‘ഫേസ്ബുക്ക് എന്നെ കത്തോലിക്കയാക്കി’ – ഒരു യുവതിയുടെ സാക്ഷ്യം

മേഗൻ ഫോഷെ ഒരു ഭാര്യയും ഏഴ് മക്കളുടെ അമ്മയുമാണ്. 2019 ഡിസംബറിലാണ് മേഗൻ ഔദ്യോഗികമായി കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്നത്. ‘ഫേസ്ബുക്ക് എന്നെ കത്തോലിക്കയാക്കി’ എന്നാണ് അവരുടെ സാക്ഷ്യം. പലരുടെയും ആത്മീയജീവിതം സോഷ്യൽ മീഡിയ മൂലം ഇല്ലാതായി എന്ന വാർത്തകൾ പുറത്തുവരുമ്പോൾ, അതേ സോഷ്യൽ മീഡിയയിലൂടെ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മേഗൻ ഫോഷെയുടെ അനുഭവസാക്ഷ്യം പ്രചോദനാത്മകമാണ്.

ക്രൈസ്തവ വിശ്വാസത്തെ സ്നേഹിക്കുകയും ആ വിശ്വാസം ജീവിക്കുകയും ചെയ്ത മാതാപിതാക്കളുടെ മകളായിട്ടാണ് മേഗൻ ജനിച്ചത്. “കത്തോലിക്കാ സഭയിലാണ് ഞാൻ വളർന്നത്. ഞങ്ങൾ എല്ലാ ഞായറാഴ്ചയും കുർബാനക്കു പോകും. എനിക്ക് കൂദാശകൾ ലഭിച്ചു. പക്ഷേ, ഞാൻ ഒരിക്കലും എന്നെ ഒരു ക്രിസ്ത്യാനിയായി കണക്കാക്കിയിരുന്നില്ല. സത്യത്തിൽ, ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ എന്ന് പോലും എനിക്കറിയില്ലായിരുന്നു. യാഥാർത്ഥ്യമാണെന്ന് എനിക്ക് ഉറപ്പില്ലാത്ത ഒരു ദൈവത്തെ ആരാധിക്കാൻ വേണ്ടി വിശുദ്ധ കുർബാനക്ക് പോകുന്നത് എനിക്ക് ഇഷ്ടമായിരുന്നില്ല. മതം വിഡ്ഢിത്തവും സമയം പാഴാക്കുന്നതുമാണെന്നു തോന്നി” – മേഗൻ തന്റെ കഴിഞ്ഞകാല അവസ്ഥയെക്കുറിച്ച് പറയുന്നു.

മാനസാന്തരത്തിലേക്കുള്ള വഴിയിൽ

2016- ലാണ് ക്രിസ്തുവിലേക്കുള്ള മേഗന്റെ പരിവർത്തനം ആരംഭിച്ചത്. ഈ ലോകത്തിൽ തിന്മയുടെ സ്വാധീനമുണ്ടെന്ന് മേഗൻ പതിയെ മനസിലാക്കി. ചെയ്തുപോയ തെറ്റിനെക്കുറിച്ചുള്ള അഗാധമായ ദുഃഖവും ഹൃദയത്തിൽ ഉണ്ടായിരുന്നു. ദൈവത്തിന്റെ ദൃഷ്ടിയിൽ ശരിയായത് ചെയ്യാൻ മേഗൻ ആഗ്രഹിച്ചു, പക്ഷേ, അത് എന്താണെന്ന് തിരിച്ചറിയാൻ അവൾക്കായില്ല.

ഇതിനിടയിലാണ് മേഗന്റെ അമ്മായി കത്തോലിക്ക വിശ്വാസം സ്വീകരിച്ചത്. അവർ 20 വർഷക്കാലമായി പ്രൊട്ടസ്റ്റന്റ് വിശ്വാസി ആയിരുന്നു; അതിനു മുൻപ് കത്തോലിക്കാ വിശ്വാസത്തിൽ വളർത്തപ്പെട്ടവളും. അവർ മോർഗനെയും ഒരു കത്തോലിക്കാ ഫേസ്ബുക്ക് ഗ്രൂപ്പിൽ ചേർത്തു. കത്തോലിക്കാ വിശ്വാസികളുടെ ഗ്രൂപ്പിലേയ്ക്ക് തന്നെ വിളിച്ചതിൽ ആദ്യം അവൾക്ക് ദേഷ്യമായിരുന്നു.

