കീർത്തനങ്ങളിലൂടെ സുവിശേഷം രചിക്കുന്ന സന്യാസിനി

മരിയ ജോസ്

സദസ്സിനെ ധ്യാനാത്മകമാക്കി കീർത്തനങ്ങൾ ഉയരുകയാണ്. ശ്രോതാക്കളുടെ മനസ്സുകൾ ആസ്വാദനത്തിനുമപ്പുറം നിൽക്കുന്ന ധ്യാനാത്മകമായ ഒരു അനുഭൂതിയിലേക്ക് ഉയർന്നുപറന്നു. പലരുടെയും കണ്ണുകൾ ആ സംഗീതത്തിൽ ലയിച്ച് താനെ അടഞ്ഞു. മറ്റുചിലർ സംഗീതമയമായ ആ ലോകത്തിൽ വിരലുകൾ ചലിപ്പിച്ച് അലിഞ്ഞുചേർന്നു. ക്രിസ്ത്യൻ ക്ലാസ്സിക്കൽ ഗാനങ്ങൾ അധികം കേട്ടുകേൾവിയില്ലാത്ത ആളുകൾക്കിടയിൽ, സ്വർഗസ്തുതികളുടെ അനുഭവംപകർന്ന് ഒരു പ്രാർഥനപോലെ ഒഴുകിയിറങ്ങിയ ആ അനുഗ്രഹീതശബ്ദത്തിനു പിന്നിൽ സി. റിൻസി അൽഫോൻസ് എസ്.ഡി. എന്ന സന്യാസിനി ആയിരുന്നു.

പാട്ടിനെ സ്വപ്നംകാണാതെ, നെഞ്ചോടുചേർക്കാതെ ഒരുപാട് പേർക്ക് നന്മചെയ്യണമെന്ന വലിയ ആഗ്രഹത്തോടെ സന്യാസത്തിലേക്കു കടന്നുവന്ന വ്യക്തിയാണ് സി. റിൻസി അൽഫോൻസ്. സംഗീതത്തിന്റെ മേഖലയിൽ ദൈവം അനുദിനം വളർത്തുമ്പോഴും സന്യാസം പകരുന്ന സേവനത്തിന്റെ വിശാലതയിൽമാത്രം മനസ്സും ശരീരവുമർപ്പിക്കുന്ന ഈ സന്യാസിനി, തന്റെ ദൈവവിളിയെയും സംഗീതലോകത്തേക്കുള്ള കടന്നുവരവിനെയും ലൈഫ് ഡേ വായനക്കാർക്കായി പങ്കുവയ്ക്കുകയാണ്.

ശുശ്രൂഷയുടെ വിശാലതയിലൂടെ ആകർഷിക്കപ്പെട്ട സന്യാസം

ചേർത്തലയ്ക്കടുത്ത് പൂച്ചാക്കൽ പുത്തൻപുരയ്ക്കൽ അൽഫോൻസ് – അന്നമ്മ ദമ്പതികളുടെ മൂന്നുമക്കളിൽ രണ്ടാമത്തെ മകളാണ് സി. റിൻസി അൽഫോൻസ. സന്യാസം എന്ന ചിന്ത ചെറുപ്പത്തിലേ മനസ്സിലുണ്ടായിരുന്നെങ്കിലും അത്ര തീവ്രമായിരുന്നില്ല. എന്നാൽ പ്ലസ് ടുവിനു പഠിക്കുന്ന സമയം, തന്റെ ഇടവകയിൽ ശുശ്രൂഷചെയ്തിരുന്ന വൈദികനിലൂടെയാണ് ദൈവവിളിയുടെ വിത്തുകൾ ഈ പെൺകുട്ടിയുടെ മനസ്സിൽ വിതയ്ക്കപ്പെടുന്നത്.

