പാക്കിസ്ഥാനിൽ 15 ലക്ഷത്തോളം കുട്ടികൾ ഓൺലൈൻ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുവെന്ന് റിപ്പോർട്ട്

പാക്കിസ്ഥാനിൽ 15 ലക്ഷത്തോളം കുട്ടികൾ ഇന്റർനെറ്റിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ലൈംഗിക ചൂഷണത്തിനും ദുരുപയോഗത്തിനും ഇരയാകുന്നതായി റിപ്പോർട്ട്. പാക്കിസ്ഥാനിലെ കത്തോലിക്കാ സഭയുടെ മനുഷ്യാവകാശ സംഘടനയായ ‘ജസ്റ്റിസ് ആൻഡ് പീസ് ആന്റ് റിലീജിയസ് ബോഡി’ നടത്തിയ പഠനത്തിലാണ് ഈ ഭയാനകമായ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.

പെൺകുട്ടികളും ആൺകുട്ടികളും ഒരുപോലെ ഇന്റർനെറ്റ് അധിഷ്ഠിത ഭീഷണികൾക്കും ലൈംഗിക ബ്ലാക്ക്‌മെയിലിംഗിനും ഇരയാകുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

‘ഭയത്തോടെയാണ് ഞാൻ ജീവിക്കുന്നത്’

സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായ പതിനാലുകാരിയായ ഒരു പെൺകുട്ടിയുടെ വാക്കുകൾ രാജ്യത്തെ നിലവിലെ സാഹചര്യം വ്യക്തമാക്കുന്നു: “എന്റെ വ്യാജ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ്. ഭയത്തോടെയാണ് ഞാൻ ഓരോ ദിവസവും ജീവിക്കുന്നത്.”

ഈ പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം ഈ വിവരം കുടുംബം അറിയുമെന്ന ഭയം മാത്രമായിരുന്നു, അവളെ നിശബ്ദയാക്കാൻ ധാരാളമായിരുന്നു അത്. “എന്റെ സ്കൂൾ പഠനം തടയപ്പെടാനോ അല്ലെങ്കിൽ വീടിന് പുറത്തിറങ്ങുന്നത് പൂർണ്ണമായി വിലക്കപ്പെടാനോ സാധ്യതയുണ്ടായിരുന്നു. തുറന്നു പറയുന്നതിനേക്കാൾ മൗനം പാലിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി. എന്നാൽ ആധി എന്നെ ദിവസേന വേട്ടയാടുകയാണ്.” സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായ പതിനാലുകാരി വെളിപ്പെടുത്തുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾ, വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ എന്നിവ വഴിയാണ് കുറ്റവാളികൾ കുട്ടികളെ കെണിയിൽ പെടുത്തുന്നത്. കുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുക, ഭീഷണിപ്പെടുത്തി പണം തട്ടുക, ലൈംഗിക വൈകൃതങ്ങൾക്ക് നിർബന്ധിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പ്രധാനമായും നടക്കുന്നത്.

“ഒരു സൗഹൃദ സംഭാഷണത്തിലൂടെയോ, ഗെയിമിംഗ് ഇടപഴകലിലൂടെയോ, അല്ലെങ്കിൽ സമ്മാനങ്ങൾ, പണം, പ്രണയം എന്നിവ വാഗ്ദാനം ചെയ്തുകൊണ്ടോ ഒക്കെയാണ് ഈ ചൂഷണം ആരംഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ നിന്ന് കണ്ടെത്തുന്ന വിവരങ്ങൾ ഉപയോഗിച്ച് ഇരകളുടെ വിശ്വാസം നേടിയെടുക്കാൻ കുറ്റവാളികൾ മാസങ്ങളോളം ചെലവഴിക്കുന്നു.” ആഗോള യൂണിസെഫ് റിപ്പോർട്ടിന്റെ പ്രധാന രചയിതാവായ ഡാനിയൽ കാർഡെഫെൽറ്റ് എഎഫ്‌പിയോട് (AFP) പറഞ്ഞു.

മുസ്ലീം ഭൂരിപക്ഷ രാജ്യമായ പാക്കിസ്ഥാനിൽ, ഇരയായവരിൽ 71 ശതമാനം പേരും ഈ വിവരം ആരോടും പറഞ്ഞിട്ടില്ലെന്ന് യൂണിസെഫ് റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടാതെ, പഠനത്തിൽ പങ്കെടുത്ത ഒരു കുട്ടി പോലും പൊലീസിലോ, ഹെൽപ്പ് ലൈനുകളിലോ, സോഷ്യൽ വർക്കർമാരിലോ ഉൾപ്പെടെയുള്ള ഔദ്യോഗിക സംവിധാനങ്ങൾ വഴി ചൂഷണത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടില്ല. കുടുംബത്തിൽ നിന്നോ സമൂഹത്തിൽ നിന്നോ ഉണ്ടാകുന്ന പ്രതികരണങ്ങളെക്കുറിച്ചുള്ള അപമാനഭയവും നാണക്കേടും ആശങ്കകളുമായിരുന്നു അവരുടെ മൗനത്തിന് പ്രധാന കാരണം.

“റിപ്പോർട്ട് ചെയ്യപ്പെട്ട ചൂഷണങ്ങളിൽ ഏകദേശം 44 ശതമാനവും പൂർണ്ണമായും ഓൺലൈൻ വഴിയുള്ളതായിരുന്നു. ഇതിൽ സ്നാപ്ചാറ്റ്, വാട്ട്‌സ്ആപ്പ് എന്നിവയാണ് കുറ്റവാളികൾ ഏറ്റവും കൂടുതൽ ഉപയോഗിച്ചത്,” കിഴക്കൻ നഗരമായ ലാഹോർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘പഹ്ചാൻ’ എന്ന ബാലാവകാശ സംഘടനയുടെ ഡയറക്ടർ മെഹെക് നയീം പറഞ്ഞു.

ആശങ്കയിൽ സഭാധികാരികൾ

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ രാജ്യത്ത് നിയമങ്ങളുണ്ടെങ്കിലും, അവയൊന്നും കാര്യക്ഷമമായി നടപ്പിലാക്കപ്പെടുന്നില്ല. ഇരകളാകുന്ന കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടത്ര സംരക്ഷണം നൽകാൻ അധികാരികൾക്ക് സാധിക്കുന്നില്ല. ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്ന കുട്ടികളുടെ കുടുംബങ്ങൾ നാണക്കേട് ഭയന്ന് പരാതി നൽകാൻ മടിക്കുന്നത് കുറ്റവാളികൾക്ക് കൂടുതൽ തണലാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഈ സാഹചര്യത്തിൽ കുട്ടികൾക്ക് സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തെക്കുറിച്ച് ബോധവൽക്കരണം നൽകാനും, ദുരിതമനുഭവിക്കുന്ന കുട്ടികൾക്ക് നിയമപരവും മാനസികവുമായ പിന്തുണ നൽകാനും കത്തോലിക്കാ സഭയും എൻ.സി.ജെ.പിയും മുന്നിട്ടിറങ്ങിയിട്ടുണ്ട്. പാക്കിസ്ഥാൻ സർക്കാരും സൈബർ ക്രൈം ഏജൻസികളും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും, സൈബർ കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കത്തോലിക്കാ സഭാ നേതൃത്വം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.