നക്ഷത്രദൗത്യം നിറവേറ്റുന്നവരാകുക: ബിഷപ്പ് സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിലുമായി നടത്തുന്ന സംഭാഷണം

സി. സൗമ്യ DSHJ

“വൈദികനാണെങ്കിലും സന്യാസിനിയാണെങ്കിലും മെത്രാനാണെങ്കിലും അല്‍മായനാണെങ്കിലും, ചെയ്യുന്ന കാര്യങ്ങളൊക്കെ ശുശ്രൂഷയാണ്; നമുക്ക് അഹങ്കരിക്കാൻ ഒന്നുമില്ല. മറ്റുള്ളവരെ യേശുവിലേക്ക് നയിക്കുന്ന നക്ഷത്രങ്ങളാകുക എന്നതാണ് നമ്മുടെ ദൌത്യം.” 13 ജില്ലകളിലായി 750 കിലോമീറ്റർ ചുറ്റളവിൽ വിശാലമായിക്കിടക്കുന്ന ഹൊസൂർ രൂപതയുടെ ആദ്യത്തെ മെത്രാന്‍ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിലുമായി നടത്തുന്ന സംഭാഷണം. ക്രിസ്തുമസ് സ്പെഷ്യൽ! തുടര്‍ന്നു വായിക്കുക.

ക്രിസ്തുമസ് നക്ഷത്രങ്ങൾ തെളിയുന്ന കാലമാണ്. ഇരുളിനെ അകറ്റുന്ന ദിവ്യ നക്ഷത്രമായ യേശു ക്രിസ്തുവിന്റെ ജനനം ആഘോഷിക്കുന്ന നാൾ. വെളിച്ചങ്ങളുടെ നാളുകൾ. ഈ ക്രിസ്തുമസ് ദിനത്തിൽ പ്രായത്തിന്റെ പരിമിതികളെ അവഗണിച്ചു നക്ഷത്രമാകുവാനുള്ള ദൈവനിയോഗത്തിനു മുന്നിൽ വിനയാന്വിതനായിരിക്കുന്ന ഒരു വലിയ ഇടയൻ നമുക്കു മുന്നിൽ ഉണ്ട്. ബിഷപ്പ് സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ!

13 ജില്ലകളിലായി 750 കിലോമീറ്റർ ചുറ്റളവിൽ വിശാലമായിക്കിടക്കുന്ന ഹൊസൂർ രൂപതയുടെ ആദ്യത്തെ മെത്രാനാണ് ബിഷപ്പ് സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ. ദൈവപരിപാലനയിൽ മാത്രം ആശ്രയിച്ച് ദൈവം ഏല്പിച്ച വലിയ ശുശ്രൂഷ നിർവഹിച്ചുകൊണ്ടിരിക്കുന്ന ഇടയൻ. സംസാരത്തിൽ മാത്രമല്ല, പ്രവർത്തിയിലും മറ്റുള്ളവരോടുള്ള ഇടപെടലിലും എല്ലാം നല്ല ഒരു പിതാവിന്റെ വാത്സല്യവും സ്നേഹവും കരുതലും കൈമുതലായ ബിഷപ്പ് സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ തന്റെ രൂപതയെക്കുറിച്ചും ശുശ്രൂഷകളെക്കുറിച്ചും ലൈഫ് ഡേയോട് മനസ് തുറക്കുന്നു.

ഹൊസൂർ ബിഷപ്പ് നൽകുന്ന ക്രിസ്തുമസ് സന്ദേശം

ഈ ക്രിസ്തുമസിൽ ബിഷപ്പ് സെബാസ്റ്റ്യൻ പൊഴേലിപ്പറമ്പിൽ നൽകുന്ന ക്രിസ്തുമസ് സന്ദേശം ഇപ്രകാരമാണ്: ഒരു നക്ഷത്രദൗത്യമാണ് നമുക്കുള്ളത്. മറ്റുള്ളവരെ യേശുവിലേക്ക് നയിക്കുന്ന നക്ഷത്രങ്ങളാകുക. സത്പ്രവർത്തികളാൽ മിന്നിത്തിളങ്ങുമ്പോൾ ആണ് നമ്മെ കാണുവാൻ സാധിക്കുകയുള്ളൂ. അത് കാണുമ്പോൾ മറ്റുള്ളവർ യേശുവിലേക്ക് അടുക്കണം, കണ്ടെത്തണം. അതാണ് നമ്മുടെ നക്ഷത്രദൗത്യം.

