സഹനത്തിന്റെ മിഷനറി: ഫാ. ജോബിന്‍ കുളത്തുങ്കലിന്റെ ജീവിതരേഖ

“ദൈവം തന്നു, ദൈവം എടുത്തു, ദൈവത്തിന്റെ നാമം മഹത്വപ്പെടട്ടെ!” (ജോബ് 1:21). സഹനങ്ങളുടെ തീച്ചൂളയില്‍ കത്തിയെരിയുമ്പോഴും ഫാ. അഗസ്റ്റിന്‍ കുളത്തുങ്കല്‍ എംസിബിഎസ് എന്ന ജോബിനച്ചന്റെ ചുണ്ടുകള്‍ മന്ത്രിച്ചത് ഈ വചനമായിരുന്നു. വിശുദ്ധമായ ഒരു പുഞ്ചിരി കൊണ്ട് വേദനകളെ അതിജീവിച്ച ആ പൗരോഹിത്യജീവിതം, കുന്തുരുക്കം പോലെ സ്വയം കത്തിയെരിഞ്ഞ് അനേകര്‍ക്ക് സൗരഭ്യം പകര്‍ന്നു. വെറും 38 വര്‍ഷങ്ങള്‍ മാത്രം നീണ്ട ആ ആയുസ്സ്, കാലദൈര്‍ഘ്യം കൊണ്ടല്ല, മറിച്ച് ദൈവഹിതത്തിന് കീഴ്‌പ്പെട്ടുകൊണ്ടുള്ള ആത്മസമര്‍പ്പണം കൊണ്ടാണ് ധന്യമായത്. ഒന്‍പത് വര്‍ഷത്തോളം നീണ്ട രോഗപീഡകളുടെ കനല്‍വഴികളിലൂടെ നടന്നപ്പോഴും, താന്‍ സ്‌നേഹിച്ച ദിവ്യകാരുണ്യനാഥന്റെ കൈപിടിച്ച്, പ്രത്യാശയുടെ വെളിച്ചം കെടാതെ അദ്ദേഹം തന്റെ യാത്ര തുടര്‍ന്നു. ഒടുവില്‍, 2026 മെയ് ഒന്‍പതാം തീയതിയിലെ പുലരിയുടെ ശാന്തതയില്‍, തന്റെ സ്വര്‍ഗീയപിതാവിന്റെ സന്നിധിയിലേക്ക് അദ്ദേഹം വിളിക്കപ്പെട്ടു.

ബാല്യവും ദൈവവിളിയും

1987 നവംബര്‍ ഏഴിന് കോതമംഗലം രൂപതയിലെ കുണിഞ്ഞി, ഇടവകയില്‍ കെ.എ. ചാക്കോയുടെയും ലിസി ചാക്കോയുടെയും മകനായി ജനിച്ച ജോബിന്‍, മാതാപിതാക്കളുടെ വിശ്വാസദാര്‍ഢ്യവും ഗ്രാമീണതയുടെ നന്മയും ആവോളം സ്വീകരിച്ചാണ് വളര്‍ന്നത്.

റോബിന്‍ ചാക്കോ എന്ന ഏകസഹോദരനാണ് അച്ചനുള്ളത്.

ഏഴാം ക്ലാസ് വരെ കുണിഞ്ഞി സ്‌കൂളില്‍ പഠിച്ചു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം രാമപുരം സ്‌കൂളിലായിരുന്നു. നന്നായി പഠിക്കുന്ന വിദ്യാര്‍ഥി, എല്ലാവരുടെയും കൂട്ടുകാരന്‍, വീട്ടില്‍ താന്‍ ചെയ്യേണ്ട ജോലികളെല്ലാം കൃത്യതയോടെ ചെയ്യുന്നയാള്‍ എന്നീ വിശേഷണങ്ങള്‍ ബാല്യത്തിലേ അദ്ദേഹത്തിനുണ്ടായിരുന്നു.

