പാട്ടും പാടി ഒരു ഡോക്ടർ: ക്രിസ്ത്യൻ ഭക്തിഗാനരംഗത്തെ വേറിട്ട പാട്ടുകാരി

സി. സൗമ്യ DSHJ

രോഗിയെ ശുശ്രൂഷിക്കുകയും സംഗീതത്തെ സ്നേഹിക്കുകയും ചെയ്യുന്ന ഒരു ഡോക്ടർ ഉണ്ട് – ഡോ. ഷെറിൻ ജോസ് പയ്യപ്പിള്ളി. ഡാൻസ്, ചിത്രകല, പാചകം തുടങ്ങിയ തന്റെ കഴിവുകളെ വൈദ്യശാസ്ത്രരംഗത്തെ ജോലികൾക്കൊപ്പം കൂടെക്കൂട്ടുന്ന ഈ ഡോക്ടർ രണ്ടു മക്കളുടെ അമ്മ കൂടിയാണ്. യു.കെ.യിൽ ഹിസ്‌തോ പതോളജിയിൽ സ്പെഷ്യലിസ്റ്റും അനുഗൃഹീത ഗായികയുമായ ഡോ. ഷെറിൻ മനസു തുറക്കുന്നു.

രോഗിയെ മാത്രമല്ല സംഗീതത്തെയും തന്റെ കൈകളിൽ ഭദ്രമാക്കിയ ഒരു ഡോക്ടർ ഉണ്ട് – ഡോ. ഷെറിൻ ജോസ് പയ്യപ്പിള്ളി. ഡാൻസ്, ചിത്രകല, പാചകം തുടങ്ങി കലാപരമായ തന്റെ കഴിവുകളെ വൈദ്യശാസ്ത്രരംഗത്തെ ജോലികൾക്കൊപ്പം കൂടെക്കൂട്ടുന്ന ഡോ. ഷെറിൻ ജോസ് രണ്ടു മക്കളുടെ അമ്മ കൂടിയാണ്. യു.കെ.യിൽ ഹിസ്‌തോ പതോളജിയിൽ സ്പെഷ്യലിസ്റ്റായ ഡോ. ഷെറിൻ, തന്റെ ജോലിത്തിരക്കുകൾക്കിടയിലും കലാപരമായ ജീവിതത്തിനു പ്രാധാന്യം നൽകുമ്പോൾ അതിന് താങ്ങും തണലുമായി നിൽക്കുന്നത് ഭർത്താവ് നിഷാന്ത് തോമസാണ്. ഉത്തരവാദിത്വം ഏറെയുള്ള ഒരു ഡോക്ടർ എന്ന നിലയിലും കലകളെ ഏറെ സ്നേഹിക്കുന്ന ഒരു കലാകാരി എന്ന നിലയിലും അതിലേറെ ഒരു അമ്മയും ഭാര്യയും ആയിട്ടുള്ള ഉത്തരവാദിത്വങ്ങളിലായിരിക്കുമ്പോഴും ആത്മീയകാര്യങ്ങളിൽ ഒട്ടും വിട്ടുവീഴ്ച കൂടാതെ മുന്നോട്ടുകൊണ്ടുപോകാൻ ഈ ഡോക്ടർ പ്രത്യേകം ശ്രദ്ധിക്കുന്നു. തിരക്കുകൾക്കിടയിലും ദൈവം തന്ന എല്ലാ കഴിവുകളെയും അതിന്റെ പൂർണ്ണതയിൽ നെഞ്ചോടുചേർക്കുന്ന ഒരു ഡോക്ടറിന്റെ ജീവിതം മാതൃകാപരമാണ്.

