62 ദിവസങ്ങൾ; 2,267 കിലോമീറ്ററുകൾ: കേരളത്തിൽ നിന്നും കൽക്കട്ടയിലേയ്ക്ക് നടത്തിയ തീർത്ഥയാത്രയുടെ അനുഭവങ്ങളുമായി മൂവർ സംഘം

സി. സൗമ്യ DSHJ

കേരളത്തിലെ തൃശൂരിൽ നിന്നും കൽക്കട്ടയിലെ വി. മദർ തെരേസയുടെ ആശ്രമത്തിലേക്കൊരു യാത്ര. 62 ദിവസങ്ങൾ; 2,267 കിലോമീറ്ററുകൾ! രാത്രിവിശ്രമത്തിന് വെയിറ്റിങ് ഷെഡുകളും പെട്രോൾ പമ്പുകളും മരച്ചുവടുകളും. മൂന്ന് മലയാളികളുടെ അവിസ്മരണീയ യാത്രാനുഭവങ്ങൾ വായിക്കാം. മിഷൻ ഞായർ സ്‌പെഷ്യൽ…

കേരളത്തിലെ തൃശൂരിൽ നിന്നും കൽക്കട്ടയിലെ വി. മദർ തെരേസയുടെ ആശ്രമത്തിലേക്കൊരു യാത്ര. ആഗസ്റ്റ് 14-ന് ആരംഭിച്ച കാൽനട യാത്രയിലൂടെ പി.ഡി. വിൻസെന്റ്, എം.പി. സ്റ്റീഫൻ, സി.കെ. ജോയി എന്നീ മൂന്ന് മലയാളികൾ പിന്നിട്ടത് 2,267 കിലോമീറ്ററുകൾ. 62-ാമത്തെ ദിവസമാണ് അവർ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ മദർ ഹൗസിൽ എത്തിയത്. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, ബംഗാൾ എന്നീ അഞ്ചു സംസ്ഥാനങ്ങളിലൂടെയുള്ള ഈ യാത്ര ഇവരെ സംബന്ധിച്ച് ഒരു പുറപ്പാടനുഭവ യാത്രയായിരുന്നു. മോശയുടെ തീക്ഷ്‌ണത ഇവരിൽ കത്തിജ്വലിച്ചിരുന്നു. ഈജിപ്തിൽ നിന്നും കാനാൻ ദേശത്തേക്ക് യാത്ര ചെയ്ത ഇസ്രായേൽക്കാർക്ക് സംരക്ഷണമൊരുക്കിയ ദൈവസാന്നിധ്യത്തെ ഈ യാത്രയിൽ ഇവരും കൺമുൻപിൽ കണ്ടറിഞ്ഞു, അനുഭവിച്ചറിഞ്ഞു. അഗ്നിസ്തംഭമായും മേഘത്തണലായും മന്നയായും പെയ്തിറങ്ങിയ ദൈവാനുഭവങ്ങൾ! ഈ യാത്രകളിൽ കടന്നുപോയ വഴികളിൽ, വ്യക്തികളിൽ, സംസ്‌കാരങ്ങളിൽ ഒക്കെ അവർ കണ്ടത് ദൈവത്തെ തന്നെയായിരുന്നു.

രാത്രിവിശ്രമത്തിന് വെയിറ്റിങ് ഷെഡുകളും പെട്രോൾ പമ്പുകളും മരച്ചുവടുകളും ഒക്കെയുണ്ടായിരുന്നു. ഒപ്പം നിരവധി നല്ല മനസുകളുടെ സഹായത്താൽ ഒരുക്കപ്പെട്ട ഇടങ്ങളും. വൈദികരുടെയും സമർപ്പിതരുടെയും സഹായത്താൽ ലഭിച്ച താത്ക്കാലിക ഇടങ്ങളും ഇവർക്ക് ആശ്വാസമേകി. പരിചിതരും അപരിചിതരുമായ നിരവധിപേർ ഒരുക്കിയ ഭക്ഷണവും വെള്ളവും ‘പുറപ്പാട് അനുഭവത്തി’ന്റെ സുരക്ഷിതത്വം ഇവരുടെ യാത്രക്ക് സമ്മാനിച്ചു.

