സുഡാനിലെ അൽ-ഫാഷറിൽ ആർഎസ്എഫ് മനുഷ്യത്വവിരുദ്ധ കുറ്റകൃത്യങ്ങൾ ചെയ്തു: ആംനസ്റ്റി റിപ്പോർട്ട്

കഴിഞ്ഞ വർഷം അൽ-ഫാഷർ നഗരം പിടിച്ചെടുക്കാനുള്ള പ്രചാരണത്തിനിടയിൽ സുഡാനിലെ അർധസൈനിക വിഭാഗം മനുഷ്യത്വവിരുദ്ധ കുറ്റകൃത്യങ്ങളും വംശീയ ഉന്മൂലനവും നടത്തിയതായി മനുഷ്യാവകാശ സംഘടനയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം, പടിഞ്ഞാറൻ ഡാർഫർ മേഖലയിലെ ഈ നഗരം വളയുകയും പിടിച്ചെടുക്കുകയും ചെയ്തത്, സുഡാൻ സൈന്യവും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (ആർഎസ്എഫ്) തമ്മിലുള്ള സുഡാൻ ആഭ്യന്തരയുദ്ധത്തിലെ ഏറ്റവും രക്തരൂക്ഷിതമായ അധ്യായങ്ങളിലൊന്നായി മാറി.

“കൊലപാതകം, നിർബന്ധിതമായി ആളുകളെ മാറ്റിപ്പാർപ്പിക്കൽ, തടവിലാക്കൽ, പീഡനം, ബലാത്സംഗം, ലൈംഗിക അടിമത്തം, മറ്റു തരത്തിലുള്ള ലൈംഗികാതിക്രമങ്ങൾ, അടിമത്തം, കൂട്ടക്കൊല, പീഡനം എന്നിവ ആർഎസ്എഫിന്റെ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നു” – ജൂൺ 30 ന് പുറത്തുവിട്ട ആംനസ്റ്റി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ആംനസ്റ്റി റിപ്പോർട്ടിനെക്കുറിച്ച് ആർഎസ്എഫ് ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും, ഇത്തരം മുൻകാല ആരോപണങ്ങളെല്ലാം അവർ നിഷേധിച്ചിട്ടുണ്ട്.

സുഡാനിലെ ഔദ്യോഗിക സൈന്യവും ആർഎസ്എഫ് പാരാമിലിട്ടറിയും തമ്മിലുള്ള മൂന്നുവർഷത്തെ അധികാരതർക്കത്തിൽ രാജ്യം ഇപ്പോഴും ഉലയുകയാണ്. തുടരുന്ന ആഭ്യന്തരയുദ്ധത്തിൽ ലക്ഷക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും 1.4 കോടിയിലധികം ആളുകൾക്ക് പലായനം ചെയ്യേണ്ടിവരികയും ചെയ്തു. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള വ്യാപകമായ ലൈംഗികാതിക്രമങ്ങൾ യുദ്ധായുധമായി ഉപയോഗിക്കുകയാണെന്നും യുഎൻ പറയുന്നു. എന്നാൽ ആർഎസ്എഫിനും സുഡാനീസ് സായുധസേനയ്ക്കും (ആർഎസ്എഫ്) എതിരെ യുദ്ധക്കുറ്റങ്ങൾ ആരോപിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇരുവിഭാഗവും ഇത് നിഷേധിക്കുകയാണ്.

കഴിഞ്ഞ വർഷം മാർച്ചിൽ തലസ്ഥാനമായ ഖാർത്തൂമിൽ നിന്ന് പുറത്താക്കപ്പെട്ടതിനെത്തുടർന്ന് ആർഎസ്എഫ് തങ്ങളുടെ ശ്രദ്ധ പടിഞ്ഞാറൻ ഡാർഫർ മേഖലയുടെ നിയന്ത്രണം ശക്തമാക്കുന്നതിലേക്ക് മാറ്റി. ഇതിനായി അവർ അൽ-ഫാഷർ പിടിച്ചെടുക്കുകയും രാജ്യത്തിന്റെ തെക്കുള്ള കോർഡോഫാൻ സംസ്ഥാനങ്ങളിലേക്ക് തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കുകയും ചെയ്തു.

“കുട്ടികൾ ഈ അക്രമത്തിന്റെ അവിചാരിതമായ ഇരകളായിരുന്നില്ല. പലപ്പോഴും അവരെ മനഃപൂർവം ലക്ഷ്യമിടുകയും അവർ വളരെയധികം കഷ്ടപ്പെടുകയും ചെയ്തു. അവർ വൻതോതിൽ കൊല്ലപ്പെടുകയും പരിക്കേൽപ്പിക്കപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും തട്ടിക്കൊണ്ടുപോകപ്പെടുകയും നിർബന്ധിതമായി സൈന്യത്തിൽ ചേർക്കപ്പെടുകയും ചെയ്തിട്ടുണ്ട്” – ആംനസ്റ്റി ഇന്റർനാഷണലിന്റെ ജനറൽ സെക്രട്ടറി ആഗ്നസ് കാലമാർഡ് പറഞ്ഞു. അതിജീവിച്ച ഇരുനൂറിലധികം പേരുടെ അമ്പതോളം സാക്ഷ്യപത്രങ്ങൾ വിശദീകരിക്കുന്ന ഒരു റിപ്പോർട്ടിൽ, ശേഖരിച്ച തെളിവുകൾ “വംശഹത്യയെന്ന കുറ്റകൃത്യവുമായി ബന്ധമുള്ളതായിരിക്കാം” എന്ന് ആംനസ്റ്റി പറഞ്ഞു.

