മനുഷ്യക്കടത്തിന് ഇരകളാകുന്നവരുടെ ആശ്രയമായ മലയാളി സന്യാസിനി മനസു തുറക്കുന്നു

മരിയ ജോസ്

ഒരിക്കൽ റെഡ് ലൈറ്റ് ഏരിയയിൽ നടന്ന പ്രവർത്തനങ്ങൾക്കൊടുവിൽ ഒരു പെൺകുട്ടി ഓടിവന്നു. ആ പെൺകുട്ടി സിസ്റ്ററിനെ കെട്ടിപ്പിടിച്ചുകൊണ്ടുപറഞ്ഞു: “സിസ്റ്ററേ, ഇത്രയുംനാൾ എവിടെയായിരുന്നു. നേരത്തെ സിസ്റ്ററിനെ കണ്ടെത്തിയിരുന്നെങ്കിൽ ഞാനൊരിക്കലും ഒരു ലൈംഗികതൊഴിലാളി ആകുമായിരുന്നില്ല. 12 വയസ്സുമുതൽ ഞാൻ വിൽക്കപ്പെടുകയാണ്.” സിസ്റ്റേഴ്‌സ് ആന്റി ട്രാഫിക്കിംഗ് അവാർഡിന്റെ കോമൺ ഗുഡ്സ് പുരസ്കാരം നേടിയ മലയാളി സന്യാസിനി സി. സെലി തോമസ് മനസു തുറക്കുന്നു.

“എനിക്ക് തനിയെ ലോകത്തെ മുഴുവൻ മാറ്റാൻ കഴിയില്ല എന്ന് നന്നായി അറിയാം. എന്നാൽ എനിക്ക് ചെയ്യാൻ കഴിയുന്നത്, ചില പരിവർത്തനങ്ങൾ കൊണ്ടുവരികയും നിരാശരായവർക്ക് പ്രത്യാശ നൽകുകയും മനുഷ്യക്കടത്തിന് ഇരകളാകുന്നവരിൽ ഒരാളെയെങ്കിലും രക്ഷപെടുത്തി അവർക്ക് നന്മയുടെ വെളിച്ചം കാണിച്ചുകൊടുക്കുകയും ചെയ്യുക എന്നതുമാത്രമാണ്.” മനുഷ്യക്കടത്തിനെതിരായ പോരാട്ടത്തിൽ കത്തോലിക്കാ കന്യാസ്ത്രീകളുടെ സംഭാവനയെ പ്രകീർത്തിച്ചുകൊണ്ടു നൽകുന്ന അംഗീകാരമായ സിസ്റ്റേഴ്‌സ് ആന്റി ട്രാഫിക്കിംഗ് അവാർഡിന്റെ കോമൺ ഗുഡ്സ് പുരസ്കാരം നേടിക്കൊണ്ട് സി. സെലി തോമസ് എന്ന മലയാളി സന്യാസിനി സംസാരിച്ചുതുടങ്ങിയത് ഇപ്രകാരമാണ്. തനിക്കു ലഭിച്ച പുരസ്കാരം മനുഷ്യക്കടത്തിന് ഇരകളായ ഓരോ വ്യക്തികൾക്കും സമർപ്പിച്ചുകൊണ്ട് പുരസ്കാരവേദിയിൽനിന്നും വിനീതമായി ഇറങ്ങുന്ന ആ സന്യാസിനിയെ ലോകം ആദരവോടെയാണ് നോക്കിക്കണ്ടത്. അറിയാം, കഴിഞ്ഞ 12 വർഷങ്ങളായി വെസ്റ്റ് ബംഗാളിലെ ഗ്രാമങ്ങളിൽ മനുഷ്യക്കടത്തിന് ഇരകളാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും കരംപിടിക്കുന്ന, അവരുടെ ‘ദീദി’ ആയി മാറിയ സി. സെലി തോമസ് എസ്.എം.ഐ എന്ന മലയാളിസന്യാസിനിയുടെ ജീവിതം.