കാൽനടയായി മദർ തെരേസയുടെ പാദസ്പർശനമേറ്റ മണ്ണിലേക്ക്  

62 ദിവസങ്ങൾ കാൽനടയായി യാത്ര ചെയ്ത്, 2,267 കിലോമീറ്ററുകൾ പിന്നിട്ട് കൽക്കട്ടയിൽ എത്തിയത്, പാവങ്ങൾക്കു വേണ്ടി ജീവിതം മുഴുവൻ വ്യയം ചെയ്ത മദർ തെരേസ എന്ന വിശുദ്ധ സന്യാസിനിയുടെ കബറിടത്തിലെത്തി പ്രാർത്ഥിക്കാനായിരുന്നു. ഒപ്പം തന്നെ മദർ തെരേസയുടെ നാമത്തിൽ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന തൃശൂർ അതിരൂപതയിലെ കൈപ്പറമ്പ് ദൈവാലയത്തിലേക്ക് മദർ തെരേസയുടെ തിരുശേഷിപ്പ് എത്തിക്കുക എന്ന വലിയ ലക്ഷ്യവും ഈ യാത്രക്കു പിന്നിലുണ്ടായിരുന്നു. കൈപ്പറമ്പ് ദൈവാലയത്തിന്റെ പണി എത്രയും വേഗം പൂർത്തിയാക്കുക എന്ന ഒരു നാടിന്റെ സ്വപ്‍നസാക്ഷാത്ക്കാരത്തിനും പലരുടെ വ്യത്യസ്ത നിയോഗങ്ങൾക്കും ഇവരുടെ തന്നെ വ്യക്തിപരമായ നിയോഗങ്ങൾക്കും വേണ്ടിയായിരുന്നു കിലോമീറ്ററുകൾ താണ്ടിയുള്ള ഈ കാൽനട യാത്ര. പി.ഡി. വിൻസെന്റ്, എം.പി. സ്റ്റീഫൻ, സി.കെ. ജോയി എന്നിവർ തൃശൂർ അതിരൂപതയിൽ തന്നെയുള്ള പറപ്പൂർ, കുണ്ടന്നൂർ, വടക്കാഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു.

എം.സി മദർ ജനറലിന്റെ കയ്യിൽ നിന്നും ഏറ്റുവാങ്ങിയ പാവനമായ തിരുശേഷിപ്പ്

മദർ തെരേസായുടെ കോൺവെന്റിൽ എത്തിയപ്പോൾ സിസ്റ്റേഴ്‌സ് വളരെ ആദരവോടെയും സ്നേഹത്തോടെയും മൂവരെയും സ്വീകരിച്ചു. ഇവരെ സ്വീകരിക്കാനായി എം.സി മദർ ജനറൽ സി. മേരി ജോസഫ് തന്നെ ഇറങ്ങിവന്നു. എന്നാൽ, അത് മദർ ജനറൽ ആണെന്ന് ആദ്യം അവർക്ക് മനസിലായില്ല. അവിടെയുള്ള ഒരു സിസ്റ്ററിനോട് ‘മദർ ജനറലിനെ കാണണം’ എന്ന ആഗ്രഹം അറിയിച്ചു. അപ്പോൾ ആ സിസ്റ്റർ നൽകിയ മറുപടി ഈ മൂന്നു പേരെയും വിസ്മയിപ്പിച്ചു.

‘അത് ഞാൻ തന്നെയാണ്’ എന്നായിരുന്നു ആ മറുപടി.

വളരെ ലാളിത്യത്തോടും സ്നേഹത്തോടും കൂടി ഇടപെടുന്ന ആ അമ്മ ശരിക്കും മദർ തെരേസയുടെ സാമിപ്യം അനുസ്മരിപ്പിച്ചിരുന്നുവെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു.

മദർ തെരേസായുടെ നാമത്തിൽ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന കൈപ്പറമ്പ് ദൈവാലയത്തിലേക്കുള്ള വി. മദർ തെരേസയുടെ തിരുശേഷിപ്പ്, മദർജനറൽ സി. മേരി ജോസഫ് തന്നെ ഇവർക്ക് കൈമാറി.

