ഒരു വർഷത്തിനു ശേഷം മകനെ തിരിച്ചുകിട്ടിയ സന്തോഷത്തിൽ അഫ്ഗാൻ ദമ്പതികൾ

അഫ്ഗാൻ സ്വദേശികളായ ബെനാഫ്ഷക്കും ഭർത്താവ് മുസ്തഫക്കും തങ്ങളുടെ 22 മാസം മാത്രം പ്രായമുള്ള മകൻ ജസൂറിനെ അഫ്ഗാനിസ്ഥാനിൽ നഷ്ടപ്പെട്ടിട്ട് ഒരു വർഷം കഴിഞ്ഞു. ഒരു വർഷത്തിനു ശേഷം അവർ വീണ്ടും ഒരുമിക്കുകയാണ്. അമേരിക്കയിലെ ഡള്ളസിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തങ്ങളുടെ മകനെ കാണാൻ ആ മാതാപിതാക്കൾ ആകാംക്ഷയോടെ കാത്തിരുന്നു. ഒരു വർഷം മുമ്പാണ് അവർ അഫ്ഗാനിസ്ഥാനിൽ വച്ച് ജസൂറിനെ അവസാനമായി കാണുന്നത്. 2021 ആഗസ്റ്റ് 26-ന് താലിബാൻ അഫ്ഗാൻ ഭരണമേറ്റെടുത്തയോടെയാണ് എല്ലാം താറുമാറായതും ഈ മാതാപിതാക്കൾക്ക് തങ്ങളുടെ മകനെ പിരിയേണ്ടി വന്നതും.

അപ്രതീക്ഷിതവും ദാരുണവുമായ വേർപാട്

അഫ്ഗാനിസ്ഥാനിലെ സഖ്യസേനയുടെ പരിഭാഷകയായി ബെനാഫ്ഷ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 20 വർഷത്തിലേറെയായി അഫ്ഗാനിസ്ഥാനിൽ ഉണ്ടായിരുന്ന യു.എസ് സൈന്യം പിൻവാങ്ങിയപ്പോൾ അമേരിക്കയിലേക്ക് കുടിയേറാൻ പ്രത്യേക ഇമിഗ്രന്റ് വിസ അനുവദിച്ച ഭാഗ്യശാലികളിൽ ഈ കുടുംബവും ഉൾപ്പെട്ടിരുന്നു. എന്നാൽ, ആ ഭാഗ്യം പെട്ടെന്ന് ഒരു ദൗർഭാഗ്യമായി മാറുകയായിരുന്നു.

ബെനാഫ്ഷയുടെ കുടുംബം കാബൂളിലെ വിമാനത്താവളത്തിൽ, യുഎസിലേക്കുള്ള വിമാനത്തിൽ കയറാൻ കാത്തുനിൽക്കുമ്പോളാണ് ചാവേർ സ്ഫോടനം നടന്നത്. ആ സ്‌ഫോടനത്തിൽ കുറഞ്ഞത് 170-ലധികം പേർ കൊല്ലപ്പെട്ടു. ആ സമയം ജസൂർ മുത്തശ്ശിയുടെ കൈകളിലായിരുന്നു. ആ സ്ഫോടനത്തെ തുടർന്നും ആക്രമണങ്ങൾ ഉണ്ടായി. ഇസ്ലാമിക് സ്റ്റേറ്റിന്റെ സൈനികർ കൊറാസൻ പ്രവിശ്യയിലെ തീവ്രവാദികളുമായി ശക്തമായ ആക്രമണം ഉണ്ടായി. ആ സമയം ജസൂറിന് മാതാപിതാക്കളുമായി പിരിയേണ്ടിവന്നു.

ബെനാഫ്ഷയും മുസ്തഫയും, ഈ യുദ്ധകാല സാഹചര്യത്തോട് പ്രതികരിക്കുന്ന സൈനിക നടപടിക്കു മുന്നിൽ വളരെയേറെ ബുദ്ധിമുട്ടി. അവിടെ അധികം പിടിച്ചുനിൽക്കാൻ ആ മാതാപിതാക്കൾക്കായില്ല. ജസൂറില്ലാതെ കാബൂൾ വിടാൻ അവർ നിർബന്ധിതരായി. താമസിയാതെ അവർ വീണ്ടും ഒന്നിക്കുമെന്നും തങ്ങൾ പോകുന്നതിലൂടെ മകന്റെ സുരക്ഷ ഉറപ്പാക്കാൻ കഴിയുമെന്നുമുള്ള പ്രതീക്ഷ അപ്പോൾ അവർക്കുണ്ടായിരുന്നു.

