ക്രിസ്തുമസ് ആചരണത്തിലെ ആഘോഷങ്ങളും അടയാളങ്ങളും പ്രതീകങ്ങളും – ക്രിസ്തുമസ് കാര്‍ഡ്

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

ക്രിസ്തുമസ് ആശംസ അറിയിച്ചുകൊണ്ടുള്ള കാര്‍ഡുകള്‍ എല്ലാ മതവിഭാഗക്കാരും അയയ്ക്കാറുണ്ട്. പുതിയ സാങ്കേതികവിദ്യകളുടെ ആവിര്‍ഭാവത്തോടെ തപാല്‍ ഓഫീസുകള്‍വഴി അയയ്ക്കുന്ന കാര്‍ഡുകള്‍ കുറഞ്ഞുവന്നെങ്കിലും ഇന്നും വലിയൊരു ശതമാനം ആളുകളും ക്രിസ്തുമസ് കാര്‍ഡുകള്‍ അയയ്ക്കുന്നവരാണ്. പല ആകൃതിയിലും വിവിധങ്ങളായ ആശംസകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ക്രിസ്തുമസ് കാര്‍ഡുകളും വിപണികളില്‍ സുലഭമാണ്.

ഇന്നത്തെ രീതിയില്‍ ചരിത്രത്തില്‍ ആദ്യമായി ഒരു ക്രിസ്തുമസ് കാര്‍ഡ് രൂപകല്പന ചെയ്തയച്ചത് ലണ്ടനിലെ സാര്‍ ഹെന്റി കോളാണ്. 1843 -ല്‍ അദ്ദേഹം അയച്ച കാര്‍ഡില്‍ മൂന്നു തലമുറകളില്‍നിന്നുള്ള കുടുംബങ്ങളെയും പാവങ്ങള്‍ക്കു ഭക്ഷണം നല്‍കുന്നതിന്റെയും ചിത്രവുമുണ്ടായിരുന്നു. 2050 ക്രിസ്തുമസ് കാര്‍ഡുകളാണ് അതിനെതുടര്‍ന്ന് ആ വര്‍ഷം ആളുകള്‍ അയച്ചത്. 20 -ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ക്രിസ്തുമസ് കാര്‍ഡ് നിര്‍മ്മാണം വലിയൊരു വ്യവസായമായി മാറിയിരുന്നു.

രാജകുടുംബങ്ങളും ഭരണാധികാരികളും ക്രിസ്തുമസ് കാര്‍ഡ്‌ അയയ്ക്കുന്ന രീതി ബ്രിട്ടണിലെ വിക്‌ടോറിയ രാജ്ഞി 1840 -ല്‍ ആരംഭിച്ചു. രാജകുടുംബത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഏതെങ്കിലും ഒരു സംഭവത്തിന്റെ ചിത്രം വച്ചുകൊണ്ടായിരുന്നു കാര്‍ഡ് രൂപപ്പെടുത്തിയിരുന്നത്.

പാശ്ചാത്യസംസ്‌ക്കാരത്തിന്റെ ഇപ്പോഴത്തെ മതനിരപേക്ഷ (secular) നിലപാടുകള്‍ ക്രിസ്തുമസ് കാര്‍ഡില്‍ ഉപയോഗിക്കുന്ന വാചകങ്ങള്‍ സംബന്ധിച്ചും മറ്റു വലിയ വിവാദങ്ങള്‍ക്കു കാരണമായിട്ടുണ്ട് ‘ക്രിസ്തുമസ്’ എന്ന വാക്ക്. ക്രിസ്തുമസ് ആഘോഷങ്ങളില്‍ നിന്നുമാറ്റി ‘കാലത്തിന്റെ ആശംസകള്‍’ (season’s greetings) ‘സന്തോഷകരമായ അവധിദിനങ്ങള്‍’ (happy holidays) എന്നൊക്കെ ആക്കാന്‍ പരിശ്രമിക്കുന്നുണ്ട്.

ക്രിസ്തുമസില്‍നിന്ന് ക്രിസ്തുവിനെ ഒഴിവാക്കിക്കൊണ്ടുള്ള ആഘോഷം അര്‍ഥശൂന്യമാണ്. ക്രിസ്തുമസ് ദൈവപുത്രന്റെ മനുഷ്യാവതാരത്തിന്റെ ആഘോഷമാണ്. വാണിജ്യവത്കരണം നമ്മുടെ ക്രിസ്തുമസ് ആചരണത്തിന്റെ യഥാര്‍ഥ അർഥം നഷ്ടപ്പെടുത്തുന്നതിന് നാം അനുവദിക്കരുത്. അതുപോലെതന്നെ ക്രിസ്തുമസിനോടനുബന്ധിച്ചുള്ള നല്ല പാരമ്പര്യങ്ങള്‍ അടുക്കും ചിട്ടയോടുംകൂടി ആചരിക്കാന്‍ നാം വളരെയധികം ഉത്സാഹിക്കേണ്ടിയിരിക്കുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.