ക്രൂരത നിറയുന്ന ഇരുട്ടകങ്ങൾ; ഇറാനിലെ തടവറയിലെ ക്രൂരതകൾ വെളിപ്പെടുത്തി ഒരു പെൺകുട്ടി

കഴിഞ്ഞ രണ്ടു മാസത്തോളമായി ഇറാൻ ആന്തരിക സംഘർഷങ്ങളാൽ പുകയുകയാണ്. നാളുകളായി ജനമനസുകളിൽ അടിമത്വ മനോഭാവത്തിന്റെയും കഷ്ടതയുടെയും ദുർഭരണത്തിനെതിരായ രോഷത്തിന്റെയും കനലുകൾ എരിയുന്നുണ്ടായിരുന്നു. അത് ആളിക്കത്തുവാൻ കാരണമായത് മഹ്‌സ അമീനിയുടെ മരണം ആണെന്നു മാത്രം. പിന്നീടങ്ങോട്ട് പ്രക്ഷോഭങ്ങളുടെയും പ്രതിഷേധപ്രകടനങ്ങളുടെയും ദിനങ്ങളായിരുന്നു. എന്നാൽ വെടിവയ്പ്പും പോലീസ് ക്രൂരതകളുമായി ഇറാൻ ഭരണകൂടം ജനപ്രക്ഷോഭങ്ങളെ അടിച്ചമർത്തുകയാണ്.

നൂറുകണക്കിന് കുഞ്ഞുങ്ങൾക്കും ഒപ്പം അനേകം ആളുകൾക്കും ഇതിനോടകം ജീവൻ നഷ്ടമായിക്കഴിഞ്ഞിരിക്കുന്നു. വ്യാപകമായ അറസ്റ്റും വധശിക്ഷയുമായി ജനത്തെ ഭയപ്പെടുത്തുന്ന ഇറാൻ ഭരണകൂടത്തിന്റെ ക്രൂരതയുടെ മുഖമാണ് ലോകം ഇപ്പോൾ കാണുന്നത്. എന്നാൽ അതിലും ക്രൂരമായ പല കുറ്റകൃത്യങ്ങളും പ്രതിഷേധക്കാരെ തടവിലാക്കിയിരിക്കുന്ന ജയിലുകളിൽ അരങ്ങേറുന്നുണ്ടായിരുന്നു. അത് തിരിച്ചറിയാൻ ലോകം വൈകി എന്നു പറയുന്നതാവും ശരി.

പലപ്പോഴും തടവിലാക്കപ്പെടുന്ന വനിതകൾക്ക് നേരിടേണ്ടി വരുന്നത് ക്രൂരമായ അനുഭവങ്ങളാണ്. തടവറയിലെ സൈനികരുടെ ക്രൂരതകൾ വെളിപ്പെടുത്തുന്നത് ഹാന എന്ന വനിതയാണ്.

“ലൈംഗീകമായി ആക്രമിക്കപ്പെടുകയും പിന്നീട് മറ്റ് നഗരങ്ങളിലേക്ക് മാറ്റപ്പെടുകയും ചെയ്ത പെൺകുട്ടികളുണ്ടായിരുന്നു എന്റെ ഒപ്പം. ഇവയെക്കുറിച്ച് സംസാരിക്കാൻ അവർക്ക് ഭയമാണ്” – ഹാന തന്റെ അനുഭവങ്ങളും സാക്ഷ്യങ്ങളും വെളിപ്പെടുത്തുകയാണ്. പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന സ്ത്രീകളെ ‘ഭ്രാന്ത് പിടിച്ചവർ’ എന്നാണ് ഭരണകൂടവും മതസമൂഹവും വിശേഷിപ്പിക്കുന്നത്. തങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്ന സ്ത്രീകളുടെ കഷ്ടതകൾ ഈ വിശേഷണം മുതൽ ആരംഭിക്കുന്നു.

ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത, വസ്ത്രസ്വാതന്ത്ര്യത്തിനായി വാദിച്ച സ്ത്രീകൾക്ക് നഗ്നരായി നടക്കാനാണ് ആഗ്രഹം എന്നാണ് പ്രമാണിയുടെ ആരോപണം. എന്നാൽ വാസ്തവം എന്താണെന്ന് ലോകത്തിനു ഈ രണ്ടു മാസം കൊണ്ട് മനസിലായി. ഇത്തരത്തിൽ വസ്ത്രസ്വാതന്ത്ര്യത്തിനായി പോരാടിയ സ്ത്രീകളിൽ ഭൂരിഭാഗവും ഇന്ന് ഇറാന്റെ ജയിലുകളിലാണ്; ഇവർക്കു നേരെ അരങ്ങേറുന്നത് സൈന്യത്തിന്റെ ക്രൂരതകളും.

