33 വർഷങ്ങളായി കട്ടിലിലും വീൽചെയറിലുമായി ജീവിതം – എങ്കിലും സുജാത പുഞ്ചിരിക്കുന്നു

കീര്‍ത്തി ജേക്കബ്

“എന്റെ മനസ് നിറയെ സന്തോഷവും സംതൃപ്തിയുമാണ്. കാരണം, ദൈവം എത്രമാത്രം എന്നെ കരുതുന്നുണ്ടെന്നറിയാമോ? എന്നെ അവിടുന്ന് ഉള്ളംകൈയ്യിരുത്തി താലോലിക്കുന്നതായിട്ടാണ് എനിക്ക് എപ്പോഴും തോന്നാറുള്ളത്…”പൂമ്പാറ്റയെപ്പോലെ പാറിപ്പറന്നു നടന്നിരുന്ന പതിനേഴാം വയസില്‍ ബസപകടം സംഭവിച്ച്, കഴിഞ്ഞ 33 വര്‍ഷമായി കട്ടിലിലും വീല്‍ചെയറിലും മാത്രമായി ജീവിക്കുന്ന സുജാത കുര്യാക്കോസ് എന്ന യുവതിയുടെ വാക്കുകളാണിത്. 

പരിപൂര്‍ണ്ണ ആരോഗ്യത്തോടെ സകല സുഖസൗകര്യങ്ങളിലും ജീവിക്കുന്ന വ്യക്തികളുടെ നാവില്‍ നിന്നു പോലും ഇത്തരത്തിലുള്ള വാചകം ഇന്ന് കേള്‍ക്കാന്‍ സാധിക്കില്ല. അപകടത്തില്‍, ശരീരത്തിന്റെ പാതി ചലനമറ്റതായിട്ടും സന്തോഷത്താല്‍ തന്റെ ഹൃദയം തുളുമ്പുകയാണെന്ന് എങ്ങനെ പറയാന്‍ സാധിക്കുന്നു എന്നു ചോദിച്ചാല്‍ സുജാത പറയും: “മനോഭാവം മാറ്റിനോക്കൂ. ഈ ലോകത്തില്‍ ഏറ്റവും അനുഗ്രഹിക്കപ്പെട്ടത് നിങ്ങളാണെന്നു തോന്നും” എന്ന്. അതെങ്ങനെ എന്നാണ് വീണ്ടും ചോദ്യമെങ്കില്‍ തന്റെ ജീവിതം ചൂണ്ടിക്കാണിച്ച് സുജാത അതിന് ഉത്തരം നല്‍കും…

സ്വപ്നങ്ങളെ തള്ളിയിട്ട്, തളര്‍ത്തിക്കളഞ്ഞ ബസപകടം

മൂന്നു പതിറ്റാണ്ടു മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1988 ഡിസംബര്‍ ഏഴിനാണ് അപകടം നടന്നത്. യാത്രക്കാരുമായി പോയ വിപിഎംഎസ് എന്ന സ്വകാര്യ ബസ് ഇടുക്കി ജില്ലയിലെ ഉപ്പുതോട്ടില്‍, റോഡിന്റെ വശം ഇടിഞ്ഞ് കൊക്കയിലേയ്ക്കു മറിഞ്ഞു. പ്രീഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന സുജാത ഉള്‍പ്പെടെ മുരിക്കാശേരി പാവനാത്മ കോളജിലെ വിദ്യാര്‍ത്ഥികളായിരുന്നു ബസ് യാത്രക്കാരില്‍ ഭൂരിഭാഗവും. കോളജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ അപകടത്തില്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. സുജാതയ്ക്ക് കാലിനു മാത്രമാണ് പരിക്കെന്നാണ് കരുതിയിരുന്നതെങ്കിലും എക്‌സ്‌റേ റിസള്‍ട്ടില്‍ കുട്ടിയുടെ നട്ടെല്ല് തകര്‍ന്നതായാണ് കാണുന്നതെന്നും അവള്‍ക്കിനി ഒരിക്കലും എഴുന്നേറ്റുനടക്കാന്‍ കഴിയില്ലെന്നും ഡോക്ടര്‍ അറിയിച്ചപ്പോള്‍ വാവിട്ടു നിലവിളിക്കാന്‍ മാത്രമേ ആ പെണ്‍കുട്ടിയ്ക്കും അവളുടെ മാതാപിതാക്കളായ കുര്യാക്കോസിനും അച്ചാമ്മയ്ക്കും കഴിഞ്ഞുള്ളൂ.