എന്നാൽ, ജാസൂറിനെ പിരിഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും മകനെക്കുറിച്ചുള്ള യാതൊരു വിവരവും അവർക്ക് ലഭ്യമായില്ല. തങ്ങളുടെ പ്രതീക്ഷ മങ്ങുന്നതായി അവർ മനസിലാക്കി. അപ്പോൾ ആ മാതാപിതാക്കൾ തങ്ങളുടെ മകനെ കണ്ടിട്ട് ഏകദേശം നാലു മാസമായിരുന്നു. ജസൂറും അവന്റെ മുത്തശ്ശിയും അപ്പോഴും കാബൂളിൽ തന്നെ തുടരുകയായിരുന്നു. അവിടെ അവർ കഷ്ടിച്ച് രക്ഷപെടുകയായിരുന്നു എന്നുവേണം പറയാൻ. തണുപ്പുകാലം ആയപ്പോൾ അവർക്ക് കൽക്കരി തീർന്നു; ഭക്ഷണവും കുറവായിരുന്നു.

മകനില്ലാതെ അമേരിക്കയിൽ

അമേരിക്കയിലെ ടെക്‌സാസിലെ ഒരു ബന്ധുവിനൊപ്പം ആയിരുന്നെങ്കിലും ബെനാഫ്‌ഷയ്ക്കും മുസ്തഫയ്ക്കും കാര്യങ്ങൾ മെച്ചമായിരുന്നില്ല. അവർ കണ്ടെത്തിയ ആ താൽക്കാലിക ഭവനത്തിൽ നിന്ന് പുറത്താക്കപ്പെടാൻ പോകുന്ന സാഹചര്യം. ആ സമയം ബെനാഫ്ഷ ഗർഭിണിയായിരുന്നു. വൈദ്യസഹായം ആവശ്യമുള്ള കാലഘട്ടം. നിരാശയോടെ സഹായത്തിനായി ബെനാഫ്ഷ ഓസ്റ്റിനു പുറത്തുള്ള പ്ലൂഗർവില്ലെ പ്രെഗ്നൻസി റിസോഴ്സ് സെന്ററുമായി ബന്ധപ്പെട്ടു. പ്രോ-ലൈഫ് കേന്ദ്രം അവളെ സഹായിക്കാമെന്നേറ്റു. ആ സെന്റർ അടിയന്തിര ആവശ്യങ്ങൾക്ക് സഹായിക്കുക മാത്രമല്ല തങ്ങളുടെ മകനെ വീണ്ടും കാണാനുള്ള ഒരു മാർഗ്ഗമാകുമെന്ന് അന്ന് അവൾ അറിഞ്ഞിരുന്നില്ല.

ആശ്വാസമായി പ്രോ-ലൈഫ് കേന്ദ്രം

ഈ സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ബ്രിട്ടാനി ഗ്രീൻ പറയുന്നു: “ബെനഫ്‌ഷ തങ്ങളുടെ അടുത്തെത്തിയപ്പോൾ ആ ദമ്പതികൾ അഭിമുഖീകരിക്കുന്ന രണ്ട് നിർണ്ണായക പ്രശ്‌നങ്ങൾക്കുള്ള പരിഹാരമിയിരുന്നു സാധ്യമായത്. ക്ലിനിക്ക് അവളെ ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ സഹായിക്കുകയും ഗർഭകാല പരിചരണത്തിനായി സെന്ററിന്റെ മെഡിക്കൽ ഡയറക്ടറുമായി അപ്പോയിന്റ്മെന്റ് നടത്തുകയും ചെയ്തു. അതോടൊപ്പം അവർക്ക് താമസിക്കാൻ ഒരു സ്ഥലം കണ്ടെത്തി. പ്രോ-ലൈഫ് ഗർഭധാരണകേന്ദ്രം, പ്രതിസന്ധിയിലായ ഗർഭാവസ്ഥയിലുള്ള സ്ത്രീകൾക്ക് കൗൺസിലിംഗും ആരോഗ്യപരിരക്ഷയും നൽകുന്നുണ്ട്. അത്യാവശ്യ സന്ദർഭങ്ങളിൽ സഹായിക്കാനും ഈ സെന്ററിന്റെ പ്രവർത്തനങ്ങളിലൂടെ സാധിച്ചു.

ബെനാഫ്ഷയെയും മുസ്തഫയെയും ഒരു മാസത്തേക്ക് ഒരു ഹോട്ടൽ മുറി കണ്ടെത്തി. അവർ മുസ്തഫയെ ഒരു ജോലി കണ്ടെത്താൻ സഹായിച്ചു. തുടർന്ന്, ടെക്‌സാസ് അലയൻസ് ഫോർ ലൈഫിലൂടെ, ജേസൺ ജോൺസ് സ്ഥാപിച്ച ലാഭരഹിത സ്ഥാപനമായ വൾനറബിൾ പീപ്പിൾ പ്രോജക്ട് (വിപിപി) വഴി അഫ്ഗാനിസ്ഥാനിലെ അഭയാർഥികളെ ഒഴിപ്പിക്കുന്ന പ്രവർത്തനത്തെക്കുറിച്ച് അവൾ മനസിലാക്കി.