അന്നവിടെ ശുശ്രൂഷചെയ്തിരുന്ന വികാരി, ഫാ. ജോൺസൻ വെല്ലൂരാനിലൂടെയാണ് ദൈവവിളിയിലെ ശുശ്രൂഷാമേഖലകളെക്കുറിച്ചുള്ള തിരിച്ചറിവ് സിസ്റ്ററിനു ലഭിക്കുന്നത്. അച്ചന്റെ പ്രവർത്തനങ്ങളിലെ ലാളിത്യവും പരസ്നേഹപ്രവർത്തികളും, ദൈവവിളി സ്വീകരിക്കുന്നവർക്കു ലഭിക്കുന്ന ശുശ്രൂഷയിലെ വലിയ വിശാലത ഈ പെൺകുട്ടിക്കുമുന്നിൽ വെളിപ്പെടുത്തി. അങ്ങനെ ആ വൈദികനിലൂടെ തന്റെ പദ്ധതിയുടെ ഭാഗമാകാൻ ദൈവം സി. റിൻസി അൽഫോൻസിനെ വിളിക്കുകയായിരുന്നു.

ഏവരെയും ഞെട്ടിച്ച തീരുമാനം

സന്യാസവഴി തേടുക എന്ന ആഗ്രഹം മനസ്സിൽ തീവ്രമായതിനെ തുടർന്ന് സി. റിൻസി തന്റെ ആഗ്രഹം വീട്ടിലറിയിച്ചു. എന്നാൽ പ്രതീക്ഷിച്ചതുപോലെ അനുകൂലമായ ഒരു പ്രതികരണമായിരുന്നില്ല വീട്ടിൽനിന്നും ലഭിച്ചത്. സിസ്റ്ററിന്റെ അപ്പച്ചന് വലിയ എതിർപ്പായിരുന്നു മഠത്തിൽ പോകുന്നതിനോട്. അപ്പച്ചൻ മാത്രമല്ല, മഠത്തിൽ പോകണമെന്ന റിൻസിയുടെ ആഗ്രഹംകേട്ട എല്ലാവരും ആദ്യം ഒന്ന് അന്ധാളിച്ചു. കാരണം എല്ലാ കാര്യങ്ങൾക്കും – പാട്ടിനും ഡാൻസിനുമെല്ലാം ഓടിനടക്കുന്ന, എല്ലാത്തിനും മുൻപന്തിയിൽ നിൽക്കുന്ന ഒരു പെൺകുട്ടി പെട്ടെന്ന് ഇതെല്ലാം ഉപേക്ഷിച്ച് സന്യാസത്തിലേക്കു പോകുക എന്നത് അവരെ സംബന്ധിച്ചിടത്തോളം അത്ഭുതമായിരുന്നു. എങ്കിലും വളരെ പാടുപെട്ട് മാതാപിതാക്കളുടെ സമ്മതംവാങ്ങി റിൻസി, സിസ്റ്റേഴ്സ് ഓഫ് ഡെസ്റ്റിറ്റ്യൂട്ട് എന്ന സന്യാസ സമൂഹത്തിലെത്തി; 2009 -ൽ സഭാവസ്ത്രം സ്വീകരിച്ചു.

നിയോഗംപോലെ വന്നുചേർന്ന സംഗീതം

ജീവിതത്തിൽ, മഠത്തിലെത്തുന്നതുവരെയും ശാസ്ത്രീയസംഗീതത്തെക്കുറിച്ചോ, സംഗീതസദസ്സുകളെക്കുറിച്ചോ സി. റിൻസി ചിന്തിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. പാട്ടുപാടും; പള്ളിയിൽ ക്വയറിലുമുണ്ടായിരുന്നു, കലോത്സവങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങളും നേടിയിട്ടുമുണ്ട്. അതിനപ്പുറമുള്ള സംഗീതത്തെക്കുറിച്ച് സിസ്റ്റർ ഒരിക്കലും ചിന്തിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ്, അന്നത്തെ പ്രൊവിൻഷ്യൽ സുപ്പീരിയറായിരുന്ന സി. സ്നേഹ നേരിയാംപറമ്പിൽ, സി. റിൻസിയുടെ പാട്ട് കേൾക്കാനിടയാകുന്നത്.

