‘അച്ചോ, മുത്തിയില്ല’ – ഒരു പെസഹാ വ്യാഴാഴ്ച്ച അനുഭവം

  ഇത്തവണത്തെ ഇവിടത്തെ ഈസ്റ്റര്‍ ഒരു മാരത്തോണ്‍ പരിപാടി ആയിരുന്നു. കോവിഡും പിന്നെ അതിന്റെ നിയമങ്ങളും ഒക്കെ ഉള്ളതുകൊണ്ട് ഇത്തവണ മിഷനെ ആറ് സെന്‍റര്‍ ആയി തിരിച്ചാണ് ഈസ്റ്റര്‍ ശുശ്രൂഷ നടത്തിയത്. അല്ലെങ്കിൽ എല്ലാ പള്ളിയില്‍ നിന്നും ആളുകള്‍ ഒരു സ്ഥലത്തേക്ക് വന്നു ഒരുമിച്ച് ആയിരുന്നു ശുശ്രൂഷകള്‍. ആറ് സെന്‍റര്‍ ആയി തിരിച്ചപ്പോള്‍ ഞങ്ങൾക്ക് ഇത്തിരി ഒടേണ്ടി വന്നു എന്നു മാത്രം. കാരണം ആറ് സ്ഥലത്തും കുര്‍ബാനയും ശുശ്രൂഷയും നടത്തണമല്ലോ. എല്ലായിടത്തും ടൈമിങ് എല്ലാം കൃത്യം ആക്കി ഞങ്ങള്‍ കുര്‍ബാനക്കും മറ്റും പോയി.

  പെസഹാ വ്യാഴാഴ്ച്ച ആറ് സ്ഥലത്തും കാല്‍കഴുകല്‍ ശുശ്രൂഷ ഉണ്ട്. മൂന്ന് സ്ഥലത്ത് ഒപ്പം ഉള്ള അനൂപ് അച്ചന്‍ പോകും. ബാക്കി മൂന്നു ഇടത്തു ഞാനും. മൊത്തം 36 കാല് കഴുകി മുത്തണം. രണ്ടു പള്ളിയിലെ കുര്‍ബാനയും മറ്റും കഴിഞ്ഞു മൂന്നാമത്തെ പള്ളിയില്‍ എത്തിയപ്പോള്‍ സമയം രാത്രി ഒൻപത് മണി.

  ഒൻപത് മണിക്ക് തന്നെ വിശുദ്ധ കുർബാന തുടങ്ങി. കാല് കഴുകല്‍ ശുശ്രൂഷ തുടങ്ങി അഞ്ചു പേരുടെ കാല് കഴുകി ആറാമത്തെ ആളുടെ അടുത്തു കാല് കഴുകിക്കൊണ്ട് ഇരിക്കുബോള്‍ ദാ, അഞ്ചാമത്തെ ആള് ആറാമത്തെ ആളുടെ കാലിന്റെ അടുത്തു കൂടി പുള്ളിയുടെ കാല് നീട്ടികൊണ്ടു വരുന്നു. അപ്പോൾ ഞാന്‍, മുകളിലോട്ട് ചേട്ടനെ നോക്കി. ചേട്ടൻ എന്നെയും നോക്കി.

  ഞാൻ പറഞ്ഞു: “ചേട്ടാ, ഒരുപ്രാവശ്യം കാല് കഴുകിയാല്‍ മതി.” അപ്പോൾ ചേട്ടന്‍ പറയുവാ, “അല്ല അച്ചോ, എന്റെ കാല് അച്ചന്‍ കഴുകിയിട്ടു മുത്തിയില്ല. ദാ, മുത്തിക്കോ…”

  എന്റെ കര്‍ത്താവേ, ഞാന്‍ ചിരിയ്ക്കണോ അതോ കരയണോ.

  ഫാ. നിതിൻ ജോസഫ്

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.