​താ പിനു മാതാവിന്റെ തിരുനാൾ: ചരിത്രവും പ്രാർഥനയും

മാൾട്ടയിലെയും ഗോസോയിലെയും വിശ്വാസികൾക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കത്തോലിക്കാ വിശ്വാസികൾക്കും ഏറെ പ്രിയപ്പെട്ടതാണ് ജൂൺ 22 -ലെ താ പിനു മാതാവിന്റെ തിരുനാൾ. ചരിത്രവും അദ്ഭുതങ്ങളും ദൈവാനുഗ്രഹവും ഒത്തുചേരുന്ന ഈ പുണ്യദിനത്തിന്റെ പശ്ചാത്തലം ഏറെ മനോഹരമാണ്.

​ചരിത്രത്തിന്റെ വഴികളിലൂടെ

​താ പിനു എന്ന പേര് വരുന്നതിന് മുൻപ് ഈ ദൈവാലയം പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണത്തിനായി സമർപ്പിക്കപ്പെട്ട ഒരു ചെറിയ ചാപ്പലായിരുന്നു. 1545 – ൽ തന്നെ ഇത് പുനർനിർമ്മിക്കപ്പെട്ടു. ​എന്നാൽ ജൂൺ 22 എന്ന തീയതി ഈ തീർഥാടന കേന്ദ്രത്തിന്റെ ചരിത്രത്തിൽ സുവർണ്ണലിപികളാൽ എഴുതപ്പെട്ടത് 1883 – ലാണ്. അന്ന് കാർമ്നി ഗ്രിമ എന്ന സാധാരണക്കാരിയായ ഒരു കർഷക പെൺകുട്ടി വയലിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വിജനമായ ആ വഴിയിൽ വച്ച് അവൾ അതിശയകരമായ ഒരു അശരീരി കേട്ടു.

​”വരൂ വരൂ വരൂ” – ഒരു സ്ത്രീശബ്ദം അവളെ മൂന്ന് തവണ പേരെടുത്ത് വിളിച്ചു. ​അവിടെ ആരുമില്ലെന്ന് കണ്ട് അവൾ യാത്ര തുടർന്നപ്പോൾ വീണ്ടും ശബ്ദമുയർന്നു. “ഇന്ന് തന്നെ ഇവിടെ വരൂ, കാരണം ഇനിയൊരു വർഷം കഴിഞ്ഞേ നിനക്ക് ഈ സ്ഥലം സന്ദർശിക്കാൻ സാധിക്കൂ.”

​ഭയത്തോടെയും ഭക്തിയോടെയും അവൾ ചാപ്പലിന് അരികിലെത്തി. വാതിലിന്റെ ചെറിയ സുഷിരത്തിലൂടെ അകത്തേക്ക് നോക്കിയെങ്കിലും ആരെയും കണ്ടില്ല. എങ്കിലും ഉള്ളിൽ തോന്നിയ വലിയൊരു ദൈവാനുഭവത്തോടെ അവൾ അകത്തുപ്രവേശിച്ച് പ്രാർഥിക്കാൻ തുടങ്ങി. അപ്പോൾ ആ ശബ്ദം വീണ്ടും അവളോട് സംസാരിച്ചു.

“എന്റെ ശരീരം കല്ലറയിൽ കിടന്ന ആ മൂന്ന് ദിവസങ്ങളുടെ ഓർമ്മയ്ക്കായി മൂന്ന് ‘നന്മനിറഞ്ഞ മറിയമേ’ ചൊല്ലുക.”

