ബീഹാറിലെ പാവങ്ങളുടെ ജീവിതങ്ങളെ പടുത്തുയർത്തിയ മലയാളി സന്യാസിനി; ‘സൈക്കിൾ ദീദി’യുടെ ധീരഗാഥ

സി. സൗമ്യ DSHJ

പത്മശ്രീ മുതൽ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള മലയാളിയായ സി. സുധ വർഗീസ്, ബീഹാറിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ജീവിതം സമർപ്പിച്ചയാളാണ്. ബാല്യത്തിൽ, ബീഹാറിലെ ഒരു ദരിദ്ര കുടിലിന്റെ ചിത്രം കണ്ടതാണ് അവരുടെ ജീവിതത്തെ മാറ്റിമറിച്ചത്. കഴിഞ്ഞ ദിവസം ബിൽ ഗേറ്റ്സ് സിസ്റ്ററിനെക്കുറിച്ച് എഴുതിയിരുന്നു. തുടർന്നു വായിക്കുക…

‘സൈക്കിൾ ദീദി’ എന്ന് വിളിപ്പേരുള്ള സി. സുധ വർഗീസ് കോട്ടയം ജില്ലയിലെ കാഞ്ഞിരത്താനം സ്വദേശിനിയാണ്. പത്മശ്രീ മുതൽ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ഈ സന്യാസിനി ബീഹാറിലെ പാവപ്പെട്ടവരുടെ അവസ്ഥയറിഞ്ഞു അവർക്കു വേണ്ടി ഇറങ്ങിത്തിരിച്ചയാളാണ്. മൈക്രോ സോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് ബീഹാറിലെ പിന്നോക്കവിഭാഗങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സിസ്റ്ററിന്റെ പ്രവർത്തങ്ങളെക്കുറിച്ച് തന്റെ ബ്ലോഗിൽ എഴുതിയതിലൂടെയാണ് സിസ്റ്റർ വീണ്ടും വാർത്തകളിൽ നിറയുന്നത്. സിസ്റ്റേഴ്സ് ഓഫ് നോത്ര ഡാം (Sisters of Notre Dame) സന്യാസിനീ സമൂഹത്തിന്റെ പാട്‌ന പ്രൊവിൻസിലെ അംഗമാണ് സി. സുധ വർഗീസ്.

സുധ വർഗീസ് എന്ന പെൺകുട്ടി, തന്റെ ചെറുപ്പത്തിൽ, ബീഹാറിലെ റോഡരികിലുള്ള ദരിദ്രമായ ഒരു കുടിലിന്റെ ചിത്രം കണ്ടു. ഒരു മാസികയിലൂടെ കണ്ട ആ ചിത്രം കേരളത്തിലെ സ്‌കൂളിൽ വിദ്യാർത്ഥിനി ആയിരുന്ന സുധ വർഗീസ് എന്ന പെൺകുട്ടിയുടെ ജീവിതത്തെ മാറ്റിമറിച്ചു. ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ ചില കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്തു നിന്നുള്ള ചിത്രമായിരുന്നു അത്. ആ ചിത്രത്തിനോടൊപ്പം ഉണ്ടായിരുന്ന ലേഖനത്തിൽ, അവിടെയുള്ള പാവപ്പെട്ടവർ ഇത്തരം കുടിലുകളിലാണ് താമസിക്കുന്നതെന്ന് അറിയാൻ കഴിഞ്ഞു.

കേരളത്തിലെ കോട്ടയം ജില്ലയിലെ കാഞ്ഞിരത്താനത്തെ സമ്പന്നമായ വീട്ടിൽ വളർന്ന സുധയുടെ ജീവിതത്തെ ആ ചിത്രം സ്വാധീനിച്ചു. ആ പെൺകുട്ടിക്ക് അത്തരം ദരിദ്രസാഹചര്യങ്ങളിൽ ജീവിക്കുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയില്ലായിരുന്നു. അങ്ങനെ, പാവങ്ങളെ സഹായിക്കാൻ എന്തെങ്കിലും ചെയ്യണമെന്ന തീരുമാനത്തിൽ അവൾ എത്തിച്ചേർന്നു.