നാഷണൽ അവാർഡ് വേദിയിൽ

“സിസ്റ്റേഴ്‌സ് ആന്റി ട്രാഫിക്കിംഗ് അവാർഡിന്റെ കോമൺ ഗുഡ്സ് പുരസ്കാരം നേടുമ്പോൾ എന്റെ മനസ്സിലൂടെ സമ്മിശ്രവികാരങ്ങളായിരുന്നു കടന്നുപോയിരുന്നത്. ഈയൊരു പുരസ്‌കാരത്തിന് ഞാൻ അർഹയായത്, വേദനിക്കുന്ന എന്റെ ഓരോ സഹോദരങ്ങളും മൂലമായിരുന്നല്ലോ എന്ന ചിന്തയായിരുന്നു അപ്പോൾ എന്റെ മനസുനിറയെ. അതിനാൽതന്നെ ഈ പുരസ്കാരം ഞാൻ സമർപ്പിച്ചതും അവർക്കോരോരുത്തർക്കുമായിരുന്നു.” പുരസ്കാരം ലഭിച്ച സന്തോഷത്തെ ലളിതമായ ഭാഷയിൽ അവതരിപ്പിച്ചുകൊണ്ട് സി. സെലി സംസാരിച്ചുതുടങ്ങി. മനുഷ്യക്കടത്തിന് ഇരയാകേണ്ടിവരുന്ന നാണക്കേടും ആഘാതവുമനുഭവിക്കുന്ന എല്ലാ കുട്ടികൾക്കും സ്ത്രീപുരുഷന്മാർക്കും ഇത് പ്രതീക്ഷയുടെ ഒരു പ്രതീകമാണ് എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് പ്രതീക്ഷയുടെ പടവുകൾ കയറാൻ അനേകർക്ക്‌ ഉത്തേജനം നൽകുകയാണ് ഇന്ന് ഈ സന്യാസിനി. കോമൺ ഗുഡ്സ് പുരസ്കാരം തേടിയെത്തിയതിന്റെ സന്തോഷം ഉള്ളിലുള്ളപ്പോഴും താൻ ഇന്ന് ഈവിധത്തിൽ പ്രവർത്തിക്കാൻ കാരണമായ തന്റെ സന്യാസ സമൂഹത്തോടും അതിലുപരി മനുഷ്യക്കടത്തിന് ഇരകളാകുന്നവരുടെ കണ്ണീരൊപ്പാൻ തന്നെ ഉപകരണമാക്കിയ ദൈവത്തോടുമുള്ള നന്ദി സി. സെലിയുടെ വാക്കുകളിലുടനീളം പ്രകടമായിരുന്നു. നീണ്ട അരമണിക്കൂറത്തെ സംഭാഷണത്തിൽ, പ്രതിസന്ധികൾ ഏറെയുള്ള തന്റെ പ്രവർത്തനമേഖലയെക്കുറിച്ച് വാചാലയാകുമ്പോഴും സിസ്റ്ററിന്റെ വാക്കുകളിൽ നിറഞ്ഞുനിന്നത് കൃതജ്ഞതയുടെയും നന്ദിയുടെയും മനോഭാവം മാത്രമായിരുന്നു. ഇന്ന് അനേകമാളുകൾ അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളുമായി എത്തുമ്പോൾ താൻ കടന്നുവന്ന വഴികളിലൂടെ സി. സെലിക്കൊപ്പം സഞ്ചരിക്കുകയാണ് ലൈഫ് ഡേയും.

