‘മുമ്പ് വിശ്വാസം ഇല്ലാത്ത നാമമാത്രമായ കത്തോലിക്കൻ ആയിരുന്നു ഞാൻ’ – ദൈവീക ഇടപെടലിന്റെ വ്യത്യസ്ത വഴികളെ വെളിപ്പെടുത്തി ഒരു വൈദികൻ

“ഞാൻ ഒരു സെമി-പ്രൊഫഷണൽ അത്‌ലറ്റായിരുന്നു, എനിക്ക് ഒരു കാമുകി ഉണ്ടായിരുന്നു. എനിക്ക് 33 വയസ്സുള്ളപ്പോൾ, ദൈവം എൻ്റെ ജീവിതത്തിലേക്ക് കടന്നു വന്നു. അവിടുത്തേയ്ക്കായി ഒരു പുരോഹിതൻ ആകുവാൻ ആഗ്രഹിക്കുന്നു എന്ന് വെളിപ്പെടുത്തി. എന്റെ ജീവിതത്തിൽ മാറ്റം അവിടെ തുടങ്ങുകയായിരുന്നു”- നാൽപ്പത്തിനാലുകാരനായ ഡൊമിനിക് കോട്ടൂറിയർ എന്ന വൈദികന്റെ ഇത് പറയുമ്പോൾ അദ്ദേഹത്തിൻറെ കൈകളിൽ വെൽഡിങ് ഉപകരണങ്ങൾ ഉണ്ടായിരുന്നു. ചുറ്റും ഹാർമൽ ട്രേഡ്സ് അക്കാദമിയിലെ വിദ്യാർത്ഥികളും. മിഷിഗണിലെ (യുണൈറ്റഡ് സ്റ്റേറ്റ്സ്) ഗ്രാൻഡ് റാപ്പിഡിലുള്ള ഹാർമൽ ട്രേഡ്സ് അക്കാദമിയിലെ ചാപ്ലിനും വെൽഡിംഗ് ഇൻസ്ട്രക്ടറുമായി ശുശ്രൂഷ ചെയ്യുന്ന ഫാ. ഡൊമിനിക് കോട്ടൂറിയരുടെ ജീവിതത്തിൽ ദൈവം ഇടപെട്ടതും പൗരോഹിത്യത്തിലേയ്ക്ക് വിളിച്ചതും അപ്രതീക്ഷിതമായിരുന്നു. ദൈവീക ഇടപെടലിന്റെ ആ നിമിഷങ്ങളെ അദ്ദേഹം പങ്കുവയ്ക്കുകയാണ്…

“ഞാൻ ഒരു പുരോഹിതനായിട്ട് നാല് വർഷമേ ആയിട്ടുള്ളൂ. ബിസിനസിനെക്കുറിച്ചും ലോഹ നിർമ്മാണത്തെക്കുറിച്ചും എനിക്ക് ധാരാളം കാര്യങ്ങൾ അറിയാം, പക്ഷേ ആത്മാക്കളുടെ ഒരു വിശുദ്ധ ഇടയനാകാൻ ഞാൻ ഇപ്പോഴും പ്രവർത്തിക്കുന്നു” ഫാ. കോട്ടൂറിയർ പറയുന്നു. കുടുംബപരമായി ബിസിനസുകാരായിരുന്നു ഈ വൈദികന്റെ വീട്ടുകാർ. 1967-ൽ ആരംഭിച്ച അയൺ ക്രാഫ്റ്റ് ഇൻഡസ്റ്ററി ആയിരുന്നു കുടുംബത്തിന്റെ പ്രധാന ബിസിനസ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഫാ. ഡൊമിനിക് കോട്ടൂറിയരുടെ മുത്തച്ഛൻ ആരംഭിച്ചതാണ് ഇത്. കുട്ടിക്കാലം മുതൽ ഈ ബിസിനസിൽ സഹായിക്കുവാൻ അദ്ദേഹവും കൂടുമായിരുന്നു.

പഠനശേഷം 28-ാം വയസ്സിൽ അദ്ദേഹം ഡയറക്ടർ ബോർഡിൽ അംഗമായി. എസ്റ്റിമേറ്റും ഫിനാൻസും ഉൾപ്പെടെയുള്ള ജോലിക്കാരെ നോക്കാനും തന്ത്രപരമായ മാനേജ്‌മെൻ്റിലൂടെ നയിക്കാനും ഈ കാലയളവിൽ ഫാദർ കോട്ടൂറിയർ പഠിച്ചിരുന്നു. ബിസിനസിൽ കൂടുതൽ പ്രവർത്തിച്ചു തുടങ്ങുന്ന സമയത്ത് വിശ്വാസം അത്ര കാര്യമായി ഉണ്ടായിരുന്നില്ല. കൗമാരത്തിൽ ദൈവത്തിൽനിന്നും അകലാൻ തുടങ്ങിയ കോട്ടൂറിയർ ബിസിനസിന്റെ ഭാഗമായി ജീവിതം തുടരുന്നതിന് ഇടയിലാണ് തന്റെ കത്തോലിക്കാ വിശ്വാസം കൂടുതൽ സജീവമാക്കുന്നതിനെ കുറിച്ചു ചിന്തിക്കുന്നത് പോലും. അപ്പോഴും ദൈവം എന്നൊരാൾ ഉണ്ട് എന്നല്ലാതെ കൂടുതൽ കാര്യങ്ങളിലേക്കും ആഴമായ അനുഭവങ്ങളിലേയ്ക്കും അദ്ദേഹം എത്തിയിരുന്നില്ല. അതിനിടയിൽ സ്പോർട്സിലേയ്ക്കും സ്കീയിങ്ങിലേയ്ക്കും ഒക്കെ ഈ യുവാവിന്റെ ശ്രദ്ധ തിരിഞ്ഞു എങ്കിലും അവിടെയൊന്നും ആനന്ദം കണ്ടെത്തുവാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