മൂന്നാം ക്ലാസിൽ ആരംഭിച്ച സംഗീതപരിശീലനം

തിരുവനന്തപുരത്താണ് ഷെറിൻ ജനിച്ചുവളർന്നത്. കലാ-സാംസ്‌കാരികരംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന ആ നഗരത്തിൽ ജീവിക്കുന്ന മിക്കവരുംതന്നെ കലാപരമായ കാര്യങ്ങളിൽ ചെറുപ്പം മുതലേ പരിശീലനം സിദ്ധിച്ചവരാണ്. ഷെറിന്റെ ഡാഡി വളരെ നന്നായി പാടുന്നയാളാണ്. മൂന്നു മക്കളിൽ ഇളയ ആളായ ഷെറിൻ ചെറുപ്പത്തിൽ തന്നെ നൃത്തവും പാട്ടും പരിശീലിക്കാൻ തുടങ്ങി. കുറച്ചുനാളുകൾക്കു ശേഷം നൃത്തപരിശീലനം നിർത്തി. എന്നാൽ, സംഗീതപഠനം നല്ല രീതിയിൽതന്നെ മുൻപോട്ടു കൊണ്ടുപോയി. ക്ലാസിക്കൽ മ്യൂസിക്കിലായിരുന്നു കൂടുതൽ ശ്രദ്ധകൊടുത്തിരുന്നത്. അക്കാലഘട്ടങ്ങളിൽ ഷെറിൻ പള്ളി ക്വയറിലും സജീവസാന്നിധ്യമായിരുന്നു.

ലൂർദ് പള്ളിയുടെ അടുത്തുള്ള നിർമ്മല ഭവൻ സ്‌കൂളിലായിരുന്നു ഷെറിൻ പഠിച്ചിരുന്നത്. ശാസ്ത്രീയസംഗീതം പലപ്പോഴും കീർത്തനങ്ങളാണ്. അതിനാൽത്തന്നെ പള്ളിയിലും അമ്പലത്തിലും പോയി പാടാനുള്ള അവസരങ്ങളൊക്കെ അക്കാലഘട്ടങ്ങളിൽ ഷെറിനു ലഭിച്ചിരുന്നു.

പ്രതിസന്ധികളിലും പാട്ടിനെ കൂടെക്കൂട്ടിയ ഡോക്ടർ

പതിനേഴു വർഷം തുടർച്ചയായി ഷെറിൻ സംഗീതം പഠിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെഡിസിൻ പഠനത്തിനായി പോകുമ്പോഴും പാട്ടിനെ ഉപേക്ഷിക്കാതെ കൂടെക്കൂട്ടി. ആദ്യകാലഘട്ടങ്ങളിൽ ഏഷ്യാനെറ്റിലും ദൂരദർശനിലുമൊക്കെ പാട്ടു പാടാനുള്ള അവസരങ്ങൾ ഷെറിനു ലഭിച്ചിരുന്നു. കൂടാതെ, ‘ഗന്ധർവസംഗീതം’ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും ക്വാർട്ടർ ഫൈനൽ ലിസ്റ്റിൽ എത്തുകയും ചെയ്തിരുന്നു.

മെഡിസിൻ പഠനത്തിന്റെ അവസാനവർഷം ആയപ്പോഴേക്കും വിവാഹം ഉറപ്പിച്ചു. വിവാഹം കഴിഞ്ഞതോടുകൂടി സംഗീതം മുൻപോട്ടു കൊണ്ടുപോകാൻ ഷെറിനു സാധിച്ചില്ല. എന്നാൽ, നല്ലൊരു ആർട്ടിസ്റ്റ് കൂടിയായ മമ്മിയുടെ കഴിവ് ഷെറിനും ലഭിച്ചിരുന്നു. പടം വരയ്ക്കാനുള്ള അവസരങ്ങളും ഷെറിൻ ഉപയോഗപ്പെടുത്തി. എന്നാൽ, വിവാഹം കഴിഞ്ഞതോടെ കുറച്ചുനാളത്തേക്ക് എല്ലാം നിന്നുപോയി.