ഹൊസൂർ രൂപതയുടെ ആദ്യ ഇടയൻ

2017 നവംബർ 22 -നാണ് ഹൊസൂർ രൂപത സ്ഥാപിതമായത്. രൂപതയുടെ ആദ്യത്തെ ഇടയനാണ് ബിഷപ്പ് സെബാസ്റ്റ്യൻ പൊഴേലിപ്പറമ്പിൽ. ഒരു മിഷൻ രൂപതയുടെ ബാലാരിഷ്ടതകളെ ദൈവത്തെ കൂട്ടുപിടിച്ചുകൊണ്ട് സധൈര്യം ഏറ്റെടുത്ത വ്യക്തിയാണ് ബിഷപ്പ് സെബാസ്റ്റ്യൻ. മാർപാപ്പ പ്രധാനമായും ഈ രൂപതയ്ക്ക് രൂപംകൊടുത്തിട്ടുള്ളത് അഞ്ചു ലത്തീൻ രൂപതകൾ ചേർന്നുള്ള പ്രദേശങ്ങളിലാണ്. ധർമ്മപുരി, വെല്ലൂർ, മദ്രാസ് – മൈലാപ്പൂർ, ചിങ്കൽപ്പെട്ട്, പോണ്ടിച്ചേരി തുടങ്ങിയ രൂപതകളുടെ അതിർത്തികൾ ചേർത്താണ് തമിഴ്നാട്ടിൽ ഹൊസൂർ രൂപതയ്ക്ക് രൂപംകൊടുത്തിട്ടുള്ളത്.13 ജില്ലകളിലായി 750 കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന ഹൊസൂർ രൂപത. 3000 -ഓളം വില്ലേജുകൾ ഉള്ള ഈ രൂപതയിൽ കർത്താവിന്റെ സുവിശേഷം അറിയിക്കുക എന്നതായിരുന്നു സ്ഥാപിത ലക്ഷ്യം.

ഹൊസൂർ രൂപതയിലെ വിശ്വാസികൾക്ക് അജപാലനശുശ്രൂഷ നൽകുന്നതിനായി 29 ഇടവകകൾ ഉണ്ട്. നൂറോളം സിസ്റ്റേഴ്സും നാല്പതോളം വൈദികരും ഈ രൂപതയിൽ ശുശ്രൂഷ ചെയ്യുന്നു. ഹൊസൂർ രൂപതയിൽ ചേർന്ന് വൈദികരായവർ 15 പേരേയുള്ളൂ. ബാക്കിയുള്ളവർ വേറെ രൂപതകളിൽ നിന്നും ഹൊസൂർ മിഷൻ രൂപതയിൽ വന്ന് ശുശ്രൂഷ ചെയ്യുന്നവരാണ്. 23 വൈദികാർഥികൾ സെമിനാരിയിൽ പഠിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഏഴോളം വിവിധ സന്യാസിനീസമൂഹങ്ങളിൽ നിന്നുള്ള സിസ്റ്റേഴ്‌സാണ് ഇവിടെ ശുശ്രൂഷ ചെയ്യുന്നത്. കാൻസർ രോഗികളെ ശുശ്രൂഷിക്കുന്ന ഹൗസുകൾ, മാനസികരോഗികളെ പരിചരിക്കുന്ന സെന്ററുകൾ, ബുദ്ധിവൈകല്യമുള്ള കുട്ടികളെ പരിചരിക്കുന്ന സെന്ററുകൾ എന്നിവയും ഉണ്ട്. സിസ്റ്റേഴ്സ് നടത്തുന്ന നാലോളം സ്‌കൂളുകളും ഹൊസൂർ രൂപതയ്ക്ക് ഒരു സ്കൂളും ഒരു ഓൾഡേജ് ഹോമുമാണ് ഉള്ളത്. 70 -ഓളം പ്രായമായ സ്ത്രീകളാണ് ഈ വൃദ്ധസദനത്തിൽ ഉള്ളത്. അവരെ സഹായിക്കുന്നത് സിസ്റ്റേഴ്സ് ആണ്.

