സീറോ മലബാര്‍ ശ്ലീഹാക്കാലം ഏഴാം ഞായർ ജൂലൈ 05 യോഹ. 14: 15-20; 25-26 ഈശോയുടെ പ്രാർഥനയാൽ പിതാവ് അയയ്ക്കുന്ന സഹായകൻ

“ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടു കൂടെയായിരിക്കാന്‍ മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങള്‍ക്ക് തരികയും ചെയ്യും.” നിത്യസഹായകനായ പരിശുദ്ധാത്മാവിനെ ഈശോ വാഗ്ദാനം ചെയ്യുന്ന  ഭാഗമാണിത്. നമ്മള്‍ മനുഷ്യരോടുള്ള ദൈവത്തിന്റെ – ഈശോയുടെ സ്നേഹത്തിന്റെ ഫലമാണ് ഈ വാഗ്ദാനം. ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല എന്നും ഈശോ പറയുന്നുണ്ട്.

നമ്മുടെ ജീവിതത്തിലെ ഏതു സാഹചര്യത്തിലും നമ്മോടു കൂടെയുള്ള ദൈവത്തിന്റെ സാന്നിധ്യത്തെയാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്. എപ്പോഴും നമ്മുടെ കൂടെയുള്ള, നമ്മുടെ സഹായമായി നില്‍ക്കുന്ന ദൈവസാന്നിധ്യത്തെ – പരിശുദ്ധാത്മാവിനെ നമ്മള്‍ അറിയുന്നുണ്ടോ, അനുഭവിക്കുന്നുണ്ടോ എന്നതാണ് നമ്മള്‍ നമ്മോടുതന്നെ ചോദിക്കേണ്ട ചോദ്യം. സഹായകനായ പരിശുദ്ധാത്മാവിന്റെ സഹായം ഓരോ ദിനവും സ്വീകരിച്ച് ഈ ഭൂമിയിലെ ദിനങ്ങളെ നമുക്ക് കൂടുതല്‍ ധന്യമാക്കാം. “സഹായകനായ പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും.” ഈ വാക്യം ജീവിതയാത്രയില്‍ നമ്മെ ശക്തിപ്പെടുത്തട്ടെ.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.