യുവസന്യാസിനിയുടെ ആ കഴിവിനെ വെറുതെയങ്ങ് പാഴാക്കിക്കളയാൻ അധികാരികൾ തയ്യാറായിരുന്നില്ല. അവർ സിസ്റ്ററിനെ വിളിച്ച് സംഗീതം പഠിക്കാൻ പോകുന്നോ എന്നുചോദിച്ചു. അന്നുവരെ അധികാരികളുടെ ചോദ്യങ്ങൾക്ക് മറുത്തൊന്നും പറഞ്ഞുശീലമില്ലാത്ത സി. റിൻസി ആ ചോദ്യത്തെ വിനയാന്വിതയായി ശിരസ്സാവഹിച്ചു. അങ്ങനെ റിൻസി സിസ്റ്റർ അൽഫോൻസ് തൃശൂർ എസ്.ആർ.വി മ്യൂസിക് സ്കൂളിൽ സംഗീതവിദ്യാർഥിനിയായി ചേർന്നു. അവിടെനിന്നും സംഗീതത്തിൽ ഡിപ്ലോമയും തൃപ്പൂണിത്തറ ആർ.എൽ.വി കോളജിൽനിന്ന് കർണ്ണാടകസംഗീതത്തിൽ ബിരുദവും സ്വന്തമാക്കി.

സംഗീതത്തിലൂടെ പകരുന്ന സുവിശേഷം

“ഞാൻ മറ്റേതെങ്കിലും മേഖലയിലായിരുന്നെങ്കിൽ എനിക്ക് ഈശോയെ ഇത്രയും കൊടുക്കാൻ കഴിയില്ലായിരുന്നു. ആദ്യം പഠിക്കാൻ പോകുമ്പോൾ ഉള്ളിലൊരു ബുദ്ധിമുട്ടൊക്കെ തോന്നിയിരുന്നു. കോളേജിൽ പഠിക്കുമ്പോഴും ‘എന്റെ ഈശോയേ, ഞാൻ എന്തിനാ ഇതിവിടെ പഠിക്കുന്നെ’ എന്ന് പലതവണ ഈശോയോടു ചോദിച്ചിട്ടുണ്ട് എന്ന, സിസ്റ്ററിന്റെ വാക്കുകളിൽത്തന്നെ സംഗീതത്തിന്റെ ലോകത്തിലേക്ക് കൈപിടിച്ചുനടത്തിയ ദൈവത്തോടും സഭാധികാരികളോടുമുള്ള കൃതജ്ഞത നിറഞ്ഞുനിൽക്കുന്നു.

സംഗീതപഠനത്തിന്റെ തുടക്കത്തിൽ സിസ്റ്ററിന് നല്ലരീതിയിൽ ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നിരുന്നു. സാധാരണ വീട്ടിൽനിന്നും വരുന്നതുപോലെ മഠത്തിൽനിന്നും സംഗീതം പഠിക്കാൻ പോകാൻ പറ്റില്ല. മഠത്തിൽ അവിടുത്തേതായ ധാരാളം ഉത്തരവാദിത്വങ്ങളും മറ്റുമുണ്ട്. അതിന്റെകൂടെ പ്രാക്ടീസും മുന്നോട്ടുകൊണ്ടുപോകുക എന്നത് അല്പം കഠിനമായ ഒന്നായിരുന്നു. തന്നെയുമല്ല, സംഗീതം ആദ്യമായി പഠിക്കുന്നതുതന്നെ വളരെ വൈകിയുമാണ്. അതിനാൽ നല്ലതുപോലെ പരിശീലനവും വേണം.

സംഗീതം, അത് പാടിത്തന്നെ പഠിക്കണം. ഒടുവിൽ മഠത്തിലിരുന്നു പഠിക്കാൻതന്നെ സിസ്റ്റർ തീരുമാനിച്ചു. പുലർച്ചെ മൂന്നുമണിയാകുമ്പോൾ സിസ്റ്റർ മഠത്തിലെ ഓഡിറ്റോറിയത്തിലെത്തി കീർത്തനങ്ങൾ പാടിത്തുടങ്ങും. അക്കാലയളവിൽ അതിരാവിലെ കോൺവെന്റിലെ ഓരോ മുറികളിലുമുയരുന്ന പ്രാർഥനകൾക്ക് അകമ്പടിയായി സിസ്റ്ററുടെ സംഗീതവും ഉണ്ടായിരുന്നു.

