ശബ്ദമില്ലാത്തവരുടെ പ്രിയപ്പെട്ട പ്രിയേഷച്ചൻ: ബധിരർക്കായി ജീവിതം മാറ്റിവച്ച വേറിട്ടൊരു വൈദികൻ!

സി. സൗമ്യ DSHJ

ശബ്ദമില്ലാത്ത ലോകത്ത് കഴിയുന്നവർക്ക് കൂദാശകളുടെ മധുരവും ദൈവവചനത്തിന്റെ ആശ്വാസവും എത്തിച്ചുനൽകുന്ന വേറിട്ടൊരു വൈദികൻ – ഫാ. പ്രിയേഷ് കളരിമുറിയിൽ! തലശ്ശേരി അതിരൂപതയിലെ ഭിന്നശേഷി ശുശ്രൂഷയ്ക്ക് പുതുജീവൻ നൽകിയ വ്യക്തിയാണ് കണ്ണിവയൽ സ്വദേശിയായ ഫാ. പ്രിയേഷ്. ബധിരരായ ആളുകളിലേക്ക്‌ ഇറങ്ങിച്ചെല്ലാൻ, അവർക്ക്  ദൈവവചനത്തിന്റെ മാധുര്യം പകരാൻ ആംഗ്യഭാഷ പഠിക്കുകയും ചെയ്തിട്ടുണ്ട് ഈ വൈദികൻ. ശബ്ദമില്ലാത്തവരുടെ ലോകത്തിൽ സുവിശേഷമൂല്യങ്ങളുടെ സുഗന്ധം പരത്തുന്ന ഫാ. പ്രിയേഷിന്റെ പ്രവർത്തങ്ങളിലൂടെ നമുക്കും ഒന്ന് കടന്നുപോകാം.

മാതാപിതാക്കളുടെ കൈപിടിച്ച് ദൈവാലയങ്ങളിലെത്തുന്ന മനുഷ്യർക്കിടയിൽ, കേൾവിയുടെയും സംസാരത്തിന്റെയും പരിമിതികൾ മൂലം പ്രാർഥനകളിൽ പങ്കുചേരാൻ കഴിയാതെ നിശ്ശബ്ദരായി മടങ്ങുന്ന ഒരുകൂട്ടം മനുഷ്യർ ഉണ്ടായിരുന്നു. തങ്ങളുടെ പാപങ്ങൾ കുമ്പസാരിക്കാനോ, തിരുവചനം മനസ്സിലാക്കാനോ കഴിയാതെപോയ ബധിരരായ ആ മനുഷ്യരിലേക്ക് സ്നേഹത്തിന്റെ ആംഗ്യഭാഷയുമായി കടന്നുചെല്ലുകയാണ് ഫാ. പ്രിയേഷ്. പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പാസ്റ്ററൽ സെന്റർ കേന്ദ്രീകരിച്ച് കഴിഞ്ഞ മൂന്നു വർഷമായി പ്രവർത്തിക്കുന്ന ഈ വൈദികൻ, ഇന്ന് ഇന്ത്യയിലുടനീളമുള്ള ബധിര സമൂഹത്തിന് വഴികാട്ടിയും ആശ്വാസവുമാണ്.

ബാല്യത്തിൽ ദൈവം ഒരുക്കിയ ‘അനുഭവം’

പ്രിയേഷ് അച്ചന്റെ ഈ ദൗത്യത്തിനു പിന്നിൽ തികച്ചും വ്യക്തിപരമായ ഒരു ബാല്യകാല അനുഭവമുണ്ട്. ചെറുപ്പത്തിൽ അമ്മവീട്ടിൽ താമസിച്ച് പഠിച്ചിരുന്ന സമയം. അമ്മയുടെ അനുജനായ കുട്ടിച്ചൻ അങ്കിൾ കേൾവിപരമായ വൈകല്യമുള്ള ആളായിരുന്നു. അന്ന് അങ്കിളുമായി ആശയവിനിമയം നടത്താൻ കഴിയാതെ ബുദ്ധിമുട്ടിയ നിമിഷങ്ങളാണ് ഇപ്രകാരം ബുദ്ധിമുട്ടുന്ന ആളുകളിലേക്ക്‌ ഇറങ്ങിച്ചെല്ലാൻ പ്രിയേഷ് അച്ചനെ പ്രേരിപ്പിച്ച ആദ്യത്തെ സംഭവം. അന്നുമുതൽ ബധിരരായ ആളുകളുടെ സങ്കടം മനസ്സിലാക്കിയ അച്ചൻ അവർക്കായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു.