ഇറാൻ സുരക്ഷാസേന തെരുവുകളിൽ സ്ത്രീപ്രകടനക്കാരെ ലൈംഗികമായി പീഡിപ്പിക്കുന്നതായി കാണിക്കുന്ന സോഷ്യൽ മീഡിയ വീഡിയോകൾ സമീപ ആഴ്ചകളിൽ ഉയർന്നുവന്നിരുന്നു. ജയിലുകളിൽ ആക്ടിവിസ്റ്റുകൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളുടെ റിപ്പോർട്ടുകളും പതിയെ പുറത്തുവരാൻ തുടങ്ങി. ഇത്തരത്തിലുള്ള ദൃശ്യങ്ങളും മറ്റും പകർത്തി മറ്റു തടവുകാരെ ഭീഷണിപ്പെടുത്തുന്ന രീതിയും തടവറയിലുള്ളതായി ഇരകളാക്കപ്പെട്ടവർ സ്ഥിരീകരിക്കുന്നു. തടവറയിൽ പോലീസിന്റെ ക്രൂരമായ പീഡനത്തിന് ഇരയായ ഇരുപതുകാരി പെൺകുട്ടി അബ്ബാസിയുടെ അവസ്ഥ ഏറെ മോശമാണ്. ക്രൂരമായ ലൈംഗികപീഡനത്തിലൂടെ കടന്നുപോയ ഈ പെൺകുട്ടിക്ക് നീതി ലഭിക്കുന്നതിനായി അവളെ പരിശോധിച്ച ഡോക്ടർമാർ അടക്കം ശ്രമം നടത്തിയെങ്കിലും ഭരണകൂടത്തിന്റെ പിടിപാടുകളിൽ ആ വിവരങ്ങളെല്ലാം മുങ്ങിപ്പോയി. സ്വാതന്ത്ര്യത്തിനായി പ്രതികരിച്ച ഒരു പെൺകുട്ടിയുടെ നിസ്സഹായാവസ്ഥ കണ്ടുനിൽക്കാൻ മാത്രമേ ആ മെഡിക്കൽ സംഘത്തിന് കഴിഞ്ഞുള്ളൂ.

അബ്ബാസിയുടെ പീഡനവിവരം പുറത്തറിഞ്ഞതോടെ ആശുപത്രിയിൽ നിന്നും സൈന്യം അവളെ മാറ്റി. ഇപ്പോൾ കരാജിലെ കുപ്രസിദ്ധമായ ഫർദിസ് ജയിലിലാണ് ഈ പെൺകുട്ടി.

“13-ഉം 14-ഉം വയസ് പ്രായമുള്ള കുട്ടികളാണ് പ്രതിഷേധത്തിൽ പിടിയിലായത്. അവരെ ക്രൂരമായി ഉപദ്രവിച്ചു. അവർ പെൺകുട്ടികളെ ലൈംഗീകമായി ഉപദ്രവിക്കുകയാണ്. സ്വകാര്യ ചോദ്യം ചെയ്യൽ മുറികളുള്ള ഒരു പ്രധാന ഹാൾ ജയിലിലുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ട സുന്ദരികളായ പെൺകുട്ടികളെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാനെന്ന ഭാവത്തിൽ ആ മുറിയിൽ എത്തിക്കുകയും അവരെ ക്രൂരമായ പീഡനങ്ങൾക്ക് ഇരകളാക്കുകയും ചെയ്യുന്നു. പലപ്പോഴും ഇരകളായ പെൺകുട്ടികൾക്ക് ഈ കാര്യങ്ങൾ പുറത്തുപറയാൻ പോലും പേടിയാണ്” – ഹാന പറയുന്നു.

ഉദ്യോഗസ്ഥർക്ക് താല്പര്യം തോന്നുന്ന പെൺകുട്ടികളെയും യുവതികളെയും അവർ ക്രൂരമായ പീഡനങ്ങൾക്ക് ഇരകളാക്കുന്നു. പലപ്പോഴും പല കേസുകളും ഇത്തരം പെൺകുട്ടികളുടെ മേൽ ആരോപിച്ച് ഒരു ജയിലിൽ നിന്നും മറ്റു ജയിലുകളിലേക്കു മാറ്റുന്നു. അതിനാൽ പെൺകുട്ടികളുടെ ബന്ധുക്കൾക്കു പോലും അവരെ കണ്ടുപിടിക്കാൻ പ്രയാസമാണ്.

ഈ അവസ്ഥകൾ വെളിപ്പെടുത്തുമ്പോഴും കണ്മുൻപിൽ കണ്ട ക്രൂരകൃത്യങ്ങൾ വിവരിക്കുമ്പോഴും ഹാനയും ഭയന്നിരുന്നു. കാരണം അവൾക്കും ഇത്തരത്തിലുള്ള മോശം അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടി വന്നിരുന്നു.

പോലീസ് സ്‌റ്റേഷനിൽ വച്ച് തങ്ങൾ ബലാത്സംഗത്തിനിരയായതായി ഹാനയുടെ കൂടെ തടവിലായിരുന്ന മറ്റു സ്ത്രീകൾ വെളിപ്പെടുത്തിയിരുന്നു. ഹാനയെ ചോദ്യം ചെയ്യാൻ എത്തിയ ഉദ്യോഗസ്ഥൻ അവൾക്കു മേൽ അതിക്രമം ആരംഭിച്ചപ്പോഴേക്കും അവളുടെ പിതാവ് അവളെ ജാമ്യത്തിൽ എടുക്കാനെത്തി. അതിനാൽ ഹാന രക്ഷപെട്ടത് ഒരു ഭീകരമായ അവസ്ഥയിൽ നിന്നായിരുന്നു.

ഹാന ഭാഗ്യവതിയായിരുന്നു; എന്നാൽ മറ്റു പെൺകുട്ടികൾ അങ്ങനെ അല്ലായിരുന്നു. നിരവധി നിർഭാഗ്യവതികൾ ഇന്നും ഇറാന്റെ തടവറയിൽ സൈന്യത്തിന്റെ ക്രൂരതകൾക്ക് ഇരകളാവുകയാണ്. പ്രതിഷേധങ്ങൾ ശക്തിപ്പെടുമ്പോഴും തടവറയുടെ ഇരുട്ടകങ്ങൾ ഭീതിപ്പെടുത്തുന്നു, രക്തം ചിന്തുന്നു.

മരിയ ജോസ് 
മരിയ ജോസ്

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.