
പരമ്പരാഗത ചൈനീസ് രാജകീയ വസ്ത്രങ്ങൾ ധരിച്ച പരിശുദ്ധ കന്യകാമറിയത്തിന്റെയും മടിയിലിരിക്കുന്ന ഉണ്ണീശോയുടെയും അപൂർവ ചിത്രം. യൂറോപ്യൻ അല്ലെങ്കിൽ ലാറ്റിൻ അമേരിക്കൻ മാതൃകകളിൽ മാത്രം മരിയൻ ചിത്രങ്ങൾ കണ്ടുപരിചയിച്ച പെറുവിന്റെ തലസ്ഥാനമായ ലിമയിലെ ജനങ്ങൾക്ക് ഇതൊരു പുതിയ അനുഭവമാണ്. ‘മാദ്രെ ദെ ചൈന’ (Madre de China – ചൈനയുടെ മാതാവ്) എന്ന പേരിൽ സംഘടിപ്പിച്ചിരിക്കുന്ന പ്രത്യേക പ്രദർശനമാണ് സെപ്റ്റംബർ മാസത്തിൽ ലിമ നിവാസികളുടെ മനംകവരുന്നത്.
ലിമ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ സെപ്റ്റംബർ 9 മുതൽ 30 വരെ നടക്കുന്ന ഈ പ്രദർശനം ലിമയിലെ ചരിത്രപ്രസിദ്ധമായ സിറ്റി ഹാളിന് (Palacio Municipal) വെളിയിലും ഉള്ളിലുമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. ചൈനീസ് രാജവംശത്തിലെ രാജ്ഞിമാർക്ക് മാത്രം ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്ന മഞ്ഞ നിറത്തിലുള്ള പരമ്പരാഗത രാജകീയ വസ്ത്രമാണ് ചിത്രത്തിലെ മാതാവ് അണിഞ്ഞിരിക്കുന്നത്.
മഡ്രിഡ് കോംപ്ലൂട്ടെൻസ് യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി പ്രൊഫസറായ ഡോ. അന്റോണിയോ ലൂക്കാസ് മാരിനാണ് ഈ പ്രദർശനത്തിന്റെ ചരിത്രപരവും ആത്മീയവുമായ പശ്ചാത്തലം വിശദീകരിക്കുന്നത്. ചൈനയിലെ പെയിജിംഗിലുള്ള നോർത്ത് കത്തീഡ്രലിൽ (Beitang) പ്രതിഷ്ഠിച്ചിരിക്കുന്ന ചിത്രത്തിന്റെയും രൂപത്തിന്റെയും ചരിത്രം ഇതിന് പിന്നിലുണ്ട്.
ചൈനീസ് പശ്ചാത്തലത്തിൽ മാതാവിനെയും ഉണ്ണീശോയെയും ചിത്രീകരിക്കുന്ന കാൻവാസ് പെയിന്റിംഗ് ആദ്യമായി നിർമ്മിക്കപ്പെട്ടത് 1996 ലാണ്. ഷാങ്ഹായിൽ ഒരു ബിസിനസ് സ്‌കൂൾ ആരംഭിക്കുന്നതിനിടെയാണ് ഈ രൂപത്തിന് പുതിയ ജീവൻ ലഭിക്കുന്നത്. തദ്ദേശീയനായ ഒരു സംരംഭകന്റെ (പബ്ലോ) ശ്രമഫലമായി ഹോങ്കോംഗിൽ നിന്നാണ് ഈ ചിത്രം പൂർത്തിയാക്കിയത്. 2016 ൽ പെയിന്റിംഗിനെ ആസ്പദമാക്കി സ്പാനിഷ് ശില്പി തടിയിൽ കൊത്തിയെടുത്ത രൂപം ബീജിംഗിലെ കത്തീഡ്രലിൽ എത്തിച്ചു. തുടർന്ന് 2020 ൽ ആണ് ഈ രൂപം ബീജിംഗ് കത്തീഡ്രലിൽ ഔഗ്യോഗികമായി പ്രതിഷ്ഠിക്കപ്പെട്ടത്.
ലെയോ പതിനാലാമൻ മാർപാപ്പ തന്റെ മുൻകാല രൂപതയായ പെറുവിൽ നടത്തുന്ന ചരിത്രപരമായ സന്ദർശനത്തിന് മുന്നോടിയായാണ് തലസ്ഥാന നഗരിയിൽ ഇത്തരം സാംസ്കാരിക-ആത്മീയ പരിപാടികൾ സംഘടിപ്പിക്കുന്നത്. വ്യത്യസ്ത സംസ്കാരങ്ങളെ പ്രേഷിതപ്രവർത്തനത്തിലൂടെ ക്രിസ്തീയ വിശ്വാസവുമായി കൂട്ടിയോജിപ്പിക്കുന്നതിന്റെ (Inculturation) ഉത്തമ ഉദാഹരണമാണ് ഈ മരിയൻ ചിത്രീകരണമെന്ന് സന്ദർശകർ അഭിപ്രായപ്പെടുന്നു.




