ക്രിസ്തുമസ് ചിത്രം

ഈശോയുടെ തിരുപ്പിറവി ചിത്രീകരിക്കുന്ന അനേകം ചിത്രങ്ങൾ ലോകത്തിലുണ്ട്. പ്രശസ്തമായ തിരുപ്പിറവി ചിത്രങ്ങളുടെ ഇടയിൽ വേറിട്ടുനിൽക്കുന്ന ഒരു ചിത്രമുണ്ട്. വ്യത്യസ്തവും എന്നാൽ ഏറെ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്നതുമായ ആ ചിത്രമാണ് 1609 -ൽ ഇറ്റാലിയൻ ചിത്രകാരനായ കരവാജൊയുടെ ‘തിരുജനനം വി. ഫ്രാൻസിസിനും വി. ലോറൻസിനും ഒപ്പം’ എന്ന ചിത്രം. 1600 -ലാണ് കരവാജോ ഈ ചിത്രം വരച്ചത് എന്നുപറയുന്ന ചരിത്രകാരന്മാരുമുണ്ട്. 2.7 മീറ്റര്‍  ഉയരവും 2 മീറ്റര്‍ വീതിയുമാണ്‌ ഈ ചിത്രത്തിന്. പലേർമൊയിലെ വി. ലോറൻസിന്റെ ദൈവാലയത്തിലായിരുന്നു ഈ ചിത്രം സൂക്ഷിച്ചിരുന്നത്.

യേശുവിന്റെ ജനനം വളരെ റിയലിസ്റ്റിക്കായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണ് കരവാജൊ ഈ ചിത്രത്തിലൂടെ. ഒരു സാധാരണക്കാരനായിട്ടാണ് വി. യൗസേപ്പിതാവിനെ വരച്ചുവച്ചിരിക്കുന്നത്. പരിശുദ്ധ അമ്മയെയും ഒരു സാധാരണ സ്ത്രീയുടെ വേഷധാരണത്തോടുകൂടി അവതരിപ്പിച്ചിരിക്കുന്നു. തന്നെയുമല്ല, കണ്ടുശീലിച്ച തിരുപ്പിറവിയുടെ ചിത്രങ്ങളിൽനിന്നും വ്യത്യസ്തമായി ചില വ്യക്തികള്‍ ചിത്രത്തിൽ സ്ഥാനംപിടിച്ചിട്ടുണ്ട്. തിരുക്കുടുംബത്തിന്റെ പിറകിലായി വലതുവശത്ത് കാപ്പിപ്പൊടി വസ്ത്രം ധരിച്ച് അസീസ്സിയിലെ വി. ഫ്രാൻസിസിനെയും ഇടതുവശത്ത് വി. ലോറൻസിനെയും നമുക്ക് കാണാം.

എന്തുകൊണ്ടാണ് വി. ഫ്രാന്‍സിസ് അസ്സീസിയെയും വി. ലോറൻസിനെയും ഇതില്‍ ചേര്‍ത്തിരിക്കുന്നത് എന്നൊരു സംശയം എല്ലാവര്‍ക്കുമുണ്ടാകാം. തിരുക്കുടുംബവുമായി ബന്ധപ്പെടുത്തി തങ്ങളുടെ പ്രേഷിതപ്രവർത്തനത്തെ ചിത്രീകരിക്കാൻ പലേർമൊയിലെ വി. ഫ്രാൻസിസ് അസ്സീസിയുടെ സന്യാസ സമൂഹത്തില്‍പെട്ട വൈദികര്‍ നിർദേശിച്ചതുപ്രകാരമാണ് വി. ഫ്രാൻസിസ് അസ്സീസിയുടെ ചിത്രം ഇതില്‍ ചേര്‍ത്തത്. വി. ലോറൻസിന്റെ ദൈവാലയത്തിൽ പ്രതിഷ്ഠിക്കാൻവേണ്ടി തയ്യാറാക്കിയ ചിത്രമായതിനാൽ ഈ തിരുപ്പിറവി ചിത്രത്തിൽ അദ്ദേഹവും ഉൾപ്പെട്ടു.

യഥാര്‍ഥത്തില്‍ വളരെ വ്യത്യസ്തതകളും അനേകം ചോദ്യങ്ങളും ഒളിപ്പിച്ച ചിത്രമാണിത്. പക്ഷേ, 1969 ഒക്ടോബർ 18 -ന് ഇറ്റലിയിലെ പലേർമൊയിലുള്ള വി. ലോറന്‍സിന്റെ ദൈവാലയത്തിൽനിന്നും ഈ ചിത്രം മോഷ്ടിക്കപ്പെട്ടു. ഇന്നുവരെ അന്വേഷണം നടത്തിയിട്ടും ഇത് കണ്ടുപിടിക്കാന്‍ പറ്റിയിട്ടില്ല. ചിത്രത്തിന്റെ മോഷണത്തെക്കുറിച്ച് പല കഥകളും പറയപ്പെടുന്നുണ്ട്. എങ്കിലും സിസിലിയന്‍ മാഫിയയാണ് മോഷണത്തിനുപിന്നില്‍ എന്നാണ് പൊതുവെ വിശ്വസിക്കുന്നത്. FBl യുടെ കണക്കുപ്രകാരം, ഇന്നുവരെയുള്ള കലയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ പ്രമുഖ പത്തെണ്ണത്തിന്റെ പട്ടികയിൽപെടുന്നതാണ് ഈ മോഷണവും.

ഒറിജിനല്‍ ചിത്രം കണ്ടുകിട്ടാത്തതിനാല്‍ ഇതിന്റെ ഒരു പകര്‍പ്പ് 2015 -ല്‍ പഴയ ചിത്രത്തിന്റെ അതേ സ്ഥാനത്ത് സ്ഥാപിക്കപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.