ഒന്നിപ്പിന്റെ നിറവുമായി ഓന്തുകൾ

ഫാ. ജോഷി മയ്യാറ്റിൽ

‘ദൈവത്തിന്റെ രാഷ്ട്രീയം’ എന്ന പേരിൽ ശ്രീ. ഹമീദ് ചേന്ദമംഗലൂർ രചിച്ചിട്ടുള്ള ഒരു പുസ്തകം എത്രപേർ വായിച്ചിട്ടുണ്ട് എന്നറിയില്ല. നിറം മാറുന്ന ഒരു ഓന്താണ്, 2015-ൽ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന്റെ കവർചിത്രം. ജമാ അത്തെ ഇസ്ലാമി എന്ന പ്രസ്ഥാനത്തെക്കുറിച്ചാണ് അത് പരാമർശിക്കുന്നത്.

നിറം മാറുന്ന ഓന്തിനെ ഇപ്പോൾ ഓർമ്മിക്കാൻ ഒരു പ്രത്യേക കാരണമുണ്ട്. മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും മജീഷ്യൻ മുതുകാടിന്റെയുമൊക്കെ ആശംസകളോടെയും സാക്ഷാൽ ദലൈലാമയുടെ ഉദ്ഘാടനത്തോടെയും ഏറെ കൊട്ടിഘോഷിക്കപ്പെട്ട് ആരംഭം കുറിച്ചിട്ടുള്ള ട്രിപ്പിൾ സി (CCC: കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോ-ഓപ്പറേഷൻ) എന്ന പ്രസ്ഥാനത്തെ ഒന്നു മനസ്സിലാക്കാൻ ശ്രമിച്ചതാണ് ആ ഓന്തിന്റെ സ്മരണ ഉണരാൻ ഇടയാക്കിയത്.

ഇതിനകം പലവട്ടം പല രൂപങ്ങളിലും ഭാവങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള ജമാ അത്തെ ഇസ്ലാമി തന്നെയാണ് ഈ കൂട്ടായ്മയുടെ പിന്നിലും എന്ന തിരിച്ചറിവ്, സത്യത്തിൽ ചിരി പടർത്തുന്നതാണ്. “ഭാരതത്തിന്റെ വിമോചനം ഇസ്ലാമിലൂടെ” എന്ന ചുവരെഴുത്തുകൾക്കു പിന്നിലുള്ള ഇസ്ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ (ISO), സാമൂഹിക ഇടപെടലുകളുടെ വേഷത്തിൽ ഇറങ്ങാറുള്ള സോളിഡാരിറ്റി, വിവിധ എക്സിബിഷനുകൾ തുടങ്ങി പല പ്രച്ഛന്നവേഷങ്ങൾക്കും പിന്നിൽ ഈ പ്രസ്ഥാനമാണ്. ഈ പ്രസ്ഥാനത്തിന്റെ വിവിധങ്ങളായ നിറംമാറ്റങ്ങളെക്കുറിച്ച് അറിയാത്തവരല്ല കേരളീയർ. അത് ചേന്ദമംഗലൂരിന്റെ എഴുത്തുകളിലൂടെയും കാരിശ്ശേരി മാഷിന്റെ പ്രസംഗങ്ങളിലൂടെയും ലിയാക്കത്തലിയുടെ വീഡിയോകളിലൂടെയും ശ്രീ. സെബാസ്റ്റ്യൻ പോളിന്റെ മകൻ റോണി സെബാസ്റ്റ്യന്റെ FB പോസ്റ്റിലൂടെയും മലയാളികൾക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണ്.

എന്താണ്, ആരാണ് ജമാ അത്തെ ഇസ്ലാമി?