കുടുംബം മുഴുവന്‍ പകച്ചുനിന്ന സമയം

“ഇനി മേലില്‍ എനിക്ക് എഴുന്നേറ്റു നില്‍ക്കാനോ നടക്കാനോ സാധിക്കില്ലെന്ന കാര്യം ആദ്യമൊന്നും വീട്ടില്‍ ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ഞാനുള്‍പ്പെടെ അഞ്ചു മക്കളെ വളര്‍ത്തുന്നതിനും അന്നന്നത്തെ അപ്പത്തിനുവേണ്ടിയും വിയര്‍പ്പൊഴുക്കുന്ന ചാച്ചനും അമ്മച്ചിക്കും ഇനി എന്തുചെയ്യണമെന്നു പോലും അറിയാത്ത അവസ്ഥയായിരുന്നു. ചികിത്സയ്ക്കായി ഒരുപാട് പണം കണ്ടെത്തേണ്ടതായി വന്നു. സാമ്പത്തിക പ്രതിസന്ധിയും പലപ്പോഴും അലട്ടിക്കൊണ്ടിരുന്നു. എങ്കിലും ഞങ്ങള്‍ മക്കള്‍ക്കുവേണ്ടി ഈശോയുടെ കൈകളിലേയ്ക്ക് എല്ലാം സമര്‍പ്പിച്ച് ചാച്ചനും അമ്മച്ചിയും ആയതെല്ലാം ചെയ്തുകൊണ്ടിരുന്നു. പതിനൊന്നു വര്‍ഷം മുമ്പാണ് ചാച്ചന്‍ മരിച്ചത്. ഇപ്പോള്‍ സ്വര്‍ഗത്തിലിരുന്ന് എന്നെ കരുതുന്നുണ്ടാവും” – സുജാത പറയുന്നു.

ദൈവത്തിന്റെ മാലാഖയായി എത്തിയ അധ്യാപകന്‍

മെഡിക്കല്‍ കോളജില്‍ നിന്ന്, ഇനിയൊന്നും ചെയ്യാനില്ലെന്നു പറഞ്ഞ് ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ മുരിക്കാശേരി പാവനാത്മ കോളജിലെ അന്നത്തെ പ്രിന്‍സിപ്പല്‍, ജോസഫ് പഞ്ഞിക്കാരനാണ് ദൈവത്തിന്റെ മാലാഖയായി എന്റെ അടുത്തെത്തിയത്. അദ്ദേഹം എന്നെ ചെത്തിപ്പുഴ ആശുപത്രിയില്‍ അഡ്മിറ്റാക്കി. അവിടെ ദീര്‍ഘകാലത്തെ ചികിത്സയ്ക്കുശേഷം ഇരിക്കാനും വീല്‍ചെയറില്‍ സഞ്ചരിക്കാനും സാധിക്കുന്ന അവസ്ഥയെത്തി. പിന്നീട് കുറേക്കാലം ഫിസിയോ തെറാപ്പി ചികിത്സയും നടത്തി. ഏറെ സമയമെടുത്താണ് ഓരോ അവസ്ഥയോടും പൊരുത്തപ്പെട്ടുകൊണ്ടിരുന്നത്. സങ്കടക്കടല്‍ ഉള്ളിലൊതുക്കി ചാച്ചനും അമ്മച്ചിയും എന്റെ തോളോടുതോള്‍ ഉണ്ടായിരുന്നതായിരുന്നു ആ സമയങ്ങളിലെ ആശ്വാസം.

എനിക്കുവേണ്ടി ചലിക്കുന്ന അമ്മച്ചിയുടെ കാലുകള്‍

കൂടുതലായി ചികിത്സയൊന്നും ചെയ്യാനില്ല എന്നും ഇനി വീല്‍ചെയറിലാണ് ജീവിതമെന്നും പതിയെ ഉള്‍ക്കൊണ്ടു തുടങ്ങി. നടക്കാനാവില്ല എന്നതിനേക്കാളും അന്നും ഇന്നും എന്നെ വേദനിപ്പിക്കുന്ന ഒരേയൊരു കാര്യം പ്രാഥമിക കര്‍മ്മങ്ങള്‍ തനിയെ ചെയ്യാനാവില്ലല്ലോ എന്നതാണ്. എന്നാല്‍ എനിക്കുവേണ്ടി ചലിക്കുന്ന, ജീവിക്കുന്ന എന്റെ അമ്മച്ചിയെ കാണുമ്പോള്‍ ദൈവത്തിന് അറിയാതെ നന്ദി പറഞ്ഞുപോകും. കാരണം, ഒരു മാലാഖയെപ്പോലെ എന്നെ നോക്കാന്‍ എനിക്ക് അമ്മച്ചിയെ തന്നല്ലോ. അപകടത്തിന്റെ നിമിഷങ്ങളെ ഓര്‍ത്ത് വിലപിച്ച്, സ്പര്‍ശനം പോലും തിരിച്ചറിയാനാവാത്ത കാലുകളെ തല്ലിയും പിച്ചിയും ദേഷ്യവും സങ്കടവും തീര്‍ത്തിരുന്ന സമയത്തൊക്കെ ‘ഈശോ നിന്നെ സഹായിച്ചുകൊള്ളും കുഞ്ഞേ’ എന്നുപറഞ്ഞ് അമ്മച്ചിയാണ് എന്നെ ആശ്വസിപ്പിച്ചിരുന്നത്. പലപ്പോഴും അമ്മച്ചിയുടെ വാക്കുകള്‍ ഈശോയുടെ വാക്കുകളായി തോന്നുകയും ചെയ്തിരുന്നു. എഴുപത്തിയാറു വയസും പ്രായത്തിന്റേതായ അസുഖങ്ങളും ഉണ്ടെങ്കിലും ഇന്നും അമ്മച്ചി എനിക്കുവേണ്ടി ഓടിനടക്കുന്നു.

