പരിശുദ്ധ അമ്മയുടെ ജീവിതത്തിലൂടെ ഒരു യാത്ര 

ജാക്വിലിന്‍ ടോണി

സാര്‍വത്രികസഭയിലെ ഏറ്റവും പുരാതനമായ തിരുനാളുകളിലൊന്നാണ് പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോപണത്തിരുന്നാള്‍. ആത്മശരീരങ്ങളോടെ അവളെ സ്വര്‍ഗത്തിലേക്ക് സംവഹിച്ചു എന്ന വിശ്വാസ സത്യമാണ് ഈ തിരുനാള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്. ഈ വേളയില്‍ പരിശുദ്ധ അമ്മയുടെ ജീവചരിത്രത്തിലൂടെ നമുക്ക് കടന്നുപോകാം. 

ഭാരത കത്തോലിക്കാ സഭയ്ക്ക് എന്നും ഇരട്ടിമധുരം പകരുന്ന ദിനമാണ് ആഗസ്റ്റ് 15. ഒരു ഭാരതീയനെന്ന നിലയില്‍ ഈ ദിനം ഭാരതമാതാവിന്റെ സ്വാതന്ത്ര്യദിനവും ഒരു കത്തോലിക്കനെന്ന നിലയില്‍ ദൈവമാതാവായ പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോപണത്തിരുനാളും നാം സാഘോഷം കൊണ്ടാടുന്ന ഒരു സുന്ദരദിനം. സാര്‍വത്രികസഭയിലെ ഏറ്റവും പുരാതനമായ തിരുനാളുകളിലൊന്നാണ് പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോപണത്തിരുന്നാള്‍. ദൈവപുത്രനായ മിശിഹായ്ക്ക് ജന്മം നല്‍കിയ പരിശുദ്ധ കന്യകാമറിയത്തിന്റെ ശരീരം അഴിഞ്ഞുപോകാന്‍ ദൈവം തിരുമനസ്സായില്ല. അതുകൊണ്ട് ആത്മശരീരങ്ങളോടെ അവളെ സ്വര്‍ഗത്തിലേക്ക് സംവഹിച്ചു എന്ന വിശ്വാസ സത്യമാണ് ഈ തിരുനാള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ഈ വേളയില്‍ പരിശുദ്ധ അമ്മയുടെ ജീവചരിത്രത്തിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം.

അപ്പൊക്രിഫല്‍ ഗ്രന്ഥങ്ങൾ 

പുതിയനിയമഗ്രന്ഥം മിശിഹാചരിത്രത്തിനാണല്ലോ പ്രാധാന്യം നല്‍കുക. അതുകൊണ്ടുതന്നെ, പരിശുദ്ധ അമ്മയെക്കുറിച്ച് കൂടുതലറിയാന്‍ അപ്പൊക്രിഫല്‍ ഗ്രന്ഥങ്ങളെ (സഭയുടെ അപ്രമാണിക ഗ്രന്ഥങ്ങളെ) ആശ്രയിക്കാതെ തരമില്ല. ദീര്‍ഘകാലത്തെ പ്രാര്‍ഥനയ്ക്കും കാത്തിരിപ്പിനുമൊടുവില്‍ യോവാക്കിം – അന്ന ദമ്പതികളുടെ വാര്‍ധക്യത്തിലെ കുസുമമാണ് മറിയം. സഭയുടെ വിശുദ്ധപാരമ്പര്യമനുസരിച്ച്, സെപ്റ്റംബര്‍ എട്ടിനാണ് പരിശുദ്ധ മറിയത്തിന്റെ ജനനം. മൂന്നാം വയസ്സില്‍ അവള്‍ ദേവാലയത്തിലേക്ക് സമര്‍പ്പിക്കപ്പെട്ടു. 13-14 വയസ്സാകുന്നതുവരെ അവള്‍ ദേവാലയത്തില്‍ തന്നെയായിരുന്നു വസിച്ചിരുന്നത്. രക്ഷകന്റെ ജനനം ഒരു കന്യകയിലൂടെയാണെന്ന് 750 വര്‍ഷങ്ങള്‍ക്കുമുന്‍പേ പ്രവചിക്കപ്പെട്ടിരുന്നതിനാല്‍ അവിടുത്തെ സ്ത്രീകള്‍ വ്രതമെടുത്ത് മിശിഹായുടെ മാതാവാകാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ പരിശുദ്ധ മറിയം ‘മിശിഹായുടെ തോഴിയെങ്കിലുമാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍’ എന്നാണ്  കൊതിച്ചത്.

