
അമേരിക്ക എന്ന ഫെഡറൽ രാജ്യത്തിന്റെ വിപുലീകരണം അതിന്റെ പൂർണ്ണതയിലേക്കുള്ള പ്രയാണം തുടങ്ങിയത് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ റെയിൽവേ ശൃംഖലയുടെ വരവോടെയാണ്. ഗ്രേറ്റ് അമേരിക്കൻ റെയിൽവേയുടെ വരവ്, മുമ്പ് ജനവാസം കുറവായിരുന്ന സ്ഥലങ്ങളിൽ നഗരങ്ങൾ ഉയർന്നുവരാൻ കാരണമായി. പുതിയ ഗതാഗതമാർഗ്ഗം അമേരിക്കയുടെ ഭൂപ്രകൃതിയിൽ വിപ്ലവം സൃഷ്ടിക്കുക മാത്രമല്ല, ഉൾപ്രദേശങ്ങളിലെ വിശ്വാസികൾക്ക് പള്ളിയിലെ സേവനങ്ങളിൽ പങ്കെടുക്കാനുള്ള വഴിയും തെളിച്ചു.
വിദൂരസ്ഥലങ്ങളിൽ താമസിക്കുന്ന അമേരിക്കൻ കത്തോലിക്കർ പള്ളിയിൽ പോകാനായി വലിയ നഗരങ്ങളിലേക്ക് യാത്ര ചെയ്തു. എന്നാൽ ചില കാഴ്ചപ്പാടുള്ള പുരോഹിതർ ഒരു പടി കൂടി മുന്നോട്ടു ചിന്തിച്ചു. എന്തുകൊണ്ട് പള്ളികൾ വിശ്വാസികളുടെ അടുത്തേക്ക് എത്തിക്കൂടാ? അതായിരുന്നു ‘റെയിൽ റോഡ് ചാപ്പലുകൾ’ എന്ന ട്രെയിനിന്റെ കോച്ചിൽ നിർമ്മിച്ച ചാപ്പലുകളുടെ തുടക്കം.
ഈ റെയിൽ റോഡ് ചാപ്പലുകൾ, ഒരു ആരാധനാലയം സ്ഥാപിക്കാൻ കഴിയാത്തത്ര ചെറുതായിരുന്ന കമ്മ്യൂണിറ്റികൾക്ക് അവരുടെ വിശ്വാസപരമായ സേവനങ്ങൾ നൽകുന്നതിനായി നഗരത്തിൽ നിന്ന് ഗ്രാമങ്ങളിലേക്ക് സഞ്ചരിച്ചു. ഇത് ആയിരക്കണക്കിന് അമേരിക്കൻ ഗ്രാമീണ ക്രിസ്ത്യാനികൾക്ക് ട്രെയിനിൽ എത്തുന്ന പ്രതിവാര വിശ്വാസ സേവനങ്ങൾ ലഭിക്കാൻ സഹായിച്ചു.
തുടക്കം
ആദ്യത്തെ ‘റെയിൽ റോഡ് ചാപ്പൽ’ 1890-ൽ എപ്പിസ്‌കോപ്പൽ ചർച്ചാണ് നിർമ്മിച്ചത്. പിന്നീട്, വിവിധ ക്രിസ്തീയവിഭാഗങ്ങൾ ഈ പാത പിന്തുടർന്നു. 1890-നും 1946-നും ഇടയിൽ കുറഞ്ഞത് 13 റെയിൽ റോഡ് ചാപ്പലുകളെങ്കിലും ഗ്രാമീണ വിശ്വാസികൾക്കു വേണ്ടി അമേരിക്കയിലുടനീളം യാത്ര ചെയ്തിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. റെയിൽവേ പ്രത്യേക കരാർ മുഖേന ഈ മൊബൈൽ പള്ളികളെ പാസേജ് ഫീസ് നൽകുന്നതിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇത് റെയിൽ റോഡ് ചാപ്പലുകൾക്ക് യുഎസിൽ സൗജന്യമായി സഞ്ചരിക്കാൻ അനുവദിക്കുകയും സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന സഭകൾക്ക് അവരുടെ പ്രവർത്തനം തുടരുന്നതിന് സഹായിക്കുകയും ചെയ്തു.