കുടുംബത്തിൽനിന്നു ലഭിച്ച പ്രാർഥനാചൈതന്യം

വൈപ്പിനിലെ കർത്തേടം സെന്റ് ജോർജ് ഇടവാംഗമാണ് സി. സെലി എസ്.എം.ഐ. തൈപ്പറമ്പിൽ തോമസിന്റെയും ചിന്നമ്മയുടെയും എട്ടുമക്കളിൽ ആറാമത്തെ മകളായിട്ടായിരുന്നു ജനനം. എട്ടുമക്കളടങ്ങുന്ന വലിയ കുടുംബത്തിൽനിന്നും പങ്കുവയ്ക്കലിന്റെയും ലാളിത്യത്തിന്റേതുമായ ആത്മീയപാഠങ്ങൾ പഠിച്ചുകൊണ്ടായിരുന്നു സി. സെലിയുടെ ബാല്യകാലം കരുത്താർജിച്ചത്. സന്ധ്യാസമയങ്ങളിൽ കുടുംബത്തിൽ ഒന്നിച്ചിരുന്നുള്ള പ്രാർഥനയും ഒരുമിച്ച് അത്താഴംകഴിച്ച ഓർമ്മകളും സന്യാസവഴികളിൽ ദൈവവിളിയുടെ വിത്തുകൾ ആ കുഞ്ഞുമനസ്സിൽ പാകിയിരുന്നു. അത് നട്ടുവളർത്താനും ഹൃദയത്തിൽ ആഴ്ന്ന്  വേരൂന്നാനും കണ്ണീരോടെ പ്രാർഥിക്കുന്ന മാതാപിതാക്കളുടെ ജീവിതസാക്ഷ്യങ്ങൾമാത്രം മതിയായിരുന്നു.

അങ്ങനെ സന്യാസം എന്ന ദൈവവിളി തിരിച്ചറിഞ്ഞ നിമിഷമാണ്, വൊക്കേഷൻ പ്രൊമോഷന്റെ ഭാഗമായി എസ്.എം.ഐ സന്യാസ സമൂഹം സിസ്റ്ററിന്റെ ഇടവകയിൽ സന്ദർശനം നടത്തുന്നത്. മറ്റുപല സന്യാസ സമൂഹങ്ങളും അവിടെ സന്ദർശിച്ചിരുന്നുവെങ്കിലും ഈയൊരു സന്യാസ സമൂഹത്തോട് പ്രത്യേക മമതയും താല്പര്യവും തോന്നിയതിനാൽ സി. സെലി അവരുടെ വിവരങ്ങൾ രഹസ്യമായി തന്റെ അലമാരിയിൽ സൂക്ഷിച്ചു. പഠനശേഷം മഠത്തിൽ പോകണമെന്ന ആഗ്രഹം വീട്ടിലറിയിച്ചപ്പോൾ പൂർണ്ണപിന്തുണയോടെ അവർ എസ്.എം.ഐ സന്യാസ സമൂഹത്തിൽ കൊണ്ടുവന്നാക്കി. അന്ന് ആ നിമിഷം മുതൽ സി. സെലിയെ ദൈവം പ്രത്യേകമായ വിധത്തിൽ തന്റെ പദ്ധതിയുടെ പൂർത്തീകരണത്തിനായി ഒരുക്കുകയായിരുന്നു.