​ഈ സംഭവത്തിന് ശേഷം മാതാവിന്റെ മാധ്യസ്ഥതയാൽ ആ പ്രദേശത്ത് നിരവധി അദ്ഭുതങ്ങൾ നടക്കാൻ തുടങ്ങി. അതോടെ ഈ കൊച്ചു ചാപ്പൽ ‘അദ്ഭുതങ്ങളുടെ ദൈവാലയം’ എന്ന് അറിയപ്പെടാൻ തുടങ്ങി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഉൾപ്പെടെയുള്ള വിശുദ്ധ വ്യക്തികൾ ഇവിടം സന്ദർശിക്കുകയും മാതാവിന്റെ അനുഗ്രഹങ്ങൾ സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

​താ പിനു മാതാവിനോടുള്ള പ്രാർഥന

വ്യക്തിപരമായ സങ്കടങ്ങളിലും ലോകത്തിന്റെ സമാധാനത്തിനുമായി ചൊല്ലാവുന്ന ശക്തമായ പ്രാർഥനയാണിത്.

‘​ദൈവമാതാവായ പരിശുദ്ധ കന്യകാമറിയമേ അവിടുന്ന് ശരീരത്തോടും ആത്മാവോടും കൂടെ സ്വർഗീയ മഹത്വത്തിലേക്ക് ഉയർത്തപ്പെട്ടുവല്ലോ. കാർമ്മലാ ഗ്രിമയെ ഇവിടേക്ക് വന്ന് പ്രാർഥിക്കാൻ ക്ഷണിക്കുകയും അങ്ങനെ അങ്ങയുടെ സഹായം തേടിവരുന്നവർക്ക് സമൃദ്ധമായ അനുഗ്രഹങ്ങൾ നൽകാനുള്ള ഒരു പുണ്യസങ്കേതമായി ഈ സ്ഥലത്തെ തിരഞ്ഞെടുക്കുകയും ചെയ്ത അമ്മേ, അസ്വസ്ഥമായ ഈ ലോകത്തെ കരുണയോടെ നോക്കണമേ.

​കാനായിലെ കുടുംബത്തെ സങ്കടത്തിൽ നിന്ന് രക്ഷിച്ചതുപോലെ, ഭയപ്പെടുത്തുന്ന ആത്മീയവും സാമൂഹികവുമായ വിപത്തുകളിൽ നിന്ന് മനുഷ്യരാശിയെ മോചിപ്പിക്കണമേ. എല്ലാ മനുഷ്യരും പരസ്പരം സഹോദരതുല്യമായ സ്നേഹത്തോടെ ജീവിക്കാൻ ഇടയാക്കണമേ.

​കാരുണ്യമുള്ള അമ്മേ മനുഷ്യസമൂഹത്തിന്റെ അടിത്തറയായ ഞങ്ങളുടെ കുടുംബങ്ങളെ സംരക്ഷിക്കണമേ. അവർ ദാമ്പത്യ ഐക്യത്തിലും വിശുദ്ധിയിലും സന്തോഷത്തോടും സത്യസന്ധതയോടും കൂടി ജീവിക്കട്ടെ. ​എല്ലാറ്റിലുമുപരിയായി സർവശക്തനായ ദൈവം എനിക്ക് നൽകിയ കുരിശിൻ കീഴിൽ സങ്കടപ്പെടുന്ന എന്നെ അങ്ങയുടെ കരുണയുള്ള ഹൃദയത്തോട് ചേർത്തുനിർത്തണമേ. എന്റെ ആത്മാവിന് ദോഷകരമല്ലെങ്കിൽ ഞാൻ ആഗ്രഹിക്കുന്ന ഈ പ്രത്യേക അനുഗ്രഹം (ആവശ്യം മനസ്സിൽ പറയുക) എനിക്ക് വാങ്ങിത്തരണമേ.

​എന്നാൽ, ഈ അനുഗ്രഹം എനിക്ക് ലഭിക്കുന്നത് ദൈവഹിതമല്ലെങ്കിൽ ദൈവത്തിന്റെ തിരുവിഷ്ടം സന്തോഷത്തോടെ സ്വീകരിക്കാൻ എന്നെ സഹായിക്കണമേ. എന്റെ ഈ ഭൂമിയിലെ കഷ്ടപ്പാടുകൾ നിത്യമായ സന്തോഷം കൈവരിക്കാൻ എന്നെ സഹായിക്കട്ടെ. ആമേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.