സ്വന്തമായി വീടില്ല; എങ്കിലും ഭവനരഹിതർക്ക് ‘സ്നേഹവീടുകൾ’ പണിതുനൽകുന്ന ഒരാൾ

സി. സൗമ്യ DSHJ

കോവിഡ് സമയത്ത് ഭക്ഷണപ്പൊതി കൊടുക്കാൻ ചെന്ന ഒരു വീട്ടിലെ പൂർണ്ണഗർഭിണിയായ സ്ത്രീ ഡെന്നീസിനോടു ചോദിച്ചു: “ഞങ്ങൾക്ക് ഒരു കക്കൂസ് പണിതു തരാമോ?”… ഡെന്നീസിനു സ്വന്തമായി വീടില്ല. എങ്കിലും വീടില്ലാത്ത അപരന്റെ വേദന സ്വന്തം വേദനയായി കണ്ട്, അവർക്കു വീടുകൾ പണിതു നൽകുന്ന തിരക്കിലാണ് ഇന്നദ്ദേഹം. വേണമെങ്കിൽ നിങ്ങൾക്കും ‘ജോ ഭവൻ’ പദ്ധതിയെ സഹായിക്കാം. തുടർന്നു വായിക്കാം.

തല ചായ്ക്കാൻ സ്വന്തമായി ഒരു വീട്. ഏതൊരു മനുഷ്യന്റെയും സ്വപ്ന സാഫല്യമാണത്. അൽപം സാമ്പത്തിക സ്ഥിതി ആയാൽ മനുഷ്യർ ആദ്യം മുൻഗണന നൽകുന്നതും സ്വന്തമായി ഒരു വീട് ഉണ്ടാക്കാനായിരിക്കും. എന്നാൽ ഇവിടെ ഡെന്നീസ് എന്ന വ്യക്തി മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാകുകയാണ്. സ്വന്തമായി ഒരു വീടില്ല. കഴിഞ്ഞ 13 വർഷങ്ങളായി വാടക വീട്ടിലാണ് താമസം. ഒരു വീടില്ലാത്തതിന്റെ ബുദ്ധിമുട്ടുകൾ നന്നായി അറിയാവുന്ന ഡെന്നീസ് സ്വന്തമായി ഒരു വീട് ഉണ്ടാക്കുന്നതിനു പകരം തന്നേക്കാൾ ആവശ്യക്കാരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു കൊടുക്കുകയായിരുന്നു. മൂന്ന് വീടുകളുടെ നിര്‍മ്മാണം ഇതിനോടകം പൂര്‍ത്തിയായി കഴിഞ്ഞു.

‘ജോ ഭവൻ’ എന്ന പദ്ധതിക്ക് തുടക്കം കുറിച്ച ഡെന്നീസ്, ഈ പദ്ധതിയെക്കുറിച്ചും തന്റെ ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ്.

ജീവിതപ്രാരാബ്ദങ്ങൾ പഠിപ്പിച്ച പാഠം

തൃശൂർ ജില്ലയിലെ കൊരട്ടിക്കടുത്ത് നാലുകെട്ട് സ്വദേശിയാണ് ഡെന്നീസ്. കൂലിപ്പണി ചെയ്തു ജീവിച്ചുവന്ന കുടുംബമായിരുന്നു ഇവരുടേത്. ഡെന്നീസ് എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ പിതാവ് മരിച്ചു. അമ്മച്ചിയും അനുജനും അനുജത്തിയും അടങ്ങുന്ന കുടുംബം. സാമ്പത്തിക ബുദ്ധിമുട്ടുകൾ ചെറുപ്പം മുതൽ തന്നെ അദ്ദേഹത്തിന്റെ കൂടെപ്പിറപ്പായിരുന്നു. എങ്കിലും ഇടവകയിലെ ആത്മീയകാര്യങ്ങളിൽ അദ്ദേഹം മുൻപന്തിയിൽ തന്നെയായിരുന്നു. ഇത് നല്ല മൂല്യബോധമുള്ള വ്യക്തിയായി വളരാൻ അദ്ദേഹത്തെ സഹായിച്ചു.