നിയമപഠനത്തിലൂടെ ഒരുക്കപ്പെട്ട ദൈവിക പദ്ധതി

സന്യാസപരിശീലനത്തിനുശേഷം അന്നത്തെ സന്യാസ സമൂഹത്തിന്റെ അധികാരികൾ നിയമപഠനത്തിനായി സി. സെലിയെ അയയ്ക്കുമ്പോൾ അതിനുപിന്നിൽ ദൈവം ഒരു സാധ്യത ഒളിപ്പിച്ചിരുന്നു എന്ന കാര്യം സിസ്റ്ററിന് അറിയില്ലായിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ സന്യാസ സമൂഹത്തിന്റെ സ്ഥാപിതലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നിയമപഠനം. അതിലൂടെ പാവങ്ങൾക്കായി, പ്രത്യേകിച്ച് ഗ്രാമങ്ങളിൽ കഴിയുന്നവർക്ക് സഹായംനൽകാൻ കഴിയുമല്ലോ എന്ന ചിന്തയിരുന്നു നിയമപഠനത്തിനായി ഇറങ്ങിത്തിരിക്കുമ്പോൾ സി. സെലിക്ക് ഉണ്ടായിരുന്നത്. അങ്ങനെ 2003 -ലാരംഭിച്ച നിയമപഠനം 2007 -ൽ പൂർത്തിയാക്കി. തുടർന്ന് ബംഗാളിലെ ഡിസ്ട്രിക്ട് കോർട്ടിലും ബാംഗ്ലൂരിൽ ജോസ് സെബാസ്റ്റ്യൻ എന്ന വക്കീലിന്റെകീഴിലും കുറച്ചുനാൾ പ്രാക്ടീസ് ചെയ്തു. അതിനിടയിലാണ് അന്നത്തെ സുപ്പീരിയർ ജനറൽ ആയിരുന്ന സി. ലിസെറ്റ് തുരുത്തിമറ്റം സി. സെലിയെ തിരികെ ബംഗാളിലേക്ക് വിളിക്കുന്നത്.

തിരികെ ബംഗാളിലേക്ക്

2009 -ൽ, സി. ലിസെറ്റ് തുരുത്തിമറ്റം റോമിലെ ‘യൂണിയൻ ഓഫ് സുപ്പീരിയർ ജനറൽ’ എന്ന പരിപാടിയിൽ പങ്കെടുക്കാൻ പോയിരുന്നു. ആ സമ്മേളനത്തിൽ, മനുഷ്യക്കടത്തിന് ഇരകളായവരുടെ അനുഭവങ്ങളും അവർ നേരിട്ട ക്രൂരതകളുംമറ്റും ചർച്ചചെയ്തിരുന്നു. ആ ചർച്ചകൾ സി. ലിസെറ്റ് തുരുത്തിമറ്റത്തിലിന്റെ ഹൃദയത്തിൽകൊണ്ടു. ഇന്ത്യയിൽ മനുഷ്യക്കടത്തിനിരകളാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ആ സന്യാസിനിയുടെ മനസ്സിൽ തോന്നി. ആ ആശയത്തിന്റെ വെളിച്ചത്തിലാണ് സി. സെലിയെ ബംഗാളിലേക്കു വിളിപ്പിക്കുന്നത്. ചുരുക്കത്തിൽ, അധികാരികളിലൂടെ ദൈവം സി. സെലിയെ തന്റെ പദ്ധതിയിലേക്ക് കൊണ്ടുവരികയായിരുന്നു.

തിരികെയെത്തിയ സി. ലിസെറ്റ് തുരുത്തിമറ്റം സി. സെലിയെ വിളിച്ചുകൊണ്ടു പറഞ്ഞു: “തിരിച്ചുവരിക. ഇവിടെ മനുഷ്യക്കടത്തിനെതിരെ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്.” തിരികെ ബംഗാളിലെത്തിയ സി. സെലിക്ക് ആദ്യത്തെ വെല്ലുവിളിയെന്നത് ബംഗാളി ഭാഷയായിരുന്നു. പതിയെ ഭാഷയെ തനിക്കിണങ്ങുംവിധം വഴക്കിയെടുത്ത സിസ്റ്റർ, മനുഷ്യക്കടത്തിനെതിരെ ബോധവത്കരണ ക്ലാസുകളും മറ്റും നടത്തിത്തുടങ്ങി.