സമര്‍പ്പണത്തിന്റെ വഴികള്‍

ദിവ്യകാരുണ്യ മിഷനറി സന്ന്യാസ സമൂഹത്തിലെ ഒരു പുരോഹിതനാകണമെന്ന ആഗ്രഹത്തോടെ ജോബിന്‍ 2003 ജൂണ്‍ ഏഴിന് അതിരമ്പുഴ ലിസ്യൂ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. മൂന്ന് വര്‍ഷത്തെ മൈനര്‍ സെമിനാരി പരിശീലനത്തിനു ശേഷം കാഞ്ഞിരപ്പള്ളി നൊവിഷ്യേറ്റ് ഹൗസില്‍ റവ. ഫാ. കുര്യാക്കോസ് മൂഞ്ഞേലിയുടെ ആത്മീയശിക്ഷണത്തില്‍ നവസന്ന്യാസ പരിശീലനം പൂര്‍ത്തിയാക്കിയ അദ്ദേഹം, 2007 മെയ് 27 ന് തന്റെ ആദ്യവ്രത വാഗ്ദാനം നടത്തി. തുടര്‍ന്ന്, ബാംഗ്ലൂര്‍ ജീവാലയയില്‍ ഫിലോസഫിയും, ആലുവ മംഗലപ്പുഴ സെമിനാരിയില്‍ തിയോളജിയും പഠിച്ച് ആത്മീയമായി കൂടുതല്‍ കരുത്താര്‍ജിച്ചു. ഏറെ പ്രാര്‍ഥിക്കുന്ന, എല്ലാവരോടും സൗഹൃദം കാത്തുസൂക്ഷിക്കുന്ന, തീക്ഷ്ണതയുള്ള ഒരു സെമിനാരിക്കാരനായിരുന്നു അദ്ദേഹം. 2012 മെയ് ഏഴിന് നിത്യവ്രത വാഗ്ദാനത്തിലൂടെ തന്നെത്തന്നെ പൂര്‍ണ്ണമായും ഈശോയ്ക്കായി സമര്‍പ്പിച്ച അദ്ദേഹം, 2014 ഡിസംബര്‍ 30 ന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയില്‍ വച്ച് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവില്‍ നിന്നും തിരുപ്പട്ടം സ്വീകരിച്ചു. കുളത്തുങ്കല്‍ കുടുംബത്തിനും ദിവ്യകാരുണ്യ മിഷനറി സഭയ്ക്കും വലിയ അനുഗ്രഹത്തിന്റെ നിമിഷമായിരുന്നു അത്.

ശുശ്രൂഷാജീവിതത്തിലെ കര്‍മ്മപഥങ്ങള്‍

തിരുപ്പട്ടം സ്വീകരിച്ച ജോബിന്‍ അച്ചന്റെ ആദ്യനിയമനം കടുവാക്കുളത്ത് എംസിബിഎസ് എമ്മാവൂസ് പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ പ്രൊവിന്‍ഷ്യല്‍ സെക്രട്ടറി ആയിട്ടായിരുന്നു. കൃത്യനിഷ്ഠയും സഭാസ്‌നേഹവും കാര്യക്ഷമതയും ജീവിതത്തില്‍ ഉണ്ടായിരുന്ന അച്ചന്‍ ആ ജോലി വളരെ ഭംഗിയായി നിര്‍വഹിച്ചു. സഭാംഗങ്ങള്‍ എല്ലാവരുടെയും അഭിനന്ദനങ്ങളും ആദരവും തന്റെ പ്രവര്‍ത്തനങ്ങളിലൂടെ അച്ചന്‍ നേടിയെടുത്ത കാലമായിരുന്നു അത്.

രോഗവും സഹനവും

വളരെ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി രോഗം അച്ചനെ തേടിയെത്തുന്നത്. 2017 നവംബറില്‍ ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിക്കപ്പെട്ടപ്പോള്‍, ‘എവേക്ക് ക്രീനിയോട്ടമി’ എന്ന അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയയ്ക്ക് അദ്ദേഹം വിധേയനായി. കേഴ്‌വിയും കാഴ്ചയും സംസാരശേഷിയും നഷ്ടപ്പെട്ടേക്കാമെന്ന വൈദ്യശാസ്ത്രത്തിന്റെ മുന്നറിയിപ്പുകളെ തന്റെ അചഞ്ചലമായ വിശ്വാസം കൊണ്ട് അച്ചന്‍ അതിജീവിച്ചു. കര്‍ത്താവിന്റെ കുരിശില്‍ തന്റെ വേദനകളെ ചേര്‍ത്തുവച്ചുകൊണ്ടാണ് അദ്ദേഹം പുഞ്ചിരിയോടെ ആ കഠിനകാലത്തെ നേരിട്ടത്. കീമോ തെറാപ്പിയും റേഡിയേഷനും നല്‍കിയ തളര്‍ച്ചയിലും ക്രിസ്തുവിന്റെ സാന്നിധ്യം അദ്ദേഹത്തെ മുന്നോട്ടുനയിച്ചു. പിന്നീട് മൂന്ന് സര്‍ജറികള്‍ കൂടി അച്ചന് വേണ്ടിവന്നു. 2019 വരെ ചികിത്സയുടെ ഭാഗമായി അച്ചന്‍ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ത്തന്നെ തുടര്‍ന്നു.