ആഗ്രഹിച്ചതുപോലെ വി. മദർ തെരേസയുടെ കബറിടത്തിൽ പോയി ഏറെ നേരം നേരം പ്രാർത്ഥിക്കാനും ഇവർക്കു സാധിച്ചു.

കാളിഘട്ടിലാണ് മദർ തെരേസാ സന്യസിനിമാരുടെ ആദ്യത്തെ ആതുരശുശ്രൂഷാകേന്ദ്രം. അവിടെ ഒരു ദിവസം താമസിച്ചു. മാത്രമല്ല, ഈ സന്യാസിനിമാരുടെതന്നെ വിവിധ ആതുരശുശ്രൂഷാ മേഖലകൾ മൂന്നു പേരും സന്ദർശിച്ചു. ‘മദർതെരേസ ബ്രദേഴ്‌സി’നെയും പരിചയപ്പെടാൻ ഇവർക്കായി. വളരെ ത്യാഗത്തോടെ ആതുരശുശ്രൂഷകളിൽ ഏർപ്പെട്ടിരിക്കുന്ന ഈ ബ്രദേഴ്‌സിന്റെ പ്രവർത്തനങ്ങൾ വളരെ വലുതും ത്യാഗോജ്ജ്വലവുമാണ്.

മലയാളിയായ ആന്റോ ബ്രദർ അവരുടെ വിവിധ ആശ്രമങ്ങളും പ്രവർത്തനങ്ങളും ഇവർക്ക് പരിചയപ്പെടുത്തി. കുഷ്ഠരോഗികൾ, എയ്ഡ്‌സ് ബാധിതർ, മാനസിക വൈകല്യമുള്ളവർ എന്നിവരെ ശുശ്രൂഷിക്കുന്ന മേഖലകളിലാണ് ബ്രദേഴ്‌സിന്റെ പ്രവർത്തനങ്ങൾ. മറ്റൊരു ശ്രദ്ധേയമായ കാര്യം, ലോകം മുഴുവനുമുള്ള മദർ തെരേസാ മിഷനറിമാരുടെ സാരി ഉണ്ടാക്കുന്നത് ഈ ബ്രദർമാരുടെ ആശ്രമത്തിലാണ് എന്നതാണ്.

ദൈവം അയച്ച മാലാഖയെപ്പോലൊരു അപരിചിതൻ! 

മാസങ്ങൾ നീണ്ടുനിന്ന ദൈർഘ്യമേറിയ ഈ യാത്രയിൽ നിരവധി ആളുകളെയും സാഹചര്യങ്ങളെയും ഇവർക്ക് പരിചയപ്പെടാനായി. ഹൈവേയിലൂടെയുള്ള ഈ യാത്രയിൽ ലക്ഷക്കണക്കിന് വാഹനങ്ങളാണ് ഇവരെ കടന്നുപോയിട്ടുള്ളത്. കൺമുൻപിൽ നിരവധി വാഹനങ്ങൾ അപകടത്തിൽപെടുന്നതും ഇവർ കണ്ടിട്ടുണ്ട്. തൊട്ടടുത്ത് നിന്നുപോലും അപകടങ്ങൾ കാണേണ്ടിവന്നിട്ടുണ്ട്. എന്നാൽ, എല്ലാ അപകട സാഹചര്യങ്ങളിൽ നിന്നും ദൈവം ഈ മൂന്നുപേരെ കാത്തുസംരക്ഷിച്ചു.

