കാൻസർ രോഗക്കിടക്കയിൽ വച്ച് പൗരോഹിത്യ സ്വീകരണം; യുവവൈദികന്റേത് അപൂർവ്വമായ ദൈവവിളി

കാൻസർ രോഗബാധിതനായ ഫിലിപ്പൈൻകാരനായ വൈദികാർത്ഥിയായിരുന്നു ഖംസൻ മിം ഖൗന്തിചക്. എന്നാൽ ഇന്ന് അദ്ദേഹം ക്രിസ്തുവിന്റെ പുരോഹിതനാണ്. രോഗക്കിടക്കയിൽ വച്ച് ബിഷപ്പിന്റെ പ്രത്യേക അനുവാദത്തോടെയായിരുന്നു ഇദ്ദേഹത്തിന്റെ പൗരോഹിത്യ സ്വീകരണം.

2020 മെയ് മാസത്തിലാണ് ഫാ. മിം, സാൻ വിസെന്റ് സ്കൂൾ ഓഫ് തിയോളജിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദം നേടിയത്. പഠനത്തിനു ശേഷം അദ്ദേഹത്തിന് ശാരീരികാസ്വസ്ഥതകൾ അനുഭവപ്പെടാൻ തുടങ്ങി. വൈകാതെ തന്നെ നടക്കാനും ബുദ്ധിമുട്ടായി. അങ്ങനെയാണ് വൈദികാർത്ഥിയായ ഫാ. മിമ്മിനെ വൈദ്യപരിശോധനക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് അദ്ദേഹത്തിന് സ്‌പൈനൽ കോർഡിൽ കാൻസർ രോഗമാണെന്നു കണ്ടെത്തി. എന്നാൽ അദ്ദേഹത്തിന്റെ തിരുപ്പട്ട സ്വീകരണത്തിന് മാറ്റമൊന്നും ഉണ്ടായില്ല. ബിഷപ്പിന്റെ പ്രത്യേക അനുവാദം അദ്ദേഹത്തിനു ലഭിച്ചു. പാദുവയിലെ വി. അന്തോണീസിന്റെ തിരുനാൾ ദിനമായ ജൂൺ 13-നായിരുന്നു ഖംസൻ മിമ്മിന്റെ തിരുപ്പട്ടം. മനില നഗരത്തിലെ ആശുപത്രിക്കിടക്കയിൽ വച്ച് അലോട്ടോ-സൈഡിയ ബിഷപ്പായ റോളാൻഡോ സാന്റോസിന്റെ കൈവയ്പ്പു വഴി ഖംസൻ മിം അന്നേ ദിവസം വൈദികനായി അഭിഷിക്തനായി.

ഫാ. മിം വർഷങ്ങളോളം ലാവോസ് രൂപതയിലെ അപ്പസ്തോലിക് വികാരിയേറ്റ് ഓഫ് പാക്സെയിൽ മിഷനറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാധാരണക്കാരനായ ഒരു യുവമിഷനറി എന്ന നിലയിൽ അദ്ദേഹം ആളുകളെ ജോലിയിൽ സഹായിക്കുകയും അവരോടൊപ്പം പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. ഈ കാലയളവിൽ തന്നെ രണ്ടു തവണ അദ്ദേഹം ജയിലിലായിട്ടുണ്ട്. എങ്കിലും ദൈവജനത്തോടൊപ്പം ആയിരിക്കുന്നതിന്റെ സന്തോഷം ഒരു പ്രത്യേക അനുഭവമാണെന്നാണ് അദ്ദേഹം പറയുന്നത്.

2008-ലാണ് മിം ദൈവശാസ്ത്ര പഠനത്തിനായി മനിലയിൽ എത്തുന്നത്. ഫാ. മിം വളരെ ഉത്സാഹമുള്ള ഒരു വിദ്യാർത്ഥി ആയിരുന്നെന്നാണ് അദ്ദേഹത്തിന്റെ അധ്യാപകനായ ഫാ. ഡാനിയൽ ഫ്രാങ്ക്ലിൻ ഇ പിലാരിയോ പറയുന്നത്. ലാവോസിനും വിയറ്റ്നാമിനും ഇടയിലുള്ള അടിച്ചമർത്തപ്പെട്ടവരെ സേവിക്കുന്നതിനായി അദ്ദേഹം സ്വയം സമർപ്പിച്ചിരുന്നത്രേ.

“ഫാ. മിമ്മിന്റെ തിരുപ്പട്ടം ലാവോസ് സഭയിലെ തന്നെ അപൂർവ്വമായ ഒന്നാണ്. ആ ദൈവവിളിയിലൂടെ ദൈവം ചില പ്രത്യേക കാര്യങ്ങൾ നിർവ്വഹിക്കാൻ ആഗ്രഹിക്കുന്നു” – ഫാ. മിമ്മിന്റെ സുഹൃത്തായ ഫാ. ട്രിയൂ ഫാം മിൻ ഫേസ്ബുക്കിൽ കുറിച്ചു.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.