ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ ഭ്രാന്തിയായി ചിത്രീകരിക്കപ്പെട്ട് ഒരു അമ്മ

ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ ഭ്രാന്തിയായി മുദ്ര കുത്തപ്പെടുകയും പിന്നീട് ഭ്രാന്താശുപത്രിയിൽ അടക്കപ്പെടുകയും ചെയ്ത സ്ത്രീയാണ് അവതിഫ് അബ്ദല്ല കാക്കി. 27 വയസുകാരിയായ ഈ യുവതി നാല് കുട്ടികളുടെ അമ്മയും ഇസ്ലാമിക വിശ്വാസിയുമായിരുന്നു. എന്നാൽ ക്രൈസ്തവ വിശ്വാസത്തെ അറിഞ്ഞ നിമിഷം മുതൽ അവൾ ക്രിസ്തുവിനെ തന്റെ ഹൃദയത്തിൽ സ്വീകരിച്ചു. അതിന്റെ പേരിലാണ് സത്ത സുഡാനിലെ ഒംദുർമാനിലെ ഈ അമ്മയ്ക്ക് ക്രൂരമായ പീഡനങ്ങൾ നേരിടേണ്ടിവന്നത്.

ക്രിസ്തുവിനെ സ്വീകരിക്കാൻ ഇസ്ലാം മതം ഉപേക്ഷിച്ചതിനെ തുടർന്ന് കാക്കിയെ വീട്ടിൽ ചങ്ങലയാൽ ബന്ധിച്ചിട്ടു, ഒരു മാനസികരോഗ ആശുപത്രിയിൽ വൈദ്യുതാഘാതത്തിന് വിധേയയാക്കി, അവളുടെ കുട്ടികളെ അവളിൽ നിന്നും വേർപിരിച്ചു. ഇങ്ങനെ, ക്രിസ്തുവിശ്വാസം ഉപേക്ഷിക്കാൻ വേണ്ടി അവൾ പല തരത്തിലുള്ള പീഡനങ്ങൾക്ക് വിധേയയായി. ക്രിസ്തുവിനെ സ്വീകരിച്ച് കുറച്ചു ദിവസങ്ങൾക്കു ശേഷം അവൾ ഒരു സ്വപ്നം കണ്ടു. ആ സ്വപ്നത്തിൽ ക്രിസ്തു അവൾക്ക് പ്രത്യക്ഷപ്പെട്ടു. ഈ സംഭവത്തെക്കുറിച്ച് മാതാപിതാക്കളോടും ഭർത്താവിനോടും കുട്ടികളോടും അവൾ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് യുവതിക്കു നേരെ ആക്രമണങ്ങൾ ആരംഭിച്ചത്.

കാക്കിയെ ചങ്ങലയ്ക്ക് ഇടുകയും ക്രിസ്തുവിലുള്ള അവളുടെ വിശ്വാസം ഉപേക്ഷിക്കാൻ ഭർത്താവ് അവളെ നിർബന്ധിക്കുകയും ചെയ്തു. എന്നിട്ടും തളരാതെ തന്റെ വിശ്വാസത്തിൽ ഉറച്ചുനിന്ന കാക്കിയെ മാനസികരോഗിയാക്കി മുദ്ര കുത്തി. അവളെ ബലമായി ഒരു മാനസികരോഗ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ അവൾക്ക് അജ്ഞാതമായ കുത്തിവയ്പ്പും അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി ഷോക്ക് ട്രീറ്റ്മെന്റും നൽകി.

“ഇന്ന് ഈ യുവതി ഏറെ മാനസികവേദനയിലാണ്. ഞാൻ അവളുടെ സുരക്ഷയെ ഓർത്ത് ഭയപ്പെടുന്നു. അവൾക്ക് അവളുടെ വീടിന് പുറത്ത് ഒരു അഭയം ലഭിക്കാൻ പ്രാർത്ഥിക്കുന്നു. അങ്ങനെ അവൾക്ക് മനഃസമാധാനവും അവളുടെ പുതിയ വിശ്വാസത്തിൽ വളരാനും കഴിയും” – പേര് വെളിപ്പെടുത്താൻ കഴിയാത്ത ഒരു വ്യക്തി പറയുന്നു. ഈ വ്യക്തിയുടെ സംരക്ഷണത്തിൻ കീഴിലാണ് ഇന്ന് കാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.