ഈജിപ്തിൽ മുസ്ലിം ബ്രദർഹുഡ് നടത്തുന്ന പ്രവർത്തനങ്ങളുടെ മാതൃകയിൽ, ഇന്ത്യയിൽ ഇസ്ലാമിക ഭരണത്തിനുള്ള ആശയപരമായ അടിത്തറയും അതിന് ആവശ്യമായ പരിപാടികളും ആവിഷ്കരിക്കാൻ 1941-ൽ ബ്രിട്ടീഷ് ഇന്ത്യയിൽ അബുൽ ആല മൗദൂദി സ്ഥാപിച്ച പ്രസ്ഥാനമാണിത്. പൊളിറ്റിക്കൽ ഇസ്ലാമിന്റെ ഏറ്റവും ചിട്ടയായതും വികസിതവുമായ രൂപമാണ് മൗദൂദിയിൽ നാം കാണുന്നത്.

അല്ലാഹുവിന്റെ പരമാധികാരം അംഗീകരിക്കുന്ന ‘ഇസ്ലാമിക് സ്റ്റേറ്റിനു’ (ദീൻ) മാത്രമേ, അല്ലാഹുവിന്റെ നാമത്തിൽ ജനങ്ങൾക്കു വേണ്ടി നിയമം നിർമ്മിക്കാൻ അവകാശമുള്ളൂ എന്നാണ് മൗദൂദി വാദിച്ചത്. നിയമത്തിന്റെ ഉറവിടം സംബന്ധിക്കുന്ന ഈ തിയറിയാണ് ‘ഇസ്ലാമിക് സ്റ്റേറ്റി’ന് (ഖാലിഫേറ്റിന്) അടിസ്ഥാന ന്യായീകരണമായി അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്. ഇസ്ലാമിന്റെ ‘തൗഹീദ് ഹകീമിയ്യ’ തത്വത്തിനു കീഴ്‌പ്പെടാത്ത മനുഷ്യനിർമ്മിത നിയമങ്ങളും അവയിൽ അധിഷ്ഠിതമായ ഭരണഘടനകളും സംവിധാനങ്ങളും ഇസ്ലാമിക വിരുദ്ധവും ‘ശിർക്കും’ ആണെന്നും ദൈവിക/ ഇസ്ലാമിക ഭരണത്തിന് വിരുദ്ധമായതൊന്നും നിലനിൽക്കാൻ  യോഗ്യമല്ലെന്നും അദ്ദേഹം സമർഥിച്ചു. അതായത്, മനുഷ്യനിർമ്മിത നിയമമായ ഇന്ത്യൻ ഭരണഘടന സർവാത്മനാ അംഗീകരിക്കപ്പെടേണ്ടതല്ലെന്ന്!

തിരിച്ചറിവ് സമ്മാനിച്ച ഓന്തൻശൈലി 

മൗദൂദിയുടെ ആശയധാരയും പ്രവർത്തനശൈലിയും പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്ന തിരിച്ചറിവ് ഇന്ന് പലരിലും ഉളവായിട്ടുണ്ട്. ജമാ അത്തെ ഇസ്ലാമിയുടെ സ്ഥാപകൻ മൗദൂദിയുടെയും മുസ്ലീം ബ്രദർഹുഡിന്റെ സ്ഥാപകൻ കുത്ത്ബിന്റെയും ആശയങ്ങൾ പഠിപ്പിക്കേണ്ട എന്ന് അലിഗർ മുസ്ലീം സർവകലാശാല തീരുമാനിച്ചത് ലോകം മുഴുവനിലുമുള്ള ഭീകരപ്രവർത്തനങ്ങളുടെയും തീവ്രവാദത്തിന്റെയും ദാവപ്രവർത്തനങ്ങളുടെയും ആശയപരമായ അടിത്തറ ഇവരുടെ ചിന്തകളാണ് എന്ന തിരിച്ചറിവ് കൊണ്ടു തന്നെയാണ്.