ചെറുപ്പം മുതലേ സി.എൽ.സി-യുടെ സജീവപ്രവർത്തകനാണ് ഡെന്നീസ്. സി.എൽ.സി-യുടെ യൂണിറ്റ് ഓർഗനൈസർ, ഫൊറോനാ പ്രസിഡന്റ്, അതിരൂപതാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന കോഡിനേറ്റർ, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ വർഷങ്ങളോളം അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പനമ്പള്ളി ഗവണ്മെന്റ് കോളേജിലെ പഠനത്തിന് ശേഷം വളരെ ചെറുപ്പത്തിലെ തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്നതിനാൽ പെട്ടെന്ന് ഒരു ജോലി നേടുക എന്നത് ഡെന്നീസിനെ സംബന്ധിച്ച് വളരെ അത്യാവശ്യമായിരുന്നു. അതിനാൽ പഠനത്തിനു ശേഷം ടെക്‌നിക്കൽ മേഖലയിലേക്ക് തിരിഞ്ഞു. അതിനുശേഷം സ്വാശ്രയ എൻജിനീയറിങ് കോളേജിൽ ട്രേഡ് ഇന്‍സ്പെക്ടര്‍ ആയി ജോലിയിൽ പ്രവേശിച്ചു.

ഇക്കാലഘട്ടങ്ങളിൽ രാഷ്ട്രീയ പ്രവർത്തനങ്ങളിലും ഡെന്നീസ് സജീവമായി. യൂത്ത് കോൺഗ്രസ് ഭാരവാഹി, തൊഴിലാളി യൂണിയൻ പ്രസിഡന്റ്, പഞ്ചായത്ത് മെമ്പർ (നാലുകെട്ട്), ചാലക്കുടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പൊതുപ്രവർത്തനങ്ങളിലും അദ്ദേഹം ഇറങ്ങി. പഞ്ചായത്ത് മെമ്പർ ആയപ്പോൾ പൊതുപ്രവർത്തനങ്ങളിൽ സജീവമായി ഇടപെടേണ്ടിവന്നതിനാല്‍ ജോലി ഉപേക്ഷിക്കേണ്ടി വന്നു.

ഇല്ലാത്തവന്റെ ഉള്ളറിഞ്ഞ പൊതുപ്രവർത്തനങ്ങൾ

പിന്നീട് ഡെന്നീസ് പൊതുപ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി. രാത്രികാലങ്ങളിൽ കെഎസ്ഇബി സബ് സ്റ്റേഷനുകളിൽ ഷിഫ്റ്റ് അസിസ്റ്റന്റ് ആയി ജോലി നോക്കിയിരുന്നു. അങ്ങനെ രാത്രിയിൽ ജോലിയും പകൽ പൊതുപ്രവർത്തനങ്ങളും ഒന്നിച്ചു കൊണ്ടുപോയി.

“ചെറുപ്പം മുതൽ തന്നെ ജോലി ചെയ്തുകൊണ്ടു തന്നെയാണ് പൊതുപ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ ഇതുവരെ ഒരു രൂപ പോലും പൊതുപ്രവർത്തനത്തിലൂടെ അഴിമതിയായോ, കൈക്കൂലിയായോ വാങ്ങിയിട്ടില്ല. ഇതുവരെ ഒരു രൂപ പോലും അധാർമ്മികമായ രീതിയിൽ കൈപ്പറ്റിയിട്ടുമില്ല.” അഭിമാനത്തോടെ ഡെന്നീസ് പറയുന്നു.

ഗ്രാമപഞ്ചായത്ത് മെമ്പർ ആയപ്പോൾ ഒരുപാട് ആളുകൾക്കിടയിലേക്ക് ഇറങ്ങാനും അവരുടെ പ്രശ്നങ്ങൾ കൂടുതലായി കാണാനും മനസിലാക്കാനും സാധിച്ചു. ജനകീയമായ പദ്ധതികൾ ആസൂത്രണം ചെയ്യാൻ, ആളുകളോട് നന്നായി ഇടപെഴകാൻ ഒക്കെ ഇക്കാലഘട്ടങ്ങളിൽ കൂടുതൽ പഠിക്കുകയായിരുന്നു. അതിനു ശേഷം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് മെമ്പറും പിന്നീട് പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെട്ടു. ഈ സമയത്ത് ആദിവാസിമേഖലയിൽ വലിയ ഇടപെടലുകൾ നടത്താൻ സാധിച്ചു. സംസ്ഥാനത്തെ ആദ്യത്തെ ആദിവാസി സൗഹൃദ ബ്ലോക്ക് പഞ്ചായത്ത് എന്ന നിലയിലുള്ള പ്രവർത്തനങ്ങൾ കോളനികൾ കേന്ദ്രീകരിച്ച് നടത്താനായി. അവർക്ക് അത്യാവശ്യമുള്ള കാര്യങ്ങളിൽ കൂടുതലായി ഇടപെടാനും മനസിലാക്കാനും സാധിച്ചു.