“എവിടെയായിരുന്നു സിസ്റ്റർ ഇത്രയുംനാൾ” – കരുത്തുപകർന്ന വാക്കുകൾ

പിന്നീട് നീണ്ട 12 വർഷങ്ങൾ സിസ്റ്റർ മനുഷ്യക്കടത്തിനെതിരെ പോരാടുകയായിരുന്നു. ഈ പോരാട്ടത്തിനിടെ മറക്കാനാകാത്ത പല മുഖങ്ങളും വ്യക്തികളും സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതിൽ ഒരു പെൺകുട്ടിയുടെ വാക്കുകളായിരുന്നു, ഇന്നോളമുള്ള സിസ്റ്ററിന്റെ പ്രവർത്തനങ്ങൾക്ക് പ്രചോദനമായി മാറിയത്.

ബോധവൽക്കരണ ക്ലാസുകളും മനുഷ്യക്കടത്തിനെതിരെയുള്ള പ്രവർത്തനങ്ങളും ആരംഭിച്ച സമയം. ഒരിക്കൽ റെഡ് ലൈറ്റ് ഏരിയയിൽ നടന്ന പ്രവർത്തനങ്ങൾക്കൊടുവിൽ ഒരു പെൺകുട്ടി ഓടിവന്നു. ആ പെൺകുട്ടി സിസ്റ്ററിനെ കെട്ടിപ്പിടിച്ചുകൊണ്ടു പറഞ്ഞു: “സിസ്റ്ററേ, ഇത്രയുംനാൾ എവിടെയായിരുന്നു. നേരത്തെ സിസ്റ്ററിനെ കണ്ടെത്തിയിരുന്നെങ്കിൽ ഞാനൊരിക്കലും ഒരു ലൈംഗികതൊഴിലാളി ആകുമായിരുന്നില്ല. 12 വയസ്സുമുതൽ ഞാൻ വിൽക്കപ്പെടുകയാണ്.” ഹൃദയവ്യഥയോടെയുള്ള, ആ പെൺകുട്ടിയുടെ വാക്കുകൾക്ക് സിസ്റ്ററിന്റെ ഇന്നോളമുള്ള പ്രവർത്തനങ്ങൾക്കു പകരാനുള്ള മുഴുവൻ കരുത്തുമുണ്ടായിരുന്നു. ആ പെൺകുട്ടിയുടെ കണ്ണീരിൽ കുതിർന്ന വാക്കുകളാണ് ഇന്നും പ്രതിസന്ധികൾ തരണംചെയ്ത് മുന്നോട്ടുപോകാൻ സിസ്റ്ററിനെ പ്രേരിപ്പിക്കുന്നത്.

സിസ്റ്ററിന്റെ പ്രവർത്തങ്ങളുടെ ഫലമായി ആ പെൺകുട്ടി ലൈംഗികതൊഴിൽ ഉപേക്ഷിച്ചു. ഇന്ന്, പഠിച്ച് നല്ലനിലയിൽ ജോലിചെയ്തു ജീവിക്കുന്നു എന്നുപറയുമ്പോൾ സിസ്റ്ററിന്റെ വാക്കുകളിൽ സന്തോഷം നിറയുന്നു. ഇതുപോലെ അനേകം അനുഭവങ്ങൾക്കാണ് അനുദിനജീവിതത്തിൽ സിസ്റ്റർ സാക്ഷ്യം വഹിക്കുന്നത്.

