ഉക്രൈനിൽ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട മകന് താരാട്ടു പാടി വിട ചൊല്ലുന്ന അമ്മ

ഉക്രൈനിലെ ഡോണ്‍ബാസ് മേഖലയില്‍ റഷ്യന്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട മകന് ഒരു അമ്മ യാത്രയയപ്പ് നല്‍കിയത് വ്യത്യസ്തമായ രീതിയിലാണ്. ശവസംസ്‌കാര ചടങ്ങിനിടെ പള്ളിയില്‍ വച്ച് താരാട്ടുപാട്ട് പാടിയാണ് അവര്‍ മകന് വിട ചൊല്ലിയത്.

പ്രശസ്ത ഐക്കണ്‍ ചിത്രകാരി കൂടിയായ ഇവന്ന ക്രിപ്യാകെവിച്ച് എന്ന സ്ത്രീ 27-കാരനായ തന്റെ മകന്‍ ആര്‍ട്ടെമി ഡൈമിഡിനു വേണ്ടി ഉക്രൈനിലെ ലിവിവിലെ ഒരു പള്ളിയുടെ നടുവില്‍ സ്ഥാപിച്ചിരിക്കുന്ന ശവപ്പെട്ടിക്കരികില്‍ നിന്ന് അവസാനമായി താരാട്ടു പാടുന്ന വീഡിയോ ട്വിറ്ററിലൂടെയാണ് ഷെയര്‍ ചെയ്യപ്പെട്ടത്. ഈ വീഡിയോ മനോഹരമാണെങ്കിലും അതിലെ കാഴ്ച ഹൃദയഭേദകമാണെന്നും ഈ സ്ത്രീ ചെയ്യുന്ന കാര്യം ചെയ്യാന്‍ പ്രത്യേക കഴിവും ശക്തിയും വേണമെന്നുമെല്ലാമാണ് വീഡിയോ കാണുന്ന ആളുകളുടെ കുറിപ്പുകള്‍.

റഷ്യന്‍ അധിനിവേശത്തോടെ ഫെബ്രുവരി 24-ന് യുദ്ധം ആരംഭിച്ചപ്പോള്‍ ആര്‍ട്ടെമി ഡൈമിഡ് അമേരിക്കയിലാണ് താമസിച്ചിരുന്നത്. റഷ്യക്കാരില്‍ നിന്ന് തന്റെ രാജ്യത്തെ സംരക്ഷിക്കാന്‍ സൈന്യത്തില്‍ ചേരാനുള്ള ആഹ്വാനത്തോട് പ്രതികരിച്ചാണ് അവന്‍ തിരിച്ചെത്തിയത്. ജൂണ്‍ 18 ശനിയാഴ്ച രാവിലെ ഡോണ്‍ബാസില്‍ റഷ്യന്‍ ഷെല്ലാക്രമണത്തിനിടെ അദ്ദേഹം കൊല്ലപ്പെട്ടു. മോര്‍ട്ടാര്‍ ഷെല്ലുകള്‍ കൊണ്ട് പൊതിഞ്ഞ നിലയിലാണ് അവനെ പിന്നീട് കണ്ടെത്തിയത്.

ഇറ്റാലിയന്‍ ഏജന്‍സി എസ്‌ഐആര്‍ പറയുന്നതനുസരിച്ച്, യുദ്ധമധ്യേ മരിച്ച ആര്‍ട്ടെമിയുടെ ശവസംസ്‌കാരം ചൊവ്വാഴ്ച ലിവിവ് നഗരത്തില്‍ നടന്നു. ഉക്രൈനിലെ കാത്തലിക് യൂണിവേഴ്‌സിറ്റി, കുടുംബത്തിന്റെ മേല്‍നോട്ടത്തില്‍ ആര്‍ട്ടെമിയുടെ പേരില്‍ ഒരു സ്‌കോളര്‍ഷിപ്പ് ഫണ്ട് സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

“അദ്ദേഹത്തിന്റെ വീരമരണം ഉക്രൈനിലെ എല്ലാ ബൗദ്ധിക-ശാസ്ത്രവൃത്തങ്ങളെയും ഞെട്ടിച്ചു. വീരന്മാര്‍ മരിക്കുന്നില്ല. ദൈവമേ, അവനെ അങ്ങയുടെ കൈകളില്‍ സ്വീകരിക്കുകയും നിത്യമായ വിശ്രമം നല്‍കുകയും ചെയ്യണമേ” – ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയുടെ ഉന്നതനേതാവ് ആര്‍ച്ചുബിഷപ്പ് സ്റ്റിയാറ്റോസ്ലാവ് ഷെവ്ചുക് ആര്‍ട്ടെമിയെക്കുറിച്ച് പറഞ്ഞു.

“നിരവധി യുവജനങ്ങളെയാണ് ഉക്രൈന് ഈ യുദ്ധത്തിലൂടെ നഷ്ടമായത്. ഞങ്ങളുടെ കുട്ടികള്‍ ക്ഷീണിതരാണ്. പക്ഷേ, അവര്‍ക്ക് ഉയര്‍ന്ന തലത്തിലുള്ള ധാര്‍മ്മിക പ്രചോദനമുണ്ട്. കാരണം അവര്‍ എന്താണ് ചെയ്യുന്നതെന്നും എന്തിനാണ് അവര്‍ പോരാടുന്നതെന്നും അവര്‍ക്കറിയാം” – ഉക്രേനിയന്‍ ഗ്രീക്ക് കാത്തലിക് ചര്‍ച്ചിന്റെ സൈനിക ചാപ്ലിന്‍ ഫാ. ആന്‍ഡ്രി സെലിന്‍സ്‌കി പറഞ്ഞു.

യുണൈറ്റഡ് നേഷന്‍സ് ഹൈക്കമ്മീഷണര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ ഓഫീസിന്റെ കണക്കനുസരിച്ച്, ജൂണ്‍ 21 വരെ ഉക്രൈനുമായുള്ള റഷ്യയുടെ യുദ്ധത്തിന്റെ ഫലമായി 4,597 സാധാരണക്കാര്‍ മരിച്ചു. ഇതില്‍ 313 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. 5,711 പേർക്ക് പരിക്കേറ്റതായും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ 471 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

കീര്‍ത്തി ജേക്കബ്

കീർത്തി ജേക്കബ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.