വളരെ പരിതാപകരമായ അവസ്ഥയിൽ ജീവിക്കുന്ന പല ആളുകളെ കാണുന്നതും പരിചയപ്പെടുന്നതും ഇക്കാലഘട്ടത്തിലാണ്. വളരെ ദുരിതപൂര്‍ണ്ണമായ സാഹചര്യത്തില്‍ കോളനികളില്‍ താമസിക്കുന്ന ആളുകൾ! മണിക്കൂറുകൾ നടന്നു ചെന്നെങ്കിൽ മാത്രമേ ഈ കോളനിയിൽ എത്താൻ പറ്റൂ. അവർക്ക് വീടില്ല, കറണ്ടില്ല, റോഡില്ല, ശൗചാലയമില്ല, മതിയായ ഒരു സൗകര്യവും ഇല്ല.

രാഷ്ട്രീയം അല്ല; പാവങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞു സഹായിക്കുകയാണ് പ്രധാനം

പാവപ്പെട്ടവരായ ആദിവാസികൾക്കു വേണ്ടി വീടുകൾ, പൊതുവിടങ്ങൾ, (ചാവടി – ഇവർക്ക് ഒന്നിച്ചുകൂടാനുള്ള സ്ഥലം), കുട്ടികൾക്കു വേണ്ടിയുളള ലേണിങ് സെന്റർ എന്നിവ നിർമ്മിച്ചുകൊടുക്കേണ്ടത് വളരെ അത്യാവശ്യമായിരുന്നു. ആദിവാസി സ്ത്രീകളെ മാസമുറ ദിവസങ്ങളിൽ വീട്ടിൽ പ്രവേശിപ്പിക്കുകയില്ല. അതിനു വേണ്ടി വേറെ വീട് നിർമ്മിക്കണം. അവർ ഒറ്റക്കു താമസിക്കുന്ന ആ വീട് വളരെ ദയനീയമായ അവസ്ഥയിലുള്ളതാണ്. വന്യമൃഗങ്ങളും പാമ്പും ഒക്കെയുള്ള സ്ഥലത്ത് അടച്ചുറപ്പില്ലാത്ത വീട്ടിൽ ഒറ്റക്ക് താമസിക്കേണ്ടിവരുന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടേറിയതാണ്.

കുട്ടികൾ സ്‌കൂളുകളിലൊക്കെ പോകുന്നുണ്ട്. എന്നാൽ, പത്താം ക്ലാസിൽ ഒരു വിഷയത്തിന് എങ്ങാനും തോറ്റാൽ പിന്നെ പഠനം ഇല്ല. ഡിഗ്രി വരെ പഠിച്ചിട്ട് ഒരു വിഷയം തോറ്റാലും അവിടം കൊണ്ട് പഠനം നിർത്തും. അങ്ങനെ പഠനം നിർത്തിയ കുട്ടികൾക്കു വേണ്ടി ലേണിങ് സെന്ററുകൾ ആരംഭിച്ചു. ആ കുട്ടികളെ, തോറ്റവിഷയങ്ങൾ പഠിപ്പിച്ചു ജയിപ്പിക്കാൻ വേണ്ടിയുള്ള ഒരു പ്രോഗ്രാം ആയിരുന്നു അത്. ജോലികൾ കണ്ടെത്താനുള്ള സഹായവും അവർക്ക് നൽകി. സർക്കാർ പദ്ധതിയുടെ ഭാഗമായി നിരവധി വീടുകൾ നിർമ്മിച്ചു നൽകിയിട്ടുണ്ട്. അതിൽ പകുതിയും പണികൾ പൂർത്തീകരിച്ചിട്ടില്ല. ഓരോ ഗഡുവിലും പണം കിട്ടണമെങ്കിൽ മുൻപ് കൊടുത്ത പണം കൊണ്ട് അവർ നിർദ്ദേശിച്ച പ്രകാരമുള്ള പണികൾ പൂർത്തിയാക്കണം. അങ്ങനെയുള്ള ചില നിബന്ധനകൾ പഞ്ചായത്തിൽ നിന്നും നൽകാറുണ്ട്.

