മനവാഗ് മാതാവിന്റെ കിരീടധാരണ ശതാബ്ദി: ഫിലിപ്പീൻസിൽ ജനലക്ഷങ്ങൾ പങ്കുചേർന്ന വിശ്വാസ സംഗമം

ഫിലിപ്പീൻസിലെ ഏറ്റവും വിശുദ്ധവും അദ്ഭുതപ്രവർത്തകയെന്ന് വിശ്വസിക്കപ്പെടുന്നതുമായ ‘അവർ ലേഡി ഓഫ് മനവാഗ്’ (മനവാഗ് മാതാവ്) തിരുസ്വരൂപത്തിന്റെ കാനോനിക കിരീടധാരണ ശതാബ്ദി ആഘോഷങ്ങളിൽ ജനലക്ഷങ്ങൾ പങ്കുചേർന്നു. പാങ്കാസിനാൻ പ്രവിശ്യയിലെ മനവാഗ് ബസിലിക്കയിൽ നടന്ന ചടങ്ങുകളിൽ ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറും പ്രഥമ വനിത ലിസ അരാനെറ്റ മാർക്കോസും നേരിട്ടെത്തി ആദരവർപ്പിച്ചു.

മുപ്പത് വർഷങ്ങൾക്ക് മുമ്പ്, മെഡിക്കൽ വിദ്യാർഥിനിയായിരുന്ന ബണ്ണി ബോണലസ് മനവാഗ് മാതാവിന്റെ സന്നിധിയിലെത്തിയത് പരീക്ഷ എഴുതാനുള്ള തന്റെ പെൻസിലുകൾ ആശീർവദിക്കാനായിരുന്നു. അന്ന് മാതാവിന്റെ മാധ്യസ്ഥം തേടിയ ബണ്ണി ഇന്ന് രാജ്യത്തെ അറിയപ്പെടുന്ന ഒരു പ്രസവചികിത്സാ വിദഗ്ധയാണ്. തന്നെപ്പോലെ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിൽ അദ്ഭുതങ്ങൾ ചൊരിഞ്ഞ മനവാഗ് മാതാവിന്റെ കിരീടധാരണത്തിന്റെ നൂറാം വാർഷിക ആഘോഷങ്ങളിൽ പങ്കുചേരുന്നതിനായി കഴിഞ്ഞ ഏപ്രിൽ 22-ന് അവരും എത്തിച്ചേർന്നിരുന്നു

‘വിളിക്കുന്ന മാതാവ്’

പ്രാദേശിക ഭരണകൂടത്തിന്റെ കണക്കുകൾ പ്രകാരം, കടുത്ത ചൂടിനെയും അവഗണിച്ച് ഏഴുലക്ഷത്തോളം വിശ്വാസികളാണ് ഈ വർഷത്തെ ആഘോഷങ്ങളിൽ പങ്കെടുത്തത്. നാല് നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് മനവാഗ് മാതാവിനോടുള്ള ഭക്തി. 1610-ൽ ഒരു കർഷകന് കുന്നിൻമുകളിൽ വച്ച് മാതാവ് ദർശനം നൽകിയെന്നും അവിടെ ഒരു പള്ളി പണിയാൻ ‘വിളിച്ചു’ എന്നുമാണ് വിശ്വാസം. ഈ ‘വിളിയിൽ’ നിന്നാണ് ‘മനവാഗ്’ എന്ന സ്ഥലപ്പേരുണ്ടായതുപോലും.

ചരിത്രപരമായ ശതാബ്ദി ആഘോഷം

1926-ലാണ് മനവാഗ് മാതാവിന്റെ തിരുസ്വരൂപം കാനോനികമായി കിരീടധാരണം ചെയ്യപ്പെട്ടത്. ഇതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാനയിൽ പ്രസിഡന്റ് മാർക്കോസ് മാതാവിനുള്ള കിരീടം ബസിലിക്കയിലേക്ക് വഹിച്ചു. തുടർന്ന് അപ്പോസ്തോലിക് നുൺഷ്യോ ആർച്ച് ബിഷപ്പ് ചാൾസ് ബ്രൗൺ കിരീടധാരണം നടത്തി. സഭയും ഭരണകൂടവും ഒന്നുചേർന്ന അപൂർവമായ നിമിഷങ്ങൾക്കായിരുന്നു മനവാഗ് അന്ന് സാക്ഷ്യം വഹിച്ചത്.

കണ്ണീരോടെ സമർപ്പണം

ആഘോഷങ്ങളിൽ വിശ്വാസികളുടെ സാന്നിധ്യവും ശ്രദ്ധേയമാണ്. 12 വർഷമായി ഒറ്റയ്ക്ക് മക്കളെ വളർത്തുന്ന ബർണാഡെറ്റ് എന്ന അമ്മ തന്റെ ഇളയ മകളുടെ പഠനം പൂർത്തിയാക്കാൻ മാതാവിന്റെ അനുഗ്രഹം തേടി എത്തിയത് കണ്ണീരോടെയാണ്. 25-കാരനായ ഒനിംഗ് ഫാനിയോ എന്ന യുവാവ് തന്റെ രോഗിയായ മുത്തശ്ശിയെ വീഡിയോ കോളിലൂടെ പ്രദക്ഷിണം കാണിച്ചുകൊണ്ടിരുന്നു. “എന്റെ മുത്തശ്ശിയെ എനിക്ക് അത്രയ്ക്കിഷ്ടമാണ്, മാതാവിനെ കാണുന്നത് അവരുടെ വേദനയ്ക്ക് ഒരു ആശ്വാസമാകുമെന്ന് ഞാൻ കരുതുന്നു,” ഫാനിയോ പറഞ്ഞു.

വിശ്വാസവും സമർപ്പണവും ഒന്നുചേർന്ന ഈ ശതാബ്ദി ആഘോഷം ഫിലിപ്പീൻസിലെ കത്തോലിക്കാ വിശ്വാസത്തിൻ്റെ ആഴം ഒരിക്കൽക്കൂടി ലോകത്തിന് കാട്ടിക്കൊടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.