തന്റെ എല്ലാ കഴിവുകളും സമയവും സ്നേഹവും തനിക്കുള്ളതെല്ലാം ദരിദ്രരായ പാവപ്പെട്ട ആളുകൾക്കു നൽകാൻ സുധ തീരുമാനിച്ചു. എന്നാൽ, സുധയുടെ കുടുംബം അവളുടെ ഈ തീരുമാനങ്ങളോട് പിന്തുണച്ചില്ല. പക്ഷേ, അവൾ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. ഒരു കത്തോലിക്കാ സന്യാസിനിയായി ജീവിക്കാനും അങ്ങനെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാനുമായി അവൾ ഇറങ്ങിത്തിരിച്ചു.

സന്യാസിനിയായി കുറച്ചു വർഷങ്ങൾക്കു ശേഷം, ദരിദ്രരെ സഹായിക്കാൻ താൻ വേണ്ടത്ര ചെയ്യുന്നില്ല എന്നു തിരിച്ചറിഞ്ഞ സുധ, തന്റെ അധ്യാപനജോലി രാജി വച്ച് താൻ ഫോട്ടോയിൽ കണ്ടതുപോലുള്ള ഒരു സമൂഹത്തിൽ ജീവിക്കാനായി ബീഹാറിലേക്കു പോയി.

അവിടെ താമസിച്ചിരുന്ന ആളുകൾ മുസാഹർ വിഭാഗത്തിൽപെട്ടവരാണെന്ന് സിസ്റ്റർ മനസ്സിലാക്കി. മുസാഹർ എന്ന വാക്കിനർത്ഥം ‘എലിയെ തിന്നുന്നവർ’ എന്നാണ്. ഇന്ത്യയുടെ മുൻകാല ജാതിവ്യവസ്ഥയിൽ അവരെ വളരെ താഴേക്കിടയിലാണ് പരിഗണിച്ചിരുന്നത്. സ്വന്തമായി ഭൂമിയില്ലാത്ത ഇവർ കർഷകരായിരുന്നു. മിക്കവർക്കും സ്‌കൂളിൽ പോകാൻ അവസരമുണ്ടായിരുന്നില്ല.

സി. സുധ മുസാഹർ ഗ്രാമത്തിലെ ചിലരോട് തനിക്ക് താമസിക്കാൻ സ്ഥലം ചോദിച്ചു. അവർ സി. സുധക്ക് തങ്ങളുടെ ധാന്യങ്ങൾ സൂക്ഷിച്ചിരുന്ന ഷെഡ് താമസിക്കാനായി നൽകി. അങ്ങനെ അവിടെ താമസിച്ചുകൊണ്ട് അവിടുത്തെ ആളുകൾക്കു വേണ്ടി പ്രവർത്തിക്കാൻ സിസ്റ്റർ തീരുമാനിച്ചു.

സി. സുധ ‘സൈക്കിൾ ദീദി’ ആയ കഥ

മുസാഹർ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഇടയിലാണ് സിസ്റ്റർ തന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അവർ കടുത്ത വിവേചനവും അതിക്രമവും അനുഭവിച്ചവരായിരുന്നു. അവരുടെ അവകാശങ്ങൾക്കായി നിലകൊള്ളാൻ സി. സുധ അവരോടൊപ്പം പ്രവർത്തിച്ചു. ശുദ്ധജലം ലഭ്യമാകാൻ ഫണ്ട് സ്വരൂപിക്കാനും ഉയർന്ന കൂലി ചോദിക്കാനും സിസ്റ്റർ അവരെ പ്രോത്സാഹിപ്പിച്ചു. തന്റെ സേവനമണ്ഡലങ്ങളിലെല്ലാം സി. സുധ തനിയെ സൈക്കിളിൽ എത്തുകയും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് ‘സൈക്കിൾ ദീദി’ എന്ന പേര് ലഭിക്കുന്നത്.

