ഇത് അക്രം: വിശ്വാസത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ട അഫ്ഗാൻ ക്രൈസ്തവബാലൻ

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 13-കാരൻ ബാലനാണ് അക്രം. ക്രിസ്തീയവിശ്വാസം പൂർണ്ണമായും ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു സംസ്കാരത്തിലാണ് അവൻ വളർന്നുവരുന്നത്. എങ്കിലും അവിടെയും ദൈവം പ്രവർത്തനനിരതനായിരുന്നു. വളരെ ക്രൂരമായ പീഡനങ്ങൾക്കു വിധേയരാകേണ്ടിവന്ന അക്രത്തെയും കുടുംബത്തെയും ദൈവം തന്നിലേക്കു നയിച്ചു.

അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഏറ്റെടുക്കുന്നതുവരെ, അക്രത്തിന്റെ അമ്മ കഠിനാധ്വാനിയായ ഒരു സംരംഭകയും ബ്യൂട്ടീഷനുമായിരുന്നു. അവരുടെ കുടുംബത്തിന്റെ ഏക വരുമാനസ്രോതസ്സായിരുന്നു അഭിവൃദ്ധിപ്പെട്ടുകൊണ്ടിരുന്ന അവരുടെ ബിസിനസ്സ്. സ്ത്രീകൾ നടത്തിക്കൊണ്ടിരുന്ന ഇത്തരം എല്ലാ സംരംഭങ്ങളും അടച്ചുപൂട്ടാൻ 2021-ൽ താലിബാൻ ആവശ്യപ്പെട്ടു. അതിനു കൂട്ടാക്കാത്ത സ്ത്രീകൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നു നിരന്തരമായ ഭീഷണിയുമുണ്ടായി. സൗന്ദര്യസംരക്ഷണം സ്ത്രീകൾക്ക് വിലക്കപ്പെട്ടതായി കണക്കാക്കുന്ന താലിബാൻ ഭരണകൂടം, സലൂണുകളെയും ബ്യൂട്ടി പാർലറുകളെയും പ്രത്യേകമായി ലക്ഷ്യംവച്ചിരുന്നു. അക്രത്തിന്റെ അമ്മയ്ക്കും കട അടയ്ക്കുകയല്ലാതെ മറ്റുവഴികൾ ഇല്ലായിരുന്നു.

തീവ്ര ഇസ്ലാമിന്റെ വ്യാപനം അക്രത്തിന്റെ കുടുംബത്തിലും ഭീതിപടർത്തി. ഇസ്ലാമിന്റെ കഠിനപ്രബോധനങ്ങളെ അനുസരിക്കാത്തവരെല്ലാം പീഡിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ കുടുംബത്തിന്റെ സുരക്ഷയെ കരുതി നാടുവിട്ടുപോകാൻ അവർ തീരുമാനിച്ചു. അങ്ങനെയിരിക്കെ, സുരക്ഷിതമായ ഒരു വസതിയിൽ താമസിക്കുന്ന ഒരുകൂട്ടം അഫ്ഗാനികളെ, അഭയം തിരയുന്നതിനിടയിൽ അക്രത്തിന്റെ കുടുംബം കണ്ടെത്തി. ക്രിസ്ത്യാനികളായ ആ നല്ല മനുഷ്യർ അവർക്കും അവിടെ ഇടം നല്കി.

ഒരുമിച്ചുള്ള വാസത്തിനിടയിൽ യേശുവിനെക്കുറിച്ചും അവിടത്തെ സ്നേഹത്തിന്റെയും പ്രത്യാശയുടെയും സുവിശേഷത്തെക്കുറിച്ചും അക്രത്തിന്റെ കുടുംബത്തോട് ആ മനുഷ്യർ പങ്കുവച്ചു. എല്ലാത്തരത്തിലുമുള്ള, എല്ലാ ദേശത്തുനിന്നുമുള്ള മനുഷ്യരെയും സ്നേഹിക്കാനായി എങ്ങനെയാണ് യേശു ഭൂമിയിലേക്കു വന്നതെന്നും അവർ വിശദീകരിച്ചു. വെറുപ്പിന്റെ ഒരംശവും അവിടുത്തെ പ്രബോധനങ്ങളിലില്ലെന്നു തിരിച്ചറിഞ്ഞ അക്രത്തിന്റെ കുടുംബത്തിന്റെ ആനന്ദത്തിന് അതിരുകളുണ്ടായിരുന്നില്ല. കുറച്ചു കാലങ്ങൾക്കുശേഷം, ഈശോയെ ഹൃദയത്തിലേറ്റിയ അവർ മാമ്മോദീസ സ്വീകരിച്ചു. തങ്ങൾ ക്രിസ്ത്യാനികളാണെന്നറിഞ്ഞാൽ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കപ്പെടുകയോ, പീഡിപ്പിക്കപ്പെടുകയോ ചെയ്തേക്കാമെന്ന് അവർ തിരിച്ചറിഞ്ഞു. എങ്കിലും ഈശോയെ ഉപേക്ഷിക്കാൻ അവർ തയ്യാറല്ലായിരുന്നു. അതിനാൽ പ്രാണരക്ഷാർഥം അവർ പാക്കിസ്ഥാനിലേക്കു കടന്നു.

അവർ പുതിയ രാജ്യത്തെത്തി ഏതാനും മാസങ്ങൾ പിന്നിട്ടിരുന്നു. ഒരു സുപ്രഭാതത്തിൽ വീടിന്റെ വാതിലിൽ ശക്തമായ മുട്ടുകേട്ട് വാതിൽ തുറന്ന അക്രത്തിനെ ഒരുകൂട്ടം മൗലികവാദികൾ ചേർന്ന് വീടിനുപുറത്തേക്കു വലിച്ചിഴയ്ക്കുകയും മർദിക്കുകയും ഇസ്ലാം മതം ഉപേക്ഷിച്ചതിന് അപഹസിക്കുകയും ചെയ്തു. നിരവധി കുത്തുകളേറ്റ അക്രം, 35 സ്റ്റിച്ചുകളുമായി ഒരു മാസത്തോളം ഐ.സി.യുവിലായിരുന്നു. സുരക്ഷയെ കരുതിയുള്ള ഭീതിനിമിത്തം ഇപ്പോൾ അവർ രാജ്യത്തിന്റെ മറ്റൊരു ഭാഗത്തേക്കു മാറുകയും ‍പീഡിതരായ മറ്റു ക്രിസ്ത്യാനികൾക്കൊപ്പം അഭയാർഥിക്യാമ്പുകളിൽ കഴിയുകയുമാണ്.

എന്തൊക്കെ നേരിടേണ്ടിവന്നാലും തങ്ങൾ സ്വീകരിച്ച വിശ്വാസം കൈവിടാൻ അവർ ഒരുക്കമല്ല. വളരെ പരിമിതമായ സാഹചര്യത്തിൽ ഒരുപാട് പ്രയാസപ്പെട്ടാണ് അക്രവും കുടുംബവും ഒളിവിൽ കഴിയുന്നത്. യേശുവിലുള്ള വിശ്വാസവും ക്രിസ്തുവിന്റെ സ്നേഹവുമാണ് മുന്നോട്ടുള്ള യാത്രയിൽ അവരെ ശക്തിപ്പെടുത്തുന്നത്.

വിവർത്തനം: ഫാ. റോണി കിഴക്കേടത്ത് കപ്പൂച്ചിൻ 

കടപ്പാട്: www.globalchristianrelief.org

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.