ശുശ്രൂഷാജീവിതത്തിലെ കര്‍മ്മപഥങ്ങള്‍ (2019-21)

രോഗത്തിന്റെ കാഠിന്യം അല്‍പമൊന്ന് കുറഞ്ഞപ്പോള്‍ അദ്ദേഹം പഠനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. 2019 സെപ്റ്റംബര്‍ മുതല്‍ ചങ്ങനാശേരിയിലുള്ള പൊന്തിഫിക്കല്‍ ജോണ്‍ പോള്‍ II ഇന്‍സ്റ്റിറ്റ്യൂട്ട് – കാനാ – യില്‍ ‘മാര്യേജ് ആന്‍ഡ് ഫാമിലി’ എന്ന വിഷയത്തില്‍ അദ്ദേഹം പഠനം ആരംഭിച്ചു. ബ്രെയിന്‍ ട്യൂമര്‍ ആയതിനാല്‍ പഠിക്കാനുള്ള കഴിവ് നഷ്ടപ്പെടുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതാണ്. എന്നാല്‍, അച്ചന്‍ അതിനെയും അതിജീവിച്ച് പഠനം പൂര്‍ത്തിയാക്കി. അസാധ്യമെന്നു തോന്നുന്ന, വൈദ്യശാസ്ത്രത്തെ വരെ തോല്‍പ്പിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ ദൈവത്തിന് സാധ്യമാകുമെന്ന് ലോകത്തിന് കാട്ടിക്കൊടുക്കാന്‍ ദൈവം നിയോഗിച്ച ഒരു വ്യക്തിയായിരുന്നു ജോബിനച്ചന്‍. പഠനം പൂര്‍ത്തിയാക്കിയ ശേഷവും, കൗണ്‍സിലിംഗ് ശുശ്രൂഷ തുടരാനായി അദ്ദേഹം അവിടെത്തന്നെ തുടര്‍ന്നു. അച്ചന്റെ അഗാധമായ സമര്‍പ്പണബോധത്തെക്കുറിച്ചും ശാന്തമായ സ്വഭാവത്തെക്കുറിച്ചും ആത്മാക്കളുടെ രക്ഷയ്ക്കായുള്ള തീക്ഷ്ണമായ ആഗ്രഹത്തെക്കുറിച്ചും സഹപാഠികളും അദ്ദേഹത്തെ പഠിപ്പിച്ച അധ്യാപകരും പറയുമായിരുന്നു.

സംപ്രീതി ഭവനത്തില്‍ (2021-22)

കോവിഡ് മഹാമാരിയുടെ കാലത്ത് ഒന്നര വര്‍ഷക്കാലം കുടമാളൂരുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ കേന്ദ്രമായ ‘സംപ്രീതി ഭവന’ത്തിലായിരുന്നു അച്ചന്റെ ശുശ്രൂഷാജീവിതം. രോഗവ്യാപനം മൂലം നാലര മാസത്തോളം ജീവനക്കാര്‍ക്ക് എത്താന്‍ കഴിയാതിരുന്ന പ്രതിസന്ധിഘട്ടത്തില്‍, അവിടത്തെ കുട്ടികളുടെ എല്ലാ ആവശ്യങ്ങളിലും ഒരു തണലായി അച്ചന്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ജോബിനച്ചന്റെ കര്‍മ്മനിരതയും സേവനസന്നദ്ധതയും അതിന്റെ പൂര്‍ണ്ണതയില്‍ ദര്‍ശിക്കാനായ നാളുകളായിരുന്നു അത്. ശാരീരികമായ അധ്വാനത്തിടയിലും അവിടെ വച്ചും കൗണ്‍സിലിംഗിനായി അദ്ദേഹം സമയം കണ്ടെത്തിയിരുന്നു; അച്ചന്റെ സാന്ത്വനവാക്കുകള്‍ തേടി അക്കാലത്തും അനേകര്‍ സംപ്രീതി ഭവനത്തില്‍ എത്തുമായിരുന്നു.