1904-ൽ സെന്റ് ലൂയിസ് വേൾഡ് മേളയിൽ നിന്ന് റെയിൽവേ ചാപ്പലുകളെക്കുറിച്ച് പഠിച്ച ഫ്രാൻസിസ് ക്ലെമന്റ് കെല്ലി എന്ന കത്തോലിക്കാ പുരോഹിതനാണ് ആദ്യത്തെ കാത്തലിക് റെയിൽ റോഡ് ചാപ്പൽ ആരംഭിച്ചത്. പുതിയ ആശയത്തെ ഉൾക്കൊണ്ട അദ്ദേഹം ഒരു ഒരു സെക്കൻഡ് ഹാൻഡ് റെയിൽവേ കാർ സ്വന്തമാക്കി അതിൽ ഒരു ചാപ്പൽ നിർമ്മിക്കുകയായിരുന്നു. അങ്ങനെ ആദ്യത്തെ കത്തോലിക്കാ റെയിൽ റോഡ് ചാപ്പൽ, ‘സെന്റ് ആന്റണി’ 1906 ജൂൺ 16-ന് ചിക്കാഗോ യൂണിയൻ സ്റ്റേഷനിൽ വച്ച് ഔദ്യോഗികമായി ആശീർവ്വദിക്കപ്പെട്ടു.
പുറമെ നിന്നു നോക്കിയാൽ, സെന്റ് ആന്റണി റെയിൽ റോഡ് ചാപ്പൽ മറ്റേതൊരു റെയിൽവേ കോച്ചിനെയും പോലെയായിരുന്നു. 70 അടി വലിപ്പമുള്ള ഇത് ലാമിനേറ്റഡ് സ്റ്റീൽ കൊണ്ടാണ് നിർമ്മിച്ചത്. എന്നാൽ കോച്ചിന്റെ ഉൾവശം പ്രത്യേകം തയ്യാറാക്കിയതായിരുന്നു. വൈദികവസ്‌ത്രങ്ങൾ സൂക്ഷിക്കാൻ പ്രത്യേക ഡ്രോയറുകൾ, ട്രെയിൻ സഞ്ചരിക്കുമ്പോൾ കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ക്രൂശിതരൂപം ഘടിപ്പിച്ച ഒരു മേശ, പിന്നെ ഒരു കുമ്പസാരകൂടും.
ചിക്കാഗോയിലെ ലയോള യൂണിവേഴ്സിറ്റിയുടെ പ്രത്യേക ആർക്കൈവ് ശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്ന രേഖകളിൽ, സെന്റ് ആന്റണീസ് റെയിൽ റോഡ് ചാപ്പലിനുള്ളിലെ സർവ്വീസുകളിൽ ഒരേ സമയം 65 പേർക്ക് വരെ പങ്കെടുക്കാം. 1907-നും 1909-നും ഇടയിൽ, കാൻസാസിലെയും സൗത്ത് ഡക്കോട്ടയിലും ആയിരക്കണക്കിന് കത്തോലിക്കർക്ക് വിശുദ്ധ കുർബാനയും കുമ്പസാരവും എത്തിക്കുന്നതിനായി സെന്റ് ആന്റണീസ് റെയിൽറോഡ് ചാപ്പൽ നിരവധി യാത്രകൾ നടത്തിയിട്ടുണ്ട്.
റെയിൽ റോഡ് ചാപ്പലുകൾ ‘ചലിക്കുന്ന പള്ളികൾ’ എന്നതിലുപരി വിശ്വാസികളെ ഒരുമിച്ച് കൊണ്ടുവരാൻ സഹായിക്കുന്ന ഒരു ഉപാധി കൂടിയായിരുന്നു. ചില കോച്ചുകൾ ആഫ്രിക്കൻ അമേരിക്കക്കാരെയും മറ്റ് പള്ളികളിൽ അംഗീകരിക്കാത്ത ന്യൂനപക്ഷ മതങ്ങളിലെ അംഗങ്ങളെയും സ്വാഗതം ചെയ്യത്തക്കവിധം പ്രത്യേകം രൂപകൽപന ചെയ്തിരുന്നതായിരുന്നു.
എന്നാൽ, രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം റെയിൽ റോഡ് ചാപ്പലുകളുടെ ജനപ്രീതി മങ്ങിത്തുടങ്ങി. 1970-ഓടെ ഓട്ടോമൊബൈലുകൾ അമേരിക്കയിലെ ഏറ്റവും പ്രചാരത്തിലുള്ള ഗതാഗതമാർഗ്ഗമായി മാറിയപ്പോഴാണ് അവ നിർത്തലാക്കപ്പെട്ടത്.




