അബോർഷൻ ചെയ്യപ്പെട്ട നൂറോളം കുഞ്ഞുങ്ങളുടെ മൃതസംസ്ക്കാരം നടത്തി അമേരിക്കയിൽ നിന്നും ഒരു വൈദികൻ

“അബോർഷൻ ചെയ്യപ്പെട്ട കുഞ്ഞുങ്ങളെ സംസ്കരിച്ചത് ഞാൻ തന്നെയാണ്” – അമേരിക്കയിലെ വെസ്റ്റ് വിർജീനിയയിലെ വൈദികനായ ഫാ. ബിൽ കച്ചിൻസ്കിയുടെ വാക്കുകളാണിത്. വാഷിംഗ്‌ടൺ ഡിസി- യിലെ അബോർഷൻ ക്ലിനിക്കിൽ കൊന്നൊടുക്കിയ നൂറോളം കുഞ്ഞുങ്ങളുടെ മൃതസംസ്ക്കാരമാണ് ഫാ. ബിൽ നടത്തിയത്. കൊല്ലപ്പെട്ട നിഷ്കളങ്കരായ ഈ കുഞ്ഞുങ്ങൾക്കുവേണ്ടി വിശുദ്ധ ബലിയർപ്പിക്കുകയും അവർക്ക് മാന്യമായ രീതിയിലുള്ള മൃതസംസ്ക്കാര ശുശ്രൂഷകൾ നൽകുകയും ചെയ്തു ഈ വൈദികൻ.

“ഫാ. ബില്ലിന്റെ പ്രവർത്തനങ്ങളെ ഞാൻ പൂർണ്ണമായി അംഗീകരിക്കുന്നു. ഇവർ യഥാർത്ഥ മനുഷ്യമക്കളായിരുന്നു; നിർജ്ജീവ വസ്തുക്കളല്ല. അവരുടെ ജീവൻ അന്യായമായി അവരിൽ നിന്ന് കവർന്നെടുത്തതാണ്”- വീലിംഗ്-ചാൾസ്റ്റൺ രൂപതയുടെ ബിഷപ്പ് മാർക്ക് ബ്രണ്ണൻ പറഞ്ഞു.

അബോർഷൻ വിരുദ്ധപ്രക്ഷോഭത്തിന്റെ ആളുകളാണ് സാമൂഹ്യസേവകരായ ലോറൻ ഹാൻഡിയും ടെറിസ ബുക്കോവിനാക്കും. കഴിഞ്ഞ മാർച്ച് 25- ന് വാഷിംഗ്ടൺ സർജി-ക്ലിനിക്കിൽ നിന്നും അബോർട്ട് ചെയ്യപ്പെട്ട 115 കുഞ്ഞുങ്ങളുടെ ശരീരാവശിഷ്ടങ്ങൾ ഒരു ഡ്രൈവറുടെ കയ്യിൽ നിന്നും അവർ വാങ്ങിയിരുന്നു. മെഡിക്കൽ വേസ്റ്റ് സ്വീകരിക്കുന്നവർക്കു നൽകാനായി ഡ്രൈവർ കൊണ്ടുപോയതായിരുന്നു അത്. അവർക്ക് മാന്യമായ സംസ്കാരശുശ്രൂഷകൾ നൽകാനായിരുന്നു ലോറനും ടെറിസയും ഇങ്ങനെ ചെയ്തത്.

അന്നു തന്നെ ലോറൻ ഫാ. ബില്ലിനെ വിളിച്ച് വിവരമറിയിച്ചു. മൃതസംസ്ക്കര ശുശ്രൂഷകൾ നടക്കുന്നതു വരെ ആ മൃതശരീരങ്ങൾ ലോറൻ തന്റെ ഭവനത്തിലെ ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു. മാർച്ച് 28- ന് ഫാ. ബിൽ അവിടെ വരികയും ആ കുഞ്ഞുങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. തുടർന്ന് എട്ട് പ്രോ ലൈഫ് പ്രവർത്തകരുടെ സാനിധ്യത്തിൽ ആ ഭവനത്തിൽ വച്ചുതന്നെ കുഞ്ഞുങ്ങൾക്കായുള്ള ബലിയർപ്പണവും നടന്നു. ദേവാലയത്തിലല്ലാതെ അദ്ദേഹം മറ്റൊരു സ്ഥലത്ത് പരിശുദ്ധ കുർബാന അർപ്പിച്ചത് ഇതാദ്യമായിരുന്നു.

പ്രോ ലൈഫ് പ്രവർത്തകർ, അകാലത്തിൽ പൊലിഞ്ഞുപോയ ഈ കുഞ്ഞുങ്ങൾക്ക് പേരുകൾ നൽകി. ആ പേരുകൾ പരിശുദ്ധ കുർബാനയിൽ എടുത്തുപറഞ്ഞ് ഫാ. ബിൽ പ്രാർത്ഥിച്ചു. ആ പേരുകൾ ഉച്ചരിച്ച് പ്രാർത്ഥനകൾ നടക്കുമ്പോൾ പലരും കണ്ണീർ പൊഴിച്ചതായി ആ വൈദികൻ ഓർമ്മിക്കുന്നു. ഏപ്രിൽ ഒന്നിനായിരുന്നു നൂറോളം കുട്ടികളുടെ മൃതസംസ്ക്കാരം നടന്നത്.

“ഈ കുഞ്ഞുങ്ങൾക്കു വേണ്ടി ഫാ. ബിൽ എടുത്ത ത്യാഗോജ്ജലമായ പ്രവർത്തനങ്ങൾക്ക് ഞങ്ങൾ എന്നും അദ്ദേഹത്തോട് നന്ദിയുള്ളവരാണ്”- പ്രോ ലൈഫ് പ്രവർത്തകർ പറഞ്ഞു.

ഏപ്രിൽ അഞ്ചിനു നടന്ന ഒരു പ്രസ് കോൺഫറൻസിലാണ് ഒരു കത്തോലിക്കാ വൈദികൻ എല്ലാ കുഞ്ഞുങ്ങൾക്കും മൃതസംസ്‌കാര ശുശ്രൂഷകൾ നൽകിയതായി അവർ വെളിപ്പെടുത്തിയത്. മൃതസംസ്കാര ശുശ്രൂഷയിൽ അദ്ദേഹം പ്രാർത്ഥനകൾ ചൊല്ലി, കുഴിമാടങ്ങൾ ആശീർവദിച്ചു. അവിടെ ഒരു കുരിശും സ്ഥാപിച്ചു.

“ഈ കൊല ചെയ്യപ്പെട്ട കുട്ടികൾ ദൈവത്തിന് പ്രിയപ്പെട്ടവരാണ്. അവരെ കൊല ചെയ്യാൻ തീരുമാനിച്ചവരോടും അവരെ കൊലപ്പെടുത്തിയവരോടും ക്ഷമിക്കാൻ ദൈവം ആഗ്രഹിക്കുന്നു” – ഫാ. ബിൽ പറഞ്ഞു.

കത്തോലിക്കാ സഭയുടെ മതബോധനമനുസരിച്ച് അബോർഷൻ, കൊലപാതകത്തിനു തുല്യമാണ്. ഈ വാർത്ത അബോർഷൻ എന്ന തീരുമാനത്തിൽ നിന്ന് പിന്തിരിയാൻ മനുഷ്യമനസ്സിനെ പ്രേരിപ്പിക്കട്ടെ. ഓരോ മനുഷ്യജീവനും വിലപ്പെട്ടതാണെന്ന ബോധ്യം മറ്റുള്ളവരിൽ ഉണർത്തട്ടെ.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.