പി.ഡി.എം. മൊണാസ്ട്രിയില്‍ (2022-23)

2022 ജൂണ്‍ മുതല്‍ 2023 ഏപ്രില്‍ വരെയുള്ള കാലയളവില്‍ പി.ഡി.എം. (Preachers of Divine Mercy) സമര്‍പ്പിത സമൂഹത്തോടൊപ്പമായിരുന്നു അച്ചന്റെ ശുശ്രൂഷ. അവരുടെ കുര്യനാട് റിട്രീറ്റ് സെന്ററിന്റെ പ്രാരംഭഘട്ടത്തില്‍ അവിടെയെത്തിയ അദ്ദേഹം, ആ മൊണാസ്ട്രിയിലെ ഒരു അംഗത്തെപ്പോലെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കുചേര്‍ന്നു. ഏത് സമയത്തും ആര്‍ക്കും സമീപിക്കാവുന്ന ഒരു വലിയ ഹൃദയത്തിനുടമയായിരുന്നു അദ്ദേഹം. ഭൗതികമായ അധ്വാനത്തോടൊപ്പം തന്നെ, അവിടത്തെ സഹോദരങ്ങള്‍ക്ക് ആത്മീയമായ കരുത്ത് പകരാനും അച്ചന്‍ ശ്രദ്ധിച്ചു. തുടര്‍ന്ന് ആറ് മാസക്കാലം വടവാതൂര്‍ സെമിനാരിയില്‍ പഠിച്ചുകൊണ്ടിരുന്ന പി.ഡി.എം. സഹോദരങ്ങളുടെ ചുമതലക്കാരനായി (In-charge) അദ്ദേഹം സേവനമനുഷ്ഠിച്ചു. അവരുടെ ആത്മീയവഴികാട്ടിയായിരുന്ന അച്ചന്‍, തന്റെ സംസാരത്തിലുടനീളം പൗരോഹിത്യത്തിന്റെ മഹിമയെക്കുറിച്ചും വൈദികര്‍ കാത്തുസൂക്ഷിക്കേണ്ട വിശുദ്ധിയെക്കുറിച്ചും സദാ ഓര്‍മ്മിപ്പിക്കുമായിരുന്നു. ആത്മീയപിതാവ് എന്ന നിലയില്‍ അവരുടെ പ്രചോദനമായിരുന്നു അച്ചന്‍.

നോവിസ് മാസ്റ്റര്‍ (2023-24)

2023 ല്‍ കാഞ്ഞിരപ്പള്ളി എംസിബിഎസ് നോവിഷ്യേറ്റ് ഹൗസില്‍ നോവിസ് മാസ്റ്ററായി ജോബി നച്ചന്‍ നിയമിതനായി. ചെറിയ പ്രായത്തില്‍ തന്നെ നവ സന്ന്യാസികളുടെ ഗുരുവായിരിക്കാനുള്ള ആത്മീയതയും പക്വതയും അദ്ദേഹത്തിനുണ്ടായിരുന്നു. അത്യുത്സാഹത്തോടെയും തീക്ഷ്ണതയോടെയുമാണ് അദ്ദേഹം നവ സന്ന്യാസികളെ ആത്മീയവഴിയില്‍ നയിച്ചത്. എംസിബിഎസ് സന്ന്യാസ സമൂഹത്തിന്റെ തനിമയും ആത്മീയതയും അതിന്റെ പൂര്‍ണ്ണതയില്‍ അവര്‍ക്ക് പകര്‍ന്നുനല്‍കാന്‍ അച്ചന് സാധിച്ചു. വാക്കുകള്‍ക്കൊപ്പം സ്വന്തം ജീവിതം കൊണ്ടും മാതൃക കാട്ടിയ ശ്രേഷ്ഠനായൊരു ഗുരുനാഥനായിരുന്നു അദ്ദേഹം.

