സമ്മാനങ്ങളുമായി എത്തുന്ന സാന്താക്ലോസ് – ക്രിസ്തുമസ് പാപ്പാ

ഫാ. ജെയ്സൺ കുന്നേൽ

ക്രിസ്തുമസ് കാലം വരവായി. നക്ഷത്രങ്ങളും ദീപാലങ്കാരങ്ങളുംകൊണ്ട് ഉണ്ണിയേശുവിനെ സ്വീകരിക്കാൻ നാടും നാട്ടാരും ഒരുങ്ങിനിൽക്കുന്നു. ക്രിസ്തുമസ് അപ്പൂപ്പൻ അഥവാ സാന്താക്ലോസ് കുട്ടികളുടെ ഇഷ്ടകഥാപാത്രമാണ്. ആ സാന്താക്ലോസിനെപ്പറ്റിയുള്ള ഒരു ചരിത്രത്തിലേക്ക് നമുക്കൊന്നു കണ്ണോടിക്കാം.

സാന്താക്ലോസിന്റെ കഥ ആരംഭിക്കുന്നത്‌ നിക്കോളാസിലൂടെയാണ്. മൂന്നാം നൂറ്റാണ്ടിൽ പാതാറ (Patara) എന്ന ഗ്രീക്ക് വില്ലേജിലാണ് അദ്ദേഹം ജനിച്ചത്. ഇന്ന് ആ പ്രദേശം തുർക്കിയുടെ പടിഞ്ഞാറേ തീരത്താണ്. സമ്പന്നരായ അവന്റെ മാതാപിതാക്കൾ കൊച്ചുനിക്കോളാസിനെ അടിയുറച്ച ക്രിസ്തീയവിശ്വാസത്തിലാണ് വളർത്തിയത്. ഒരു പകർച്ചവ്യാധിമൂലം അവന്റെ മാതാപിതാക്കൾ അവന്റെ ചെറുപ്രായത്തിലെ മരണത്തിനു കീഴടങ്ങിയിരുന്നു.

“നിങ്ങൾക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് ദാനംചെയ്യുക” എന്ന യേശുവിന്റെ വാക്കുകൾ അക്ഷരംപ്രതി നിക്കോളാസ് സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കി. തന്റെ പിതൃസ്വത്ത് മുഴുവൻ രോഗികളെയും പീഡിതരെയും ആവശ്യക്കാരെയും സഹായിക്കാൻ നിക്കോളാസ് ഉപയോഗിച്ചു. ദൈവത്തിനും ദൈവജനത്തിനുംവേണ്ടി ജീവിതം സമർപ്പിച്ച നിക്കോളാസിനെ ചെറുപ്രായത്തിൽ തന്നെ മീറായിലെ (Myra) മെത്രാനാക്കി അവരോധിച്ചു. ദാനശീലത്താലും സഹജീവികളോടുള്ള കരുണയായും നിക്കോളാസ് മെത്രാന്റെ കീർത്തി നാടെങ്ങും ദ്രുതഗതിയിൽ പരന്നു. കുട്ടികളോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും കപ്പൽയാത്രക്കാരോടുള്ള അദ്ദേഹത്തിന്റെ പരിഗണനയും പ്രശസ്തമാണ്.

റോമൻ ചക്രവർത്തി ഡയോക്ലീഷന്റെ മതമർദനകാലത്ത് നിക്കോളാസ് മെത്രാൻ ക്രൈസ്തവ വിശ്വാസ സംരക്ഷണത്തിനുവേണ്ടി ധാരാളം സഹിക്കുകയും നാടുകടത്തപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തു. അക്കാലത്ത് തടവറ അക്ഷരാർഥത്തിൽ മെത്രാന്മാർ, പുരോഹിതന്മാർ, ഡീക്കന്മാർ എന്നിവരെക്കൊണ്ടാണ് നിറഞ്ഞിരുന്നത്. ശരിയായ കുറ്റവാളികൾക്ക് അന്നവിടെ സ്ഥാനമില്ലായിരുന്നു.