ഇത്തരം തിരിച്ചറിവുകൾ ‘ജമാ അത്തെ ഇസ്ലാമി ഹിന്ദ്’ എന്ന ഇന്ത്യൻ ശാഖയുടെ പ്രവർത്തനങ്ങളെ ഓന്തൻശൈലിയിലേക്ക്, അല്പം കൂടി തന്ത്രപരമായ നീക്കത്തിലേക്ക് ചുവടു മാറാൻ ഇടയാക്കിയിട്ടുണ്ട്. ഇപ്പോൾ ഇന്ത്യയിൽ ഇവർ അനുവർത്തിക്കുന്ന രീതിശാസ്ത്രം, താരതമ്യേന സമാധാനപരവും മുകളിൽ നിന്നു താഴേക്കുള്ളതുമാണ്. അധികാര കേന്ദ്രങ്ങളിലും തന്ത്രപ്രധാനമായ പദവികളിലും തങ്ങളുടെ അംഗങ്ങളെയും അനുകൂലികളെയും എത്തിച്ചുകൊണ്ട് ഭരണകൂടത്തിന്റെ സ്വാധീനം ഉപയോഗിച്ച് ക്രമാനുഗതമായി ഇസ്ലാമികവത്ക്കരണം നടപ്പിൽവരുത്തുകയാണ് ജമാ അത്തെ ഇസ്ലാമിയുടെ പൊതുസമീപനമായി ഇന്ന് കാണുന്നത്. സ്വന്തമായി രാഷ്ട്രീയ പാർട്ടിക്ക് രൂപം കൊടുത്തും മറ്റ് ഇസ്ലാമിക പാർട്ടികളുമായി കൈകോർത്തും നിലവിലുള്ള മറ്റു മുഖ്യധാരാ പാർട്ടികളിൽ കയറിപ്പറ്റിയും ഇസ്ലാമിക സാമൂഹിക-സാമുദായിക പ്രസ്ഥാനങ്ങൾ ശക്തിപ്പെടുത്തിയും സമൂഹത്തിന്റെ സമസ്തമേഖലകളിലേക്കും ജിഹാദ് വ്യാപിപ്പിച്ചും അവർ അധികാരം കൈപ്പിടിയിലാക്കാൻ ശ്രമം നടത്തുന്നു. നോമ്പുകാല പ്രാർത്ഥനകൾ, ഇഫ്താർ വിരുന്നുകൾ എന്നീ അവസരങ്ങൾ വളരെ തന്ത്രപരമായി പലരിലേക്കും, പലതിലേക്കും കടന്നുകയറാനുള്ള അവസരമായാണ് അവർ കാണുന്നത്.

ബോധപൂർവകമായ കൈയ്യബദ്ധങ്ങൾ

എന്നാൽ, ഇടക്കിടെ ജമാ അത്തെ ഇസ്ലാമി, തങ്ങളുടെ തനിനിറം മറനീക്കി പുറത്തുവിടും; വ്യാജ സെക്കുലറിസത്തിന്റെ മൂടുപടം അഴിച്ചിടും. അഫ്ഗാനിസ്ഥാനിൽ ജനാധിപത്യത്തിന് അറുതി വരുത്തി, ഭീകരർ ഭരണം പിടിച്ചെടുത്തപ്പോൾ ഇവരുടെ മുഖപത്രമായ ‘മാധ്യമം’, “താലിബാൻ വിസ്മയം” എന്ന്  തലക്കെട്ടായി കുറിച്ചത് വെറുതെയല്ല. കേരളത്തിലെ തീവ്രവാദ-ഭീകരവാദ സ്ലീപ്പിങ് സെല്ലുകളെ തലോടാനും, തങ്ങൾ കൂടെയുണ്ട് എന്ന സന്ദേശം നല്കാനുമാണ്. ‘മാധ്യമം’ മാസികയാകട്ടെ, പണം വാരിയെറിഞ്ഞ് സാഹിത്യപ്രതിഭകളെയും സാംസ്കാരിക നായകന്മാരെയും ഇസ്ലാം താല്പര്യങ്ങളോടു ചേർത്തുനിർത്തുന്നതിൽ ഏറെ വിജയിക്കുന്നുണ്ട്. അപരസമുദായങ്ങളെ ഇകഴ്ത്തിയും സ്വസമുദായത്തിലെ പുഴുക്കുത്തുകൾ വെള്ളപൂശിയും എത്ര തന്ത്രപരമായാണ് ഇവരുടെ ചാനലായ ‘മീഡിയാ വൺ’ മുന്നോട്ടുനീങ്ങുന്നത് എന്നതും സുവിദിതമാണല്ലോ.