പുഷ്പിച്ച വടി 

13 -14 വയസ്സ് പ്രായമാകുമ്പോഴാണ് മറിയവും ജോസഫും തമ്മിലുള്ള വിവാഹനിശ്ചയം നടക്കുന്നത്. ദാവീദ് വംശത്തില്‍പെട്ട അവിവാഹിതരായ എല്ലാ യുവാക്കളും കൈയില്‍ ഒരു വടിയുമായി ദേവാലയത്തില്‍ എത്തിച്ചേരണമെന്ന് പ്രധാന പുരോഹിതന്‍ കല്പന പുറപ്പെടുവിച്ചു. ‘സദ്ഗുണസമ്പന്നയും ദൈവകൃപ നിറഞ്ഞവളുമായ മറിയത്തിന്റെ ഭര്‍ത്താവാകാന്‍ യോഗ്യനായവന്‍ കൊണ്ടുവരുന്ന ദണ്ഡ് പുഷ്പിച്ചുകാണും’ എന്നായിരുന്നു പ്രധാന പുരോഹിതനു ലഭിച്ച വെളിപാട്. നാസീര്‍ വ്രതക്കാരനായ ജോസഫ് ഉള്‍പ്പെടെ അനേകര്‍ വടിയുമായി എത്തിയെങ്കിലും പ്രധാന പുരോഹിതന്‍ പ്രാർഥിച്ചു തിരികെനല്‍കിയപ്പോള്‍ ജോസഫിന്റെ വടിയില്‍ മാത്രമാണ് അത്ഭുതകരമായി ലില്ലിപ്പൂക്കള്‍ പുഷ്പിക്കുകയും ഒരു പ്രാവ് പറന്നിറങ്ങി അതിലിരിക്കുകയും ചെയ്തത്. അങ്ങനെ സ്വര്‍ഗീയമായ ഇടപെടലിലൂടെയാണ് 13 -14 വയസ്സ് മാത്രം പ്രായമുള്ള ജോസഫുമായി മറിയത്തിന്റെ വിവാഹനിശ്ചയം നടക്കുന്നത്.

ഇതാ കര്‍ത്താവിന്റെ ദാസി

ഉത്ഭവപാപം പോലുമില്ലാതെ ജനിച്ച പരിശുദ്ധ മറിയത്തെ ഈശോയുടെ അമ്മയാകാന്‍ ദൈവം തിരഞ്ഞെടുത്തെങ്കിലും ദൂതനെ അയച്ച് ദൈവപിതാവ് അവളുടെ സമ്മതം ആരായുകയാണ് ആദ്യം ചെയ്തത്. ‘ഇതാ കര്‍ത്താവിന്റെ ദാസി; നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ’ എന്ന് പ്രത്യുത്തരിച്ചുകൊണ്ട് ദൈവഹിതത്തിന് പൂര്‍ണ്ണമായി സമര്‍പ്പിക്കുകയാണ് പരിശുദ്ധ മറിയം. വിവാഹിതയാകാത്ത താന്‍ ഗര്‍ഭിണിയാണെന്നു കാണപ്പെട്ടാല്‍ തന്നെ കല്ലെറിഞ്ഞുകൊല്ലാനുള്ള സാധ്യതയുണ്ടെന്ന് പരിശുദ്ധ മറിയത്തിന് നേരത്തെ അറിയാമായിരുന്നു. താന്‍ വരിക്കാന്‍പോകുന്ന ജോസഫിനോട് ‘എങ്ങനെ പറഞ്ഞുമനസ്സിലാക്കും’ എന്ന ചിന്തയും പരിശുദ്ധ മറിയത്തെ വളരെയേറെ വിഷമിപ്പിച്ചിരിക്കാം. എന്നാല്‍ പരിശുദ്ധ മറിയം എല്ലാം ദൈവത്തില്‍ സമര്‍പ്പിച്ച്, തന്റെ സങ്കടങ്ങള്‍ ഹൃദയത്തില്‍ സംഗ്രഹിച്ച് മുന്നേറുകയാണ്. ദൈവം ജോസഫിന് സ്വപ്നത്തിലൂടെ ദര്‍ശനം നല്‍കി ആ പ്രശ്‌നത്തെ ലളിതമായി പരിഹരിക്കുന്നതായി നമുക്ക് കാണാന്‍ കഴിയും.