കുടിയേറ്റക്കാരായ സീറോ മലബാർ വിശ്വാസികൾക്കു വേണ്ടിയുള്ള സേവനങ്ങൾ

കേരളത്തിന്റെ വിവിധ രൂപതകളിൽനിന്നും ഇവിടെയെത്തുന്ന കുടിയേറ്റക്കാരായ സീറോമലബാർ വിശ്വാസികൾ ഇവിടെ താമസിക്കുന്നുണ്ട്. അവർ പലയിടങ്ങളിലായി ചിതറി താമസിക്കുന്നവരാണ്. അവരുടെ വിശ്വാസപരവും ധാർമ്മികവുമായ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധയും അജപാലന ശുശ്രൂഷയും നൽകുക എന്നതാണ് ഇവിടുത്തെ അജപാലന ശുശ്രൂഷയുടെ പ്രധാന ലക്ഷ്യം. ഹൊസൂർ രൂപതയുടെ ബിഷപ്പ് ആയിട്ട് ആറുവർഷമേ ആയിട്ടുള്ളുവെങ്കിലും 1997 മുതൽ 2006 വരെ ചെന്നൈയിൽ ചാപ്ലിൻ ആയി ശുശ്രൂഷ ചെയ്ത പരിചയം ബിഷപ്പ് സെബാസ്റ്റ്യനുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന് അവിടുത്തെ വീടുകളും സാഹചര്യങ്ങളും ഒക്കെ നന്നായി അറിയാം.

“മാർപാപ്പ ഈ രൂപതയ്ക്ക് രൂപംകൊടുത്തശേഷം ലത്തീൻ ഇടവകകളിൽ സ്ഥിരമായി പോയികൊണ്ടിരിക്കുന്ന നിരവധിപേർ സീറോ മലബാർ രൂപതയുടെ കീഴിലുള്ള ദൈവാലയങ്ങളിൽ പ്രാർഥനയ്ക്കായി വന്നുതുടങ്ങി. സീറോമലബാർ സഭയിൽപെട്ട ചിലർ ഈ രൂപതയുടെ ശുശ്രൂഷകളിൽ പങ്കെടുക്കാൻ വിമുഖത കാണിക്കുന്നുമുണ്ട് എന്നതും വിസ്മരിക്കാനാകാത്ത യാഥാർഥ്യം തന്നെ. മാർപാപ്പയുടെ നിർദേശപ്രകാരം, അങ്ങനെയുള്ളവരെ നിർബന്ധിക്കുന്നുമില്ല. സൗഹൃദബന്ധമാണ് നാം പുലർത്തിക്കൊണ്ടുപോരുന്നത്. യഥാർത്ഥത്തിൽ സീറോമലബാർ സഭയിൽപെട്ട എത്ര കുടുംബങ്ങളുണ്ട് എന്ന് ഉത്തരം പറയാൻ കഴിയില്ല. ഹൊസൂർ രൂപതയിൽ 29 ഇടവകകളിലായി 3000 ത്തോളം കുടുംബങ്ങൾ ഉണ്ട്” – ബിഷപ്പ് സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ പറയുന്നു.

സെമിനാരിയിൽ ചേരുന്നതിന് മുൻപേ ‘അച്ചൻ’

ഇരിങ്ങാലക്കുടയിലുള്ള ഡോൺബോസ്കോ സ്കൂളിൽ ആണ് ബിഷപ്പ് സെബാസ്റ്റ്യൻ പഠിച്ചത്. സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് തന്നെ എല്ലാവരും അദ്ദേഹത്തെ ‘അച്ചൻ’ എന്നാണ് വിളിച്ചിരുന്നത്. വീട്ടിൽ നല്ലൊരു പ്രാർഥനയുടെ അന്തരീക്ഷം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കൾ മക്കളെ വളർത്തിക്കൊണ്ടുവന്നതും നല്ല ആധ്യാത്മിക കെട്ടുറപ്പിൽ തന്നെയായിരുന്നു. ബിഷപ്പ് സെബാസ്റ്റ്യന്റെ അമ്മ കുറച്ചുനാൾ ബോർഡിങ്ങിൽ നിന്നിട്ടുണ്ട്. അതിനാൽ തന്നെ അച്ചടക്കവും, കൃത്യനിഷ്‌ഠയും പ്രാർഥനയുടെ പ്രാധാന്യവുമൊക്കെ വീട്ടിൽ നിന്ന് തന്നെ മക്കളെ പരിശീലിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. “വീട്ടിൽ കാര്യങ്ങൾക്കൊക്കെ കൃത്യമായ ടൈംടേബിൾ ഉണ്ട്. സെമിനാരിയിൽ ചേർന്നപ്പോൾ പ്രാർഥനാകാര്യങ്ങളിൽ ഒക്കെയായി അവിടെ ഉണ്ടായിരുന്ന ടൈം ടേബിൾ കണ്ടപ്പോൾ എനിക്ക് കുറച്ച് ആശ്വാസമാണ് തോന്നിയത്. വീട്ടിൽ ഭയങ്കര അച്ചടക്കം ആയിരുന്നു” – ബിഷപ്പ് ചിരിയോടെ കൂട്ടിച്ചേർത്തു.