സർപ്രൈസ് ഒരുക്കി പിന്തുണ നൽകിയ സന്യാസ സമൂഹം

പഠനസമയത്ത്, ‘കർണ്ണാടിക്ക് മ്യൂസിക് പഠിച്ചിട്ട് എന്തുചെയ്യാനാ ദൈവമേ’ എന്ന് സി. റിൻസി പലപ്പോഴും ദൈവത്തോടു ചോദിച്ചിരുന്നു. എന്നാൽ അതിനൊക്കെ ദൈവം ഉത്തരംനൽകിയത് ക്രിസ്ത്യൻ ക്ലാസ്സിക്കൽ കച്ചേരി എന്ന ആശയം മനസ്സിൽ നൽകിക്കൊണ്ടാണ്. പഠനം കഴിഞ്ഞതിനുശേഷം ധാരാളം ക്രിസ്ത്യൻ ക്ലാസ്സിക്കലുകൾ  ചെയ്യാൻ അവസരം നൽകിക്കൊണ്ട് ദൈവം, പുതിയ ശുശ്രൂഷയ്ക്കായി സിസ്റ്ററിനെ ഒരുക്കുകയായിരുന്നു. അത്തരത്തിലൊരു വഴിയിലേക്ക് സിസ്റ്റർ എത്തുമ്പോൾ, ആ ഓർമ്മകളിൽ തങ്ങിനിൽക്കുന്നത് തന്റെ അരങ്ങേറ്റദിനമായിരുന്നു.

അന്ന് എസ്.ഡി സന്യാസ സമൂഹത്തിന്റെ നവതി ആഘോഷമായിരുന്നു. എന്നാൽ സി. റിൻസി അറിയാതെതന്നെ അരങ്ങേറ്റം നടത്തുന്നതിനുള്ള അവസരം അന്നത്തെ പ്രൊവിൻഷ്യൽ ആയിരുന്ന സി. മേഴ്‌സി തളിയനും കൗൺസിലേഴ്‌സുമൊക്കെ ചേർന്ന് ഒരുക്കിയിരുന്നുവെന്നത്, തനിക്ക് സന്യാസ സമൂഹം നൽകിയ പിന്തുണയുടെയും പ്രോത്സാഹനത്തിന്റെയും തെളിവായി സിസ്റ്റർ ഉയർത്തിക്കാട്ടുന്നു.

ക്രിസ്ത്യൻ ക്ലാസ്സിക്കൽ കച്ചേരികളിലേക്കുള്ള വഴി തെളിയുന്നു

2016, മാർച്ച് 19. ആ അരങ്ങേറ്റ സമയത്തിനുമുൻപ്, സിസ്റ്ററിന്റെ അധ്യാപകനായിരുന്ന ശ്രീ. സി.എം അബ്ദുൽ അസ്സീസിനോട്, ക്ലാസ്സിക്കൽ സംഗീതം ക്രിസ്തീയപശ്ചാത്തലത്തിലേക്കു മാറ്റിച്ചെയ്യുന്നതിനെക്കുറിച്ച് സന്യാസാധികാരികൾ സംസാരിച്ചിരുന്നു. അതിൻപ്രകാരം ക്രിസ്തീയവിഷയങ്ങളിൽ താല്പര്യമുണ്ടായിരുന്ന അദ്ദേഹത്തിന്റെ പിന്തുണയോടെയാണ് ക്രിസ്ത്യൻ ക്ലാസ്സിക്കൽ കച്ചേരി സെറ്റ് ചെയ്തത്. അവിടുന്ന് പിന്നീടിങ്ങോട്ട് സി. റിൻസിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ദൈവം എന്തിനാണോ ഈ യുവസന്യാസിനിയെ സംഗീതം പഠിപ്പിച്ചത്, ആ ദൗത്യം അങ്ങനെതന്നെ റിൻസി സിസ്റ്ററിനുമുന്നിൽ അനാവൃതമായി. പിന്നീട് അനേകം സദസ്സുകളിൽ കച്ചേരി അവതരിപ്പിക്കാനും അനേകയിരം ആളുകളെ ദൈവത്തിലേക്കു നയിക്കാനും ഈ സന്യാസിനിക്കായി.