വീണ്ടും പ്രൊവിന്‍ഷ്യല്‍ ഹൗസില്‍

എന്നാല്‍, ഒരു വര്‍ഷത്തിനു ശേഷം രോഗം വീണ്ടും അതിന്റെ കാഠിന്യത്തില്‍ അദ്ദേഹത്തെ തേടിയെത്തിയപ്പോള്‍ 2024 ല്‍ തുടര്‍ചികിത്സയ്ക്കായി അദ്ദേഹം കോട്ടയം പ്രൊവിന്‍ഷ്യല്‍ ഹൗസിലേക്ക് മടങ്ങിയെത്തി. തീവ്രവേദനകള്‍ക്കിടയിലും തികഞ്ഞ പ്രസന്നതയോടെയാണ് അച്ചന്‍ ആ നാളുകളെ നേരിട്ടത്; കഷ്ടപ്പാടുകള്‍ക്കു മുന്നില്‍ തളരാതെ പുഞ്ചിരിയോടെ അദ്ദേഹം തന്റെ സഹനങ്ങളെ സ്വീകരിച്ചു. 2024 മുതല്‍ അദ്ദേഹം തുടര്‍ച്ചയായ ചികിത്സയിലായിരുന്നു. റേഡിയേഷനും കീമോ തെറാപ്പിയും വീണ്ടും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായി. മരുന്നിന്റെയും വിശ്രമത്തിന്റെയും ലോകത്തിലേക്ക് അദ്ദേഹം പതിയെ പ്രവേശിച്ചു. 2026 ന്റെ തുടക്കത്തില്‍ അച്ചന്റെ ആരോഗ്യനിലയിലെ പുരോഗതി കണ്ട് ഡോക്ടര്‍മാര്‍ അതിനെ ഒരു അദ്ഭുതമെന്ന് വിശേഷിപ്പിച്ചിരുന്നു. ആ നാളുകളില്‍ അദ്ദേഹം അതീവ സന്തോഷവാനായിരുന്നു. എല്ലാവരുമായും സംസാരിക്കാനും സന്തോഷനിമിഷങ്ങള്‍ പങ്കുവയ്ക്കാനും അദ്ദേഹം സമയം കണ്ടെത്തി. രോഗത്തെ ജോബിനച്ചന്‍ സ്വീകരിക്കുന്നവിധം എല്ലാവരിലും അതിശയമുണര്‍ത്തിയിരുന്നു. അത്രമാത്രം ഭാവാത്മകമായിരുന്നു ആ മുഖവും സംസാരവും ജീവിതവും.

എന്നാല്‍, 2026 മാര്‍ച്ച് മാസത്തിനു ശേഷം ആരോഗ്യസ്ഥിതി മോശമാകാന്‍ തുടങ്ങി. ഏപ്രില്‍ മാസത്തോടെ ചെറിയ തോതില്‍ ഓര്‍മ്മക്കുറവ് ആരംഭിച്ചു. എങ്കിലും സന്ദര്‍ശകരെ സ്വീകരിക്കുകയും അവരോട് പറ്റുന്നതു പോലെ സംസാരിക്കുകയും ചെയ്തിരുന്നു. മെയ് മാസമായപ്പോഴേക്കും ആരോഗ്യം കൂടുതല്‍ മോശമായി. മെയ് നാല് മുതല്‍ അച്ചന്റെ ആരോഗ്യസ്ഥിതി അങ്ങേയറ്റം വഷളാവുകയും അദ്ദേഹം ശാരീരികമായി വളരെ ദുര്‍ബലനാവുകയും ചെയ്തു.

മെയ് എട്ടിന് രാത്രി ഏകദേശം 11.15 ഓടെ അദ്ദേഹം ശാന്തമായി ഉറങ്ങാന്‍ കിടന്നു. പുലര്‍ച്ചെ 3.15 ന് സഹായിയായ റെജിമോന്‍ അദ്ദേഹത്തിന് ചൂടുവെള്ളം നല്‍കുകയും തുടര്‍ന്ന് അച്ചന്‍ വീണ്ടും ഉറങ്ങുകയും ചെയ്തു. ആ നിദ്രയില്‍ത്തന്നെ, പുലര്‍ച്ചെയോടെ ഫാ. അഗസ്റ്റിന്‍ (ജോബിന്‍) കുളത്തുങ്കല്‍ എംസിബിഎസ് തന്റെ നാഥന്റെ സന്നിധിയിലേക്ക് യാത്രയായി.