ജോൺസ് ജസൂറിന്റെയും മുത്തശ്ശിയുടെയും വിലാസം ചോദിച്ചു. 24 മണിക്കൂറിനുള്ളിൽ കൽക്കരിയുടെയും ഭക്ഷണത്തിന്റെയും ഒരു കെയർ പാക്കേജ് അവർക്ക് കാബൂളിൽ എത്തിച്ചു. ടെക്സസിൽ കൂടുതൽ സ്ഥിരമായ ഭവനങ്ങൾ ഉറപ്പാക്കാൻ ബെനാഫ്ഷയ്ക്കും മുസ്തഫയ്ക്കും ഫണ്ട് ലഭ്യമാക്കാനും അദ്ദേഹം സഹായിച്ചു. വിപിപി അഫ്ഗാനിസ്ഥാനിലെ ഓർഗനൈസേഷനുകളുമായി ചേർന്ന് ഇപ്പോഴും രാജ്യത്തുള്ളവർക്ക് ഭക്ഷണം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയുൾപ്പെടെ ആവശ്യമായ സേവനങ്ങൾ നൽകുന്നതിന് പ്രവർത്തിക്കുന്നു.

‘ദൈവത്തിനു മാത്രമേ ഇത് സാധ്യമാകൂ’

അഫ്ഗാനിസ്ഥാനിൽ സഹായം നൽകുന്നതിനു പുറമേ, ആയിരക്കണക്കിന് അഫ്ഗാൻ പൗരന്മാർക്ക് അവരുടെ രാജ്യം വിട്ടുപോകാനും മറ്റെവിടെയെങ്കിലും സുരക്ഷിതമായ സ്ഥലം കണ്ടെത്താനും വിസ ലഭ്യമാക്കാനും ഇവർ സഹായിക്കുന്നു. ജസൂറിന് യുഎസിലേക്ക് വിസ ലഭിക്കാൻ ജോൺസ് സഹായിച്ചു. മാസങ്ങൾ നീണ്ട പേപ്പർ വർക്കുകൾക്കും ചർച്ചകൾക്കും ശേഷം ജസൂറിന്റെ വിസയ്ക്ക് അംഗീകാരം നൽകി. കാരണം, ജസൂർ വളരെ ചെറിയ കുട്ടിയായതിനാൽ മാതാപിതാക്കളില്ലാതെ യാത്ര ചെയ്യുന്നതിന് തടസങ്ങൾ ഉണ്ടായിരുന്നു. ഒടുവിൽ അടുത്ത ബന്ധുവിന്റെ കൂടെ യാത്ര ചെയ്യാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വിസ അനുവദിച്ചു.

“സ്ത്രീകളെ അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന അമേരിക്കയിലുടനീളമുള്ള ആയിരക്കണക്കിന് ഗർഭധാരണ കേന്ദ്രങ്ങളോട് ഞാൻ വളരെ നന്ദിയുള്ളവനാണ്. ഈ പ്രോ-ലൈഫ് ക്ലിനിക്ക് ഞങ്ങളിലേക്ക് എത്തിയില്ലായിരുന്നുവെങ്കിൽ, ഞങ്ങൾ ഒരിക്കലും ബെനാഫ്ഷയെയും മുസ്തഫയെയും കണ്ടുമുട്ടുകയും അവരെ ജസൂറുമായി വീണ്ടും ഒന്നിക്കാൻ സഹായിക്കുകയും ചെയ്യില്ലായിരുന്നു” – ജോൺസ് പറയുന്നു.

ഡള്ളസ് എയർപോർട്ടിലെ അന്തർദേശീയ വിമാത്താവളത്തിൽ ജെസൂറിനെ കാത്ത് അവന്റെ മാതാപിതാക്കൾ നിറമിഴികളോടെ ഉണ്ടായിരുന്നു. ഇനിയൊരിക്കലും കാണാൻ കഴിയില്ലെന്ന തരത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടുപോയ ആ മാതാപിതാക്കൾക്ക് തങ്ങളുടെ മകനെ തിരിച്ചുകിട്ടിയ സന്തോഷം പറഞ്ഞറിയിക്കാനാകുമായിരുന്നില്ല. അമ്മയും അച്ഛനും അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു. “ഇത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണ്” – മകനെ തിരികെ കിട്ടിയ ബെനാഫ്ഷ പറയുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.