ജയിൽവിമോചനത്തിനുശേഷം AD 325 -ൽ നടന്ന നിഖ്യാ സൂനഹദോസിൽ നിക്കോളാസ് മെത്രാൻ പങ്കെടുത്തു. AD 343 ഡിസംബർ മാസം ആറാം തീയതി അദ്ദേഹം മൃതിയടഞ്ഞു. മിറായിലെ കത്തീഡ്രൽ ദൈവാലയത്തിലാണ് അദ്ദേഹത്തെ അടക്കംചെയ്തിരിക്കുന്നത്. വിശുദ്ധന്റെ കബറിടത്തിൽ ‘മന്ന’ എന്നു വിളിക്കപ്പെടുന്ന സവിശേഷരീതിയിലുള്ള ഒരു തിരുശേഷിപ്പ് രൂപപ്പെട്ടിട്ടുണ്ട്. ദ്രാവകരൂപത്തിലുള്ള ഈ പദാർത്ഥം ധാരാളം സൗഖ്യത്തിനു ഹേതുവാകുന്നതായി പറയപ്പെടുന്നു. ഇത് നിക്കോളാസിനോടുള്ള ഭക്തി വർധിക്കുന്നതിന് ഒരു കാരണവുമാണ്. അദേഹത്തിന്റെ മരണദിനം നിക്കോളാസ് ദിനമായി (ഡിസംബർ 6) ലോകമെമ്പാടും കൊണ്ടാടുന്നു.

ക്ഷാമങ്ങളിൽനിന്ന് നിക്കോളാസ് ജനങ്ങളെ രക്ഷിക്കുന്ന നിരവധി കഥകളുണ്ട്. അന്യായമായി കുറ്റമാരോപിക്കപ്പെട്ട നിഷ്കളങ്കരായ വ്യക്തികളെ വിശുദ്ധൻ രക്ഷിച്ചിട്ടുണ്ട്. ധാരാളം ഉദാരമതിയായ പ്രവർത്തികൾ രഹസ്യത്തിൽ യാതൊരു പ്രതിഫലവുമില്ലാതെ നിക്കോളാസ് ചെയ്തട്ടുണ്ട്. ഇന്ന് പൗരസ്ത്യസഭയിൽ നിക്കോളാസിനെ ഒരു അത്ഭുതപ്രവർത്തകനായും പാശ്ചാത്യസഭയിൽ പല കാര്യങ്ങളുടെയും മധ്യസ്ഥനായും വണങ്ങുന്നു. ഉദാഹരണത്തിന് കുട്ടികളുടെ, നാവികരുടെ, ബാങ്ക് ജോലിക്കാരുടെ, പണ്ഡിതരുടെ, യാത്രക്കാരുടെ, അനാഥരുടെ, വ്യാപാരികളുടെ, ന്യായാധിപന്മാരുടെ, വിവാഹപ്രായമായ യുവതികളുടെ, ദരിദ്രരുടെ, വിദ്യാർഥികളുടെ, തടവുകാരുടെ തുടങ്ങി നീളുന്നു ആ ലിസ്റ്റ്. ചുരുക്കത്തിൽ പ്രശ്നത്തിലകപ്പെട്ടവരുടെയും ആവശ്യമുള്ളവരുടെയും സംരക്ഷകനും സുഹൃത്തുമാണ് വി. നിക്കോളാസ്.

നാവികർ വി. നിക്കോളാസിനെ അവരുടെ മധ്യസ്ഥനായി അവകാശം ഉന്നയിക്കുന്നു. അതിനാൽ പല തുറമുഖങ്ങളിലും വി. നിക്കോളാസിന്റെ നാമത്തിൽ ചാപ്പലുകൾ നിർമ്മിച്ചട്ടുണ്ട്. മധ്യനൂറ്റാണ്ടുകളിൽ വി. നിക്കോളാസിന്റെ കീർത്തി പരന്നതിനെതുടർന്ന് യൂറോപ്പിലെ പല രാജ്യങ്ങളുടെയും  നഗരങ്ങളുടെയും സ്വർഗീയമധ്യസ്ഥനായി നിക്കോളാസിനെ തിരഞ്ഞെടുത്തു. വി. നിക്കോളാസിന്റെ നാമധേയത്തിൽ ആയിരക്കണക്കിന് ദൈവാലയങ്ങൾ യൂറോപ്പിൽ തന്നെയുണ്ട് (ബെൽജിയം 300, റോമാ നഗരം 34, ഹോളണ്ട് 23,  ഇംഗ്ലണ്ട്  400 ൽ കൂടുതൽ).