“അവർ എന്നെ കെട്ടിയിട്ട് വടികൊണ്ടും എകെ-47 തോക്കിന്റെ പിൻഭാഗം കൊണ്ടും അടിച്ചു. പിന്നീട് അവരിലൊരാൾ എന്റെ കാലിലേക്ക് വെടിവച്ചു” – അൽ ഫാഷറിന് തെക്കുള്ള അബു സെരേഗ എന്ന നഗരത്തിൽ ആക്രമിക്കപ്പെട്ട 17 വയസ്സുകാരൻ പറയുന്നു. നടക്കാൻ ഇപ്പോൾ ക്രച്ചസ് ഉപയോഗിക്കുന്ന ഈ കൗമാരക്കാരൻ, എട്ട് ബന്ധുക്കൾ (11 നും 17 നുമിടയിൽ പ്രായമുള്ള നാല് ആൺകുട്ടികൾ) ഇതേ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും വെളിപ്പെടുത്തി.

നോർത്ത് ഡാർഫറിൽ നിന്നുള്ള 89 ഓപ്പൺ സോഴ്സ് വീഡിയോകൾ പരിശോധിക്കുകയും ഉപഗ്രഹചിത്രങ്ങളുടെ വിപുലമായ വിശകലനം നടത്തുകയും ചെയ്ത ആംനസ്റ്റി ഗവേഷകർ പറയുന്നത്, പല ഇരകളും അവരുടെ വംശീയസ്വത്വം കാരണമാണ് ലക്ഷ്യമിടപ്പെട്ടതും കൊല്ലപ്പെട്ടതുമെന്നാണ്. മനുഷ്യാവകാശ സംഘടന പറയുന്നതനുസരിച്ച്, ആർഎസ്എഫിലെ അറബ് പോരാളികൾ പ്രാദേശിക അറബ് ഇതരസമൂഹങ്ങളിലെ അംഗങ്ങളെ വേട്ടയാടുകയും ‘അടിമ’ അല്ലെങ്കിൽ ‘വേലക്കാരൻ’ എന്ന് അർഥം വരുന്ന വംശീയ അധിക്ഷേപവാക്കുകൾ ഉപയോഗിക്കുകയും ചെയ്തു എന്നാണ്.

കൂട്ടക്കൊലകൾ, ലൈംഗികാതിക്രമങ്ങൾ, കുട്ടികളെ മനഃപൂർവം ലക്ഷ്യമിടൽ എന്നിവയെക്കുറിച്ചും ദൃക്‌സാക്ഷികൾ സംസാരിച്ചു. ആർഎസ്എഫ് നഗരം വളഞ്ഞപ്പോൾ അൽ-ഫാഷറിലെ സിവിലിയന്മാർ നേരിട്ട ഭീകരതയെക്കുറിച്ച് ലോകത്തിന് മുന്നറിയിപ്പ് നൽകിയിരുന്നതാണെന്ന് ആംനസ്റ്റി ജനറൽ സെക്രട്ടറി കാലമാർഡ് പറഞ്ഞു.

“ഇത് മനുഷ്യരാശിയുടെ മനസ്സാക്ഷിക്കേറ്റ കറയാണ്” എന്ന് കൂട്ടിച്ചേർത്ത കാലമാർഡ്, സുഡാനിൽ ഉടനടി വെടിനിർത്തലിനും സിവിലിയന്മാരെ സംരക്ഷിക്കുന്നതിനായി ഒരു അന്താരാഷ്ട്രസേനയെ അടിയന്തിരമായി വിന്യസിക്കുന്നതിനും ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമലംഘനങ്ങൾക്ക് ഉത്തരവാദികളായ ആർഎസ്എഫ് കമാൻഡർമാരെ തങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർ ശിക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ആംനസ്റ്റി പറയുന്നു.

ചില ലംഘനങ്ങൾ നടന്നിട്ടുണ്ടെന്ന് ആർഎസ്എഫ് നേതൃത്വം സമ്മതിക്കുകയും അതിനെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പറയുകയും ചെയ്‌തെങ്കിലും ക്രൂരതകളുടെ വ്യാപ്തി വർധിപ്പിച്ചുകാണിക്കുകയാണെന്ന് അവർ അവകാശപ്പെടുന്നു. കഴിഞ്ഞ വർഷം ആദ്യം യുഎൻ വംശഹത്യയുടെ ലക്ഷണങ്ങൾ ഉള്ളതായി പറഞ്ഞ അൽ-ഫാഷറിലെ ക്രൂരതകളുടെ വർധിച്ചുവരുന്ന തെളിവുകളിലേക്ക് ഈ റിപ്പോർട്ടും കൂട്ടിച്ചേർക്കപ്പെടുന്നു.

അതേസമയം, അൽ-ഫാഷറിനു നേരെ നടന്ന ആക്രമണത്തിന്റെ വെറും മൂന്ന് ദിവസത്തിനുള്ളിൽ ആറായിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായി യുഎൻ റിപ്പോർട്ടിൽ പറയുന്നു. ഈ സംഘർഷത്തെ പിന്തുണയ്ക്കുന്നവർ ഇതിൽ നിന്ന് പിന്മാറണം എന്നതിനായി അന്താരാഷ്ട്ര സമ്മർദം ശക്തമാവുകയാണ്.

ഈ പോരാട്ടം ലോകം കണ്ട ഏറ്റവും വലിയ മാനുഷികപ്രതിസന്ധിക്ക് കാരണമായതായും 1.4 കോടിയിലധികം ആളുകൾക്ക് വീടുകൾ നഷ്ടപ്പെടുകയും 2.8 കോടി ആളുകൾ കടുത്ത പട്ടിണി നേരിടുകയും ചെയ്യുന്നതായും സഹായ ഏജൻസികൾ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.