മനസിന് കരുത്തായ ആ ധ്യാനം

അപകടം നടന്നുകഴിഞ്ഞ് ചില ധ്യാനങ്ങളില്‍ പങ്കെടുത്തു. രോഗസൗഖ്യമാണ് ആഗ്രഹിച്ചതെങ്കിലും പലതും മനസിന് ശക്തി പകരാന്‍ കാരണമായി. പ്രത്യേകിച്ച്, മുരുങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ വച്ച് മാനസികമായി വലിയ സൗഖ്യം ലഭിച്ചു. അവിടെ നിന്നാണ് ജീവിതത്തെ പോസിറ്റീവായി നോക്കിക്കാണാന്‍ ശീലിച്ചുതുടങ്ങിയത്.  ‘എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ സാധിക്കും’ എന്ന തിരുവചനം അവിടെവച്ച് ഈശോ എനിക്ക് സമ്മാനമായി നല്‍കി. ഇപ്പോഴും ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടോ വിഷമമോ വന്നാല്‍ സന്ദര്‍ഭത്തിനു യോജിച്ച ഏതെങ്കിലും തിരുവചനം അറിയാതെ മനസിലേയ്ക്ക് ഓടിയെത്തും. അത് ഇടയ്ക്കിടെ ഉരുവിട്ടാല്‍ വിഷമം മാറിപ്പോവുകയും ചെയ്യും.

ഈയിടെ ഏറ്റവും സ്വാധീനിച്ചത് ജി. കടൂപ്പാറയച്ചന്റെ ‘കുന്തുരുക്കം’ എന്ന പുസ്തകം

ഈ രണ്ടു ചക്രത്തിലും നാലു ചുവരുകള്‍ക്കുള്ളിലുമായി എങ്ങനെ സമയം ചെലവഴിക്കുന്നു, അതും ഇത്രയും വര്‍ഷങ്ങള്‍ എന്നു ചോദിക്കുന്നവരോട് സമയം തികയാത്ത വിഷമമാണ് എനിക്ക് പറയാനുള്ളത്. വായനയാണ് പ്രധാന സമയംകൊല്ലി. ധാരാളം വായിക്കും. അടുത്തിടെ വായിച്ചതില്‍ ഏറ്റവും സ്വാധീനിച്ച ഒന്നാണ്, ഫാ. ജോര്‍ജ് കടൂപ്പാറയില്‍ എംസിബിഎസ് എഴുതിയ ‘കുന്തുരുക്കം’ എന്ന പുസ്തകം. വിവിധ സഹനങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്ക് ആ പുസ്തകം നല്‍കുന്ന ഊര്‍ജ്ജവും ആത്മവിശ്വാസവും ചെറുതല്ല. സഹനം എന്തുകൊണ്ട് എന്ന് ചോദിക്കുന്നവര്‍ക്ക് വ്യക്തമായ ഉത്തരം ആ പുസ്തകം നല്‍കുന്നുണ്ട്.