ദൈവത്തിന്റെ പരിപാലന അനുഭവിച്ചറിഞ്ഞ ഒരു സംഭവം വിൻസെന്റ് വിവരിക്കുന്നത് ഇപ്രകാരമാണ്: “ആന്ധ്രായിലൂടെ കടന്നുപോകുന്ന സമയം. പകൽ ഏതാണ്ട് പതിനൊന്നു മണി ആയി. കത്തിയാളുന്ന വെയിലത്ത് ഹൈവേയിലൂടെയുള്ള യാത്ര വളരെ ദുഷ്‌കരമായിരുന്നു. ഭക്ഷണവും വെള്ളവും ഒന്നുമില്ല. എല്ലാം തീർന്നുപോയിരുന്നു. വിശ്രമിക്കാൻ ഏതെങ്കിലും സ്ഥലം ലഭിക്കുമോ എന്ന് ഞങ്ങൾ പരതി. ക്ഷീണം കാരണം മുൻപോട്ട് നടക്കാൻ വയ്യാത്ത സാഹചര്യം. അപ്പോഴാണ് ഒരു ഫ്ലൈ ഓവറിന്റെ അടിയിൽ തണലുള്ള സ്ഥലം കണ്ടെത്തിയത്. അങ്ങനെ അവിടം വിശ്രമിക്കാനായി തിരഞ്ഞെടുക്കുകയും ചെയ്തു. വിശപ്പും ദാഹവും നല്ലതു പോലെ ഉണ്ടായിരുന്നെങ്കിലും ഞങ്ങൾക്ക് കഴിക്കാൻ ഒന്നുമില്ലായിരുന്നു. വിശ്രമത്തിനായി ഒരു തണലെങ്കിലും കിട്ടിയ സന്തോഷത്തിൽ അവിടെ വിശ്രമിക്കുന്ന സമയത്ത് ഒരു ബൈക്ക് ഞങ്ങളുടെ അടുത്ത് വന്നു നിർത്തി. അയാളുടെ കയ്യിൽ കുറെ മധുരപലഹാരങ്ങളും പഴങ്ങളും ഉണ്ടായിരുന്നു. ഞങ്ങളോട് ആ അപരിചിതനായ മനുഷ്യൻ പറഞ്ഞു: “നിങ്ങൾ കഴിക്ക്.” പക്ഷേ, അദ്ദേഹം പരിചിതനല്ലാത്തതുകൊണ്ട് ഞങ്ങൾ ആ ഭക്ഷണം മേടിക്കാനും കഴിക്കാനും ഞങ്ങൾ  വിസമ്മതിച്ചു. എന്നാൽ, അദ്ദേഹം ആവർത്തിച്ച് നിർബന്ധിച്ചതിനാലും ഞങ്ങളുടെ കയ്യിൽ ഭക്ഷണമൊന്നും അവശേഷിച്ചിട്ടില്ലാതിരുന്നതിനാലും അവസാനം ഞങ്ങൾ അത് വാങ്ങിക്കഴിച്ചു. അയാളുടെ സ്നേഹം അവിടം കൊണ്ടും തീർന്നില്ല! അദ്ദേഹം തന്റെ വീട്ടിൽ പോയി ഞങ്ങൾ ആവശ്യപ്പെടാതെ തന്നെ നാരങ്ങാവെള്ളം ഉണ്ടാക്കിക്കൊണ്ടു വന്നു; ഒപ്പം മറ്റു ചില ഭക്ഷണപദാർത്ഥങ്ങളും.

ഞങ്ങൾ മൂന്നു പേരും അദ്ദേഹത്തിന്റെ വീട്ടിൽ ചെല്ലണം എന്നതായിരുന്നു ആ മനുഷ്യന്റെ അടുത്ത ആവശ്യം. ഒരു അന്യസ്ഥലത്ത് അപരിചിതനായ വ്യക്തിയുടെ വീട്ടിൽ പോകുന്നതിൽ ഒരു ആശങ്ക. അവസാനം അയാളുടെ നിർബന്ധത്തിന് വഴങ്ങി വിൻസെന്റ് സാർ അദ്ദേഹത്തിന്റെ കൂടെ പോകാമെന്ന് തീരുമാനിച്ചു. മൂന്നു പേരും കൂടി പോയിട്ട് എന്തെങ്കിലും അപകടത്തിൽപ്പെടേണ്ടാ എന്നായിരുന്നു ചിന്ത. വീട്ടിൽ ചെന്നപ്പോൾ, കുറച്ചു സമയം പ്രാർത്ഥിക്കണമെന്ന് അവർ ആവശ്യപ്പെട്ടു; പ്രാർത്ഥിക്കുകയും ചെയ്തു. ഏകദേശം പത്തു മിനിറ്റ് സമയം അവരുടെ കൂടെ ചിലവഴിച്ചു. യാത്ര തുടരണം എന്ന കാരണവും പറഞ്ഞുകൊണ്ട് ആ വീട്ടിൽ നിന്നും തിരികെ പോരുന്ന സമയത്ത് ആ മനുഷ്യനും കൂടെപ്പോന്നു. ആ മനുഷ്യൻ കുറെ ചോറും കറികളും ഒക്കെ വാഴയിലയിൽ പൊതിഞ്ഞു ഞങ്ങൾക്കായി കൊണ്ടുവന്നു തന്നു. ഞങ്ങളുടെ കൂടെ പിന്നെയും സമയം ചിലവഴിച്ചു; ഭക്ഷണവും കഴിപ്പിച്ചു. ദൈവം ഞങ്ങൾക്കു വേണ്ടി അയച്ച അപരിചിതനായ ആ മനുഷ്യൻ അക്രൈസ്തവനായ  ഒരു വ്യക്തിയായിരുന്നു. കുടിക്കാൻ ഒരു തുള്ളി വെള്ളം പോലും ഇല്ലാതിരുന്നവർക്ക് ഒരു സദ്യ തന്നെ ഒരുക്കിയ, ദൈവം അയച്ച മാലാഖാ.”