ആഴമായ വിശ്വാസ ജീവിതവും അച്ചടക്കത്തോടെയുള്ള പരിശീലനവും വഴി ഏഴു മക്കളുള്ള ആ കുടുംബത്തിൽ നിന്നും രണ്ടുപേരെ ദൈവവിളി സ്വീകരിക്കുവാൻ പ്രാപ്തരാക്കി. ബിഷപ്പ് സെബാസ്റ്റ്യന്റെ സഹോദരി ഒരാൾ സി.എം.സി സന്യാസ സമൂഹത്തിലെ സന്യാസിനിയായ സി. ജയ്‌റോസ് ഇപ്പോൾ ചെങ്ങൽ കോൺവെന്റിലെ മദറാണ്. ആദ്യം സെമിനാരിയിൽ ചേർന്നത് തൃശ്ശൂർ രൂപതയ്ക്ക് വേണ്ടിയായിരുന്നു. അതിനുശേഷമാണ് ഇരിങ്ങാലക്കുട രൂപതയായി തിരിഞ്ഞത്. പിന്നീട് ഇരിങ്ങാലക്കുട രൂപതാംഗമായി.

“എന്റെ വല്യച്ചാച്ചൻ (GRAND FATHER) ഒരു നിരീശ്വര ചിന്താഗതിയുള്ള ആളായിരുന്നു. പ്രൊഫസർ മുണ്ടശ്ശേരിയുടെ കൂടെയൊക്കെ പ്രസംഗിക്കാൻ പോകുമായിരുന്നു അദ്ദേഹം. പിന്നീട് അദ്ദേഹം മാനസാന്തരപ്പെട്ട് മറ്റുള്ളവരെക്കൂടി വിശുദ്ധ കുർബാനക്ക് കൂട്ടിക്കൊണ്ട് പോകുന്ന ഒരാളായി മാറി. മുൻപ് എന്റെ ഗ്രാൻഡ് ഫാദറിനെ അറിയുന്ന ആളുകളൊക്കെ അദ്ദേഹത്തിന്റെ മകന്റെ മകൻ ഒരു അച്ചനായെന്നും ഒരു ബിഷപ്പ് ആയെന്നും കേട്ടപ്പോൾ വളരെ ആശ്ചര്യത്തോടെയാണ് നോക്കിയിരുന്നത്” – ബിഷപ്പ് വെളിപ്പെടുത്തുന്നു.

1972-1973 കാലഘട്ടത്തിൽ ആണ് സെബാസ്റ്റ്യൻ സെമിനാരിയിൽ ചേരുന്നത്. 1982 -ൽ തിരുപ്പട്ട സ്വീകരണം നടന്നു. വൈദികനായശേഷം റോമിൽ രണ്ടു വർഷം എക്കുമെനിസം പഠിച്ചു. പിന്നീട് ആളൂർ പള്ളിയിൽ കൊച്ചച്ചൻ, മൈനർ സെമിനാരിയിലെ വൈസ് റെക്ടർ, മൈനർ സെമിനാരി റെക്ടർ എന്നീ ശുശ്രൂഷകൾ ചെയ്തു. പിന്നീട്, ഇരിങ്ങാലക്കുട രൂപതയിൽ അഞ്ചാറു പള്ളികളിൽ വികാരിയായി സേവനം ചെയ്തു. അതിനുശേഷം രൂപതയിലെ ഫിനാൻസ് ഓഫീസർ ആയി. തുടർന്ന് വികാരി ജനറലായി. അതിനിടയിൽ ഒമ്പത് കൊല്ലത്തോളം ചെന്നൈയിൽ ചാപ്ലിനായി. തുടർന്നു 2017 -ൽ ഹൊസൂർ രൂപതാ ബിഷപ്പായി നിയമിതനായത്.