വിവാഹശേഷം യു.കെ.യിലേക്ക്

വിവാഹശേഷം 2005-ലാണ് ഡോ. ഷെറിൻ യു.കെ.യിലേക്കു വരുന്നത്. ഭർത്താവ്, സോഫ്റ്റ് വെയർ എൻജിനീയർ നിഷാന്ത് തോമസ്. കുറച്ചു വർഷങ്ങൾ സംഗീതമേഖലയിൽ ശ്രദ്ധിക്കാൻ സാധിച്ചില്ലെങ്കിലും കോവിഡിന്റെ സമയത്താണ് ഷെറിൻ തന്റെ സംഗീതപഠനം പുനരാരംഭിക്കുന്നത്. യു.കെ.യിൽ സൊലിഹൽ (solihull) എന്ന സ്ഥലത്ത് പള്ളി ക്വയറിലും പിന്നീട് ഷെറിൻ സജീവമായിത്തുടങ്ങി. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള ഇവിടെ, ക്വയറിൽ പാടാനും അവിടെയുള്ള കുട്ടികളെ ക്ലാസിക്കൽ മ്യൂസിക്ക് പഠിപ്പിക്കാനും ആരംഭിച്ചു. കോവിഡ് വന്നതോടെ എല്ലാം ഓൺലൈനിൽ ആയി. അങ്ങനെയാണ് ഷെറിന്റെ പാട്ടും ശബ്ദവും പുറംലോകത്ത് കൂടുതൽ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്.

ജോലിയും സംഗീതവും ഒന്നിച്ചു കൊണ്ടുപോകുന്ന കഠിനാധ്വാനിയായ ഡോക്ടർ

എല്ലാവരും ഉറങ്ങുമ്പോൾ ഡോ. ഷെറിൻ ഉണർന്നിരുന്ന് സംഗീതം പരിശീലിച്ചു പഠിച്ചു. താൻ ഒരു ഡോക്ടറാണെങ്കിലും സംഗീതത്തെ കൈവിടാൻ ഷെറിനു കഴിയുമായിരുന്നില്ല. കലയോടുള്ള കരുതലും സ്നേഹവും ദൈവം തനിക്ക് ദാനമായിത്തന്ന കഴിവുകളെ പരമാവധി പ്രയോജനപ്പെടുത്താനുള്ള താല്പര്യവും ഡോ. ഷെറിനുണ്ടായിരുന്നു. അങ്ങനെ, ക്രിസ്ത്യൻ ഗാനരംഗത്തേയ്ക്ക് അനേകരെ കൈപിടിച്ചു കൊണ്ടുവന്ന ഫാ. മാത്യു പയ്യപ്പിള്ളി എം.സി.ബി.എസ്.ന്റെ സംഗീതത്തിൽ പിറന്ന ‘നിണമൊഴുകീടുന്ന നിൻ വീഥിയിൽ…’ എന്ന ക്രിസ്തീയ ഭക്തിഗാനം തന്നെ ആദ്യം പാടാൻ ഷെറിന് അവസരം ലഭിച്ചു. പിന്നീട് സംഗീതവഴികളിൽ ഈ പാട്ടുകാരിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

ഫാ. ജോയി ചെഞ്ചേരിലിന്റെ രചനയിൽ പിറന്ന ‘മാരിവില്ലേ മനോഹരി…’ എന്ന ഗാനം ആലപിച്ചിരിക്കുന്നതും ഷെറിൻ തന്നെ. അതൊരു മരിയൻ ഭക്തിഗാനമായിരുന്നു. ഇപ്പോൾത്തന്നെ ഡോ. ഷെറിൻ പന്ത്രണ്ടോളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. അതിൽ പ്രശസ്ത സംഗീതജ്ഞൻ മോഹൻ സിത്താരയുടെ സംഗീതത്തിലും ബേണി ഇഗ്നേഷ്യസിന്റെ സംഗീതത്തിലും പാട്ട് പാടാനും ഷെറിന് അവസരം ലഭിച്ചു. ഇതിനെയൊക്കെ വലിയ ഭാഗ്യമായിട്ടാണ് ഷെറിൻ കാണുന്നത്. അതോടൊപ്പം ലണ്ടനിലുള്ള ഷോകളിലെയും സ്ഥിരസാന്നിധ്യമായി ഷെറിൻ മാറിക്കഴിഞ്ഞു. ഇപ്പോൾ മിക്കവാറും പാടുന്നത് ക്രിസ്ത്യൻ ഭക്തിഗാനങ്ങളാണ്.