യുവഗ്രാമം എന്ന എൻ.ജി.ഓ (Non-governmental organizations) ഉണ്ട്. ഡെന്നിസ് ചെയർമാനായ ഈ എൻ.ജി.ഓ വഴിയാണ് പാവപ്പെട്ടവരുടെ ആവശ്യങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലാൻ സാധിച്ചത്. ഇപ്രകാരം പ്രവർത്തിക്കാനുള്ള യഥാർത്ഥ പ്രചോദനം സി.എൽ.സി തന്നെയാണ്. സി.എൽ.സി-യുടെ മുദ്രാവാക്യം തന്നെ പ്രാർത്ഥന, പഠനം, പ്രവർത്തനം എന്നതാണല്ലോ. സി.എൽ.സി-യിൽ പ്രവർത്തിച്ചതിന്റെ പ്രചോദനമാണ് രാഷ്ട്രീയത്തിൽ ഇടപെടാനുള്ള പിന്തുണയും പ്രേരണയും നൽകിയത്. ദുരന്തനിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട ആവശ്യങ്ങളിൽ സഹായിക്കാനും ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ സജീവമായ പ്രവർത്തനം കാഴ്ചവയ്ക്കാനും ഡെന്നീസ് പരിശ്രമിക്കുന്നു.

വീടുകൾ നിർമ്മിച്ചുകൊടുക്കുന്നതിൽ രാഷ്ട്രീയ ഇടപാടുകൾ ഒന്നുമില്ല. വീടുകളുടെ നിർമ്മാണത്തിനായി വോളന്റിയറെ നിയോഗിച്ചിട്ടുണ്ട്. 550 സ്ക്വയർ ഫീറ്റുള്ള വീട് നിര്‍മ്മിച്ച്‌ നല്‍കാനാണ് തീരുമാനം. വീട് ആവശ്യമുള്ളവരെ, അപേക്ഷ സ്വീകരിച്ചല്ല കണ്ടെത്തുന്നത്. വീടില്ലാതെ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകളെ അന്വേഷിച്ചു കണ്ടെത്തിയാണ് സഹായിക്കുന്നത്. അതിൽ ആരുടെയും വ്യക്തിതാത്പര്യമില്ല.

വീടില്ലാത്തതിന്റെ വേദന അറിഞ്ഞ്‌ എടുത്ത തീരുമാനം

2021 ഡിസംബർ പത്താം തീയതിയാണ് വീട് നിർമ്മാണത്തിലേക്ക് കടക്കുന്നത്. ഇങ്ങനെയൊരു തീരുമാനത്തിലെത്താനുള്ള കാരണം ഡെന്നീസ് വെളിപ്പെടുത്തുന്നത് ഇപ്രകാരമാണ്: “കഴിഞ്ഞ 13 വർഷങ്ങളായി ഞാൻ വാടകവീട്ടിലാണ് താമസിക്കുന്നത്. ഒരു വീടില്ലാത്തതിന്റെ ആശങ്കകളും ബുദ്ധിമുട്ടുകളുമൊക്കെ മറ്റാരെയുംകാൾ നന്നായി എനിക്ക് അറിയാം. ഒരിക്കൽ വാടകക്ക് താമസിക്കുന്ന വീട്ടിൽ നിന്നും മാറണമെന്നുപറഞ്ഞ ദിവസം അവിടെ നിന്നും മാറാൻ സാധിക്കാത്ത ഒരു സാഹചര്യമുണ്ടായി. പകരം കണ്ടുവച്ച വീട് ലഭിക്കില്ല എന്നറിഞ്ഞതും താമസിച്ചാണ്. എവിടെയെങ്കിലും മറ്റൊരു വീട് കിട്ടുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ, പെട്ടെന്ന് മറ്റൊരു വീട് റെഡിയായില്ല. ഈ ഒരു സാഹചര്യത്തിൽ വാടകക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്നും ഇറങ്ങേണ്ടിവന്നു.”