സ്റ്റാറ്റസ് വീഡിയോകൾ സ്വയം തയ്യാറാക്കി സുവിശേഷ പ്രഘോഷണം

സുവിശേഷ പ്രഘോഷണത്തിനു നവമാധ്യമങ്ങളുടെ എല്ലാ സാധ്യതകളും നൂതന ആശയങ്ങളും സ്വീകരിക്കുന്ന വ്യക്തിയാണ് ബിഷപ്പ് സെബാസ്റ്റ്യൻ പൊഴോലിപറമ്പിൽ. മൂവായിരത്തിലധികം സ്റ്റാറ്റസ് വീഡിയോകൾ സ്വയം തയ്യാറാക്കിയ അനുഭവ സമ്പത്തുണ്ട് ഈ ബിഷപ്പിന്. “സോഷ്യൽ മീഡിയ കൈകാര്യം ചെയ്ത് വലിയ പരിചയസമ്പത്തതൊന്നും ഉള്ള വ്യക്തിയല്ല ഞാൻ. എന്നാൽ, കോവിഡ് വന്ന സമയത്ത് എല്ലാവരും നിരവധി വീഡിയോകൾ ചെയ്യുന്നത് ഞാന്‍ ശ്രദ്ധിച്ചു. ലൈക്കും ഷെയറും കൂട്ടാനും, വൈറലാകാനും എന്തും വിളിച്ചുപറയുന്ന തരത്തിലേക്ക് ഈ പ്ലാറ്റ് ഫോം മാറി. മീഡിയയിൽ കൂടി ‘ദൈവമില്ല എന്ന് പറയുന്നതും അച്ചന്മാരെല്ലാം പള്ളി പൂട്ടിപ്പോയി’ എന്നു പറയുന്നവരെയും കണ്ടു. എന്നാല്‍, ഇതിനോടൊന്നും ആരും പ്രതികരിക്കുന്നത് കണ്ടില്ല. മനസ് ആകെ അസ്വസ്ഥമായി. അതിനുള്ള പ്രതിവിധിയായി മീഡിയ വഴി തന്നെ പ്രതികരിക്കാൻ തീരുമാനിച്ചു. എന്റെ കൂടെയുള്ള ആളോട് പറഞ്ഞു. ‘ചെറിയൊരു വീഡിയോ ഷൂട്ട് ചെയ്യണം.’ ആ വീഡിയോയിൽ “കോവിഡ് വന്ന കാലത്ത് ഞങ്ങളൊക്കെ പള്ളിയിൽ മുട്ടുകുത്തി പ്രാർത്ഥിക്കുകയാണ്. ഈ സമയത്ത് ആളുകളൊക്കെ അസ്വസ്ഥമായിരിക്കുമ്പോൾ മീഡിയ, യുക്തിവാദി പ്രസ്ഥാനത്തെ സപ്പോർട്ട് ചെയ്യുന്നത് ശരിയല്ല. സോപ്പിട്ട് കൈകഴുകിയാൽ ചത്തുപോകുന്ന അണുക്കളെ പേടിച്ച്, സൂര്യചന്ദ്രാദികളെ കയ്യിലിട്ട് അമ്മാനമാടുന്ന ശാസ്ത്രലോകമാണ് വാതിലടച്ച് മുറിയിൽ കയറിയിരിക്കുന്നത്’ എന്ന് ആ വീഡിയോയിൽ ഞാന്‍ പറഞ്ഞു. അത് കേട്ടപ്പോൾ യുക്തിവാദി പ്രസ്ഥാനവുമായി ബന്ധപ്പെട്ട ചിലർക്കൊക്കെ അത് അത്ര പിടിച്ചില്ല. എന്റെ ഒരു വീഡിയോയിലൂടെയുള്ള ഈ വാക്കുകൾക്ക് ഇത്ര ഇംപാക്ട് ഉണ്ടെന്നറിയില്ലായിരുന്നു. ഈ വീഡിയോ എടുത്തിട്ടിട്ട് കുറെയേറെ പേരാണ് അതിനെതിരെ പ്രതികരിച്ചത്. അതിന് എത്ര ഇമ്പാക്ട് ഉണ്ടെന്ന് അന്ന് അറിയില്ലായിരുന്നു” – ബിഷപ്പ് പറയുന്നു.