ശുശ്രൂഷയെ സ്‌നേഹിക്കുന്ന പരിശുദ്ധ അമ്മ

ഗര്‍ഭിണിയായ പരിശുദ്ധ മറിയം തന്റെ ഗര്‍ഭാരിഷ്ടതകളെ വകവയ്ക്കാതെ ഇളയമ്മയെ ശുശ്രൂഷിക്കാന്‍ മലമ്പ്രദേശത്തുകൂടെ തിടുക്കത്തില്‍ ഓടുകയാണ്. തന്നേക്കാളുപരി മറ്റുള്ളവരെ പരിഗണിക്കുന്ന പരിശുദ്ധ അമ്മ. വിശ്രമത്തേക്കാളധികം ശുശ്രൂഷയെ സ്‌നേഹിക്കുന്ന പരിശുദ്ധ അമ്മ. ഒരു സത്രത്തിലും ഇടംലഭിക്കാതെ, അര്‍ധരാത്രിയുടെ കൊടുംതണുപ്പില്‍, കേവലമൊരു കാലിത്തൊഴുത്തില്‍ ഒരു പരാതികളുമില്ലാതെ ദൈവപുത്രന് ജന്മം നല്‍കുന്ന പരിശുദ്ധ മറിയം. ലാളിത്യത്തിന്റെയും ദാരിദ്ര്യത്തിന്റെയും സഹനത്തിന്റെയും എളിമയുടെയും നിറകുടമായ പരിശുദ്ധ അമ്മ.

ദേവാലയത്തിലെ സമർപ്പണം 

എട്ടാം ദിവസം ദിവ്യകുമാരനെ  ദൈവത്തിനു സമര്‍പ്പിക്കാന്‍ ദേവാലയത്തിലെത്തുമ്പോള്‍ ശിശുവിനെ കണ്ട ശിമയോൻ എന്ന ജ്ഞാനവൃദ്ധന്റെ പ്രവചനം; പരിശുദ്ധ മറിയത്തിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുമെന്ന്. ദുരന്തം സംഭവിക്കുന്നതല്ല, മറിച്ച് ഒരു ദുരന്തം കാത്തിരിക്കുന്നുവെന്നുള്ള അവബോധമാണ് പരിശുദ്ധ മറിയം 33 വര്‍ഷക്കാലം വേദനയോടെ കൊണ്ടുനടന്നത്. ഹേറോദേസിന്റെ പിടിയില്‍നിന്ന് രക്ഷപെടാന്‍ രാത്രിക്കുരാത്രി പിഞ്ചുകുഞ്ഞിന്റെ ജീവനുവേണ്ടിയുള്ള നെട്ടോട്ടം. തിരുനാളിന്റെ ആരവങ്ങള്‍ക്കും ആനന്ദത്തിനുമിടയില്‍ നഷ്ടപ്പെടുന്ന പ്രിയമകന്‍; കണ്ടുകിട്ടുമ്പോഴോ? ‘താന്‍ പിതാവിന്റെ സന്നിധിയില്‍ ആയിരിക്കേണ്ടതല്ലേ’ എന്ന മറുചോദ്യം. ഈ സന്ദര്‍ഭങ്ങളെല്ലാം നാം ജപമാലയിലെ ദിവ്യരഹസ്യത്തില്‍ ധ്യാനിക്കാറുണ്ട്. മറിയത്തിന്റെ ഈ കഠിനവേദനകള്‍ നാം ധ്യാനിക്കുന്നതോ, സന്തോഷത്തിന്റെ ദിവ്യരഹസ്യങ്ങളില്‍. തന്റെ മകനെ വിട്ടുപിരിയാതെ നില്‍ക്കുന്ന ആ അമ്മയെയാണ് കുരിശിൻചുവട്ടില്‍ നമുക്ക് കാണാന്‍ കഴിയുക. മുറിയപ്പെടാന്‍ ഒരിടംപോലും ബാക്കിയില്ലാതെ, ദേഹമാസകലം രക്തം കട്ടപിടിച്ച്, മനുഷ്യനെന്നു തോന്നാത്തവിധം വിരൂപനായ മകന്റെ മൃതദേഹം, സ്വന്തം മാതാവ്  മടിയില്‍ കിടത്തുന്ന രംഗത്തെക്കുറിച്ച് നമുക്ക് സങ്കല്പിക്കാനെങ്കിലുമാകുമോ?