“അങ്ങനെ ഞങ്ങളുടെ മുഴുവൻ സാധനങ്ങളും കൊണ്ട് ആ വാടകവീട്ടിൽ നിന്നും പെങ്ങളുടെ വീട്ടിലേക്ക് പോയി. അത് എന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഒരു സാഹചര്യമായിരുന്നു. പെങ്ങളുടെ വീട്ടുകാർക്ക് യാതൊരുവിധ പ്രശ്നങ്ങളും ഇല്ലായിരുന്നെങ്കിലും എന്നെ സംബന്ധിച്ച് ഒരു വീടില്ലാതെ അങ്ങനെ പോകേണ്ടിവന്നത് ഹൃദയഭേദകമായിരുന്നു. പെങ്ങളുടെ വീട്ടിൽ താമസിച്ചിരുന്ന ദിവസങ്ങളിൽ ആ വീട്ടിലേക്ക് കയറാനുള്ള ബുദ്ധിമുട്ട് കൊണ്ട് രാത്രി പതിനൊന്നു മണി വരെ പുറത്തെവിടെയെങ്കിലും ആയിരിക്കും. രാവിലെ തന്നെ അവിടെ നിന്ന് ഇറങ്ങുകയും ചെയ്യും. ആ ദിവസങ്ങളിൽ എന്റെ മനസിൽ ഒരു ബോധ്യം ആഴപ്പെടുകയായിരുന്നു. ‘ഇത് വീടില്ലാത്തവന്റെ വേദന മനസിലാക്കാൻ ദൈവം എനിക്ക് തന്ന അവസരമാണ്’ എന്നതായിരുന്നു ആ ബോധ്യം.”

വാടകക്ക് താമസിച്ചപ്പോഴും ആ വേദന അത്രയും ഡെന്നീസ് ഉൾക്കൊണ്ടിരുന്നില്ല. കാരണം, അവർക്ക് വാടകക്ക് വീട് നൽകിയവർ വളരെ നല്ല ഒരു ഫാമിലി ആയിരുന്നു. എന്നാൽ, വാടകവീട് മാറുകയും കൃത്യമായി ഒരു പുതിയ വാടക വീട് ലഭിക്കാതിരിക്കുകയും പെങ്ങളുടെ വീട്ടിൽ പോകേണ്ടിവരികയും ചെയ്ത ഒരു സാഹചര്യം ഡെന്നീസിനെ സംബന്ധിച്ച് വളരെ വേദനാജനകമായിരുന്നു.

വാടക നൽകി താമസിക്കുമ്പോൾ മുതലുണ്ടാകുന്ന മാനസിക സമ്മർദ്ദം, പ്രശ്നങ്ങൾ, പെട്ടെന്ന് ഇറങ്ങിപ്പോകേണ്ടി വരുമോ എന്ന ആശങ്ക… വീടില്ലാത്തവർ അനുഭവിക്കുന്ന ടെൻഷൻ അത് വളരെ വലുതാണ്. ഈ ഒരു സാഹചര്യത്തിൽ നിന്നാണ് ‘ജോ ഭവൻ ‘ (സന്തോഷ ഭവനങ്ങൾ) എന്ന ‘ആദർശത്തോടെ വീട് പണിയുക’ എന്ന ആശയത്തിലേക്ക് കടന്നുവരുന്നത്. 2021 ഡിസംബറിലാണ് ഇപ്രകാരം വീടുകൾ നിർമ്മിച്ചുകൊടുക്കാൻ തുടങ്ങിയത്.

വീടുകൾ നിർമ്മിക്കാനുള്ള സഹായം

ആദ്യത്തെ മൂന്ന് വീട് പണിയാനുള്ള ഫണ്ട് ലഭിച്ചത് എന്‍ ജി ഓ വഴിയാണ്. ജോ ഭവനു വേണ്ടി പ്രത്യേക അക്കൗണ്ട് ഉണ്ട്. ആളുകളിൽ നിന്നുള്ള ധനസഹായത്തിൽ പ്രതീക്ഷ അർപ്പിച്ചാണ് മുന്നോട്ടുള്ള പദ്ധതികൾ ഡെന്നീസ് തയ്യാറാക്കിയിരിക്കുന്നത്. ഈ അക്കൗണ്ടിൽ വരുന്ന പണം വീടുപണിക്കു വേണ്ടി മാത്രമേ എടുക്കുകയുള്ളൂ. അത്യാവശ്യം ഒരു കുടുംബത്തിന് വലിയ ബുദ്ധിമുട്ടുകളില്ലാതെ ജീവിക്കാനുള്ള സൗകര്യങ്ങൾ ഈ 550 സ്കയർ ഫീറ്റ് വീട്ടിൽ ഉണ്ടെന്നതിന് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ തന്നെ ഡെന്നീസിന് പറയാൻ കഴിയും.