പ്രവർത്തനങ്ങൾ

മനുഷ്യക്കടത്തിന് ഇരകളായവരെ രക്ഷിച്ച് പുതിയൊരു ജീവിതത്തിലേക്കു കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു സിസ്റ്ററിന്റെ ആദ്യപ്രവർത്തനങ്ങൾ. അതിനായി ഗ്രാമങ്ങളിലുംമറ്റും ബോധവൽക്കരണ ക്ലാസുകൾ നടത്തും. ഈ ക്ലാസുകൾക്കിടയിലാകും മിക്കവാറും ആ ഗ്രാമത്തിൽനിന്നുള്ള പെൺകുട്ടികൾ അല്ലെങ്കിൽ മുതിർന്ന സ്ത്രീകൾ കാണാതായതായി അറിയാൻ കഴിയുന്നത്. പിന്നീട്, ഈ കാണാതാകുന്നവരെ തേടിയുള്ള യാത്രയാണ്. ഈ യാത്രയിൽ പൊലീസും എൻ.ജി.ഒകളും സന്നദ്ധസംഘടനകളുമൊക്കെ സിസ്റ്ററിന്റെ സഹായത്തിനെത്താറുണ്ട്. അവരിലൂടെ, കാണാതാകുന്നവരിലേക്കും തട്ടിക്കൊണ്ടുപോകലിന് ഇരകളാകുന്നവരിലേക്കും എത്തുന്നു. തുടർന്ന് അവരെ മോചിപ്പിച്ച് അവർക്ക് കൗൺസിലിംഗും മറ്റു പിന്തുണകളും നൽകി പുനരധിവാസകേന്ദ്രങ്ങളിലേക്കു മാറ്റുന്നു. ഇത്തരത്തിൽ രക്ഷിക്കപ്പെടുന്ന കുട്ടികൾക്ക് പൂർണ്ണമായും പിന്തുണ നൽകാൻ എസ്.എം.ഐ സന്യാസ സമൂഹം പ്രതിജ്ഞാബദ്ധമാണ്. ഈ കുട്ടികളുടെ പഠനത്തിനുള്ള ചിലവും മറ്റും പൂർണ്ണമായും ഏറ്റെടുത്തും ഇടയ്ക്കിടെ അവരെ സന്ദർശിച്ചും അവധിസമയങ്ങളിൽ അവരെ തങ്ങളുടെ പക്കലേക്ക് കൂട്ടിക്കൊണ്ടുവന്നുമൊക്കെ ഒരു കുടുംബാന്തരീക്ഷം അവർക്കു നൽകാൻ ഈ സന്യാസിനീസമൂഹം ശ്രദ്ധിക്കുന്നു.

മനുഷ്യക്കടത്തിലൂടെ റെഡ് ലൈറ്റ് ഏരിയകളിൽ എത്തിച്ചേർന്ന മുതിർന്നവർക്കിടയിലായിരുന്നു ആദ്യം സിസ്റ്റർ തന്റെ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചത്. അതിൽ കുറച്ചാളുകൾ ഈ സന്യാസിനിയുടെ പ്രവർത്തനഫലമായി ആ മേഖലയിൽനിന്നു മാറി വീട്ടുജോലികളിലും മറ്റും ഏർപ്പെട്ട് നന്നായി ജീവിക്കുന്നു. “ദീദി, ദീദിയെ കണ്ടുമുട്ടിയതിനുശേഷം ഞങ്ങൾ ആ ജോലിക്കു പോയിട്ടില്ല” എന്നുപറയുന്ന സ്ത്രീകളുണ്ട്. എന്നാൽ നല്ല ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നവരിൽ ചിലർ തിരികെ വന്നതിനുശേഷവും വീണ്ടും ലൈംഗികവൃത്തിയിലേക്കു തിരിയുന്ന പ്രവണത കാണിച്ചതോടെ അവരുടെ കുട്ടികളിലേക്ക് കൂടുതൽ ശ്രദ്ധതിരിച്ചു. ആ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകി അവർക്ക് ശോഭനമായ ഒരു ഭാവിനൽകാൻ അനുദിനം ശ്രമിക്കുകയാണ് സി. സെലി ഉൾപ്പെടുന്ന സന്യാസ സമൂഹം.