പിന്നീട് 2001 ൽ കോട്ടയം വടവാതൂർ സെമിനാരിയിൽ ഫിലോസഫിയും തിയോളജിയും പഠിക്കുന്ന കാലത്താണ് വീണ്ടും ഈ ആഗ്രഹം അച്ചനിൽ ദൃഢമാകുന്നത്. പൗരോഹിത്യ സ്വീകരണത്തിനു ശേഷം ആംഗ്യഭാഷ പഠിച്ച്, ശബ്ദമില്ലാത്ത ഈ മനുഷ്യർക്കായി തന്റെ ജീവിതം മാറ്റിവയ്ക്കണമെന്ന തന്റെ ദൗത്യത്തിന് അന്നത്തെ റെക്ടർ അച്ചൻ നൽകിയ പ്രോത്സാഹനം വളരെ വലുതായിരുന്നു എന്ന് പ്രിയേഷച്ചൻ ഓർക്കുന്നു.

ഇടവകകളിൽ നിന്ന് പ്രത്യേക മിഷനിലേക്ക്!

2003 ഡിസംബർ 31 നായിരുന്നു പൗരോഹിത്യ സ്വീകരണം. തുടർന്ന് പത്തുവർഷത്തോളം ഇടവകകളിൽ സേവനമനുഷ്ഠിച്ചെങ്കിലും, ഉള്ളിലെ ആഗ്രഹം ഒരു ഭാരമായി മനസ്സിൽ തുടരുന്നുണ്ടായിരുന്നു. ഒടുവിൽ അന്നത്തെ തലശ്ശേരി രൂപതാ അധ്യക്ഷൻ മാർ ജോർജ് വലിയമറ്റം പിതാവിനോട് കാര്യം പറഞ്ഞു. പിതാവ് ഇതിനെക്കുറിച്ച് പഠിക്കാനും അന്വേഷിക്കാനുമുള്ള അനുവാദം നൽകി.

തുടർന്ന് രണ്ടുവർഷം കല്യാൺ രൂപതയിൽ സേവനം ചെയ്തുകൊണ്ട് അച്ചൻ ആംഗ്യഭാഷാ പഠനം പൂർത്തിയാക്കി. മുംബൈയിലെ ബധിര കത്തോലിക്കാ സമൂഹത്തിൽ കൂദാശകൾ പരികർമ്മം ചെയ്യാനും അവർക്കായി ധ്യാനങ്ങൾ നയിക്കാനും ഇക്കാലയളവിൽ അച്ചന് സാധിച്ചു.

2016 ൽ തലശ്ശേരി അതിരൂപതയിൽ തിരിച്ചെത്തിയ ഫാ . പ്രിയേഷ്, മാർ ജോർജ് ഞരളക്കാട്ട് പിതാവിന്റെ അനുവാദത്തോടെ ‘ആലക്കോട് ബധിര ബൈബിൾ കൂട്ടായ്മ’യിലൂടെ പ്രവർത്തനം വിപുലമാക്കി. ഇതേവർഷം സെപ്റ്റംബറിൽ ‘മദർ ഹോമിൽ’ വച്ച് കേരളത്തിലെ ബധിര സമൂഹത്തിനായി സംഘടിപ്പിച്ച മൂന്നു ദിവസത്തെ ധ്യാനം വലിയൊരു വഴിത്തിരിവായി. മാതൃഭാഷയായ ആംഗ്യഭാഷയിൽ ആദ്യമായി കുമ്പസാരിക്കാനും, പത്തു കൽപനകളെക്കുറിച്ചും നന്മതിന്മകളെക്കുറിച്ചും സ്വന്തം ഭാഷയിൽ മനസ്സിലാക്കാനും സാധിച്ചപ്പോൾ പലരും കണ്ണീരോടെയാണ് ദൈവത്തിന് നന്ദി പറഞ്ഞത്.

‘ആദം മിനിസ്ട്രി’യുടെ പിറവി

അതിരൂപതയുടെ ഔദ്യോഗിക പ്രസ്ഥാനമായി ഈ മിഷൻ വളർത്തണമെന്ന ആഗ്രഹത്തോടെ 2017 സെപ്റ്റംബർ 17 ന് ‘ആദം മിനിസ്ട്രി’ (ADAM – Accompanying Differently-abled and Awakening Mission) ഔദ്യോഗികമായി ആരംഭിച്ചു. അക്കാലത്ത് സീറോമലബാർ സഭയിൽ മറ്റ് രൂപതകളിലൊന്നും ഇത്തരമൊരു സംരംഭം ഉണ്ടായിരുന്നില്ല. പിന്നീട് ബാംഗ്ലൂർ അതിരൂപതയുമായി ചേർന്ന് മാസത്തിലെ രണ്ടാം ഞായറാഴ്ചകളിൽ ആംഗ്യഭാഷയിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ തുടങ്ങി. കേരളത്തിനകത്തും പുറത്തും നിരവധി ഇടങ്ങളിൽ ഇത്തരമൊരു കൂട്ടായ്മ രൂപീകരിക്കാൻ ദൈവകൃപയാൽ പ്രിയേഷ് അച്ചന് സാധിച്ചു.

