പട്ടിണിക്കും മരണത്തിനും ഇടയിലമരുന്ന ബാല്യങ്ങൾ: കണ്ണുനിറയ്ക്കും സുഡാനിലെ കാഴ്ചകൾ

ഒരു വർഷം മുമ്പ് സൈന്യവും സായുധ അർധസൈനിക വിഭാഗവും തമ്മിൽ ആഭ്യന്തരയുദ്ധം ആരംഭിച്ച സുഡാനിലെ ക്യാമ്പുകളിൽ വീടുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായ ദശലക്ഷക്കണക്കിന് ആളുകളാണ് കഴിയുന്നത്. ഇവരിൽ ഏറ്റുവും കൂടുതലുള്ളത് സ്ത്രീകളും കുട്ടികളുമാണ്. ആഭ്യന്തരയുദ്ധം മൂലം ലോകത്തിലെ ഏറ്റവും മോശമായ പട്ടിണിപ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ സുഡാൻ കടന്നുപോകുന്നത്.

രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള നോർത്തേൺ ഡാർഫറിലെ കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്കായി ആരംഭിച്ച സംസം ക്യാമ്പിലാണ്, കലാപം ബാധിച്ച ദശലക്ഷക്കണക്കിന് ആളുകളിൽ ഒരാളായ, മൂന്നു കുട്ടികളുടെ അമ്മയായ ഖിസ്മ അബ്ദിറഹ്മാൻ അലി അബൂബക്കർ എന്ന യുവതിയും കഴിയുന്നത്. രാജ്യത്തെ പട്ടിണിയുടെയും പോഷകാഹാരപ്രതിസന്ധിയുടെയും ഉദാഹരണമാണ് ഖിസ്മയുടെ ജീവിതം.

കഴിഞ്ഞ നാലു മാസത്തിനുള്ളിൽ അവളുടെ മൂന്നു കുട്ടികളാണ് രോഗവും പോഷകാഹാരക്കുറവും മൂലം മരണപ്പെട്ടത്. മരണപ്പെടുമ്പോൾ മൂത്തയാൾക്ക് മൂന്ന്, രണ്ടാമത്തെയാൾക്ക് രണ്ട്, ഇളയകുട്ടിക്ക് ആറു മാസം എന്നിങ്ങനെയായിരുന്നു പ്രായം. ഇന്ന് മൂന്നു കുട്ടികളെയും നഷ്ടപ്പെട്ട ഖിസ്മ ഈ ക്യാമ്പിൽ ഇപ്പോൾ മരിച്ചുജീവിക്കുകയാണ്.

രാജ്യത്തെ ഏറ്റവും പഴക്കമേറിയതും വലുതുമായ ക്യാമ്പാണ് സംസം. ക്യാമ്പിൽ സന്നദ്ധപ്രവർത്തനങ്ങൾ നടത്തുന്ന മെഡിക്കൽ ചാരിറ്റിയായ മെഡെസിൻസ് സാൻസ് ഫ്രോണ്ടിയേഴ്‌സ് (MSF) പറയുന്നത്, ക്യാമ്പിലെ ഓരോ രണ്ടു മണിക്കൂറിലും ഒരു കുട്ടിയെങ്കിലും മരിക്കുന്നു എന്നാണ്. ഭക്ഷണമോ, ശുദ്ധജലമോ, ആരോഗ്യപരിരക്ഷയോ ഇല്ലാത്ത ഈ സാഹചര്യത്തിൽ കുട്ടികൾ മരിക്കുന്നത് ചികിത്സിച്ചാൽ ഭേദപ്പെടാവുന്ന രോഗങ്ങളാലാണ് എന്നതാണ് മറ്റൊരു സത്യം. അഞ്ചു വയസ്സിനു താഴെയുള്ള ഓരോ പത്തു കുട്ടികളിൽ മൂന്നു പേരും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാരിൽ മൂന്നിലൊന്നു പേരും പോഷകാഹാരക്കുറവുള്ളവരാണെന്നാണ് കണ്ടെത്തൽ.