‘പൊരിവെയിലിൽ മേഘത്തൂണായും രാത്രിയിൽ അഗ്നിസ്തംഭമായും’

എല്ലാ ദിവസവും പുലർച്ചെ മൂന്നു മണി മുതൽ പത്തു മണി വരെയാണ് യാത്ര. ഒൻപതു മണിയോടെ ഏതെങ്കിലും ഹോട്ടലിൽ നിന്ന് പ്രഭാതഭക്ഷണം  കഴിക്കും. പിന്നീട് എവിടെയെങ്കിലും വിശ്രമിക്കും. കാരണം പൊള്ളുന്ന വെയിലത്ത് ഹൈവേയിൽ കൂടിയുള്ള യാത്ര വളരെ ദുഷ്‌കരമാണ്. കയ്യിൽ വെള്ളമോ, അത്യാവശ്യം വന്നാൽ കഴിക്കാൻ കുറച്ചു ബിസ്ക്കറ്റോ കരുതിയിട്ടുണ്ടാവും. ചൂട് കൂടുതലുള്ള സ്ഥലങ്ങളിൽ കയ്യിൽ കരുതിയിരിക്കുന്നവയൊക്കെ പ്രതീക്ഷിച്ചതിനു മുൻപേ തീരും. ഉച്ച കഴിഞ്ഞു മൂന്നു മണിയോടെ വീണ്ടും നടക്കാൻ ആരംഭിക്കും. അത് രാത്രി പതിനൊന്നു മണി വരെ നീളും. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള വിശ്രമകേന്ദ്രങ്ങൾ ഒന്നും തന്നെയില്ല. ഇവരുടെ ആ യാത്രയിൽ ദൈവം പൊരിവെയിലിൽ മേഘതൂണായും രാത്രിയിൽ അഗ്നിസ്തംഭമായും പരിപാലിച്ച നിരവധി നിമിഷങ്ങളുണ്ട്.

“തെരുവുവിളക്കുകൾ ഇല്ലാതിരുന്ന വഴികളിൽ നല്ല നിലാവിന്റെ വെളിച്ചം ഞങ്ങൾക്ക് വഴികാട്ടി. രാത്രി 11.30 വരെയൊക്കെ നടക്കുമായിരുന്നു. കാരണം പകൽ അതികഠിനമായ ചൂടാണല്ലോ. അപ്പോഴൊക്കെ സംഭവിക്കാമായിരുന്ന വലിയ അപകടങ്ങളിൽ നിന്നുപോലും ദൈവം ഞങ്ങളെ പരിപാലിച്ചു.”