“എനിക്ക് കത്തോലിക്കാ വിശ്വാസത്തെ പുച്ഛമാണെന്ന് അവർക്കറിയാമായിരുന്നു.  ബൈബിളിനെക്കുറിച്ചു നല്ല അറിവുള്ളയാളായിരുന്നു അവർ. അതിനാൽ, ഞങ്ങൾ പരസ്പരം ബൈബിളിനെക്കുറിച്ച് ചർച്ച ചെയ്തു. അത് ബൈബിളിനെക്കുറിച്ചു കൂടുതൽ പഠിക്കാനും ഗവേഷണം നടത്താനും എന്നെ പ്രേരിപ്പിച്ചു. കൂടുതൽ പഠിച്ചതിനു ശേഷം കത്തോലിക്കാ സഭയെ നിരാകരിക്കാൻ ഞാൻ കാത്തിരിക്കുകയായിരുന്നു.” മേഗൻ താൻ കടന്നുവന്ന വഴികളെ ഓർത്തെടുത്തു.

വിശദമായ പഠനത്തിൽ താൻ മനസിലാക്കിയിരുന്നത് പലതും തെറ്റായിരുന്നുവെന്ന് മേഗൻ തിരിച്ചറിഞ്ഞു. സഭാശ്രേണിയെയും അധികാരത്തെയും മാർപാപ്പയെക്കുറിച്ചുമൊക്കെയുള്ള തന്റെ അറിവുകൾ തെറ്റായിരുന്നുവെന്ന് അവൾ മനസിലാക്കി. പരിശുദ്ധ കന്യാമറിയത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശുദ്ധ കുർബാനയിലെ യേശുവിന്റെ യഥാർത്ഥ സാന്നിധ്യത്തെക്കുറിച്ചും അവൾ തിരിച്ചറിഞ്ഞുതുടങ്ങി. പരിശുദ്ധ ത്രിത്വവും ബൈബിളും സത്യമാണെന്ന് അവൾക്ക് പതിയെ ബോധ്യമായിത്തുടങ്ങി.

തന്നിൽ എന്തൊക്കെ മാറ്റങ്ങൾ വന്നെന്ന് അവൾ പങ്കുവയ്ക്കുന്നു.”ഞാൻ എന്റെ ആദ്യത്തെ ബൈബിൾ ഓർഡർ ചെയ്തു. പുതിയ നിയമം തീക്ഷ്ണതയോടെ വായിക്കാനും തുടങ്ങി. ഒരു പ്രൊട്ടസ്റ്റന്റ് വിശ്വാസിയായിരുന്നു എന്റെ ഭർത്താവ്. എന്റെ കണ്ടെത്തലുകൾ ഞാൻ അദ്ദേഹവുമായി പങ്കുവച്ചപ്പോൾ, അതു കേൾക്കാൻ അദ്ദേഹം തയ്യാറായില്ല. എങ്കിലും ഞാനെന്റെ വിശ്വാസ ജീവിതത്തിൽ മുൻപോട്ടു പോയി.”

“വിശ്വാസത്തെക്കുറിച്ച് ആഴത്തിൽ മനസിലാക്കിയ ശേഷം ഞാൻ സംബന്ധിച്ച വിശുദ്ധ കുർബാനകൾ എന്നിൽ വലിയ മാറ്റം വരുത്തി. വൈദികൻ വിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ എന്റെ ഹൃദയം സന്തോഷത്താൽ നിറയുമായിരുന്നു. അങ്ങനെ ഞാൻ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു.” മേഗന്റെ വാക്കുകളിൽ സംതൃപ്തി.

“ഒരു കത്തോലിക്ക വിശ്വാസി ആയതിനുശേഷം നിരവധി തിരിച്ചടികളും എനിക്കുണ്ടായിട്ടുണ്ട്. എനിക്ക് ഏറ്റവും അടുത്ത ചില സുഹൃത്തുക്കളെ നഷ്ടപ്പെട്ടു. എന്റെ ഭർത്താവ് എന്നോടൊപ്പം വിശ്വാസം സ്വീകരിക്കാൻ തയ്യാറായില്ല. അങ്ങനെ പലതും.” മേഗൻ കൂട്ടിച്ചേർത്തു.

എങ്കിലും താൻ അനുഭവിച്ചറിഞ്ഞ വിശ്വാസം തീക്ഷ്ണതയോടെ മേഗൻ മുൻപോട്ട് കൊണ്ടുപോവുകയാണ്. ക്രിസ്തു കൂടെയുണ്ടെന്ന സമാധാനവും ആശ്വാസവും അത്രത്തോളം വലുതാണ്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.