ഒരു മിനിറ്റ് നേരത്തേ വീഡിയോയ്ക്ക് ഇത്രയും പവർ ഉണ്ടെങ്കിൽ എന്തുകൊണ്ട് സഭയുടെ പഠനങ്ങൾ മാധ്യമങ്ങൾ വഴി നൽകിക്കൂടാ എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ആ വീഡിയോയ്ക്ക് ലഭിച്ച പ്രതികരണം. അങ്ങനെ എല്ലാദിവസവും ഒരു മിനിറ്റ് വീഡിയോ ചെയ്യുക എന്ന തീരുമാനത്തിലേക്ക് അദ്ദേഹം എത്തി. അന്നുമുതൽ ഇന്നുവരെ ഒറ്റ ദിവസം വിടാതെ അര മിനിറ്റ് അല്ലെങ്കിൽ ഒരു മിനിറ്റ് വീഡിയോ എഡിറ്റ് ചെയ്ത് രൂപതയിൽ എല്ലാവർക്കും അയയ്ക്കും. കുറെ പേർ കാണും; കുറെ പേർ കാണില്ല. അതിനായി കുറച്ച് സമയം എടുക്കുമെങ്കിലും സഭയുടെ പഠനങ്ങൾ നൽകുവാൻ നല്ലൊരു മാധ്യമമാണ് ഇതെന്ന് ബിഷപ്പിന് ബോധ്യപ്പെട്ടു. ഇപ്പോൾ മൂവായിരത്തിലധികം വീഡിയോകൾ ഇപ്രകാരം ചെയ്തിട്ടുണ്ട്. ഈ സംരംഭത്തിനുള്ള പ്രേരണ നൽകിയത് യഥാർത്ഥത്തിൽ നെഗറ്റീവ് കമെന്റുകൾ ആണ്. കത്തോലിക്കാ സഭയെയും വിശ്വാസത്തെയും തളർത്താൻ നോക്കുന്നവയ്ക്ക് പ്രതിരോധവലയം തീർക്കുകയാണ് യഥാർഥത്തിൽ ഈ വീഡിയോകകളുടെ ലക്ഷ്യം.

“പലപ്പോഴും പച്ചക്കള്ളം പരമ സത്യം പോലെ മാധ്യമങ്ങളിലൂടെ അവതരിപ്പിക്കുന്നു. അതിനാൽ പരമസത്യത്തെ എന്തുകൊണ്ട് മടി കൂടാതെ പ്രഘോഷിച്ചു കൂടാ? മറ്റെല്ലാ കാര്യങ്ങൾക്കും വേണ്ടത്ര സംവിധാനങ്ങൾ ഉണ്ട്. എന്നാൽ, സോഷ്യൽ മീഡിയ വഴിയുള്ള സത്യത്തിന്റെയും നന്മയുടെയും പ്രചാരകരാകാൻ നമുക്ക് പലപ്പോഴും സാധിക്കാതെ വരുന്നു” – പിതാവ് ഓർമ്മപ്പെടുത്തുന്നു.