പെൺകുട്ടികളുടെ വിദ്യാഭ്യാസം

അതോടൊപ്പം മുസാഹർ സ്ത്രീകൾ, സ്വയം അവരെ മറ്റുള്ളവരേക്കാൾ തങ്ങൾ വളരെ പിന്നോക്കമെന്നു കരുതി. ഒരു മുറിയിൽ പ്രവേശിക്കുമ്പോൾ, അവർ നിലത്തു നോക്കി എപ്പോഴും പിൻസീറ്റിൽ ഇരിക്കും. തങ്ങൾ ബഹുമാനത്തിന് അർഹരല്ലെന്ന് അവർ കരുതി. അതിനാൽ അവരുടെ ചിന്താഗതികൾ മാറ്റുന്നത് വളരെ പ്രയാസകരമായിരുന്നു. മുതിർന്ന സ്ത്രീകളുമായി പ്രവർത്തിക്കാൻ സിസ്റ്റർക്ക് എളുപ്പമായിരുന്നെങ്കിലും പെൺകുട്ടികളുമായി പ്രവർത്തിക്കുന്നത് അതിലും പ്രധാനപ്പെട്ടതാണെന്ന് സി. സുധ മനസിലാക്കി. അവരുടെയിടയിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം വളരെ പ്രധാനപ്പെട്ട കാര്യമായിരുന്നു.

‘പ്രേരണ’ എന്ന പുതിയ സ്‌കൂൾ

എന്നാൽ, അവർക്ക് വിദ്യാഭ്യാസം കൊടുക്കാൻ കഴിയുന്ന ഒരു സ്കൂൾ നിലവിലില്ല എന്നതായിരുന്നു പ്രധാനപ്പെട്ട കാര്യം. അതിനാൽ സി. സുധ തന്നെ ഒരു പുതിയ സ്‌കൂൾ തുടങ്ങാൻ തീരുമാനിച്ചു. ഹിന്ദിയിൽ ‘പ്രചോദനം’ എന്നർത്ഥം വരുന്ന ‘പ്രേരണ’ എന്ന് തന്റെ പുതിയ സ്‌കൂളിന് പേരിട്ടു.

‘പ്രേരണ’ സ്കൂളിൽ വായന, എഴുത്ത്, ഗണിതം, ചരിത്രം, ശാസ്ത്രം എന്നിവ പഠിപ്പിക്കുന്നു. എന്നാൽ തങ്ങൾക്കു വേണ്ടി നിലകൊള്ളാനും ആത്മവിശ്വാസമുള്ളവരാകാനും തന്റെ വിദ്യാർത്ഥികൾ പഠിക്കണമെന്ന് സിസ്റ്റർ ആഗ്രഹിച്ചു. അങ്ങനെ തന്റെ സ്‌കൂളിൽ കരാട്ടെയും പാഠ്യപദ്ധതിയിൽ ചേർത്തു. പെൺകുട്ടികൾ കഴിവുള്ള ആയോധന കലാകാരന്മാരാണെന്ന് തെളിയിച്ചു. ചിലർ പ്രേരണ സ്‌കൂളിൽ നിന്നും ജപ്പാനിൽ നടന്ന ലോക കരാട്ടെ ചാമ്പ്യൻഷിപ്പിൽ പോലും പങ്കെടുത്തിട്ടുണ്ട്.

യോഗ, ഡ്രോയിംഗ്, പെയിന്റിംഗ്, പാട്ട് എന്നിവയും സി. സുധ അവരെ പഠിപ്പിക്കുന്നു. ധീരരായ യുവതികളെ സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ആ സ്‌കൂളിൽ നിന്നും പഠിച്ചുപോയ 5,000 -ത്തിലധികം പെൺകുട്ടികൾ ബിരുദം നേടിയിട്ടുണ്ട്.

കോവിഡ് സമയത്ത്, ഇന്ത്യയിലെ എല്ലാ സ്കൂളുകളെയും പോലെ പ്രേരണ സ്കൂളും മാസങ്ങളോളം അടച്ചിടേണ്ടി വന്നു. ഇവിടെയുള്ള പാവപ്പെട്ടവരായ പല പെൺകുട്ടികൾക്കും മൊബൈൽ ഫോണുകൾ ലഭ്യമല്ലെങ്കിലും ഓൺലൈൻ ക്ലാസുകളിലൂടെ സി. സുധയും മറ്റ് അധ്യാപകരും തങ്ങളാൽ കഴിയുന്നിടത്തോളം അവർക്ക് ക്‌ളാസുകൾ നൽകി.

