ക്രിസ്തുമസിനു മുന്നോടിയായി 43 ദിവസം നോമ്പെടുക്കുന്ന ക്രൈസ്തവരെ പരിചയപ്പെടാം

പുൽക്കൂട്ടിൽ പിറന്ന ഉണ്ണീശോയുടെ വിശുദ്ധിയിലേക്കും ദാരിദ്ര്യത്തിലേക്കും ലാളിത്യത്തിലേക്കും നടക്കുന്നതിനാണ് ക്രിസ്ത്യാനികൾ 25 നോമ്പെടുക്കുന്നത്. ചെറിയചെറിയ ത്യാഗങ്ങളിലൂടെ, പുണ്യപ്രവൃത്തികളിലൂടെ ഉണ്ണീശോയെ ഹൃദയത്തിൽ സ്വീകരിക്കുകയാണ് ഈ നോമ്പ് വഴി. എന്നാൽ 25 നോമ്പിനുപകരം ക്രിസ്തുമസിനു മുന്നോടിയായി 43 ദിവസം നോമ്പാചരിക്കുന്ന ക്രൈസ്തവസമൂഹത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇങ്ങനെ ഒരു നോമ്പ് ആചരിക്കുന്ന സമൂഹമുണ്ട്. ഈജിപ്തിലെ കോപ്റ്റിക്ക് ക്രൈസ്തവരുടെ ഇടയിലാണ് ക്രിസ്തുമസിനുമുന്നോടിയായി ഈ ദീർഘമായ നോമ്പാചരണം നടക്കുന്നത്.

പണ്ട് ഈജിപ്തിൽ ക്രിസ്ത്യാനികളായിരുന്നു ഭൂരിപക്ഷം. ഇന്നവര്‍ ന്യൂനപക്ഷമാണ്. ഇവരിൽ ഭൂരിഭാഗം പേരും കോപ്റ്റിക് ഓർത്തഡോക്‌സ് സഭയിൽപെട്ടവരാണ്. പരമ്പരാഗതമായി കൂട്ടായ്മയിലും സന്തോഷത്തിലും ക്രിസ്തുവിന്റെ ജനനം ആഘോഷിക്കുന്ന ഇവർ, ഡിസംബർ 25 -ന് അല്ല ക്രിസ്തുമസ് ആഘോഷിക്കുന്നത്. പിന്നെയോ, ജനുവരി ആറാം തീയതിയാണ്.

ക്രിസ്തുമസിനു മുന്നോടിയായി ഇവര്‍ 43 ദിവസത്തെ ഉപവാസം നടത്താറുണ്ട്. നവംബർ 25 മുതൽ ജനുവരി ആറുവരെയാണ് ഇതു നടത്തുന്നത്. ഇതിനെ ഹോളി നേറ്റിവിറ്റി ഫാസ്റ്റ് എന്നും പറയാറുണ്ട്. കാരണം, ആ ദിവസങ്ങൾ മൃഗങ്ങളിൽനിന്നുള്ള ഒന്നും അവർ ഭക്ഷിക്കുകയില്ല. കൂടാതെ പാല്, മുട്ട എന്നിവയും അവർ ഉപേക്ഷിക്കും. പക്ഷേ, രോഗികളെയും പ്രായമായവരെയും ഈ ഉപവാസമെടുക്കാൻ നിർബന്ധിക്കാറില്ല. ആദ്യകാലത്ത് 40 ദിവസത്തെ നോമ്പായിരുന്നു. പിന്നീട് 1602 -ല്‍ മൂന്നുദിവസങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തു.

സാധാരണയായി ക്രിസ്തുമസ് ദിവസത്തിൽ രാവിലെ 10.30 മുതൽ പ്രാർഥനയും മറ്റു കർമ്മങ്ങളും തുടങ്ങുന്നു. ഈ ചടങ്ങുകളും മറ്റും കഴിയുമ്പോൾ ഏകദേശം രാത്രിയാവും; ചിലപ്പോൾ രാവിലെ നാലുമണിവരെ ഇത് നീണ്ടുപോകാറുണ്ട്. ദൈവാലയശുശ്രൂഷകളും കർമ്മങ്ങളും കഴിഞ്ഞ് എല്ലാവരും അവരവരുടെ വീട്ടിലേക്കുപോകും. അവിടെവച്ച് ആഘോഷമായ ക്രിസ്തുമസ് വിരുന്നുമുണ്ടാവും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.