ജൂലൈ 2: വിശുദ്ധ ഓട്ടോ (1060-1139)

ജര്‍മ്മനിയിലെ സ്വാബിയായില്‍ മിസെല്‍ ബാച്ച് കുടുംബത്തിലായിരുന്നു ഓട്ടോയുടെ ജനനം. ചെറുപ്പത്തില്‍ തന്നെ വൈദികനായി. തുടര്‍ന്ന് ഹെൻറി നാലാമന്‍ ചക്രവര്‍ത്തിയുടെ ചാന്‍സലറായി നിയമിക്കപ്പെട്ടു. അക്കാലത്ത് ചക്രവര്‍ത്തിയും റോമായിലെ ശ്ലൈഹിക സിംഹാസനവും തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടന്നിരുന്ന സമയമാണ്. ഈ വിഷമഘട്ടത്തില്‍ ചക്രവര്‍ത്തിയെ തെറ്റായ നീക്കങ്ങളില്‍ നിന്നും പിന്തിരിപ്പിക്കാന്‍ അദ്ദേഹം ബോധപൂര്‍വ്വം യത്‌നിച്ചു.

1102-ല്‍ ചക്രവര്‍ത്തി ഓട്ടോയെ ബാംബെര്‍ഗ്ഗിലെ മെത്രാനായി നാമനിര്‍ദ്ദേശം ചെയ്‌തെങ്കിലും അന്നത്തെ മാര്‍പാപ്പാ ആയിരുന്ന പാസ്‌ക്കല്‍ രണ്ടാമന്റെ അംഗീകാരം നേടിയതിനു ശേഷമാണ് സ്ഥാനാഭിഷിക്തനായത്. ഹെൻറി നാലാമന്റെ കാലം കഴിഞ്ഞ് സ്ഥാനാരോഹണം ചെയ്ത പുത്രന്‍ ഹെൻറി അഞ്ചാമനും അനുരഞ്ജനത്തിന്റെ മാര്‍ഗ്ഗം അവലംബിക്കുകയുണ്ടായില്ല. ചക്രവര്‍ത്തി കുടുംബവും ശ്ലൈഹിക സിംഹാസനവും തമ്മില്‍ നൂറ്റാണ്ടുകളായി നിലനിന്നു പോന്ന ബന്ധശൃംഖലയിലെ അറ്റുപോയ കണ്ണികളെ കൂട്ടിയിണക്കാന്‍ ഓട്ടോ അപ്പോഴും പണിപ്പെടുകയായിരുന്നു.

വ്യക്തിപരമായ ഗുണവിശേഷങ്ങളും ജീവിതവിശുദ്ധിയും മൂലം ഓട്ടോ തന്റെ ഉദ്യമങ്ങളിലെല്ലാം ഒരു പരിധി വരെ വിജയം നേടി. അതിനിടയില്‍ അജപാലനപരമായ തന്റെ കര്‍ത്തവ്യങ്ങളെല്ലാം പരമാവധി വിശ്വസ്തതയോടു കൂടി നിറവേറ്റി. നാട്ടില്‍ ധാരാളം സന്യാസാശ്രമങ്ങള്‍ സ്ഥാപിക്കുകയും സന്യാസിമാരുടെ സഹകരണത്തോടു കൂടി ദൈവജനത്തിന്റെ ആദ്ധ്യാത്മിക നവീകരണത്തിന് ഉപകരിക്കുന്ന ഫലപ്രദമായ നൂതനപദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുകയും ചെയ്തു.

1124-ല്‍ ഓട്ടോ, വിഗ്രഹാരാധകരുടെയിടയില്‍ സുവിശേഷം പ്രസംഗിക്കാന്‍ ഒരു സംഘം വൈദികരെയും പ്രേഷിതപ്രവര്‍ത്തകരെയും കൂട്ടിക്കൊണ്ട് പൊമറാനിയായിലേക്കു പോയി. അവിടത്തെ പ്രവര്‍ത്തനങ്ങളുടെ ഫലമായി 20,000-ലധികം ആളുകള്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചു. അവരുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റുന്നതിന് അവിടെ വൈദികരെ നിയോഗിച്ചതിനു ശേഷം ഓട്ടോ, ബാംബെര്‍ഗ്ഗിലേക്കു മടങ്ങി. വിശ്രമമില്ലാതെ ജോലി ചെയ്ത ഓട്ടെ 1139-ല്‍ നിത്യവിശ്രമത്തിനായി വിളിക്കപ്പെട്ടു.

വിചിന്തനം: ”അങ്ങയെ സ്‌നേഹിക്കുന്നത് മഹാകാര്യമായി ഞാന്‍ ഗൗനിക്കേണ്ടതില്ല. എന്നാല്‍, നീചനും നിന്ദ്യനുമായ എന്നെ അങ്ങേ ദാസനായി സ്വീകരിച്ച് അങ്ങയുടെ വാത്സല്യഭൃത്യരില്‍ ഒരാളായി നിയോഗിക്കാന്‍ തിരുമനസ്സായത് എത്ര വിസ്മയാവഹമായ കാര്യമാണ്.”

ഇതരവിശുദ്ധര്‍: ബെര്‍ണ്ണദീനോ (1530-1616) / അരിസ്റ്റോണും അനുയായികളും (1284) രക്തസാക്ഷി / മോണെഗുണ്ടിസ് (+570)/ അസെസ്‌തെസ് (ഒന്നാം നൂറ്റാണ്ട്) / ലിദാനൂസ് (1026-1118) / ഔദേസിയൂസ് (+615) മെത്രാന്‍ / അസിസ്റ്റസ് (ഒന്നാം നൂറ്റാണ്ട്).

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.