ഇടയ്ക്ക് അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസ്, കുർബാനയെക്കുറിച്ച് എഴുതിയ ഒരു പുസ്തകം വായിക്കുവാൻ ഇടയായി. ആ പുസ്തകം അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിച്ചു. അവിടെ നിന്നും ജീവിതത്തിൽ കൂടുതൽ മാറ്റങ്ങൾ കൊണ്ടുവരുവാനും വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാനും അദ്ദേഹം ആരംഭിച്ചു. ആ സമയത്തും ഒരു പുരോഹിതനായി തീരുവാനാണ് ദൈവം തന്നെ വിളിക്കുന്നതെന്ന് അദ്ദേഹത്തിന് മനസിലാക്കുവാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ദൈവം അദ്ദേഹത്തിന് തന്റെ വിളിയെ കുറിച്ച് ഒരു സ്വപ്നത്തിലൂടെ വെളിപ്പെടുത്തൽ നൽകി. ആ സ്വപ്നം ഇപ്രകാരം ആയിരുന്നു: സ്വപ്നത്തിൽ ഫാ. ഡൊമിനിക് കോട്ടൂറിയരും ജോൺ പോൾ രണ്ടാമനും ഒരു ഇറ്റാലിയൻ റെസ്റ്റോറൻ്റിലായിരുന്നു. മാർപ്പാപ്പ അദ്ദേഹത്തോട് പറയുന്നു “എനിക്ക് വിശക്കുന്നു”. അതിനു മറുപടിയായി കോട്ടൂറിയർ തനിക്കും വിശക്കുന്നു എന്ന് പറഞ്ഞു. എന്നാൽ ആ സ്വപ്നത്തിൽ മാർപാപ്പാ കോട്ടൂറിയരോട് പിന്നെ പറഞ്ഞത് ‘പോയി ജനങ്ങൾക്ക് ഭക്ഷണം നൽകുക’ എന്നായിരുന്നു.

ഈ സ്വപ്നത്തെകുറിച്ചു ആഴത്തിൽ വിചിന്തനം ചെയ്ത അദ്ദേഹത്തിന് പൗരോഹിത്യത്തിലേയ്ക്ക് തന്നെ ക്ഷണിക്കുന്നതാണ് ആ സ്വപ്നം എന്ന് മനസിലാക്കുവാൻ സാധിച്ചു. ദൈവത്തിനു തന്നെ കുറിച്ചുള്ള പദ്ധതി മനസിലാക്കിയ കോട്ടൂറിയർ തിരികെ എത്തി താൻ പണിതുകൊണ്ടിരുന്ന വീട് വിൽക്കുവാനും കാമുകിയുമായുള്ള ബന്ധം അവസാനിപ്പിക്കുവാനും കുടുംബ ബിസിനസിൽ നിന്നും ഒഴിയുവാനും തീരുമാനിച്ചു. അൽപ്പം വേദനാജനകം ആയിരുന്നു എങ്കിലും ദൈവത്തിന്റെ ക്ഷണത്തെ പ്രതി അദ്ദേഹം അതിനെയെല്ലാം അതിജീവിച്ചു സെമിനാരിയുടെ പടികൾ ചവിട്ടി.

സെമിനാരിയിൽ ഡീക്കൻ പട്ടം കിട്ടുന്നതിന് ഏതാനും നാൾ മുൻപ് 2018-ൽ തുടങ്ങാൻ പോകുന്ന ഹാർമൽ അക്കാദമിയെക്കുറിച്ച് അദ്ദേഹം കേട്ടു. അത് കത്തോലിക്കാ വിശ്വാസത്തിൽ അധിഷ്ഠിതമായ ഒന്നായിരിക്കും എന്ന് അദ്ദേഹം അറിഞ്ഞു. അത് അദ്ദേഹത്തെ ആകർഷിച്ചു. പഠിപ്പിക്കുന്നത് ഇഷ്ടമായിരുന്ന അദ്ദേഹം അതിന്റെ സ്‌ഥാപകരുമായി ബന്ധപ്പെട്ടു. ഗ്രാൻഡ് റാപ്പിഡ്‌സിൻ്റെ ബിഷപ്പ്, ബിഷപ്പ് ഡേവിഡ് വാൽക്കോവിയാക് അദ്ദേഹത്തിന് അവിടെ പഠിപ്പിക്കുവാൻ അനുവാദം നൽകുകയും ചെയ്തു.

അങ്ങനെ അദ്ദേഹം ഹാർമൽ അക്കാദമിയിൽ പഠിപ്പിക്കുവാൻ ആരംഭിച്ചു. കരകൗശല വിദ്യകൾ പരിശീലിപ്പിക്കുന്നതിനും കത്തോലിക്കാ ആദർശങ്ങളിൽ തൻ്റെ സമപ്രായക്കാരെ പരിശീലിപ്പിക്കുന്നതിനുമുള്ള ഒരു അദ്വിതീയ അവസരം ഹാർമൽ അക്കാദമിയുടെ അദ്ദേഹത്തിന് ലഭിക്കുകയായിരുന്നു. പഠിപ്പിക്കലിനും പഠനത്തിനും ഒക്കെ ഇടയിൽ 2020 ൽ ഫാ. ഡൊമിനിക് കോട്ടൂറിയർ വൈദികനായി അഭിഷിക്തനായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.