വീട് സ്വീകരിക്കുന്ന ആളുകൾ വളരെയേറെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽ ഒരു ഷെഡിൽ മാത്രം കഴിഞ്ഞുകൂടുന്നവരാണ്. അവർക്ക്, അവരുടെ ജീവിതത്തിൽ ഒരു വീട് പണിയാനുള്ള സാഹചര്യം ഉണ്ടാകാനിടയില്ല. കോവിഡിന്റെ സമയത്ത് ഭക്ഷണപ്പൊതികൾ കൊടുത്തുകൊണ്ടിരിക്കുമ്പോള്‍ ആണ് വീടില്ലാത്ത ആളുകളുടെ അവസ്ഥ നേരിട്ടറിഞ്ഞതും ഈ മൂന്ന് വീടുകള്‍, നിര്‍മ്മാണത്തിനായി തിരഞ്ഞെടുത്തതും.

കോവിഡ് സമയത്ത് ഭക്ഷണപ്പൊതി കൊടുക്കാൻ ചെന്ന ഒരു വീട്ടിൽ ഒരു യുവതിയെ കണ്ടു. അവൾ പൂർണ്ണഗർഭിണിയാണ്. ആ യുവതി എന്നോട് ചോദിച്ചു:

“ഞങ്ങൾക്ക് ഒരു കക്കൂസ് പണിതു തരാമോ?”

“കക്കൂസ് ഇല്ലേ?” എന്നു ചോദിച്ചപ്പോൾ, ഞങ്ങൾ അപ്പുറത്തെ വീട്ടിലെ കക്കൂസാണ് ഉപയോഗിക്കുന്നത് എന്നായിരുന്നു മറുപടി.

ഗർഭിണിയായ ഈ യുവതിക്ക് രാത്രിയിൽ എന്തെങ്കിലും ആവശ്യം വന്നാൽ അടുത്ത വീട്ടിൽ പോകാൻ എങ്ങനെ സാധിക്കും? ആ ഒരു സാഹചര്യത്തെക്കുറിച്ചോർത്തപ്പോൾ വളരെയേറെ വിഷമം തോന്നി. ആ സമയത്ത് കൈയ്യിൽ പണമൊന്നും ഇല്ല. എങ്കിലും കക്കൂസ് പണിതുകൊടുക്കുന്ന കാര്യം ഡെന്നീസ് ഉറപ്പിച്ചു. ആ തീരുമാനം അദ്ദേഹം രണ്ടു ദിവസത്തിനുള്ളിൽ നിറവേറ്റുകയും ചെയ്തു. നമ്മൾ ആളുകളിലേക്ക് ഇറങ്ങുകയാണെങ്കിൽ അവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കാം എന്നാണ് ഡെന്നീസ് പറയുന്നത്.

‘നിനക്ക് ചെയ്യാൻ സാധിക്കാവുന്ന നന്മ അത് ലഭിക്കാൻ അവകാശമുള്ളവർക്ക് നിഷേധിക്കരുത്’

‘നിനക്ക് ചെയ്യാൻ സാധിക്കാവുന്ന നന്മ അത് ലഭിക്കാൻ അവകാശമുള്ളവർക്ക് നിഷേധിക്കരുത്’ – സുഭാഷിതങ്ങളിലെ ഈ വാക്കുകളാണ് ഡെന്നീസ് തന്റെ ആദർശവാക്യമായി എടുത്തിരിക്കുന്നത്. ഭവനനിർമ്മാണത്തിനായി ‘ജോ വർക്ക് ഫോർ ജോ ഭവൻ’ എന്നുപറയുന്ന ഒരു ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ് അദ്ദേഹം. ജോ ഭവന്റെ നിർമ്മാണത്തിനായി പുതിയ ആളുകളെ കണ്ടെത്തുക, കൂടുതൽ വീടുകൾ അർഹതപ്പെട്ടവർക്കായി നിർമ്മിച്ചുകൊടുക്കുക ഇതാണ് ഈ കാമ്പയിന്റെ ലക്ഷ്യം.

