിക്കുന്ന ദാരിദ്ര്യത്തെ കഴുകിക്കളഞ്ഞ് ചുറ്റുമുള്ള ജനങ്ങളുടെ ഇടയിലേയ്ക്ക് നമുക്ക് ഹൃദയം തുറന്നുവയ്ക്കാം. ടിവി ന്യൂസ് കാണുമ്പോഴല്ല നമ്മുടെ അയല്‍പ്പക്കത്തും പട്ടിണികിടന്ന് മരിച്ച വ്യക്തിയുണ്ടായിരുന്നുവെന്ന് നാം അറിയേണ്ടത്. ‍

ഒരു പ്രധാന പള്ളിയും പതിനൊന്ന് സ്റ്റേഷന്‍ പള്ളികളും ആണ് ഇപ്പോള്‍ അച്ചന്റെ പ്രവര്‍ത്തന മേഖലയില്‍ ഉള്ളത്. സ്റ്റേഷന്‍ പള്ളികളാണ് കൂടുതലും മണ്ണു കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നത്. ഇപ്പോള്‍ അവയില്‍ മൂന്നെണ്ണം പുതുക്കി പണിതുകൊണ്ടിരിക്കുന്നു. എല്ലാ രീതിയിലും ഉള്ള സഹായം അര്‍ഹിക്കുന്ന ജനങ്ങളുടെ ഇടയിലാണ് അച്ചന്റെയും സഹവൈദികരുടെയും പ്രവര്‍ത്തനങ്ങള്‍.

(സെബാസ്റ്റ്യന്‍ വടക്കേത്ത് അച്ചന്റെ വാട്ട്സ് ആപ് നമ്പര്‍ +255 656 185 564)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.