ക്രിസ്തുവിനെപ്രതി രക്തസാക്ഷിത്വം വരിച്ച 15 സന്യാസിനിമാരും വൈദികനും

ഫാ. റോണി കിഴക്കേടത്ത് കപ്പൂച്ചിൻ

ക്രിസ്തുവിലുള്ള വിശ്വാസത്തെപ്രതി, സോവിയറ്റ് റെഡ് ആർമി ക്രൂരമായി കൊലപ്പെടുത്തിയ 15 സിസ്റ്റേഴ്സിന്റെയും, ഹിറ്റ്ലറിനെതിരായ ലേഖനമെഴുതിയ ജർമ്മൻ വൈദികന്റെയും രക്തസാക്ഷിത്വം അംഗീകരിക്കുന്ന ഡിക്രിയിൽ മാർച്ച് 14-ാം തീയതി ഫ്രാൻസിസ് മാർപാപ്പ ഒപ്പുവച്ചു. ഈശോയോടുള്ള സ്നേഹത്തെപ്രതി അവർ എങ്ങനെയാണ് തങ്ങളുടെ ജീവിതം സമർപ്പിച്ചത് എന്ന് പരിശോധിക്കാം.

‘കോൺഗ്രിഗേഷൻ ഓഫ് ദി സിസ്റ്റേഴ്സ് ഓഫ് സെന്റ് കാതറിൻ വെർജിൻ ആന്റ് മാർട്ടർ’ എന്ന സമൂഹത്തിലെ അംഗങ്ങളായിരുന്നു സോവിയറ്റ് റെഡ് ആർമി കൊലപ്പെടുത്തിയ ആ 15 സന്യാസിനിമാർ. 1945 ജനുവരി മാസത്തിനും നവംബർ മാസത്തിനുമിടയിൽ അവരെല്ലാം കൊല്ലപ്പെട്ടു. വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള വത്തിക്കാൻ ഡിക്കസ്ട്രിയുടെ വെബ്സൈറ്റ് പ്രകാരം, ക്രൈസ്തവസന്യാസിനിമാർ ആയിരുന്നതുകൊണ്ടാണ് അവരെ സോവിയറ്റ് സൈനികർ ആക്രമിച്ചത്. അവരുടെ ബ്രഹ്മചര്യത്തിനെതിരായി ഉണ്ടായ ക്രൂരമായ അതിക്രമങ്ങൾ അതാണ് വെളിപ്പെടുത്തുന്നത്.

സിസ്റ്റേഴ്സിന്റെ വെയിൽസ്, ജപമാലകൾ, എല്ലാറ്റിലുമുപരി അവരുടെ സന്യാസവസ്ത്രങ്ങൾ എന്നിവയോടെല്ലാം കമ്മ്യൂണിസ്റ്റ് ഭരണകൂടം അവഹേളനങ്ങൾ നടത്തിയിരുന്നു. എങ്കിലും അവസാനംവരെയും ആ 15 സന്യാസിനിമാരും തങ്ങളുടെ ദൈവവിളിയിൽ ഉറച്ചുനിന്നു. തങ്ങളുടെ അവസ്ഥകളെ മറന്ന് രോഗികളെയും കുട്ടികളെയും അനാഥരെയും സംരക്ഷിച്ചു, അതുമൂലമുണ്ടാകാവുന്ന ഭീഷണികളെ അവഗണിച്ചു, തങ്ങളുടെ അയൽക്കാർക്ക് ചെയ്തുകൊടുക്കാവുന്ന എല്ലാ കാര്യങ്ങളും ചെയ്തുകൊണ്ട് അവർ തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിന്നു. ആ ധീരരക്തസാക്ഷികൾ താഴെ പറയുന്നവരാണ്.

1. മരിയ ക്രിസ്റ്റഫോറ ക്ലോംഫാസ്: 1945 ജനുവരി 21-ാം തീയതിയാണ് അവർ കൊല്ലപ്പെട്ടത്. മരിക്കുമ്പോൾ 41 വയസ്സായിരുന്നു അവരുടെ പ്രായം.

2. മരിയ ലിബേരിയ ഡൊമിനിക്: 1945 ജനുവരി 22-ാം തീയതിയാണ് മരിയ കൊല്ലപ്പെട്ടത്. താൻ ജോലിചെയ്യുന്ന ആശുപത്രിയിലേക്ക് ഭക്ഷണം അന്വേഷിച്ച് തെരുവിലൂടെ നടക്കുമ്പോഴായിരുന്നു അവർക്ക് വെടിയേറ്റത്. മരിക്കുമ്പോൾ 40 വയസ്സായിരുന്നു മരിയയ്ക്ക്.