‘കുടിൽരഹിത ചാലക്കുടി’ എന്ന സ്വപ്നം സാക്ഷാത്‌ക്കരിക്കാൻ കൂട്ടായ പ്രയത്നമാണ് നടന്നുകൊണ്ടിരിക്കുന്നത്. നിരവധി പേർക്ക് ഈ പ്രയത്നത്തിൽ പങ്കാളികളാകാൻ സാധിക്കും. വ്യക്തികൾ, രാഷ്ട്രീയ പാർട്ടികൾ, സംഘടനകൾ ഇവരൊക്കെ ‘കുടിൽരഹിത ചാലക്കുടി’ എന്ന ആശയത്തിലേക്ക് കടന്നുവരാനും ഇടപെടാനും അങ്ങനെ കൂടുതൽ വീടുകൾ പണിതുകൊടുക്കാനും ഡെന്നീസ് ആഗ്രഹിക്കുന്നു. കാരണം, ഒരാളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‍നമാണ് സ്വന്തമായി ഒരു വീട് എന്നുള്ളത്. ഈ ഒരു വലിയ സ്വപ്നം ഒരുതരത്തിലും പൂർത്തീകരിക്കാൻ സാധിക്കാത്ത ആളുകൾക്ക് അത് സാധ്യമാക്കിക്കൊടുക്കുക. അതാണ് ഡെന്നീസ് ചെയ്യുന്നത്.

വാടകവീട്ടിൽ താമസിക്കുന്ന ആളുകൾ വളരെയേറെ വിഷമങ്ങളിലൂടെയും ദുരിതങ്ങളിലൂടെയും കടന്നുപോകുന്നവരാണ്. സ്വന്തമായി ഒരു വീട്, അതെത്ര ചെറുതാണെങ്കില്‍ കൂടി അതില്‍ താമസിക്കുന്നത് ഒരു സംതൃപ്തി നിറഞ്ഞ അനുഭവമാണ്. വാടക വീട്ടില്‍ താമസിക്കുന്നവര്‍ മിക്കവാറും തന്നെ സാമ്പത്തിക ഭദ്രത ഉള്ളവരായിരിക്കുകയില്ലല്ലോ. അവർക്ക് എല്ലാ മാസവും കൃത്യമായി വാടക കൊടുക്കാൻ പറ്റണമെന്നില്ല. അതിനാൽ ‘ജോ ഭവന്റെ’ ഭാഗമായി സ്ഥലം തരാൻ തയ്യാറുള്ളവർ, വീട് വയ്ക്കാൻ സ്ഥലം തന്നാൽ അത് വാടകക്കു താമസിക്കുന്ന ആളുകൾക്ക് വീട് നിർമ്മിച്ചുകൊടുക്കാൻ ഉപകരിക്കും. നമ്മൾ കൃത്യമായിട്ടാണ് ചെയ്യുന്നതെന്ന ബോധ്യമുണ്ടായാൽ ആളുകൾ സഹായം തരും എന്നാണ് ഡെന്നീസ് വിശ്വസിക്കുന്നത്. മൂന്ന് വീടുകളുടെ താക്കോല്‍ ദാനം സെപ്റ്റംബര്‍ ഒന്‍പതിനായിരുന്നു. ഇനിയും വീട് വെയ്ക്കുവാന്‍ യാതൊരു സാഹചര്യവും ഇല്ലാത്ത കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു കൊടുക്കുക എന്ന പദ്ധതിയുമായി മുന്‍പോട്ട് പോകുകയാണ് ഡെന്നീസ്.

ഡെന്നീസിന്റെ പ്രവർത്തനങ്ങളിൽ ഭാര്യ സിജിയുടെ എല്ലാവിധ പിന്തുണയുമുണ്ട്. തൃക്കാക്കര ഭാരതാമതാ കോളേജിലെ ഓഫീസ് സ്റ്റാഫ് ആണ് സിജി. മകൻ എയ്ദൽ ഏഴാം ക്ലാസിൽ പഠിക്കുന്നു. വെറുതെ ഒരു വീട് പണിതുകൊടുക്കുകയല്ല; സ്നേഹത്തിന്റെ വീട് ഒട്ടും കുറവുകൾ അനുഭവപ്പെടാതെ നൽകാനാണ് ഡെന്നീസ് പരിശ്രമിക്കുന്നത്.

‘ജോ ഭവന്‍’ പദ്ധതിയില്‍ ഡെന്നീസിനൊപ്പം പങ്കാളികളാകാന്‍ താത്പര്യപ്പെടുന്നവര്‍ക്കായി: 

YUVAGRAMAM, A/C NO: 0646073000000133
SOUTH INDIAN BANK
KORATTY BRANCH
IFSCODE :SIBL0000646  

മൊബൈൽ: 9745576341

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.