പ്രിയപ്പെട്ട ഫാ. ജാക്വസ് ഹാമോല്‍

വിശുദ്ധ ബലിയർപ്പണത്തിനിടയിൽ കൂട്ടത്തിലൊരാൾ കൊല്ലപ്പെട്ടുവെന്നു കേട്ടപ്പോൾ ആദ്യം മനസിൽ വലിയ വേദനയും നിരാശയും തോന്നിയിരുന്നു. അതിക്രൂരമായിരുന്നിട്ടും മാധ്യമങ്ങളിൽ അങ്ങയുടെ മരണത്തെക്കുറിച്ചുള്ള വാർത്തകൾ അധികം കേൾക്കാതിരുന്നപ്പോൾ, ലോകത്തിന് നമ്മൾ പുരോഹിതർ എത്ര വിലകെട്ടവരായിപ്പോകുന്നു എന്നോർത്ത് വല്ലാതെ വ്യാകുലപ്പെടുകയും ആശങ്കപ്പെടുകയും ചെയ്തു. എന്നാൽ അങ്ങയെക്കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ പിന്നീടു തോന്നി അങ്ങ് എത്രയോ ഭാഗ്യവാനാണ് എന്ന്. എൺപത്തിയഞ്ചു വത്സരങ്ങൾ നീണ്ട അങ്ങയുടെ ധന്യമായ ജീവിതം കൊണ്ട്, ഫ്രഞ്ച് ജനതയുടെ ഹൃദയത്തിൽ മറ്റൊരു ക്രിസ്തുവായി ഇടംപിടിക്കാൻ അങ്ങേക്ക് ഭാഗ്യം ലഭിച്ചല്ലോ. ഞങ്ങൾ പുരോഹിതരെല്ലാവരും നിരന്തരം അൾത്താരയോടു ചേർന്ന്  ജീവിക്കുന്നവരാണെങ്കിലും ആ ബലിപീഠത്തിന്റെ ചുവട്ടിൽ വീണുമരിക്കാൻ ഞങ്ങൾക്ക് ഭാഗ്യം ലഭിക്കുമോ എന്ന് അറിയില്ല. അനുദിനം വിശുദ്ധ ബലി അർപ്പിക്കുന്നവരാണെങ്കിലും ക്രിസ്തുവിനെപ്പോലെ, ഒരു ബലിയായി സ്വയം മാറാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

‘കർത്താവേ, ഈ അപ്പത്തിൽ നിന്റെ ശക്തി നിവേശിപ്പിക്കപ്പെടുകയും ഈ വീഞ്ഞ് നിന്റെ രക്തമായി രൂപാന്തരപ്പെടുകയും ചെയ്യുന്ന ഈ സമയത്ത് എന്റെ ജീവൻ നിന്റേതിൽ കലർത്തപ്പെടുമാറാകണമേ’ എന്ന് വിശുദ്ധ ബലിയർപ്പണങ്ങളിൽ നിരവധി തവണ ചങ്കുപൊട്ടി പ്രാർത്ഥിച്ചിട്ടുണ്ടെങ്കിലും കർത്താവിന്റെ തിരുരക്തക്കാസയിൽ ഞങ്ങളുടെ രക്തം കലർത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. അങ്ങ് എത്രയോ ഭാഗ്യവാനാണ്. കൊല്ലാൻ കൊണ്ടുപോകുന്ന കുഞ്ഞാട്ടിൻകുട്ടിയെപ്പോലെ കൈകാലുകൾ കെട്ടപ്പെട്ട്, ഒന്ന് കുതറിമാറാനോ, നിലവിളിക്കാനോ കഴിയാതെ ബലിക്കല്ലിനു മുകളിൽ കിടത്തപ്പെട്ട അങ്ങയുടെ കഴുത്തിലേക്ക് ഒരു കത്തിമുന ആഴ്ന്നിറങ്ങിയപ്പോൾ, ബലിപീഠത്തിൽ ഒഴുകിപ്പരന്ന അങ്ങയുടെ രക്തത്തിന്റെ നിലവിളി കേട്ട് സ്വർഗ്ഗത്തിലെ ദൈവം തന്റെ സകല മാലാഖമാർക്കുമൊപ്പം അങ്ങയെ സ്വീകരിക്കാൻ, സ്വർഗ്ഗം ചായിച്ച് മണ്ണിലേക്കിറങ്ങി വന്നത് അങ്ങ് നേരിട്ടു കണ്ടതല്ലേ.