കെസിബിസി (KCBC) ഫാമിലി അപ്പസ്തോലേറ്റിന്റെ സഹകരണത്തോടെ, ആംഗ്യഭാഷയിൽ മാര്യേജ് ഗൈഡൻസ് കോഴ്സും പ്രത്യേക മാര്യേജ് ബ്യൂറോയും ആരംഭിച്ചു. ചരിത്രത്തിലാദ്യമായി ലോഗോസ് ക്വിസ് മത്സരത്തിൽ ബധിരരും മൂകരുമായ ആളുകൾക്ക് പങ്കാളിത്തം ഉറപ്പാക്കിയതും ഈ മിഷന്റെ വലിയൊരു നേട്ടമാണ്.

വിശാലമായ സേവനമേഖല

നിലവിൽ, മാർ ജോസഫ് പാംപ്ലാനി പിതാവിന്റെ പൂർണ്ണപിന്തുണയോടെ ‘അക്കമ്പനി ഡിഫറന്റ്ലി ഏബിൾഡ് ആൻഡ് എവേക്കണിങ് മിഷൻ’ (Accompanying Differently-abled and Awakening Mission) എന്ന പേരിൽ അതിരൂപതയിലെ മുഴുവൻ ഭിന്നശേഷിക്കാരുടെയും ചുമതലക്കാരനായി അച്ചൻ പ്രവർത്തിക്കുന്നു. കൂടാതെ, അതിരൂപതയിലെ ഒൻപത് എംആർ (MR) സ്കൂളുകളുടെ ഭാഗമായും അച്ചനുണ്ട്.

‘ബെദ്സയ്ദ മീറ്റ്’ എന്നപേരിലുള്ള സംഗമത്തിൽ ഓരോ ഫൊറോനയിലെയും മുഴുവൻ ഭിന്നശേഷിക്കാരെയും ഒന്നിപ്പിച്ച് കൂദാശകളും കൗൺസലിംഗും നൽകിവരുന്നു. കൂടാതെ അവർക്കായി സാംസ്കാരിക പരിപാടികളും നടത്തുന്നു.

ആർച്ച്ബിഷപ്പിന്റെ സാന്നിധ്യവും ആശീർവാദവും ഇവർക്ക് വലിയ പ്രത്യാശ നൽകുന്നു. അതോടൊപ്പം ഗവൺമെന്റ് പ്രോഗ്രാമുകൾക്കും കോടതി നടപടികൾക്കും ആവശ്യമായ ആംഗ്യഭാഷാ വ്യാഖ്യാനവും (Interpretation) നൽകുന്നു. ദൂരദേശങ്ങളിലുള്ളവർക്കായി ഓൺലൈൻ ഇന്റർപ്രെട്ടേഷൻ സേവനവും അതുകൂടാതെ, ഭിന്നശേഷിക്കാർക്കായി എല്ലാ വർഷവും പ്രത്യേക തീർഥാടനങ്ങളും സംഘടിപ്പിക്കുന്നു.

ഗുഡ് ഷെപ്പേർഡ് പാസ്റ്ററൽ സെന്ററിൽ കൗൺസലിംഗ് സെന്ററും പ്രോഗ്രാമുകൾ ഷൂട്ട് ചെയ്യാനുള്ള സ്റ്റുഡിയോ സൗകര്യങ്ങളും ഇപ്പോൾ ലഭ്യമാണ്. അനുജൻ ഫാ. പ്രിൻസ് കളരിമുറിയിൽ MCBS, ജർമ്മനിയിൽ ശുശ്രൂഷ ചെയ്യുന്നു. ഭാരതമൊട്ടാകെയുള്ള നിശ്ശബ്ദരുടെ ലോകത്ത് പ്രകാശമായി മാറുകയാണ് ഫാ. പ്രിയേഷ്. ശബ്ദമില്ലാത്തവരുടെ ലോകത്ത് കഴിയുന്ന ഓരോ മനുഷ്യനിലേക്കും സ്നേഹത്തിന്റെ പുതിയ ഭാഷയുമായി ഈ വൈദികൻ തന്റെ യാത്ര തുടരുകയാണ്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.