ജോലിയും വിദ്യാഭ്യാസവും

പലപ്പോഴും മനുഷ്യക്കടത്തിലേക്കും ലൈംഗികവൃത്തിയിലേക്കും തിരിയുന്നതിനു കാരണമായിമാറുന്നത് ദാരിദ്ര്യവും തൊഴിലില്ലായ്മയുമാണെന്നു മനസിലാക്കിയ സന്യാസിനിമാർ, തങ്ങളുടെ പക്കലുണ്ടായിരുന്ന തയ്യൽ മെഷീനുകളുമായി ഗ്രാമങ്ങളിലേക്കുപോയി. അവിടെ ഒരു വീട്ടിൽവച്ച് സ്ത്രീകൾക്ക് തയ്യൽപരിശീലനം നൽകി. ഇത്തരത്തിൽ പരിശീലനംനേടിയ സ്ത്രീകൾ പിന്നീട് തയ്യലിലൂടെ കണ്ടെത്തിയ വരുമാനത്തിലൂടെ സ്വന്തമായി തയ്യൽ മെഷീൻ വാങ്ങുകയും കുടുംബത്തിലെ വരുമാനദാതാക്കളായി മാറുകയും ചെയ്തതോടെ ആ കുടുംബങ്ങൾ പതിയെ ദാരിദ്ര്യത്തിൽനിന്നും തൊഴിലില്ലായ്മയിൽനിന്നും കരകയറാൻ തുടങ്ങി. ഒരു വരുമാനമാർഗം ആയതോടെ കുടുംബനാഥനും കുടുംബനാഥയും മക്കളും ഒരുമിച്ചു ചിലവിടുന്ന സമയം വർധിക്കുകയും ഒരുമിച്ച് അധ്വാനിക്കുന്ന ശൈലി രൂപംകൊള്ളുകയും ചെയ്തു. ഇതോടെ ബംഗാളിലെ നദിയ ജില്ലയിലെ പല കുടുംബങ്ങളിലും പ്രതീക്ഷയുടെ വെള്ളിവെളിച്ചം പകരാൻ സി. സെലിക്കും സംഘത്തിനും സാധിച്ചു.

പ്രതിസന്ധികളിൽ കരുത്തുപകർന്ന് ജപമാലയും പരിശുദ്ധ കുർബാനയും

പലപ്പോഴും പ്രതിസന്ധികൾ ഏറെയുള്ള സമയങ്ങളുണ്ടായിട്ടുണ്ട്. കാണാതാകുന്നവരെ തേടിയുള്ള യാത്രകളിൽ ചിലപ്പോഴെങ്കിലും അന്വേഷണങ്ങൾ എങ്ങുമെത്താതെ, ഒരുപിടിയും കിട്ടാതെനിൽക്കുന്ന അവസരങ്ങളുണ്ടായിട്ടുണ്ട്. ഒരാളെ കണ്ടെത്തി രക്ഷിക്കാനായി എത്തുമ്പോഴേക്കും അവരെ അവിടെനിന്നു മാറ്റുന്ന തരത്തിലുള്ള സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഭീഷണികളും അപകടങ്ങളും പതിയിരിക്കുന്ന റെഡ് ലൈറ്റ് ഏരിയകളിലൂടെ യാത്രചെയ്യേണ്ടിവരുമ്പോൾ ഭീതിപ്പെടുത്തുന്ന അനുഭവങ്ങൾക്കും സാക്ഷ്യംവഹിക്കേണ്ടിവന്നിട്ടുണ്ട് ഈ സന്യാസിനിക്ക്. ഈ പ്രതിസന്ധികളിലും ഒറ്റപ്പെടുന്ന അവസ്ഥകളിലുമൊക്കെയും സി. സെലിക്ക് ധൈര്യം പകരുന്നത് ജപമാലയും പരിശുദ്ധ കുർബാനയുമാണ്.