അനുഗ്രഹീത ഗായകൻ കെസ്റ്ററിന്റെ കൂടെ പാടാൻ സാധിച്ചതും വലിയ ദൈവാനുഗ്രഹമായിട്ടാണ് ഷെറിൻ കാണുന്നത്. ഈ പാട്ടുകൾ പാടാനൊക്കെ ആളുകൾ വിളിക്കുന്നത് പള്ളി ക്വയറിലെ പാട്ടുകൾ കേട്ടതിനു ശേഷമാണ് എന്നത് ദൈവത്തിന്റെ പ്രത്യേകമായ ഇടപെടലായി ഷെറിൻ കാണുന്നു.

ക്ലാസിക്കൽ സംഗീതത്തിൽ നിന്നും ക്രിസ്ത്യൻ ഭക്തിഗാനരംഗത്തേക്കുള്ള മാറ്റം

ജീവിതത്തിലെ ചില നിർണ്ണായക നിമിഷങ്ങളാണ് ഡോ. ഷെറിൻ ക്രിസ്ത്യൻ ഭക്തിഗാനരംഗത്ത് കൂടുതൽ സജീവമാകാൻ കാരണമായത്. ക്ലാസിക്കൽ സംഗീതം പാടിശീലിച്ച ഷെറിൻ ഒരു കാലഘട്ടത്തിനു ശേഷം ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ മാത്രം പാടിയപ്പോൾ അത് അവളുടെ ജീവിതത്തെത്തന്നെ ആകമാനം മാറ്റിമറിച്ചു. ജീവിതത്തിലെ വേദനകളിൽ സൗഖ്യം പ്രദാനം ചെയ്തു. വളരെ ഹൃദയസ്പർശിയായ ഗാനങ്ങൾ ഹൃദയത്തെ തണുപ്പിക്കുന്ന അനുഭവം കേൾവിക്കാരിലും ഉണ്ടാക്കി.

ഡോ. ഷെറിൻ വലിയ ഒരു പാട്ടുകാരിയാണെങ്കിലും ഇപ്പോഴും സംഗീതം പഠിക്കുന്നു എന്നതാണ് മറ്റൊരു വ്യത്യസ്തത. “ഡോക്ടറായതുകൊണ്ടുതന്നെ ജോലിയും പാട്ടും ഒന്നിച്ചു കൊണ്ടുപോകുക എന്നത് ആദ്യമൊക്കെ വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പാട്ടിനോട് ഇഷ്ടമുള്ളതുകൊണ്ട് എല്ലാവരും ഉറങ്ങുമ്പോൾ ഞാൻ പാട്ടിനുവേണ്ടി ഉണർന്നിരിക്കും. അത്രമാത്രം ഞാൻ സംഗീതത്തെ സ്നേഹിക്കുന്നു” – ഡോ. ഷെറിൻ വെളിപ്പെടുത്തുന്നു.

ട്രാൻസ്‌ ജെന്റേഴ്‌സിന്റെ പ്രശ്നങ്ങൾ വലിയ തോതിൽ വർധിച്ചുവരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. ഡോ. ഷെറിൻ ആദ്യമായി പ്രൊഡ്യൂസ് ചെയ്ത ഒരു പാട്ടിൽ യഥാർഥത്തിൽ ട്രാൻസ്‌ ജെൻഡർ ആയ വ്യക്തിയാണ് അഭിനയിച്ചിട്ടുള്ളത്. ആ പാട്ട് ഇറക്കിയതിൽ എല്ലാവിധ ആത്മീയ ഉപദേശ-നിർദേശങ്ങളും നൽകിയത് ഫാ. മാത്യൂസ് പയ്യപ്പിള്ളി ആണ്. ജോത്സ്ന എന്ന ഒരു ട്രാൻസ്‌ ജെൻഡർ തന്നെയാണ് അതിൽ അഭിനയിച്ചിരിക്കുന്നത്. ‘ചേർത്തണയ്ക്കാൻ…’ എന്നാണ് ആ ഗാനം തുടങ്ങുന്നത്. ദൈവം എല്ലാവരുടെയും ദൈവമാണ് എന്ന ആശയമാണ് ഈ ഗാനത്തിലൂടെ ഡോ. ഷെറിൻ മുൻപോട്ടു വയ്ക്കാൻ ശ്രമിച്ചതും.