മീറായിലുള്ള നിക്കോളാസിന്റെ കബറിടം പ്രസിദ്ധമായൊരു തീർഥാടനസ്ഥലമാണ്. തീർഥാടനകേന്ദ്രങ്ങളുടെ ആത്മീയവും വാണിജ്യപരവുമായ ആനുകൂല്യങ്ങൾ കണക്കിലെടുത്ത് ഇറ്റാലിയൻ നഗരങ്ങളായ വെനീസും ബാരിയും വി. നിക്കോളാസിനെറെ തിരുശേഷിപ്പ് ലഭിക്കുന്നതിനായി പോരാടി. 1087 -ലെ വസന്തകാലത്ത് ബാരിയിൽനിന്നുള്ള നാവികർ നിക്കോളാസിന്റെ തിരുശേഷിപ്പ് കരസ്ഥമാക്കുകയും ബാരിയിൽ മനോഹരമായ ഒരു ദൈവാലയം നിർമ്മിക്കുകയും ചെയ്തു. ബാരിയിലുള്ള നിക്കോളാസ് ദൈവാലയം (Basilica di San Nicola) മധ്യകാല യൂറോപ്പിലെ പ്രസിദ്ധമായ ഒരു തീർഥാടനകേന്ദ്രമായി മാറി. അതിനാൽ വി. നിക്കോളാസ് ‘ബാരിയിലെ വിശുദ്ധൻ’ (Saint in Bari) എന്നും അറിയപ്പെടുന്നു.

കത്തോലിക്കാ സഭയും ഓർത്തഡോക്സ് സഭയും വി. നിക്കോളാസിനെ വിശുദ്ധനായി അംഗീകരിക്കുമ്പോൾ, പ്രോട്ടസ്റ്റന്റു സഭകൾ അദ്ദേഹത്തിന്റെ ധീരോത്തമായ മനുഷ്യസ്നേഹത്തെയും ഹൃദയവിശാലതയെയും ബഹുമാനിക്കുന്നു. വിശുദ്ധന്റെ ഉദാരതയുടെയും നന്മയുടെയും ഓർമ്മകൾ നിലനിർത്താനായി ഡിസംബർ 6 യൂറോപ്പിലെങ്ങും വി. നിക്കോളാസിന്റെ ദിനമായി ആഘോഷിക്കുന്നു. അന്നേദിനം ജർമ്മനിയിലും പോളണ്ടിലും ആൺകുട്ടികൾ ബിഷപ്പിന്റെ വേഷം ധരിച്ച് പാവങ്ങൾക്കുവേണ്ടി ഭിക്ഷയാചിക്കുന്ന ഒരു പതിവുണ്ട്. ഹോളണ്ടിലും ബെൽജിയത്തും നിക്കോളാസ് ഒരു ആവികപ്പലിൽ സ്പെയിനിൽനിന്നു വരുമെന്നും പിന്നീട് ഒരു വെളുത്ത കുതിരയിൽ യാത്ര ചെയ്ത് എല്ലാവർക്കും സമ്മാനം നൽകുമെന്നും കുട്ടികൾ വിശ്വസിക്കുന്നു. ഡിസംബർ 6, യൂറോപ്പിൽ മുഴുവൻ സമ്മാനം കൈമാറുന്ന ദിനമാണ്.

ഹോളണ്ടിൽ സെന്റ് നിക്കോളാസ് ദിനം ഡിസംബർ അഞ്ചിന് ആഘോഷിക്കുന്നു. അന്നേദിനം വൈകിട്ട് കുട്ടികൾ ചോക്ലേറ്റും ചെറിയ സമ്മാനങ്ങളും കൈമാറുന്നു. പിന്നീട് നിക്കോളാസിന്റെ കുതിരയ്ക്കായി അവരുടെ ഷൂസിനുള്ളിൽ ക്യാരറ്റും വൈക്കോലും അവർ കരുതിവയ്ക്കുന്നു. വി. നിക്കോളാസ് അവയ്ക്കുപകരം സമ്മാനം നൽകുമെന്നാണ് കുട്ടികളുടെ വിശ്വാസം. ആഗമനകാലത്തെ ഈ പങ്കുവയ്ക്കുന്ന മനോഭാവം ക്രിസ്തുമസിന്റെ അരൂപിയിൽ വളരാൻ സഹായകരമാണ്.

ഫാ. ജെയ്സൺ കുന്നേൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.