“ഒരിക്കലും ഒരു കച്ചേരിയെയും ‘പെർഫോമെൻസ്’ എന്നരീതിയിൽ ഞാൻ കണ്ടിട്ടില്ല. തുടക്കം മുതൽ അവസാനംവരെ ഒരു പ്രാർഥനപോലെയാണ് ഞാൻ അവയെ കാണുന്നത്. ഒന്നര-രണ്ടു മണിക്കൂർ വരെ തുടർച്ചയായി കച്ചേരി അവതരിപ്പിക്കുക എന്നത് അത്ര നിസ്സാരമല്ല. എന്നാൽ അത്രയുംസമയം ശ്രോതാക്കൾക്ക് ക്രിസ്തുവിനെ കൊടുക്കുക എന്നത് വലിയൊരു ദൈവാനുഭവം തന്നെയാണ്” – സി. റിൻസി ലൈഫ് ഡേയോടു പറഞ്ഞു.

പ്രാർഥനയോടെയുള്ള ഒരുക്കം

ഒരിക്കലും, സമയം പാഴാക്കാനുള്ള ഒരു മാർഗമായി കച്ചേരിയെയും റെക്കോർഡിങ്ങുകളെയും ഈ സന്യാസിനി കണ്ടിട്ടില്ല. ഓരോ കച്ചേരിക്കും റെക്കോഡിങ്ങിനും മുമ്പ് സി. റിൻസി നന്നായി പ്രാർഥിച്ചൊരുങ്ങും. അതൊരു പതിവാണ്. റെക്കോർഡിങും മറ്റും കിട്ടുമ്പോൾ പാടേണ്ട പാട്ടിന്റെ ട്യൂൺ മനസ്സിൽ അധികം മനസിലേക്ക് ഏറ്റെടുക്കാറില്ല. ആ വരികളുമായി സക്രാരിക്കുമുന്നിൽ ചെന്നിരിക്കും. പ്രാർഥനയോടെ അവ ധ്യാനിക്കും. ഇത്രയധികം ഒരുക്കത്തോടെയാണ് ഈ സന്യാസിനി താൻ ഏറ്റെടുക്കുന്ന ഓരോ വർക്കിനെയും സമീപിക്കുന്നത്.

മുൻപൊക്കെ ഒരുപാട് റെക്കോർഡിങ്ങുകൾ ഏറ്റെടുത്തിരുന്നു. എന്നാൽ ധ്യാനത്തിലൂടെ ഈശോ പറഞ്ഞതനുസരിച്ച് റെക്കോർഡിങ്ങുകളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുകയാണ് സി. റിൻസി. “ഈശോ എന്നോട് അപ്രകാരം ആവശ്യപ്പെട്ടു. അതിനുപിന്നിൽ അവിടുത്തേക്ക് എന്തെങ്കിലും പദ്ധതിയുണ്ടാകും. നാളെ കൂടുതൽ ചെയ്യാൻ ദൈവം ആവശ്യപ്പെട്ടാൽ ഞാൻ ഈ തീരുമാനം മാറ്റും” – ചെറുപുഞ്ചിരിയോടെ സി. റിൻസി പറയുന്നു.

സാമൂഹമാധ്യമങ്ങളിലൂടെയുള്ള സുവിശേഷപ്രഘോഷണം

സംഗീതത്തിലൂടെ ഈശോയെ മറ്റുള്ളവർക്കു പങ്കുവച്ചുകൊടുക്കുക എന്നത് തന്റെ സുവിശേഷപ്രഘോഷണമാണെന്ന് അടിവരയിട്ടുപറയുന്ന ഈ സന്യാസിനി, സാമൂഹമാധ്യമങ്ങൾ അതിന് തന്നെ നന്നായി സഹായിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തുന്നു.