3. മരിയ ലിയോണിസ് (കേത് എലിസബെത്ത്) മുള്ളർ: 1945 ജനുവരി 22-ന് തട്ടിക്കൊണ്ടുപോകപ്പെട്ട അവരെ എട്ട് പട്ടാളക്കാർ മാറിമാറി ലൈംഗികമായി ഉപദ്രവിച്ചു. ജനുവരി 27-ാം തീയതി അവർ ജയിലിൽ അടയ്ക്കപ്പെട്ടു. റഷ്യയിലേക്കു നാടുകടത്തിയ മരിയയെ, ഫെബ്രുവരി ഒൻപതാം തീയതി സിക്കെനെവ് ക്യാമ്പിലേക്കു മാറ്റി. അവിടെ സഹിക്കേണ്ടിവന്ന മാരകമായ പീഡനങ്ങളുടെ ഫലമായി ജൂൺ അഞ്ചാം തീയതി അവൾ നിത്യതയെ പുൽകി. വെറും 31 വയസ്സായിരുന്നു അപ്പോൾ അവരുടെ പ്രായം.

4. മരിയ മൗറീഷ്യ (അന്ന) മാർഗൻഫീൽഡ്: പട്ടാളക്കാർ പിടികൂടി ലൈംഗികമായി ഉപദ്രവിച്ച അവരെ നിർബന്ധിതമായി മാർച്ച് ചെയ്യിച്ചു. ടൂള (റഷ്യ) യിലേക്കു നാടുകടത്തപ്പെട്ട അവർ ടൈഫസ് ബാധിതരായവരെ ശുശ്രൂഷിച്ച് രോഗബാധിതയായി. എന്നാൽ മതിയായ ചികിത്സ കിട്ടാതെ, 1945 ഏപിൽ ഏഴാം തീയതി, 41-ാമത്തെ വയസ്സിൽ അവർ മരണപ്പെട്ടു.

5. മരിയ ടി ബൂർഷ്യ (കസീലിയ) മിഷ്കെ: 1945 ജനുവരി 21-നു പിടിക്കപ്പെട്ട അവർ ഒരു രാത്രി മുഴുവൻ ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടു. ജനുവരി 23-ാം തീയതി തടവിലാക്കപ്പെട്ട അവരെ, പത്തു ദിവസങ്ങൾക്കുശേഷം പ്രഷ്യനിറ്റ്സിലേക്കു കൊണ്ടുപോയി, അവിടെനിന്ന് ടൂളയിലേക്ക് നാടുകടത്തി. അവിടെയുണ്ടായിരുന്ന സിസ്റ്റേഴ്സിനെയും മറ്റു രോഗികളെയും ശുശ്രൂഷിക്കുന്നതിനിടയിൽ ടൈഫസ് ബാധിച്ച് റഷ്യയിലെ ഒസനോവ ക്യാമ്പിൽ വച്ച് 1945 ആഗസ്റ്റ് ഏഴാം തീയതി അവർ മരിച്ചു. 56 വയസ്സായിരുന്നു മരിക്കുമ്പോൾ അവരുടെ പ്രായം.

6. മരിയ സെകുന്തിന (ബാർബാര) റോറ്റെൻബെർഗ്: 1945 ജനുവരി 27-ാം തീയതി കൊല്ലപ്പെട്ട അവർക്ക് 57 വയസ്സുണ്ടായിരുന്നു.

7. മരിയ അദെൽ ഗാർഡ് (അഗതെ യുഫേമിയ) ബോനിക്: 1945 ജനുവരി 27-ാം തീയതിയാണ് അഗതെ റാസ്റ്റെൻബെർഗിൽ വച്ച് കൊല്ലപ്പെട്ടത്. 44 വയസ്സായിരുന്നു മരിക്കുമ്പോൾ അവർക്ക് പ്രായം.

8. മരിയ അനിസെറ്റ (ക്ലാര അന്ന) സ്കിബോവ്സ്കി: 1954 ഫെബ്രുവരി രണ്ടാം തീയതി ഹെയിൽസ്ബർഗിൽ വച്ച് അവർ കൊല്ലപ്പെട്ടു. 62-ാമത്തെ വയസ്സിൽ കൊല്ലപ്പെട്ട അവർ അവിടെ ഒരു നഴ്സ് ആയിട്ട് ശുശ്രൂഷ ചെയ്യുകയായിരുന്നു.

9. മരിയ ഗെഫാർദ (മരിയ) സ്ക്രോതർ: ഹെയിൽബെർഗിലെ സീലെർഗസ്സെയിൽ വച്ച് 1945 ഫെബ്രുവരി രണ്ടാം തീയതിയാണ് അവർ കൊല്ലപ്പെടുന്നത്. മരിക്കുമ്പോൾ 58 വയസ്സായിരുന്നു അവർക്ക്.