ഈനാംപേച്ചിയും മരപ്പട്ടിയും

CCC എന്ന പ്രസ്ഥാനത്തോട് കൈകോർക്കാൻ ഏവരെയും ക്ഷണിച്ചുകൊണ്ടുള്ള വീഡിയോ കണ്ടപ്പോഴാണ് എനിക്ക് ആ പഴമൊഴി ഓർമ്മ വന്നത്. സാക്ഷാൽ സാദിഖലി തങ്ങൾ ജമാ അത്തെ ഇസ്ലാമിയുടെ കേരള അമീർ പി. മുജീബ് റഹ്മാനോടൊത്ത് അതിൽ പ്രത്യക്ഷപ്പെടുന്നു. “ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്!”

ഹഗിയാ സോഫിയ കത്തീഡ്രലിനെ മോസ്കാക്കി മാറ്റിയ മതഭ്രാന്തിന്റെ പേരിൽ തുർക്കി പ്രസിഡണ്ട് എർദോഗന് കേരളത്തിൽ നിന്ന് സർവ പിന്തുണയും ആശംസിച്ച് മുസ്ലീം ലീഗിന്റെ മുഖപത്രമായ ‘ചന്ദ്രിക’യിൽ ലേഖനമെഴുതിയ ആൾ പരസ്യമായി ജമാ അത്തെ ഇസ്ലാമി കേരള ഘടകത്തിന്റെ അമീറുമായി, കേരള സമൂഹത്തിലെ വിവിധ സമുദായങ്ങൾ തമ്മിൽ സഹവർത്തിത്വം ഉളവാക്കുന്നതിനായി, കൈകോർക്കുന്നതു കാണാൻ നല്ല ചന്തമുണ്ട്! സാദിഖലി തങ്ങളെ പ്രസിഡന്റാക്കിയതോടെ, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് കേരള സമൂഹത്തിനു നല്കിയ സന്ദേശം അതിമഹത്താണെന്നതിൽ ആർക്കും സന്ദേഹമില്ലല്ലോ! ഏതായാലും നിഷ്പക്ഷതയുടെ മുഖംമൂടിയണിഞ്ഞ് ജംഗ്ഷൻ ഹാക്ക് യു ട്യൂബ് ചാനലിൽ പതുങ്ങിയിരിക്കുന്ന അനിൽ മുഹമ്മദും ആലഞ്ചേരി-കൂലഞ്ചേരി എന്ന് അന്തിച്ചർച്ചക്കിടെ ഒരു കർദിനാളിനെ അവഹേളിക്കുകയും “ഹമാരാ മോക്കാ” എന്ന് അലറിവിളിച്ച് വികാരവിജൃംഭണത്തോടെ പോപ്പുലർ ഫ്രണ്ടുകാർക്ക് ക്ലാസ്സെടുക്കുകയും ചെയ്ത വ്യാജ മതേതരൻ ഫസൽ ഗഫൂറും അക്കൂട്ടത്തിലുണ്ടെന്ന് ചില പടങ്ങളിൽ കണ്ടതോടെ ചിത്രം ഏതാണ്ട് പൂർത്തിയായി.

ഓന്തുകളുടെ മഹാസമ്മേളനത്തിന് എല്ലാ ഭാവുകങ്ങളും!

ഫാ. ജോഷി മയ്യാറ്റിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.