തന്റെ 38-ാം വയസ്സില്‍, പൗരോഹിത്യത്തിന്റെ പന്ത്രണ്ടാം വര്‍ഷത്തിലേക്ക് കടക്കാനിരിക്കെ യാണ് അച്ചന്‍ നിത്യതയിലേക്ക് യാത്രയായത്. ഒന്‍പതു വര്‍ഷത്തെ വേദനയുടെ കഠിനമായ കനല്‍വഴികള്‍ താണ്ടി, വിശുദ്ധിയുടെ വെള്ളിവെളിച്ചത്തിലേക്ക് അദ്ദേഹം പ്രവേശിച്ചു. തന്റെ സന്ന്യാസ സമൂഹത്തെയും കുടുംബത്തെയും സ്‌നേഹിതരേയും കണ്ണീരിലാഴ്ത്തിക്കൊണ്ടുള്ള ഒരു യാത്രയാണിത്.

മായാത്ത വ്യക്തിമുദ്രകള്‍

ജോബിനച്ചനെ പരിചയപ്പെട്ട ആരും ആ മുഖത്തെ പ്രസന്നത മറക്കില്ല. അദ്ദേഹം എല്ലാവരുടെയും സ്‌നേഹിതനായിരുന്നു. എല്ലാവരും അദ്ദേഹത്തിന്റെ സ്‌നേഹിതരായിരുന്നു. ഓരോ ശ്വാസത്തിലും ദൈവഹിതത്തിന് കീഴടങ്ങി, പ്രതിസന്ധികളെ പ്രത്യാശയോടെ നേരിടുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. സഹനങ്ങളെ പരാതികളില്ലാതെ ദൈവത്തിന്റെ സമ്മാനമായി സ്വീകരിക്കാനുള്ള ആത്മീയപക്വത അദ്ദേഹത്തിന്റെ ജീവിതത്തെ വേറിട്ടുനിര്‍ത്തി. ദിവ്യകാരുണ്യനാഥനോടുള്ള ആഴമായ ഭക്തിയും വിശ്വാസവുമാണ് കഠിനമായ പരീക്ഷണഘട്ടങ്ങളിലും അദ്ദേഹത്തിന് തളരാത്ത ആത്മധൈര്യം പകര്‍ന്നുനല്‍കിയത്. ഈ ഭൂമിയിലെ മറ്റേതു മനുഷ്യനും പതറിപ്പോകുന്ന ജീവിതസാഹചര്യങ്ങളില്‍ അദ്ദേഹം പ്രതീക്ഷയോടെ പിടിച്ചുനിന്നു.

മികച്ച ഒരു കൗണ്‍സിലര്‍ എന്ന നിലയില്‍ അനേകരുടെ ജീവിതപ്രശ്‌നങ്ങളില്‍ പ്രകാശമായി മാറാന്‍ അച്ചന് സാധിച്ചു. അച്ചന്റെ പക്കല്‍ വന്ന് മനസ്സ് തുറന്ന് സംസാരിച്ചു മടങ്ങിയവര്‍ക്കെല്ലാം ആശ്വാസത്തിന്റെ വലിയൊരു ലോകമാണ് തുറന്നുകിട്ടിയത്. തന്റെ പക്കല്‍ സഹായം തേടിയെത്തിയ ആരെയും അദ്ദേഹം നിരാശരാക്കിയില്ലെന്നു മാത്രമല്ല, ആവശ്യക്കാരെ കണ്ടറിഞ്ഞു സഹായിക്കുന്നതില്‍ അച്ചന്‍ എപ്പോഴും വലിയ താല്‍പര്യം കാണിക്കുകയും ചെയ്തിരുന്നു. കൗണ്‍സിലിംഗ് മേഖലയില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്നും യുവജനങ്ങള്‍ക്കായി കൂടുതല്‍ പ്രവര്‍ത്തിക്കണമെന്നും ആഗ്രഹിച്ച ആളായിരുന്നു ജോബനച്ചന്‍.