അത്തരമൊരു സംഭവം വിൻസെന്റ് പങ്കുവെയ്ക്കുന്നത് ഇപ്രകാരമാണ്:

ഒറീസയുടെ അതിർത്തിയിൽ ചിലക്കാ എന്ന് പേരുള്ള ഒരു പ്രശസ്തമായ തടാകമുണ്ട്. വൈകുന്നേരം 5.30 ഒക്കെ ആകുമ്പോഴേക്കും അവിടെ ഇരുട്ടാകുമായിരുന്നു. അപകടങ്ങൾ ഒന്നുമില്ല എന്ന ധാരണയിൽ ഞങ്ങൾ നടപ്പ് തുടർന്നു. ഒരു ഹോട്ടലിൽ നിന്നും ഭക്ഷണവും കഴിച്ച് നടക്കാനായി ഭാവിക്കവെ ഹോട്ടലുകാരൻ ചോദിച്ചു. “നിങ്ങൾ ഇങ്ങോട്ടാണ് പോകുന്നത്? ഇവിടെ നിന്നും ഒന്നര കിലോമീറ്റർ കഴിഞ്ഞാൽ വലിയ കാടാണ്. അതിനാൽ ഇന്നിനി യാത്ര ചെയ്യാതിരിക്കുന്നതാവും നല്ലത്. ഏഴെട്ട് കിലോമീറ്ററുകൾ വളരെ വിജനമായതും ഭയാനകവുമായ കാടാണ്.” ആ സ്ഥലത്തെക്കുറിച്ച് വലിയ ധാരണയൊന്നും ഇല്ലാതിരുന്ന ഞങ്ങൾ, അയാൾ പറയുന്നത് അനുസരിച്ചു. വിശ്രമിക്കാൻ സ്ഥലമില്ലാതിരുന്ന ഞങ്ങൾക്ക് ആ മനുഷ്യൻ അദ്ദേഹത്തിന്റെ വീട്ടിൽ തന്നെ അഭയം നൽകി. പിറ്റേ ദിവസം രാവിലെ നാലു മണി ആയപ്പോഴേക്കും വെളിച്ചം വീണു. അപ്പോൾ വീണ്ടും യാത്ര തുടർന്നു. മുൻപോട്ട് നടന്നപ്പോഴാണ് ആ സ്ഥലത്തിന്റെ ഭീകരത ഞങ്ങൾക്ക് ബോധ്യമായത്.

മുടങ്ങിക്കിടന്ന ദൈവാലയ നിർമ്മാണം

കൈപ്പറമ്പ് ദൈവാലയത്തിന്റെ നിർമ്മാണം ഇപ്പോൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ഈ ദൈവാലയത്തിന്റെ നിർമ്മാണം കോവിഡിന്റെ സമയത്ത് തടസപ്പെട്ട് കിടക്കുകയായിരുന്നു. അങ്ങനെയൊരു സാഹചര്യത്തിലാണ് ഇവർ തീർത്ഥാടന യാത്ര പുറപ്പെടുന്നത്. ഈ യാത്രയെക്കുറിച്ച് അറിഞ്ഞ നിരവധിപ്പേർ ഈ ദൈവാലയം പണിയുന്നതിനായി വിവിധ തരത്തിലുള്ള സഹായങ്ങൾ ചെയ്തു. ഇപ്പോൾ ദൈവാലയ നിർമ്മാണം വളരെ വേഗത്തിൽ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.

ഡിസംബർ 25 -ന് ഈ ദൈവാലയത്തിന്റെ വെഞ്ചരിപ്പ് നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് കൈപ്പറമ്പ് ഇടവക വികാരി ഫാ. ജോസഫ് മുരിങ്ങാത്തേരി പറഞ്ഞു. ഈ ദൈവാലയ നിർമ്മാണ പൂർത്തീകരണത്തിനായുള്ള കാൽനട തീർത്ഥാടനം ഇടവക ജനത്തിന് മുഴുവനും വലിയൊരു പ്രചോദനമായിരുന്നു.