പാട്ടുകളൊക്കെ കേട്ടിട്ട് ഒരുപാട് ആളുകൾ വിളിക്കാറുണ്ട്. അവർ വിളിച്ചിട്ട് പറയുന്നത്, ആ പാട്ടുകൾ അവരുടെ കഷ്ടപ്പാടുകളിൽ ആശ്വാസമായ അനുഭവങ്ങളാണ്. ഒരിക്കൽ ഒരു ചേച്ചി, സിസ്റ്ററിനെ വിളിച്ചു. ആ ചേച്ചിയുടെ കുഞ്ഞിന് വയ്യാതിരുന്ന സമയങ്ങളിൽ അവനെ, സിസ്റ്റർ പാടിയ പാട്ടുകൾ കേൾപ്പിക്കുമായിരുന്നു. അതിലൂടെ ഏറെ ആശ്വാസം കണ്ടെത്തിയിരുന്ന ആ കുഞ്ഞിന് സിസ്റ്ററിനെ വലിയ കാര്യമായിരുന്നു. അന്ന് ആ കുഞ്ഞ്, ‘സിസ്റ്ററാന്റിയുടെ പാട്ടിലൂടെ ഞാൻ ഈശോയെ കണ്ടു’ എന്നുപറയുമ്പോൾ തന്റെ കണ്ണുകളും നിറഞ്ഞിരുന്നതായി സി. റിൻസി ഓർക്കുന്നു. “ഓരോ പ്രാവശ്യവും പാട്ടിനും കച്ചേരികൾക്കുമൊക്കെ മുൻപായി ഞാൻ ഇപ്രകാരം പ്രാർഥിക്കാറുണ്ട്, “ഈശോയേ, എന്നിലേക്ക് ആരും ആകർഷിക്കപ്പെടരുതേ; ഞാൻ ചെയ്യുന്ന പാട്ടിലുള്ള ദൈവത്തിലേക്ക് ആളുകളെ ആകർഷിക്കണമേ” എന്ന്. ആ കുഞ്ഞിന്റെ വാക്കുകൾ കേട്ടപ്പോൾ ഈ പ്രാർഥനയാണ് ഓർമ്മ വന്നത്” – സി. റിൻസി പറയുന്നു.

സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള ആളുകളുമായി സംഗീതത്തിലൂടെ സംവദിക്കാൻ കഴിയുന്നുണ്ടെന്ന് സി. റിൻസി അൽഫോൻസ് പറയുന്നു. ഇന്നത്തെ കാലത്ത് അത്രയ്ക്ക് പിടിതരുന്നവരല്ല യുവജനങ്ങൾ. എന്നാൽ, പാട്ടുപാടുന്ന ആളായതുകൊണ്ടും, തന്റെ പല പാട്ടുകളും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ആളുകൾ കണ്ടതുകൊണ്ടും എവിടെച്ചെന്നാലും തന്നെ തിരിച്ചറിഞ്ഞ് പല യുവജനങ്ങളും വന്നുസംസാരിക്കാറുണ്ട്. അവരോടൊക്കെ സംസാരിക്കുന്ന കൂട്ടത്തിൽ മറ്റു നല്ല കാര്യങ്ങളും പറഞ്ഞുകൊടുക്കാൻ കഴിയാറുണ്ട് എന്നും ഈ സന്യാസിനി ഓർക്കുന്നു.

കോമഡി ഉത്സവവേദികൾ പകർന്ന അനുഭവം

കോമഡി ഉത്സവവേദിയിൽ രണ്ടുപ്രാവശ്യം പരിപാടി അവതരിപ്പിക്കുന്നതിനായി എത്തിയിട്ടുണ്ട്. സാധാരണ, ഒരു ക്രിസ്ത്യൻ വേദിയിൽ നിൽക്കുമ്പോൾ എത്രത്തോളം ക്രിസ്തുവിനെ പ്രഘോഷിക്കാൻ കഴിയുന്നോ അതിലുംകൂടുതൽ ചെയ്യാൻ ഇത്തരം വേദികളിലൂടെ സാധിക്കുമെന്നതാണ് സിസ്റ്ററിന്റെ അനുഭവം. ഫ്‌ളവേഴ്‌സ് ചാനലിൽ പാട്ടുപാടാൻ സാധിച്ചു എന്നതിലുപരിയായി, ആ സാധ്യതയിലൂടെ അനേകം ആളുകളിലേക്ക്‌ ക്രിസ്തുവിനെ പകരാൻ പറ്റിയല്ലോ എന്ന സന്തോഷമാണ് ഈ സന്യാസിനിക്ക്.

ഇത്തരം ഫ്ലോറുകളിൽ സമർപ്പിതരായവർ എത്തുന്നതിനെ ഏറെ സന്തോഷത്തോടെയാണ് സി. റിൻസി കാണുന്നത്. മറ്റു മതസ്ഥരായ ആളുകൾ കൂടുതൽ കാണുന്ന ഈ ചാനലുകളിലൂടെ ദൈവത്തെ കൂടുതൽ പ്രഘോഷിക്കാമല്ലോ എന്ന ചിന്തയാണ് ഈ സന്തോഷത്തിനുപിന്നിലുള്ളത്. ഇതുപോലെയുള്ള വേദികളിലെല്ലാം സി. റിൻസി തിരഞ്ഞെടുക്കുന്നത് ക്രിസ്തീയഭക്തിഗാനങ്ങൾ മാത്രമാണ്. അതിനപ്പുറത്തേയ്ക്കുള്ള ഒരു സാധ്യതയെക്കുറിച്ച് ചിന്തിക്കുക പോലുമില്ല.