ഡയറി എഴുത്താണ് എന്റെ മറ്റൊരു ഹോബി. ചെറുപ്പം മുതലേ ഡയറി എഴുതുമെങ്കിലും അപകടത്തിനുശേഷം കൂടുതല്‍ ഗൗരവത്തോടെ അതിനെ കൈകാര്യം ചെയ്തുതുടങ്ങി. അത് പിന്നീട് കവിതാ രചനയിലേയ്ക്കും ആത്മീയലേഖനങ്ങളുടെ എഴുത്തിലേയ്ക്കും നയിച്ചു. പ്രാര്‍ത്ഥനയില്‍ സജീവമാകാനും ഈ ജീവിതം സഹായിച്ചു. പല പ്രാര്‍ത്ഥനാഗ്രൂപ്പുകളിലും അംഗമായിക്കൊണ്ട് അഖണ്ഡജപമാല പോലുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥനകളിലും സജീവമാണ്. അപകടം നടന്ന കാലം മുതല്‍ ഇന്നുവരെ ആരെങ്കിലുമൊക്കെ എന്നെ കാണാനും കൊച്ചുവര്‍ത്താനം പറയാനുമൊക്കെയായി ദിവസവും വീട്ടില്‍ വരും എന്നതാണ് മറ്റൊരു പ്രത്യേകത. സഹോദരങ്ങളുടെ മക്കളോടൊപ്പമുള്ള കളിചിരികളാണ് മറ്റൊരു നേരമ്പോക്ക്. ഇങ്ങനെ ഓരോ നിമിഷവും സജീവമായിരിക്കുന്നതുകൊണ്ടാണ് സന്തോഷവും കൂടെയുണ്ടാകുന്നത്. ഇതെല്ലാം ആസ്വദിക്കാന്‍ കഴിയുന്നത് ദൈവത്തിന്റെ വലിയ കൃപയായി കരുതുന്നു.

ഊന്നുവടിയായി സൗഹൃദങ്ങള്‍

നഴ്‌സറി മുതല്‍ പ്രീഡ്രിഗ്രിയ്ക്ക് പഠിച്ചപ്പോള്‍ വരെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഇപ്പോഴും ഇടയ്ക്കിടെ വീട്ടില്‍ വരികയും നിരന്തരം ഫോണ്‍ വിളിക്കുകയും വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലുമൊക്കെയായി സൗഹൃദം നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട് എന്നത് എന്നെ സംബന്ധിച്ച് ഏറ്റവും ആത്മവിശ്വാസവും സന്തോഷവും ഒപ്പം അഭിമാനവും പകരുന്ന കാര്യമാണ്. കാണാന്‍ വരുമ്പോഴൊക്കെ നല്ല നല്ല പുസ്തകള്‍ ഉള്‍പ്പെടെ സമ്മാനങ്ങളും അവര്‍ കൊണ്ടുവരും. അവരെക്കൂടാതെ, ധാരാളം വൈദികരും സിസ്‌റ്റേഴ്‌സും വിവിധ രോഗങ്ങളോടു പടപൊരുതി ജീവിതം നയിക്കുന്നവരുമൊക്കെ എനിക്ക് സുഹൃത്തുക്കളായുണ്ട്. കരുതലും സ്‌നേഹവും നിറഞ്ഞ ഇവരുടെയൊക്കെ ചേര്‍ത്തുനിര്‍ത്തലാണ് എന്റെ ഊന്നുവടി. ഇതുകൊണ്ടൊക്കെയാണ് ഈ ലോകത്തില്‍ ഏറ്റവും അനുഗ്രഹിക്കപ്പെട്ടവള്‍ ഞാനാണെന്ന് തോന്നിപ്പോവുന്നത്.

പ്രകാശം പരത്തുന്നവളാകണം

എന്നെപ്പോലെയോ അതിനേക്കാള്‍ ഏറെയോ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവരുണ്ട്, ശാരീരികമായും മാനസികമായുമൊക്കെ. അത്തരക്കാര്‍ക്ക് ജീവിക്കാന്‍ പ്രചോദനവും പ്രകാശവും നല്‍കണമെന്നാണ് ആഗ്രഹം. അതിന് എഴുത്തിനെ കൂട്ടുപിടിക്കാമെന്നും കരുതുന്നു. ഏറ്റവും പ്രതികൂലമായ അവസ്ഥയുടെ പിന്നിലും ദൈവത്തിന്റെ കരുതലുള്ള കരവും പദ്ധതിയുമുണ്ട് എന്ന സത്യം അവര്‍ക്കൊക്കെ മനസിലാക്കി കൊടുക്കണം – സുജാത പറഞ്ഞുനിര്‍ത്തി.

ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടും ഏറ്റവും നിസാരമായവയില്‍ പോലും സന്തോഷവും പ്രത്യാശയും കണ്ടെത്താന്‍ തന്റെ ജീവിതം ഉദാഹരണമായി ചൂണ്ടിക്കാട്ടിക്കൊണ്ടും സുജാത നമ്മെയും ക്ഷണിക്കുന്നു, ദൈവീകപദ്ധതികളോട് നിറപുഞ്ചിരിയോടെ ആമ്മേന്‍ പറയാന്‍.

കീർത്തി ജേക്കബ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.