ഇതിനു മുൻപും പലയിടങ്ങളിലേക്ക് ഇവർ മൂന്നു പേരും ഇങ്ങനെ കാൽനട തീർത്ഥാടന യാത്രകൾ നടത്തിയിട്ടുണ്ട്. മുടങ്ങിക്കിടന്ന ദൈവാലയ നിർമ്മാണത്തിനും നിരവധിപ്പേരുടെ വ്യത്യസ്ത നിയോഗങ്ങൾക്കും വ്യക്തിപരമായ നിയോഗങ്ങൾക്കുമായിട്ടുള്ള യാത്രകൾ. പറപ്പൂർ പള്ളിയുടെ നിർമ്മാണത്തിന് തടസം വന്നപ്പോൾ കാൽനടയായി ഗോവയിലെ വി. ഫ്രാൻസിസ് സേവ്യറിന്റെ തീർത്ഥാടന കേന്ദ്രത്തിലേക്ക് യാത്ര നടത്തുകയുണ്ടായി. ഈ ദൈവാലയ നിർമ്മാണ അനുമതിക്കൊക്കെ വലിയ തടസങ്ങൾ ഉണ്ടായിരുന്നു. അതൊക്കെ വളരെ വേഗം മാറാൻ ഈ തീർത്ഥാടനം വഴി സാധിച്ചുവെന്ന് വിൻസെന്റ് സാർ വെളിപ്പെടുത്തുന്നു.

കാൽനട യാത്രകളെ പ്രാർത്ഥനയാക്കി മാറ്റിയവർ

പ്രാർത്ഥനാ നിയോഗങ്ങളുമായി കാൽനട യാത്രകൾ തിരഞ്ഞെടുക്കാനുള്ള പ്രധാനപ്പെട്ട കാരണം, തൃശൂരിൽ നിന്നും പാലയൂരിലേക്ക് നടത്തിയിട്ടുള്ള മഹാതീർത്ഥാടനത്തിനിന്നുള്ള പ്രചോദനമാണ്. കഴിഞ്ഞ 25 വർഷമായി മുടങ്ങാതെ അതിൽ പങ്കെടുക്കാറുണ്ട്. മലയാറ്റൂരിലേക്കും 25 വർഷമായി മുടങ്ങാതെ തീർത്ഥാടനം നടത്തുന്നു ഇവർ. ഓരോ യാത്രയിലും കൂടുതൽ വിശ്വാസതീക്ഷ്ണമായ അനുഭവമാണ് ഇവർക്ക് സ്വന്തമാകുന്നത്.

പിന്നീട് ദൂരയാത്രകൾ തിരഞ്ഞെടുക്കാൻ തുടങ്ങി. കൂടുതൽ ദിവസങ്ങൾ നോമ്പെടുത്തും പ്രാർത്ഥിച്ചും യാത്ര ചെയ്യാൻ ദൂരയാത്രകളിലൂടെ ഇടയായി. അനവധി സ്ഥലങ്ങൾ, വ്യത്യസ്ത സംസ്‌കാരങ്ങൾ, വ്യക്തികൾ, സാധാരണ ജനങ്ങളോടുള്ള കൂടുതൽ ഇടപഴകൽ ഒക്കെ ഈ തീർത്ഥാടന വഴികളിലൂടെ ഇവർക്ക് സ്വന്തമായി.

“വിവിധ പള്ളികൾ കാണാനും പ്രാർത്ഥിക്കാനും അവിടുത്തെ രീതികൾ മനസിലാക്കാനുമൊക്കെ  ഈ യാത്രകളിലൂടെ സാധിക്കുന്നു. കത്തോലിക്കാ സഭയുടെ തന്നെ പല മിഷനുകളെ പരിചയപ്പെടാൻ കഴിഞ്ഞു. അങ്ങനെ പലരുടെ ജീവിതരീതികൾ കാണുമ്പോൾ നമ്മുടെ ജീവിതത്തിൽ തന്നെ വലിയൊരു വ്യത്യാസം ഉണ്ടാകുന്നുണ്ട്” – വിൻസെന്റ് പറയുന്നു.