പാട്ടുകാരിയായ ഡോക്ടറിന്റെ സ്വപ്‍നം

പാചകത്തോടും വലിയ താല്പര്യം പുലർത്തുന്ന ഷെറിൻ ‘kuks kitchen’ എന്നപേരിൽ ഒരു കുക്കിങ് വ്ളോഗും നടത്തുന്നുണ്ട്. ഹിസ്‌തോ പതോളജിയിലാണ് ഡോ. ഷെറിൻ സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്. ആഴ്ചയിൽ 48 മണിക്കൂറാണ് ജോലി. ആരോഗ്യരംഗത്തെ പ്രവർത്തനങ്ങളും സംഗീതവും പാചകവും എല്ലാംകൂടി ഒന്നിച്ച് ഒരു മീഡിയത്തിലൂടെ മുൻപോട്ടു കൊണ്ടുപോകാൻ സാധിക്കുക എന്നതാണ് ഡോക്ടറിന്റെ സ്വപ്നം. അത് പൂർത്തീകരിക്കാനുള്ള പരിശ്രമത്തിലാണ് ഇപ്പോൾ ഡോ. ഷെറിൻ.

“ഭർത്താവ് നിഷാന്ത്, വളരെ സപ്പോർട്ടീവ് ആയിട്ടുള്ള ആളാണ്. സംഗീതകാര്യങ്ങളിലൊക്കെ ഒന്നിച്ച് തീരുമാനമെടുക്കാനും ചെയ്യാനുമൊക്കെയുള്ള സ്വാതന്ത്ര്യവും പിന്തുണയും ഭർത്താവിന്റെ ഭാഗത്തുനിന്നും ലഭിക്കുന്നുണ്ട്. അതിനെ ഞാൻ വലിയ ഒരു ദൈവാനുഗ്രഹമായിട്ടാണ് കാണുന്നത്” – ഷെറിൻ കൂട്ടിച്ചേർത്തു.

ജോലിയും ഇത്തരത്തിലുള്ള കാര്യങ്ങളും എങ്ങനെ ഒരുമിച്ചു കൊണ്ടുപോകാമെന്നുള്ളതിന് മികച്ച ഒരു ഉദാഹരണമാണ് ഡോ. ഷെറിന്റെ ജീവിതം. യു.കെ.യിൽ മെഡിക്കൽ കോളേജിലെ പാതോളജി വിഭാഗം ഹെഡ് ആണ് ഡോ. ഷെറിൻ. മെഡിക്കൽ വിദ്യാർഥികളെ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. മറ്റുള്ളവരെ നന്നായി ശ്രവിക്കാൻ കഴിവുള്ള ഒരു വ്യക്തിത്വമാണ് ഡോക്ടറിന്റേത്. അത്, വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവർക്ക് ഇക്കാലഘട്ടത്തിൽ വലിയ ആശ്വാസമാണ് പകരുന്നത്.

ഡോ. ഷെറിൻ ജോസ് പയ്യപ്പിള്ളി അങ്കമാലിക്കടുത്ത് അകപ്പറമ്പ് ഇടവകാംഗമാണ്. മാത്യു, രാഹുൽ എന്നിവരാണ് മക്കൾ. ചുരുങ്ങിയ കാലങ്ങൾകൊണ്ടു തന്നെ ക്രിസ്ത്യൻ സംഗീതരംഗത്ത് സുപരിചിതയായിത്തീർന്നു ഡോ. ഷെറിൻ. സംഗീതലോകം ഡോ. ഷെറിന്റെ നല്ല പാട്ടുകളാൽ കൂടുതൽ മനോഹരമാകട്ടെ. ലൈഫ്ഡേയുടെ ആശംസകളും പ്രാർഥനകളും!

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.