തോക്കുധാരികളുടെ പിടിയിൽ പെട്ടിട്ടും സ്നേഹംകൊണ്ട് വിജയം കണ്ട സന്ന്യാസിനിമാർ; സിയറ ലിയോൺ ആഭ്യന്തര യുദ്ധകാലത്തെ അദ്ഭുത അനുഭവം

1990-കളിൽ സിയറ ലിയോണിൽ ആഭ്യന്തര യുദ്ധം നടക്കുന്ന സമയം. ഈ കലുഷിതമായ സാഹചര്യത്തിൽ വിമതരായ തോക്കുധാരികളുടെ മുന്നിൽ പെട്ടുപോയ ഒരു കൂട്ടം സന്ന്യാസിനിമാർ. തങ്ങളെ തട്ടിക്കൊണ്ടു പോകുന്നതിനിടയിൽ ആ സന്ന്യാസിനിമാർ ആയുധധാരികളായവരോട് നടത്തിയ സ്നേഹസംഭാഷണം ആ കഠിനമനസ്സുകളെ മറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചു. ദൈവം ഇടപെട്ട, സ്നേഹം വിജയിച്ച ആ നിമിഷത്തെ ഓർത്തെടുക്കുകയാണ് പുവർ ക്ലെയർ മിഷനറി സന്ന്യാസിനിമാർ.

സന്തോഷങ്ങൾ ഭീതിയായി മാറിയ നിമിഷം!

സിയറ ലിയോണിലെ ഒരു ഗ്രാമത്തിൽ പാവപ്പെട്ട രോഗികളെ ശുശ്രൂഷിക്കുന്നതിനായി പുവർ ക്ലെയർ മിഷനറി സന്ന്യാസിനിമാർ (Poor Clare Missionaries of the Blessed Sacrament) പ്രവർത്തിച്ചിരുന്നു. 1993 ഡിസംബർ 23-നായിരുന്നു ആ ഭീകര സംഭവം. ക്രിസ്മസ് ആഘോഷങ്ങളുടെ സന്തോഷത്തിനിടയിലാണ് പെട്ടെന്ന് വിമതർ അവരുടെ കോൺവെന്റിലേക്കും ക്ലിനിക്കിലേക്കും ഇരച്ചെത്തിയത്. “ഞങ്ങൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പെട്ടെന്ന് ബഹളം കേട്ടപ്പോൾ ആളുകൾ പറഞ്ഞു, ‘വിമതർ വരുന്നുണ്ട്!’ പിന്നെ ഞങ്ങളുടെ നീക്കങ്ങൾ പെട്ടന്നായിരുന്നു.” സന്ന്യാസിനിമാരിൽ ഒരാളായ സിസ്റ്റർ മരിയ സോളഡാഡ് ഓർക്കുന്നു.

അപകടസാധ്യത മുന്നിൽക്കണ്ട് സുപ്പീരിയർ ജനറൽ നൽകിയിരുന്ന നിർദേശങ്ങൾ നടപ്പിലാക്കാനാണ് സന്ന്യാസിനിമാർ ആദ്യം ശ്രമിച്ചത്. ഒരു സിസ്റ്റർ അൾത്താരയിൽ ബാക്കിയുണ്ടായിരുന്ന വിശുദ്ധ കുർബാന ഉൾക്കൊണ്ടു, മറ്റൊരാൾ ക്ലിനിക്കിലെ രേഖകൾ എടുത്തു, മറ്റൊരു സിസ്റ്റർ റേഡിയോയും അവസാനത്തെയാൾ ട്രക്ക് എടുക്കാൻ ആവശ്യമായ പെട്രോളും എടുത്തുവച്ചു. തങ്ങളുടെ ജീവന് എന്തു സംഭവിച്ചാലും അത് ദൈവത്തിന്റെ പദ്ധതിക്ക് വിട്ടുകൊടുക്കാൻ തയ്യാറായി അവർ നിന്നു.

മരണത്തെ മുന്നിൽ കണ്ട നിമിഷവും ദൈവസ്നേഹം പകർന്ന സന്ന്യാസിനിമാരും

വിമതർ വാതിൽ തകർത്ത് അകത്തേക്ക് പ്രവേശിക്കുകയും തോക്കുചൂണ്ടി എല്ലാവരും പുറത്തേക്കിറങ്ങാൻ ആക്രോശിക്കുകയും ചെയ്തു. കയ്യിൽ കരുതിയ ചെറിയൊരു ബാഗും മരുന്നുകളും മാത്രമായി അവർ പുറത്തിറങ്ങി. മണിക്കൂറുകളോളം കാടും മേടും താണ്ടി വിമതർ അവരെ ഒരു വിദ്യാലയത്തിലേക്ക് കൊണ്ടുപോയി. ആ ഭീതിപ്പെടുത്തുന്ന സാഹചര്യത്തിലും വിശ്വാസം കൈവിടാൻ ആ സന്ന്യാസിനിമാർ തയ്യാറായില്ല. കൂട്ടത്തിലൊരാൾ ജപമാല ചൊല്ലാൻ അനുവാദം ചോദിക്കുകയും, അത് പിന്നീട് അവിടെയുണ്ടായിരുന്നവരെയും ആശ്വസിപ്പിക്കുന്ന ഒരു പ്രാർഥനയായി മാറുകയും ചെയ്തു.

“ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത് നിങ്ങളുടെ ജനങ്ങളെ സഹായിക്കാനാണ്. ഞങ്ങളുടെ കുടുംബത്തെയും നാടിനെയും ഭാഷയെയും എല്ലാം ഉപേക്ഷിച്ച് ഞങ്ങൾ ഇവിടെ എത്തിയത് നിങ്ങളെ സഹായിക്കാൻ മാത്രമാണ്”- നടത്തത്തിനിടയിൽ സിസ്റ്റർ മരിയ സോളഡാഡ് തങ്ങളുടെ ദൗത്യത്തെക്കുറിച്ച് വിമതരോട് തുറന്നുപറഞ്ഞു.

തന്റെ കൈയിലുണ്ടായിരുന്ന മിഷൻ സ്ഥാപകയുടെ ചെറിയൊരു മെഡൽ ഒരു വിമതന്റെ കയ്യിൽ കൊടുത്തുകൊണ്ട് സിസ്റ്റർ പറഞ്ഞു: “നിങ്ങൾക്ക് എന്ത് പ്രശ്നമുണ്ടായാലും ഈ വിശുദ്ധയോട് സഹായം ചോദിക്കുക, അവൾ നിങ്ങളെ സംരക്ഷിക്കും.” അദ്ഭുതമെന്നു പറയട്ടെ, ആ വാക്കുകളും ആ സന്ന്യാസിനിമാരുടെ നിർഭയത്വവും ആ മനുഷ്യന്റെ ഭാവം പെട്ടെന്ന് മാറ്റിക്കളഞ്ഞു. അയാൾ മറ്റ് വിമതരോട് പറഞ്ഞു: “എല്ലാവരും പുറത്തിറങ്ങൂ, നമ്മൾ തിരികെ പോകുന്നു!” അങ്ങനെ അദ്ഭുതകരമായി അവർ ആപത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.

ഈ സംഭവം സന്ന്യാസിനിമാർക്കും ഒപ്പം ഉണ്ടായിരുന്നവർക്കും വലിയ ഒരു അനുഭവമായിരുന്നു. ഇന്നും വർഷങ്ങൾ കഴിഞ്ഞിട്ടും ആ നിമിഷത്തെ ഓർത്ത് ഈ സന്ന്യാസിനിമാർ ദൈവത്തിനു നന്ദി പറയും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.