
സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ അടുത്ത ഘട്ട പ്രവർത്തനങ്ങൾക്കായി വിവിധ ഭൂഖണ്ഡങ്ങളിലെ സഭാ തലവന്മാർ ഈ ആഴ്ച മൂന്ന് ദിവസത്തെ യോഗങ്ങൾക്കായി റോമിൽ ഒത്തുകൂടിയതായി സിനഡിന്റെ ജനറൽ സെക്രട്ടേറിയറ്റ് തിങ്കളാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. ജൂൺ 23 മുതൽ 25 വരെ നടക്കുന്ന ഈ യോഗത്തിൽ ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, ഓഷ്യാനിയ, മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക എന്നീ പ്രദേശങ്ങളിൽ നിന്നുള്ള സഭാ സംഘടനകളുടെ പ്രതിനിധികളും അവരുടെ സിനഡൽ ടീം കോർഡിനേറ്റർമാരും പങ്കെടുക്കുന്നുണ്ട്.
2024 ഒക്ടോബറിൽ സഭയുടെ പതിനാറാമത് സാധാരണ പൊതു അസംബ്ലി അവസാനിച്ചതിനെത്തുടർന്ന്, സിനഡ് തീരുമാനങ്ങൾ നടപ്പിലാക്കുന്ന ഘട്ടത്തിലൂടെയാണ് സഭ കടന്നുപോകുന്നത്. ഈ പ്രക്രിയയുടെ ഭാഗമായാണ് 2027-2028 വർഷങ്ങളിലെ സഭാ സമ്മേളനങ്ങൾ നടക്കുകയെന്ന് വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
സിനഡൽ പ്രക്രിയയുടെ അടുത്ത ഘട്ടങ്ങൾക്ക് മാർഗനിർദേശമായി അടുത്തിടെ പ്രസിദ്ധീകരിച്ച ‘ടുവേഡ്സ് ദ അസംബ്ലീസ് 2027–2028: സ്റ്റേജസ്, ക്രൈറ്റീരിയ, ആൻഡ് ടൂൾസ് ഫോർ പ്രെപ്പറേഷൻ’ എന്ന രേഖയുടെ വെളിച്ചത്തിലാണ് ഈ മൂന്ന് ദിവസത്തെ ചർച്ചകൾ നടക്കുന്നത്. ബിഷപ്പുമാരുടെ സിനഡിന്റെ പതിനാറാമത് സാധാരണ പൊതു അസംബ്ലിയുടെ അന്തിമ രേഖ നടപ്പിലാക്കുന്നതിലെ പ്രധാന പുരോഗതികളെക്കുറിച്ച് കേൾക്കുന്നതിനും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനും, കൂടുതൽ ആഴത്തിലുള്ള കൂട്ടായ ചിന്ത ആവശ്യമായ പൊതുവായ വിഷയങ്ങൾ കണ്ടെത്തുന്നതിനുമാണ് ഈ മൂന്ന് ദിവസത്തെ യോഗം പ്രാധാന്യം നൽകുന്നത്.
പ്രാദേശിക സഭകളെയും പ്രാദേശിക സഭാ കൂട്ടായ്മകളെയും, സിനഡൽ പ്രക്രിയ തുടരുന്നതിൽ പിന്തുണയ്ക്കുന്നതിനായി യോഗത്തിന്റെ ഒരു ഭാഗം മാറ്റിവച്ചിരിക്കുന്നു. ഈ പ്രവർത്തനങ്ങളെ സഹായിക്കുന്നതിൽ ആശയവിനിമയത്തിനുള്ള പങ്കിനെക്കുറിച്ചും പ്രത്യേക ശ്രദ്ധ നൽകും. ചർച്ചകളുടെ അവസാന ദിവസം ‘ഭൂഖണ്ഡാന്തര സമ്മേളനങ്ങളെ’ക്കുറിച്ചായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. സമ്മേളനങ്ങളിലെ പങ്കാളിത്തം, പ്രാതിനിധ്യം, പ്രതീക്ഷിക്കുന്ന ഫലങ്ങൾ, ഈ പ്രക്രിയയെ പിന്തുണയ്ക്കുന്നതിൽ ജനറൽ സെക്രട്ടേറിയറ്റിന്റെ പങ്ക് എന്നിവയെക്കുറിച്ച് പ്രതിനിധികൾ ചർച്ച ചെയ്യും.
ജൂൺ 25 വ്യാഴാഴ്ച വൈകുന്നേരത്തോടെ യോഗം അവസാനിക്കും. ഇതിന് മുന്നോടിയായി, ലെയോ പതിനാലാമൻ മാർപാപ്പ സിനഡിന്റെ ജനറൽ സെക്രട്ടേറിയറ്റിന്റെ ആസ്ഥാനത്തുവച്ച് യോഗത്തിൽ പങ്കെടുക്കുന്നവരുമായി കൂടിക്കാഴ്ച നടത്തും.