അവള്‍ ഉറങ്ങി

വ്യാകുലസമുദ്രത്തില്‍ മുങ്ങിയ ആ അമ്മയെയാണ് യോഹന്നാന്‍ സ്വന്തം വീട്ടിലേക്കു കൊണ്ടുപോകുന്നത്. അവിടെവച്ച് അമ്മ മരിക്കുന്നു; അല്ല ‘അവള്‍ ഉറങ്ങി’ (she slept) എന്നാണ് അതിനെ വിശേഷിപ്പിക്കുക. കെദ്രോണ്‍ താഴ്‌വരയിലെ ഒലിവുമലയിലെ ഒരു ഗുഹയില്‍ പരിശുദ്ധ അമ്മയെ അടക്കം ചെയ്യുന്നു. സ്ഥലത്തില്ലാതിരുന്ന തോമാശ്ലീഹാ മൂന്നാം നാള്‍ തിരിച്ചെത്തിയപ്പോള്‍, അമ്മയെ കാണണമെന്ന് നിര്‍ബന്ധം പിടിച്ചതിനെതുടര്‍ന്ന് ഗുഹ തുറന്നപ്പോള്‍ അമ്മയുടെ ശരീരം അവിടെയില്ലായിരുന്നുവെന്നും ആത്മശരീരങ്ങളോടെ മാലാഖമാര്‍ അവളെ സ്വര്‍ഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി എന്നും ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായമുണ്ട്.

ദൈവമാതാവിന്റെ നിദ്ര

സ്വര്‍ഗാരോപിത മാതാവിന്റെ തിരുനാള്‍ എന്നുമുതലാണ് ആഘോഷിക്കപ്പെട്ടിരുന്നത് എന്ന് വ്യക്തമായ ഒരു അറിവ് നമുക്കില്ലായെങ്കിലും പൗരാണിക കാലം മുതല്‍ ‘ദൈവമാതാവിന്റെ നിദ്ര’ (falling asleep of Mary) എന്ന പേരില്‍ ഈ തിരുനാള്‍ ആഘോഷിച്ചിരുന്നു. പരിശുദ്ധ മറിയം ആത്മശരീരങ്ങളോടെ സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു എന്നത് 1950 നവംബര്‍ 1-ന് പരിശുദ്ധ പിതാവ് പന്ത്രണ്ടാം പീയൂസ് പാപ്പ ‘മുണിഫിച്ചേന്തിമൂസ് ദേവൂസ്’ എന്ന തിരുവെഴുത്തിലൂടെ വിശ്വാസ സത്യമായി പ്രഖ്യാപിച്ചു: അമലോത്ഭവയും നിത്യകന്യകയും ദൈവമാതാവുമായ മറിയം തന്റെ ഇഹലോകവാസം പൂര്‍ത്തിയാക്കിയപ്പോള്‍ ആത്മശരീരങ്ങളോടെ സ്വര്‍ഗീയമഹത്വത്തിലേക്കു സംവഹിക്കപ്പെട്ടു. 1946 മുതല്‍ പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പാ സഭയിലെ എല്ലാ മെത്രാന്മാരുടെയും വിശ്വാസികളുടെയും അഭിപ്രായം ആരാഞ്ഞശേഷമാണ് ഈ വിശ്വാസ സത്യം പ്രഖ്യാപിച്ചത് എന്നതിനാല്‍ ഏറ്റവും ജനകീയമായി പ്രഖ്യാപിക്കപ്പെട്ട വിശ്വാസ സത്യം എന്ന പ്രത്യേകതയും ഇതിനുണ്ട്.

ആഗസ്റ്റ് 15-ന് മാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളിനായി നാം ഒരുങ്ങുന്ന ഈ വേളയില്‍, നമുക്ക് നമ്മുടെ ഭാരതത്തിനായും കത്തോലിക്കാ സഭയ്ക്കായും പ്രത്യേകം പരിശുദ്ധ അമ്മയെ വിളിച്ച് അപേക്ഷിക്കാം. ആ വിമലഹൃദയത്തില്‍ നമ്മെത്തന്നെ പ്രതിഷ്ഠിക്കാം.

ജാക്വിലിന്‍ ടോണി, തൃശ്ശൂര്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.