ഈ യാത്രയിൽ നിരവധിപ്പേർ സഹായമായും അഭയമായും ഇവരുടെ ഒപ്പം നിന്നു. ഒരു ദിവസം ഭക്ഷണവും വെള്ളവും വിശ്രമിക്കാൻ ഒരിടവും ഇല്ലാതെ വിഷമിച്ചപ്പോൾ അദിലാബാദ് ബിഷപ്പ് മാർ പ്രിൻസ് പാണേങ്ങാടന്, വിശ്രമിക്കാനൊരിടം വേണമെന്ന് പറഞ്ഞുകൊണ്ട് മെസ്സേജ് അയച്ചു. ബിഷപ്പ്, നെല്ലൂർ ബിഷപ്പ് ഹൗസിൽ വിളിച്ചുപറഞ്ഞു വേണ്ട ക്രമീകരണങ്ങൾ നടത്തി. സെക്രട്ടറിയച്ചനായ ഫാ. രമേശിന്റെ ഫോൺ നമ്പർ തരികയും ചെയ്തു. എല്ലാവിധ സഹായവും പിന്തുണയും ഇവർക്ക് അവിടെ നിന്നും ലഭിച്ചു. ഇങ്ങനെ ഒത്തിരിയേറെ ഇടങ്ങൾ ദൈവം അവരുടെ വഴികളിൽ കരുതിയിട്ടുണ്ടായിരുന്നു.

ഒക്ടോബർ 16-ന് കൽക്കട്ടയിൽ നിന്ന് കേരളത്തിലേക്കുള്ള മടക്കയാത്ര ട്രെയിനിൽ ആയിരുന്നു. ഒക്ടോബർ 18-ന് തിരിച്ച് നാട്ടിലെത്തി. റയിൽവേ സ്റ്റേഷനിൽ ഇവരെ സ്വീകരിക്കാൻ തൃശൂർ രൂപതാ പ്രൊക്കുറേറ്റർ ഫാ. വർഗീസ് കൂത്തൂരും കൈപ്പറമ്പ്, പറപ്പൂർ, കുണ്ടന്നൂർ, വടക്കാഞ്ചേരി ഇടവകകളിൽ നിന്നുള്ള പ്രതിനിധികളും എത്തിയിരുന്നു. പിന്നീട് കൈപ്പറമ്പ് ഇടവക വികാരി ഫാ. ജോസഫ് മുരിങ്ങാത്തേരിക്ക് ഇവർ തിരുശേഷിപ്പ് കൈമാറി.

റിട്ടയേർഡ് ഹെഡ്മാസ്റ്ററായ പി.ഡി. വിൻസെന്റ് പറപ്പൂർ സ്വദേശിയാണ്. മെയ് 31-നാണ് സർവീസിൽ നിന്നും വിരമിച്ചത്. വടക്കാഞ്ചേരി പാർളിക്കാട് സ്വദേശി ജോയി കെട്ടിടനിർമ്മാണ തൊഴിലാളിയാണ്. കുണ്ടന്നൂർ സ്വദേശി സ്റ്റീഫന് ബേക്കറി സാധനങ്ങൾ നിർമ്മിക്കുന്ന യൂണിറ്റുണ്ട്. ഇവർ മൂവരും 2010 മുതൽ വേളാങ്കണ്ണി, മൈലാപ്പൂർ, ഭരണങ്ങാനം, ഗോവ, കാറ്റാടിമല, മാന്നാനം, കുഴിക്കാട്ടുശേരി എന്നിവിടങ്ങളിലേക്ക് കാൽനട യാത്ര നടത്തിയിട്ടുണ്ട്. ഇങ്ങനെയുള്ള യാത്രകളിൽ മറ്റ് മൂന്നു-നാലു പേർ കൂടി ഉൾപ്പെടാറുണ്ട്. ഈ യാത്രകൾ ഇവരുടെ ജീവിതത്തിൽ ഒരു ധ്യാനാനുഭവമാണ് പ്രധാനം ചെയ്യുന്നത്.

ഒരു നാടിന്റെ സ്വപ്‍നത്തിനായി, നിരവധിപ്പേരുടെ നിയോഗങ്ങൾക്കായി ഇവരുടെ യാത്രകൾ ഇനിയും തുടരുക തന്നെ ചെയ്യും. വെയിലും മഞ്ഞും മഴയും കൊണ്ടുള്ള യാത്രകൾ. അപരനു വേണ്ടിയുള്ള യാത്രയുടെ ‘പുറപ്പാടനുഭവം’ ഇവർക്ക് അന്യമല്ലല്ലോ! മൂന്നു പേർക്കും ലൈഫ് ഡേയുടെ ആശംസകൾ.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.