ശാരീരികവേദനകള്‍ വേട്ടയാടുമ്പോഴും ആ മുഖത്തെ ചിരി ഒരിക്കലും മാഞ്ഞില്ല എന്നത് അദ്ദേഹത്തെ ഒരു ‘പുഞ്ചിരിക്കുന്ന പുരോഹിതനാക്കി’ മാറ്റി. സ്വന്തം വേദനകള്‍ മറച്ചുവച്ച് തന്നെ കാണാന്‍ വരുന്നവര്‍ക്ക് സാന്ത്വനമേകാന്‍ ആ പുഞ്ചിരിക്ക് കഴിഞ്ഞു. ജീവിതത്തിന്റെ അവസാന നിമിഷം വരെ രോഗത്തോട് അദ്ദേഹം പോരാടിയത് പരാതികളുമായല്ല, മറിച്ച് പ്രാര്‍ഥനയുടെയും ആത്മവിശ്വാസത്തിന്റെയും കരുത്തിലാണ്.

ജോബിനച്ചനെ കണ്ടുമുട്ടിയ ആരും ആ മുഖത്തെ പ്രസന്നത മറക്കില്ല. പ്രതിസന്ധികളെ പ്രത്യാശയോടെ സ്വീകരിച്ച ശൈലി, സഹനങ്ങളെ പരാതികളില്ലാതെ ദൈവത്തിന്റെ സമ്മാനമായി കരുതിയ ആത്മീയപക്വത, ഈശോയെ സ്വന്തം സ്‌നേഹിതനായിക്കണ്ട് സംസാരിച്ച പ്രാര്‍ഥനാരീതി, അസാമാന്യമായ ആത്മവിശ്വാസത്തോടെ രോഗത്തെ നേരിട്ട പോരാളി, എല്ലാവരോടും എല്ലായ്‌പ്പോഴും സൗഹൃതം കാത്തുസൂക്ഷിച്ച സന്ന്യാസി, അനേകരുടെ ജീവിതപ്രശ്‌നങ്ങളില്‍ പ്രകാശമായി മാറിയ കൗണ്‍സിലര്‍, യുവജനങ്ങളുടെ സ്‌നേഹിതന്‍, എല്ലാവരെയും സ്‌നേഹിച്ച യുവവൈദികന്‍ എന്നീ നിലകളില്‍ തന്റെ ജീവിതത്തെ അടയാളപ്പെടുത്തിയിട്ടാണ് അച്ചന്‍ യാത്രയാകുന്നത്. ഏവര്‍ക്കും മാതൃകയാക്കത്തക്കവിധം അടിയുറച്ച വിശ്വാസത്തോടെയാണ് അദ്ദേഹം തന്റെ ഭൗമിക തീര്‍ഥാടനം പൂര്‍ത്തിയാക്കിയത്. സത്യത്തില്‍ ഈ ജീവിതം ഒരു പാഠപുസ്തകമാണ് – സഹനങ്ങളെ എങ്ങനെ സ്‌നേഹമായി മാറ്റാമെന്നും, മരണത്തെ എങ്ങനെ മഹത്വമായി സ്വീകരിക്കാമെന്നും നമുക്ക് കാട്ടിത്തന്ന പാഠപുസ്തകം.

രോഗാവസ്ഥയിലായിരുന്ന കാലത്ത് ഒരിക്കല്‍ അദ്ദേഹം തന്റെ അമ്മയോടു പറഞ്ഞു: “മമ്മീ, ഒത്തിരിക്കാലം ജീവിക്കുന്നതിലല്ല കാര്യം. ജീവിക്കുന്ന കാലം മനോഹരമായി ജീവിക്കുക എന്നതാണ് പ്രധാനം. അല്‍ഫോന്‍സാമ്മയൊക്കെ അങ്ങനെ ആയിരുന്നല്ലോ.”

ജോബിനച്ചന്‍ പറഞ്ഞതുപോലെ ചെറുപ്രായത്തില്‍ തന്നെ ദൈവസന്നിധിയിലേക്കു യാത്രയായി.

അച്ചന്റെ ജീവിതത്തിന് കരുത്തായി നിന്ന ആ വചനം ഈ സങ്കടവേളയില്‍ നമ്മെയും ആശ്വസിപ്പിക്കട്ടെ:

“ദൈവം തന്നു, ദൈവം എടുത്തു, ദൈവത്തിന്റെ നാമം മഹത്വപ്പെടട്ടെ!”

ഫാ. ജോര്‍ജ് കടൂപ്പാറയില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.