ശൂന്യമായിടം ദൈവത്താൽ നിറയ്ക്കുന്നതിനായി യേശു നമ്മെ അയക്കുന്നു: വൈദികരോട് ഫ്രാൻസിസ് പാപ്പാ

ദൈവത്തെ സംവഹിക്കാൻ സാധിക്കണമെങ്കിൽ നാം ദൈവത്തെയും സഹോദരങ്ങളെയും സ്നേഹിക്കുകയും ഒരുമയോടെ ചരിക്കുകയും ചെയ്യണമെന്ന് മാർപ്പാപ്പാ. സ്പെയിനിലെ ബുർഗോസ് സെമിനാരിയിൽ നിന്നെത്തിയ വൈദികരും വൈദികാർത്ഥികളും അടങ്ങുന്ന മുപ്പതിലേറെപ്പേരുടെ ഒരു സംഘവുമായി ശനിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

ശുശ്രൂഷാപൗരോഹിത്യത്തിലേക്കുള്ള യേശുവിൻറെ വിളിക്ക് ഉത്തരമേകാൻ ഭിന്ന വർഗ്ഗങ്ങളിലും സംസ്കാരങ്ങളിലും പ്രായത്തിലുമുള്ളവർ ഒന്നു ചേർന്നിരിക്കുന്ന ഒരു വർണ്ണചിത്രമായി പാപ്പാ ഈ സമൂഹത്തെ വിശേഷിപ്പിച്ചു. ചരിത്രത്താലും പാരമ്പര്യത്താലും കാലാവസ്ഥയും ആചരങ്ങളും മൂലം ഊർജ്ജസ്വലരായ ജനങ്ങളാലും സമ്പന്നവും എന്നാൽ ഇന്ന് “ശൂന്യമായ സ്പെയിൻ” എന്ന് പറയപ്പെടുന്നതുമായ ഒരു സ്ഥലത്താണ് അവർ വൈദിക പരിശീലനം നേടുന്നത് എന്ന വസ്തുതയും പാപ്പാ അനുസ്മരിച്ചു.

ശൂന്യമായ ഇടം ദൈവത്തെക്കൊണ്ട് നമ്മൾ നിറയ്ക്കണമെന്ന്, അതായത്, ഒരു സമൂഹത്തിന്, സഭയ്ക്ക്, ഒരു ജനതയ്ക്ക് രൂപം നൽകുന്നതിന് നമ്മുടെ സഹോദരങ്ങൾക്കിടയിൽ അവിടത്തെ സന്നിഹിതനാക്കണമെന്ന്, യേശു അഭിലഷിക്കുന്നുവെന്ന് പാപ്പാ വിശദീകരിച്ചു. മാനുഷികമായ സുരക്ഷിതത്വങ്ങളിൽ നിന്നു വിമുക്തരായി ദൈവത്തെയും സഹോദരങ്ങളെയും സ്വീകരിക്കുന്നതിനായി നമ്മുടെ ഹൃദയം ശൂന്യമാക്കിയിടേണ്ടതിൻറെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.