“അന്ന് ബെനഡിക്ട് പാപ്പാ എന്നെ സ്പര്‍ശിച്ചു, ഞാന്‍ സുഖം പ്രാപിച്ചു” – പാപ്പായുടെ ഓർമ്മകളുമായി ഒരു വൈദികൻ

ലോകം ഒന്നടങ്കം വേദനയോടെ ശ്രവിച്ച ഒന്നായിരുന്നു പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്റെ വിയോഗവാർത്ത. തന്റെ ദൗത്യങ്ങളെല്ലാം പൂർത്തിയാക്കി യാത്രയായ ബെനഡിക്ട് പതിനാറാമൻ പാപ്പായെക്കുറിച്ചുള്ള ഓർമ്മകളും ഒപ്പം അദ്ദേഹത്തിന്റെ സാന്നിധ്യത്തിലൂടെ അനുഭവിച്ചറിഞ്ഞ ദൈവാനുഗ്രഹവും വെളിപ്പെടുത്തുകയാണ് ഡെൻവർ അതിരൂപതയിലെ വൈദികനായ ഫാ. പീറ്റർ സർസിച്ച്. സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായ ആ അനുഭവസാക്ഷ്യം നമുക്കും വായിക്കാം…

2011 -ൽ, നിരവധി പരിശോധനകൾക്കു ശേഷമാണ് പീറ്റർ ശ്രീസിച്ച് എന്ന യുവാവിന് കാൻസർ സ്ഥിരീകരിക്കുന്നത്. നെഞ്ചിൽ വാരിയെല്ലിനും ശ്വാസകോശത്തിനും ഇടയിലായി പ്രത്യക്ഷപ്പെട്ട കാൻസർ ട്യൂമറുകൾ ഏറെ അപകടകരമായ അവസ്ഥയിലായിരുന്നു. ഹോഡ്ജ്കിൻ ലിംഫോമയുടെ നാലാം ഘട്ടമാണെന്നും ചികിത്സ വൈകിക്കാൻ കഴിയില്ല എന്നും ഡോക്ടർമാർ പീറ്ററിനിലെയും കുടുംബത്തെയും അറിയിച്ചു. ഈ സമയം പീറ്ററിന്‌ പതിനാറു വയസ് മാത്രമാണ് ഉണ്ടായിരുന്നത്. വേദനകളും ഒപ്പം ക്ഷയിക്കുന്ന ആരോഗ്യവും. തളർന്നുതുടങ്ങിയ സമയങ്ങളിൽ ഏറെ വിശ്വാസത്തോടെ ആ യുവാവ് പ്രാർത്ഥിച്ചു തുടങ്ങി. ഈ സഹനങ്ങളൊക്കെയും നല്ലതിനു വേണ്ടിയാണെന്നു വിശ്വസിച്ച് മനസിനെ ധൈര്യപ്പെടുത്തി.

കാൻസറിനെതിരെ പോരാടുന്നതിന്, തുടക്കത്തിൽ ഏഴ് റൗണ്ട് കീമോ തെറാപ്പിയും 21 ദിവസത്തെ റേഡിയേഷനും സഹിക്കേണ്ടിവന്നു. കീമോ തെറാപ്പി കഴിഞ്ഞതോടെ നേരെ നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായി പീറ്റർ. ശാരീരികമായ അസ്വസ്ഥതകളും മുടി മുഴുവൻ പോയ തലയും മറ്റ് പാർശ്വഫലങ്ങളും. വേദനയുടെ കൊടുമുടിയിലായിരുന്ന ആ അവസ്ഥയിൽ ദൈവം ഉണ്ടെന്നു പോലും ചിന്തിക്കാൻ പറ്റാതെയായി പീറ്ററിന്‌. ഇതുവരെ താൻ വിശ്വസിച്ചതെല്ലാം മണ്ടത്തരമാണെന്ന തോന്നലുകൾ അവന്റെ മുന്നിൽ നിറഞ്ഞു.