ആത്മസങ്കീർത്തനങ്ങൾ

ശാസ്ത്രീയസംഗീതം മാത്രമേ തനിക്കു വഴങ്ങൂ എന്നുകരുതിയിരുന്ന വ്യക്തിയായിരുന്നു സി. റിൻസി. അതിൽനിന്നൊരു മാറ്റമായിരുന്നു ആത്മസങ്കീർത്തനങ്ങൾ. ഈ മേഖലയിലുള്ള ആദ്യദൗത്യം, ബിഷപ്പ് ഡോ. തോമസ് ചക്യത്ത് രചിച്ച 14 പാട്ടുകൾക്കു സംഗീതം നൽകുക എന്നതായിരുന്നു. പിന്നീട് ആ സി.ഡിയിലെ ഏഴു പാട്ടുകളും സിസ്റ്റർതന്നെ പാടി.

സംഗീതം ദൈവശുശ്രൂഷയ്ക്കായി മാത്രം

ദൈവം തന്നെ ഏല്പിച്ച വലിയൊരു സുവിശേഷപ്രഘോഷണ ഉപാധി എന്നതിലപ്പുറം വ്യക്തിപരമായ ഒരു അടുപ്പം സിസ്റ്ററിന് സംഗീതത്തോടില്ല. സങ്കടംവന്നാൽ പാട്ടുപാടും; സന്തോഷം വന്നാലും പാട്ടുപാടും അങ്ങനെയൊന്ന് സിസ്റ്ററിന്റെ ജീവിതത്തിലില്ല. വിഷമം തോന്നുന്ന അവസരങ്ങളിൽ ആരോടെങ്കിലും പങ്കുവച്ചാൽ മാറുന്നതാണ് അതെങ്കിൽ പങ്കുവയ്ക്കും; അല്ലെങ്കിൽ ചാപ്പലിൽ പോയിരുന്നു പ്രാർഥിക്കും, അതാണ് പതിവ്. സിസ്റ്റർ വെളിപ്പെടുത്തുന്നു.

സംഗീതത്തിലൂടെ അനേകം ആളുകളെ ദൈവത്തിലേക്ക് അടുപ്പിച്ച ഈ സന്യാസിനിക്ക് ഇതൊരു സുവിശേഷപ്രഘോഷണം തന്നെയാണ്. കൂടുതൽ വേദികൾ അനുവദിക്കുമ്പോഴും അനേകം ആളുകളാൽ തിരിച്ചറിയപ്പെടുമ്പോഴും ഏറ്റവും വിനയാന്വിതയായി ദൈവഹിതത്തിനുമുന്നിൽ തലകുനിക്കുകയാണ് ഈ സന്യാസിനി.

സന്യാസം, അത് ഒരു കുടുംബത്തിന്റെ അതിരുകൾക്കപ്പുറം അനേകം ആളുകളിലേക്ക്‌ ദൈവത്തെ എത്തിക്കാനുള്ള വലിയ സേവനത്തിന്റെ ഇടമാണെന്നു വിശ്വസിക്കുന്ന ഈ സന്യാസിനി വൈക്കത്തുള്ള ലിറ്റിൽ തെരേസാസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ സംഗീതാധ്യാപികയാണ്. സംഗീതത്തിലൂടെയും കച്ചേരികളിലൂടെയും ദൈവം ഏറെ മുന്നോട്ടുനടത്തുമ്പോൾ കൃതജ്ഞതയോടെ ഈ സന്യാസിനി ഓർക്കുന്നത്, താൻ അംഗമായിരിക്കുന്ന എസ്.ഡി സന്യാസ സമൂഹത്തെയും എറണാകുളം പ്രോവിൻസിനെയും അതിന്റെ അധികാരികളെയുമാണ്.

തയ്യാറാക്കിയത്: മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.