അങ്ങയുടെ മരണരംഗം ഓർമ്മിക്കുമ്പോൾ മനസ്സിൽ വരുന്നത്, എൽസാൽവദോറിലെ മെത്രാനായിരുന്ന ഓസ്കർ റോമേരോയുടെ രക്തസാക്ഷിത്വമാണ്. അൾത്താരയിൽ വിശുദ്ധ ബലിമധ്യേ കർത്താവിന്റെ തിരുരക്തം പേറുന്ന കാസാ ഉയർത്തിപ്പിടിച്ച് ജനത്തിനു നേരെ തിരിഞ്ഞ് നിലവിളിച്ചു പ്രാർത്ഥിച്ച അദ്ദേഹത്തിന്റെ ജീവനെടുക്കാൻ പട്ടാളക്കാരുടെ തോക്കിൽ നിന്ന് വെടിയുണ്ടകൾ പായുന്നത് അഭ്രപാളികളിൽ കണ്ടപ്പോൾ ഒട്ടും ഭയം തോന്നിയില്ല; മറിച്ച് അഭിമാനമാണ് തോന്നിയത്. ക്രിസ്തുവിന്റെ പിന്നാലെ ഒരു ഭോഷനെപ്പോലെ ഇറങ്ങിത്തിരിച്ചതിലുള്ള അഭിമാനം. കയ്യിൽ ഉയർത്തിപ്പിടിച്ചിരുന്ന കാസയിൽ നിന്ന് തുളുമ്പിത്തെറിച്ച തിരുരക്തത്തോടൊപ്പം വെടിയേറ്റ ചങ്കിൽ നിന്നു പാഞ്ഞൊഴുകിയ അദ്ദേഹത്തിന്റെ രക്തം കലരുന്നതു കണ്ടപ്പോൾ ക്രിസ്തുവിനെ ഉപേക്ഷിച്ച് ഓടിപ്പോകാനല്ല തോന്നിയത്; ‘അവനോടൊപ്പം മരിക്കാൻ നമുക്കും പോകാം’ എന്ന് തെരുവിലേക്കിറങ്ങി ഉച്ചത്തിൽ നിലവിളിക്കാനാണ്.

അങ്ങയുടെ ജീവൻ കവർന്നെടുത്ത ആദിൽ കേർമിഷേക്കും അബ്ദുൾ മാലിക്കിനും കഷ്ടിച്ച് പത്തൊൻപതു വയസല്ലേ ആയിട്ടുള്ളൂ. ജീവിതം എന്തെന്ന് തിരിച്ചറിയുന്നൊരു കാലത്ത്, അവര്‍ ഏത് പ്രത്യയശാസ്ത്രത്തിന്റെ അടിമകളാണെങ്കിലും അങ്ങയെപ്രതി അവരുടെ കണ്ണുകൾ തുറക്കപ്പെടും; അവർ നേർവഴിയിലേക്ക് തിരിച്ചുവരും. നമ്മെ സംബന്ധിച്ച് ‘ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്’ എന്ന് അവർക്കറിയില്ലല്ലോ. അവർക്കു വേണ്ടി പ്രാർത്ഥിക്കാൻ അങ്ങ് സ്വർഗ്ഗത്തിലുള്ളിടത്തോളം കാലം ദൈവം അവരെ ശിക്ഷിക്കില്ല.

ദൈവത്തിന്റെ പ്രിയപ്പെട്ട പുരോഹിതാ, അങ്ങ് സമാധാനത്തോടെ പോവുക. അങ്ങയെ തേടിവന്നവർ നാളെ ഞങ്ങളേയും തേടിവരുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. മാലാഖമാരുടെ കിന്നരനാദങ്ങളും കൈത്താളങ്ങളും മുഴങ്ങുന്ന നിത്യതയുടെ നീർച്ചാലിനരികിൽ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥനയോടെ അങ്ങ് കാത്തിരിക്കുക. അങ്ങയെക്കുറിച്ചുള്ള തീവ്രമായ ഓർമ്മകൾ മാത്രം മതി, ഒരായുഷ്കാലം മുഴുവൻ ക്രിസ്തുവിനു വേണ്ടി ഞങ്ങൾക്കു ജീവിച്ചുമരിക്കാൻ.

ഫാ. ഷീൻ പാലക്കുഴി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.