വേദനകളുടെ നടുവിൽ ഈ യുവാവിനെ കണ്ടെത്തിയ ‘മേക്ക് എ വിഷ് ഫൗണ്ടേഷൻ’ അദ്ദേഹത്തിന്റെ ഒരു ആഗ്രഹം സഫലമാക്കാനുള്ള അവസരം വാഗ്ദാനം ചെയ്തു. അങ്ങനെ ബെനഡിക്ട് പതിനാറാമൻ പാപ്പായെ കാണണം എന്ന ആഗ്രഹം ആ സംഘടനയെ അവൻ അറിയിച്ചു. അങ്ങനെ അവർ, രോഗാവസ്ഥയിലായിരുന്ന യുവാവിനെ പാപ്പായുടെ പക്കൽ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

ഈ വേദനകളുടെ നടുവിലും എപ്പോഴൊക്കെയോ ഒരു വൈദികൻ ആകണം എന്ന് പീറ്ററിന്‌ തോന്നിയിരുന്നു. പക്ഷേ, ആ ആഗ്രഹം നാളെ ഒരു ദിവസം ജീവിച്ചിരിക്കുമോ എന്ന് അറിയാത്ത തന്റെ വിഢിത്തമായിട്ടാണ് അവനു തോന്നിയത്. അതിനാൽ തന്നെ ആത്മീയസംഘർഷത്തിനു നടുവിലായിരിക്കുന്ന തനിക്ക് പാപ്പായുടെ ആശീർവാദം ഒരു ആശ്വാസമാകുമെന്ന് അവൻ കരുതി. അങ്ങനെ 2012 ജൂണിൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ പോപ്പ് ബെനഡിക്ട് പതിനാറാമനോടൊപ്പം ഒരു പൊതുസദസ്സിൽ പങ്കെടുക്കാനുള്ള ള്ള അവസരം പീറ്ററിന്‌ ലഭിച്ചു. അന്ന് ഒരു മിനിറ്റ് പാപ്പായോട് സംസാരിക്കുവാനുള്ള അനുവാദം ഈ യുവാവിന് ലഭിച്ചു.

“എനിക്ക് കാൻസർ ആണ്. പക്ഷേ, ഒരു വൈദികനാകാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് അവിടുത്തെ അനുഗ്രഹം തരാമോ?” യുവാവിന്റെ ആ ആവശ്യം പാപ്പായ്ക്ക് നിരസിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം തന്റെ വലതുകൈ യുവാവിന്റെ നെഞ്ചിൽ വച്ചു പ്രാർത്ഥിച്ച് അനുഗ്രഹിച്ചു. ഏതാണ്ട് ട്യൂമർ ഉണ്ടായിരുന്ന ഭാഗത്താണ് പിതാവ് കൈകൾ വച്ചതും പ്രാർത്ഥിച്ചതും. അതോടെ ആ ട്യൂമർ അവിടെ നിന്നും അപ്രത്യക്ഷമായി എന്ന് വിശ്വസിക്കുകയാണ് ഈ വൈദികൻ. കാരണം ആ സംഭവത്തിനു ശേഷം അത്ഭുതകരമായ രോഗസൗഖ്യമാണ് ഈ യുവാവിന്റെ ജീവിതത്തിൽ സംഭവിച്ചത്.

“പാപ്പാ എന്നെ അനുഗ്രഹിച്ചു. പരിശുദ്ധ പിതാവിനെ കാണാനും കൈ കൊടുത്ത് അനുഗ്രഹം വാങ്ങാനും സാധിച്ചത് വലിയൊരു സമ്മാനമായിരുന്നു. മാർപാപ്പയെ കണ്ടത് ശക്തമായ അനുഭവമായിരുന്നു” – സർസിച്ച് പറയുന്നു. രോഗം ഭേദമായതിനു ശേഷം സെന്റ് ജോൺ വിയാനി സെമിനാരിയിൽ പ്രവേശിച്ചു. 2020 ഫെബ്രുവരിയിൽ അദ്ദേഹം ഡീക്കനായി നിയമിതനായി; 2021 മെയ് 15 -ന് വൈദികനും.

വൈദികജീവിതത്തിന്റെ മനോഹാരിത ഉൾക്കൊണ്ടു ജീവിക്കുന്ന ഈ വൈദികന്റെ ഓർമ്മകളിൽ ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ ചിത്രം എന്നും നിറയുകയാണ്. അന്ന് തന്നെ ആശീർവ്വദിച്ച ആ കാര്യങ്ങൾ പൗരോഹിത്യജീവിതത്തിലുടനീളം തന്നെ അനുഗമിക്കുമെന്ന് ഈ വൈദികൻ വിശ്വസിക്കുന്നു. ഒപ്പം തന്റെ പ്രിയ പാപ്പാക്കായി പ്രാർത്ഥനയിലായിരിക്കുകയാണ് ഈ യുവ വൈദികൻ.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.