മൈലാപ്പൂർ ദൈവാലയ നിർമ്മാണം

ഹൊസൂർ രൂപതയിൽപ്പെട്ട മൈലാപ്പൂർ സീറോമലബാർ വിശ്വാസികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട സ്ഥലമാണ്. വി. തോമ്മാശ്ലീഹായുടെ കബറിടം സ്ഥിതിചെയ്യുന്ന മൈലാപ്പൂരിൽ വളരെയധികം തീർഥാടകർ സന്ദർശനം നടത്തുന്ന സ്ഥലമാണ്. തീർഥാടകർക്ക് ഒരു ദിവസം താമസിക്കാനുള്ള സൗകര്യവും അവിടെ തന്നെ വിശുദ്ധ കുർബാന അർപ്പിക്കാനായി ഒരു ദൈവാലയവും നിർമ്മിക്കാനായി എല്ലാ ബിഷപ്പുമാരുടെയും ആഹ്വാനം അനുസരിച്ചാണ് മൈലാപൂരിൽ ഒരു ദൈവാലയം നിർമ്മിക്കുക എന്ന വലിയ ദൗത്യം ബിഷപ്പ് സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ ഏറ്റെടുത്തിരിക്കുന്നത്. സീറോമലബാർ സഭയിലെ പ്രധാനപ്പെട്ട 50 പള്ളികളിൽ ബിഷപ്പ് നേരിട്ട് ചെന്ന് ദൈവാലയ നിർമ്മാണവുമായി ബന്ധപ്പെട്ട സഹായം അഭ്യർഥിക്കുന്നുണ്ട്. ആ ഒരു ദൗത്യം തുടർന്നുകൊണ്ടിരിക്കുകയാണിപ്പോൾ. ദൈവാലയ നിർമ്മാണ സഹായത്തിനായി കടന്നുചെന്ന എല്ലാ ഇടവകകളും സഹായിക്കുന്നുണ്ട്. ദൈവാലയത്തിന്റെയും അനുബദ്ധ സ്ഥാപനങ്ങളുടെയും നിർമ്മാണത്തിനായി 20 സെന്റ് സ്ഥലത്തിനായി 25 കോടി രൂപയാണ് കണ്ടെത്തേണ്ടത്. അത് വലിയൊരു ദൗത്യമാണ്.

തോമ്മാശ്ലീഹായുടെ കബറിടം സ്ഥിതിചെയ്യുന്ന ഈ സ്ഥലത്തെ മണ്ണ് കൊണ്ടുവന്നു പൂജ്യമായി സൂക്ഷിക്കുന്നവരും പ്രാർത്ഥിക്കുന്നവരുമാണ് നമ്മള്‍. എങ്കിലും ഇത്രയും വർഷമായി അവിടെ ഒരു പള്ളിയോ, കപ്പേളയോ, ഒരു കുരിശടിപോലും ഉണ്ടാക്കാൻ നമുക്ക് സാധിച്ചിട്ടില്ല. അതിന് നമ്മൾ ശ്രമിച്ചിട്ടുമില്ല. അതൊരു പോരായ്മ തന്നെയായാണ് ബിഷപ്പ് കാണുന്നത്. ഈ അവസരത്തിൽ മൈലാപ്പൂരിൽ ഒരു ദൈവാലയ നിർമ്മാണത്തിന് തുടക്കം കുറിക്കുന്ന പദ്ധതികളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ എല്ലാവരും സഹകരിക്കണമെന്നാണ് ബിഷപ്പ് ആഗ്രഹിക്കുന്നതും അഭ്യർഥിക്കുന്നതും.

“വൈദികനാണെങ്കിലും സിസ്റ്റർ ആണെങ്കിലും മെത്രാനാണെങ്കിലും അവർ ചെയ്യുന്ന കാര്യങ്ങളൊക്കെ ശുശ്രൂഷയാണ്. നമുക്ക് അഹങ്കരിക്കാൻ ഒന്നുമില്ല. പാദങ്ങൾ കഴുകുന്ന യേശുവിന്റെ ശുശ്രൂഷയാണ് ചെയ്യുന്നത്. അത്മായർക്കും എല്ലാവർക്കും മാമ്മോദീസയിലൂടെ ലഭിച്ചിരിക്കുന്ന പൊതു പൗരോഹിത്യത്തിനാണ് പ്രാധാന്യം. അവർക്ക് ശുശ്രൂഷ ചെയ്യാനാണ് നമ്മെ വിളിച്ചിരിക്കുന്നത്” – ബിഷപ്പ് പറഞ്ഞു നിർത്തി.

എളിമയുടെയും വിനയത്തിന്റെ വലിയ ഒരു മാതൃകയാണ് ഇന്ന് ഈ വലിയ ഇടയൻ നമുക്കു മുന്നിൽ കാണിച്ചു തരുന്നത്. പുതിയ ഉത്തരവാദിത്വങ്ങളും ദൗത്യങ്ങളുമായി മുന്നേറുന്ന ബിഷപ്പ് സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിലിന് ലൈഫ് ഡേയുടെ ക്രിസ്തുമസ് – പുതുവത്സര ആശംസകൾ!

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.