കർദിനാൾ പൗലോ റോമിയോ അന്തരിച്ചു; അനുശോചനമറിയിച്ച് ലെയോ പാപ്പ

പലെർമോയിൽ വിശ്രമജീവിതം നയിച്ചിരുന്ന മുൻ ആർച്ച്ബിഷപ്പും റോമിലെ ‘സാന്താ മരിയ ഓഡിഗിത്രിയാ ഡെയ് സിസിലിയാനി’ ദൈവാലയത്തിന്റെ മുൻ തലവനുമായിരുന്ന കർദിനാൾ പൗലോ റോമിയോ (88) അന്തരിച്ചു. ദീർഘകാലമായി രോഗബാധിതനായിരുന്ന കർദിനാൾ, ഞായറാഴ്ച രാവിലെ കറ്റാനിയയിലെ സാൻ മാർക്കോ ആശുപത്രിയിൽ വച്ചാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് ലെയോ പതിനാലാമൻ പാപ്പ അനുശോചന സന്ദേശം അയച്ചു.

“സുവിശേഷത്തെയും തിരുസഭയെയും ഉദാരമായി സേവിച്ച പ്രിയ സഹോദരനായിരുന്നു അദ്ദേഹം” എന്ന് ലെയോ പതിനാലാമൻ മാർപാപ്പ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി. അസിറെയാലെയിലെ ബിഷപ്പ് അന്തോണിനോ റാസ്പാന്റിക്ക് അയച്ച അനുശോചന സന്ദേശത്തിലാണ് മാർപാപ്പ, അന്തരിച്ച കർദിനാളിനെ അനുസ്മരിച്ചത്.

അസിറെയാലെ സ്വദേശിയായ കർദിനാൾ പൗലോ റോമിയോയെ 2010 ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയാണ് കർദിനാളായി ഉയർത്തിയത്. കർദിനാൾ റോമിയോയുടെ സംസ്കാരചടങ്ങുകൾ ഒക്ടോബർ 28 ന് രാവിലെ അസിറീയലെയിലെ കത്തീഡ്രൽ ബസിലിക്കയിൽ നടക്കും.

മാർപാപ്പ തന്റെ അനുശോചന സന്ദേശത്തിൽ, അന്തരിച്ച കർദിനാളിന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന എല്ലാ വിശ്വാസികളുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ ആത്മാർഥമായി പങ്കുചേരുന്നതായി അറിയിച്ചു. കർദിനാൾ റോമിയോയുടെ സമർപ്പിത സേവനങ്ങളെ ലെയോ മാർപാപ്പ നന്ദിയോടെ അനുസ്മരിച്ചു. ആദ്യകാലത്ത് അസിറീയലെ രൂപതയിലെ വൈദികനായും, തുടർന്ന് പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്ര വിഭാഗത്തിൽ പ്രത്യേകിച്ച് ഹെയ്തി, കൊളംബിയ, കാനഡ, ഇറ്റലി, സാൻ മരീനോ എന്നിവിടങ്ങളിൽ മാർപാപ്പയുടെ പ്രതിനിധിയായും ഒടുവിൽ പാലെർമോയുടെ ആർച്ച്ബിഷപ്പായും അദ്ദേഹം നിർവഹിച്ച സേവനങ്ങളെ പാപ്പ പ്രശംസിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.