ഡാർഫറിൽ ഇപ്പോഴും നിലകൊള്ളുന്ന അവസാനത്തെ അന്താരാഷ്ട്ര മാനുഷിക ഏജൻസികളിലൊന്നാണ് എം.എസ്.എഫ്. ഒരുപക്ഷേ, സുഡാനിലെ പട്ടിണിപ്രതിസന്ധിയുടെ മഞ്ഞുമലയുടെ അഗ്രം മാത്രമാണിത് എന്ന് സുഡാനിലെ എം.എസ്.എഫ്. ഓപ്പറേഷൻസ് മാനേജർ അബ്ദല്ല ഹുസൈൻ പറയുന്നു.

“വിദേശ പത്രപ്രവർത്തകർക്കും സഹായ ഏജൻസികൾക്കും ഡാർഫറിലേക്കുള്ള പ്രവേശനം വളരെ ബുദ്ധിമുട്ടേറിയതാണ്. ഞങ്ങൾ ഡാർഫറിലെ എല്ലാ കുട്ടികളിലേക്കും എത്തിയിട്ടില്ല. എത്തിപ്പെടാൻ കഴിയുന്ന സാഹചര്യമല്ല. ഞങ്ങൾ ഒരു ക്യാമ്പിനെക്കുറിച്ചാണ് സംസാരിക്കുന്നത്” – കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയിലെ എം.എസ്.എഫ്. റീജിയണൽ ആസ്ഥാനത്തു നിന്ന് അബ്ദല്ല പറഞ്ഞു.

യുദ്ധത്തോടെ രാജ്യത്തെ ഭക്ഷണവിതരണം നിലച്ചു. അർധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർ.എസ്.എഫ്) മേഖലയുടെ വലിയൊരു ഭാഗം ഏറ്റെടുത്തതിനാൽ മിക്ക സഹായ ഏജൻസികളും അവരുടെ പ്രവർത്തനങ്ങളിൽ നിന്നും പിൻവാങ്ങി.

ആർ.എസ്.എഫ്ന്റെയും അതിന്റെ സഖ്യസേനയുടെയും പോരാളികൾ ആശുപത്രികളും സ്റ്റോറുകളും കൊള്ളയടിച്ചതായാണ് റിപ്പോർട്ട്. എന്നാൽ ഇത് ആർ.എസ്.എഫ് സ്ഥിരമായി നിഷേധിക്കുകയാണ്. സംഘർഷമേഖലകളിൽ സാധനങ്ങൾ എത്തിക്കുന്നത് അസാധ്യമായ ഒന്നാണ്. കൂടാതെ, അന്താരാഷ്ട്ര ഏജൻസികൾക്ക് വിസയും ആഭ്യന്തര യാത്രാനുമതിയും നൽകുന്ന നടപടികളിൽ സുഡാനീസ് സൈനിക അധികാരികൾ വളരെ മന്ദഗതിയിലാണെന്ന് സന്നദ്ധപ്രവർത്തകർ പറയുന്നു.

ഭക്ഷണത്തിന്റെ അഭാവം ആരോഗ്യസേവനങ്ങളുടെ തകർച്ചയുടെ ആക്കം കൂട്ടുകയാണ്. രാജ്യത്തുടനീളം 20-30% ആരോഗ്യസൗകര്യങ്ങൾ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഈ പ്രത്യേക സാഹചര്യത്തിൽ എം.എസ്.എഫ് സംസമിൽ 50 കിടക്കകളുള്ള ഒരു ടെന്റ് ഹോസ്പിറ്റൽ തുറക്കാൻ പദ്ധതിയിട്ടിരിക്കുകയാണ്. രാജ്യത്തു നിലനിൽക്കുന്ന ഭാരിച്ച ഉത്തരവാദിത്വം പങ്കിടാൻ മറ്റ് അന്താരാഷ്ട്ര സഹായ ഏജൻസികളോട് മടങ്ങിവരാൻ അഭ്യർഥിക്കുകയാണ് എം.എസ്.എഫ് ഇപ്പോൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.