സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം നാലാം വ്യാഴം സെപ്റ്റംബർ 24 യോഹ. 11: 45-57 ജനത്തിനു വേണ്ടിയുള്ള ഈശോയുടെ മരണം

ഈശോ ലാസറിനെ ഉയിർപ്പിച്ചതിന് സാക്ഷ്യം വഹിച്ച യഹൂദരിൽ വളരെപ്പേർ ഈശോയിൽ വിശ്വസിക്കുന്നു. എന്നാൽ, പുരോഹിത പ്രമുഖരും ഫരിസേയരും ഈശോയെ വധിക്കാൻ ആലോചിക്കുന്നു. ഈശോയുടെ പ്രവർത്തനങ്ങളോടുള്ള വ്യത്യസ്ത പ്രതികരണങ്ങളാണ് ഇവ. ചിലർ വിശ്വസിക്കുന്നു, ചിലർ കൊല്ലാൻ ആഗ്രഹിക്കുന്നു! ആ വര്‍ഷത്തെ പ്രധാന പുരോഹിതനായ കയ്യാഫാസ് പറയുന്നു: “ജനം മുഴുവന്‍ നശിക്കാതിരിക്കാനായി അവര്‍ക്കു വേണ്ടി ഒരുവന്‍ മരിക്കുന്നത്  യുക്തമാണെന്നു നിങ്ങള്‍ മനസ്സിലാക്കുന്നുമില്ല.” തുടര്‍ന്നുള്ള വചനവും ശ്രദ്ധേയമാണ്: “അവന്‍ ഇത് സ്വമേധയാ പറഞ്ഞതല്ല. പ്രത്യുത, ആ വര്‍ഷത്തെ പ്രധാന പുരോഹിതന്‍ എന്ന നിലയില്‍, ജനത്തിനു വേണ്ടി യേശു മരിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രവചിക്കുകയായിരുന്നു. ജനത്തിനു വേണ്ടി മാത്രമല്ല, ചിതറിക്കിടക്കുന്ന ദൈവമക്കളെ ഒരുമിച്ചുകൂട്ടുന്നതിനു വേണ്ടിയും.”

എല്ലാവര്‍ക്കും വേണ്ടിയാണ് ഈശോ ജീവിക്കുന്നതും മരിക്കുന്നതും. ആ ജീവിതത്തിനും മരണത്തിനും അര്‍ഥമുണ്ട്, ലക്ഷ്യമുണ്ട്. ഞാൻ ഉള്‍പ്പെടെയുള്ള എല്ലാ മനുഷ്യര്‍ക്കും വേണ്ടിയാണ് ഈശോ മരിച്ചതെന്ന സത്യം നമ്മുടെ ജീവിതത്തിന് കൂടുതല്‍ അർഥം നല്‍കട്ടെ. നമുക്കു വേണ്ടി മരിച്ചവനു വേണ്ടി നമുക്ക് ജീവിക്കാം.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.