‘സ്ത്രീശബ്ദം’ എന്ന സ്ഥാപനം

ബീഹാറിലെ ഈ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസം, സാക്ഷരത, തൊഴിൽ പരിശീലനം, ആരോഗ്യസംരക്ഷണം, ജീവിതരീതികൾ എന്നിവ നൽകുന്ന ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമായ ‘നാരി ഗുഞ്ജൻ’ (സ്ത്രീ ശബ്ദം) സിസ്റ്റർ നടത്തുന്നുണ്ട്. ഈ സമൂഹത്തിന്റെ ജീവിതം മെച്ചപ്പെടുത്താൻ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്.

പല കുടുംബങ്ങളും ഇപ്പോഴും ദാരിദ്ര്യത്തിലും പാർശ്വവൽക്കരിക്കപ്പെട്ടവരുമാണ്. എന്നാൽ അവർ ഇപ്പോൾ സി. സുധയുടെ സ്‌കൂളിനും ബീഹാർ ഗവൺമെന്റിന്റെ നിരവധി ശ്രമങ്ങൾക്കും നന്ദി പറയുകയാണ്. മുസാഹർ പെൺകുട്ടികൾ ഇപ്പോൾ ഡോക്ടര്‍മാരും എഞ്ചിനീയർമാരും അഭിഭാഷകരും അവരുടെ സമൂഹത്തിലെ നേതാക്കളും ആകാനുള്ള അവരുടെ സ്വപ്നങ്ങൾ സാഫല്യമാക്കാനുള്ള പരിശ്രമത്തിലാണ്.

“ഇപ്പോൾ ഭൂമിയില്ലാത്ത സമൂഹത്തിൽ ഏറ്റവും താഴേക്കിടയിലുള്ള പാവങ്ങളോടൊപ്പമാണ് ഞാൻ പ്രവർത്തിക്കുന്നത്. കഴിഞ്ഞ 40 വർഷമായി ഞാൻ അതു തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നതും. അവരുടെ ഉന്നമനത്തിനായി പല കാര്യങ്ങളും ചെയ്തുവരുന്നു. വിദ്യാഭ്യാസം, സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഒക്കെ ഇതിൽ ഉൾപ്പെടുന്നു” – സി. സുധ പറയുന്നു.

ഇന്ന് ബീഹാറിൽ ഒരു ഫോട്ടോഗ്രാഫർ വന്നിരുന്നെങ്കിൽ, പതിറ്റാണ്ടുകൾക്കു മുമ്പ് സി. സുധ ഒരു മാസികയിൽ കണ്ടതു പോലെ, വഴിയരികിലുള്ള ഒരു കുടിലിന്റെ ചിത്രം അവിടെ കാണാൻ സാധിക്കുകയില്ല. പകരം, സിസ്റ്ററിന്റെ സ്കൂളിലെ ബിരുദധാരികളായ ചെറുപ്പക്കാരുടെ ചിത്രമായിരിക്കും കാണുക. അവർ തല ഉയർത്തിപ്പിടിച്ച് ക്യാമറയിലേക്ക് ആത്മവിശ്വാസത്തോടെ നോക്കുന്നതും സ്വന്തം കഴിവിൽ വിശ്വസിക്കാത്തവർക്ക് ധൈര്യം പകരുന്നതും കാണാം.

2012 മുതൽ 2015 വരെ ബീഹാർ സംസ്ഥാനത്തിന്റെ ന്യൂനപക്ഷ കമ്മീഷൻ ഉപാദ്ധ്യക്ഷയായിരുന്നു സി. സുധ. ബീഹാർ സംസ്ഥാനത്തെ പ്ലാനിങ്ങ് കമ്മീഷൻ ഫോർ വിമൻ ഡവലപ്മെന്റ് അംഗവുമാണ്. ഈ മലയാളി സിസ്റ്ററിനെ 2006 -ൽ ഭാരത സർക്കാർ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. കൂടാതെ, നിരവധി പുരസ്‌കാരങ്ങൾ സി. സുധയെ തേടിയെത്തിയിട്ടുണ്ട്.

കുറുപ്പന്തറ, കാഞ്ഞിരത്താനം ചേന്നംപറമ്പിൽ വർഗീസ് – ഏലിക്കുട്ടി ദമ്പതിമാരുടെ മൂത്ത മകളായി 1944 സെപ്റ്റംബർ അഞ്ചിനാണ് സിസ്റ്ററിന്റെ ജനനം.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.