ജപമാല കയ്യിൽപിടിക്കാതെ ഒരു ദിവസംപോലും സി. സെലി തന്റെ പ്രവർത്തനങ്ങൾക്കായി ഇറങ്ങിയിട്ടില്ല. ജപമാല കയ്യിൽ പിടിക്കുമ്പോൾ പരിശുദ്ധ അമ്മയുടെ കൈപിടിക്കുന്ന അനുഭവമാണ് ഈ സന്യാസിനിക്ക്. ബാക്കിയൊക്കെ അമ്മ നോക്കിക്കോളും എന്ന വിശ്വാസവും. അതുപോലെതന്നെയാണ് പരിശുദ്ധ കുർബാനയും. പരിശുദ്ധ കുർബാനയിൽ പങ്കെടുക്കാതെ ഒരു ദിവസംപോലും ഈ സന്യാസിനി തന്റെ പ്രവർത്തങ്ങൾക്കായി ഇറങ്ങിത്തിരിച്ചിട്ടില്ല. ഓരോ പരിശുദ്ധ കുർബാനയിലും “ദൈവമേ, ഇന്ന് ഞാൻ കണുന്നത് ആരെയാണെന്നറിയില്ല. എല്ലാം തരികയാണ്” എന്നുപറഞ്ഞ് സമർപ്പിച്ചിട്ടേ സി. സെലി തന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയുള്ളൂ. തന്റെ ജീവിതത്തിൽ ഇതുവരെ സംഭവിച്ചതെല്ലാം ദൈവത്തിന്റെ പ്രത്യേക ഇടപെടലാണെന്നു വിശ്വസിക്കുകയാണ് ഈ സന്യാസിനി.

എസ്.എം.ഐ സന്യാസ സമൂഹം 

1948 ഡിസംബർ 12 -നാണ് സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (എസ്.എം.ഐ) സന്യാസ സമൂഹം സ്ഥാപിതമാകുന്നത്. ഗ്രാമങ്ങളിലൂടെയുള്ള സുവിശേഷവൽക്കരണമാണ് ഈ സന്യാസ സമൂഹത്തിന്റെ കാരിസം. ബിഷപ്പ് ലൂയിസ് ലാറവിയോർ മോറോ എന്ന മെക്സിക്കൻ ബിഷപ്പിനാൽ സ്ഥാപിതമായ സന്യാസ സമൂഹമാണ് എസ്.എം.ഐ.

1930 -കളിൽ, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുൻപ് ഇവിടെ സന്ദർശിക്കാൻ വന്നപ്പോൾ, സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന വിവേചനങ്ങൾ മനസിലാക്കാൻ അദ്ദേഹത്തിനു സാധിച്ചു. സന്യാസിനിമാരുണ്ടെങ്കിൽ അവർക്ക് സ്ത്രീകളോടു സംസാരിക്കാനും അവരെ പുരോഗമനത്തിലേക്കു കൊണ്ടുവരാനും സാധിച്ചേക്കുമെന്ന തിരിച്ചറിവിൽനിന്നാണ് ഈ സന്യാസ സമൂഹം രൂപംകൊള്ളുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയുമിടയിലുള്ള മിഷൻപ്രവർത്തനമാണ് ഈ സന്യാസ സമൂഹത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ.

നാളിതുവരെയുള്ള പ്രവർത്തനങ്ങളിൽ തനിക്ക് താങ്ങും തണലുമായിനിന്ന സന്യാസ സമൂഹത്തോടുള്ള നന്ദിയും കൃതജ്ഞതയും ഏറെയാണ് സിസ്റ്ററിന്. തന്റെ സന്യാസാധികാരികളിലൂടെ ദൈവം ഭരമേല്പിച്ച ദൗത്യം കൂടുതൽ കരുത്തോടെ നിർവഹിക്കുന്നതിനുള്ള പ്രാർഥനയിലാണ് ഈ സന്യാസിനി. മനുഷ്യക്കടത്തിന് ഇരകളായി പ്രതീക്ഷകൾ നഷ്ടപ്പെട്ട ഒരു സമൂഹത്തിൽ ക്രിസ്തുവിന്റെ സ്നേഹം പകരാനുള്ള സി. സെലിയുടെ പ്രവർത്തനങ്ങളിൽ പ്രാർഥനകളും ആശംസകളുമായി ലൈഫ് ഡേയും ചേരുന്നു.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.