10. മരിയ സബിനെല്ല (റോസാലിയ) ആംഗ്രിക്: 1945 ഫെബ്രുവരി രണ്ടാം തീയതി ഹെയിൽസ്ബെർഗിലെ മഠത്തിൽ വച്ച് കൊല്ലപ്പെട്ട അവർക്ക് 64 വയസ്സുണ്ടായിരുന്നു.

11. മരിയ ബോന (അന്ന) പെസ്റ്റ്ക: ട്യൂബർകുളോസിസ് ബാധിച്ച് വോംഡിറ്റിലെ ആൻഡ്രിയാസ്ബെർഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 1945 ഫെബ്രുവരി 14-ാം തീയതി റെഡ് ആർമി സൈനികർ മരിയയെ ക്രൂരമായി മർദിച്ചു. അതിനെ തുടർന്ന് അവശനിലയിലായ അവർ മെയ് ഒന്നാം തീയതി 40-ാമത്തെ വയസ്സിൽ മരിച്ചു.

12. മരിയ ഗൺ ഹിൽഡ് (ഡൊറോത്തിയ) സ്റ്റെഫാൻ: വോംഡിറ്റിലെ ആശുപത്രിയിൽ ട്യൂബർകുളോസിസിന് ചികിത്സയിലായിരുന്ന അവരെ 1945 ഫെബ്രുവരി 14-ാം തീയതി സോവിയറ്റ് സൈനികർ ക്രൂരമായി മർദിക്കുകയും ബലാൽക്കാരം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തു. 1945 മേയ് മൂന്നാം തീയതി അവർക്ക് മൂന്നു തവണ വെടിയേറ്റു. കൊല്ലപ്പെടുമ്പോൾ വെറും 26 വയസ്സായിരുന്നു മരിയയുടെ പ്രായം.

13. മരിയ റോളാണ്ട (മരിയ) ഏബ്രഹാം: ട്യൂബർകുളോസിസ് ബാധിച്ച് ചികിത്സയിലായിരുന്ന അവരെയും 1945 ഫെബ്രുവരി 14-ാം തീയതി സൈനികർ ബലാത്സംഗം ചെയുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. ജൂലൈ രണ്ടാം തീയതി മരിക്കുമ്പോൾ 31 വയസ്സായിരുന്നു അവർക്ക്.

14. മരിയ കരിറ്റീന (ഹെഡ്വിഗ്) ഫാൾ: ഒരു കൂട്ടം നോവിസിസിനെ സംരക്ഷിക്കാനുള്ള പരിശ്രമത്തിനിടയിൽ തോക്കിന്റെ പാത്തി കൊണ്ട് അടിയേറ്റ അവർ, 1945 ജൂൺ അഞ്ചാം തീയതി മരിച്ചു. 58 വയസ്സായിരുന്നു
മരിക്കുമ്പോൾ അവർക്ക് പ്രായം.

15. മരിയ സെവേരിയ ( മരിയ) റോവെദർ: സൈനികരുടെ ക്രൂരമായ പീഡനത്തിനിരയായ അവർക്ക് ഭക്ഷണം കഴിക്കാൻപോലും പറ്റാത്ത അവസ്ഥയായിരുന്നു. 1945 നവംബർ 25-ാം തീയതി 58-ാമത്തെ വയസ്സിൽ അവർ മരിച്ചു.

നാസി പീഡനത്തിൽ രക്തസാക്ഷിയായ ജർമ്മൻ വൈദികൻ

മാക്സ് ജോസഫ് മെറ്റ്സെഗർ 1887 ഫെബുവരി മൂന്നാം തീയതി ജർമ്മനിയിലെ സ്കോപ്ഫെയിമിൽ ജനിച്ചു. 1911 ജൂലൈ അഞ്ചാം തീയതി വൈദികനായി. ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ മിലിട്ടറി ചാപ്ലിൻ ആയി നിയോഗിക്കപ്പെട്ടുവെങ്കിലും ന്യുമോണിയ പിടിപെട്ടതിനാൽ 1915-ൽ അത് ഉപേക്ഷിച്ചു.

ബ്യൂഗർബർക്കിൽ വച്ച് ഹിറ്റ്ലറിനുനേരെ നടന്ന വധശ്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് 1939 നവംബർ ഒൻപതാം തീയതി അദ്ദേഹത്തെ ജയിലിലടച്ചു. ഡിസംബർ നാലാം തീയതി ജയിൽമോചിതനായ അദ്ദേഹം ബെർലിനിലെ ക്രിസ്തുരാജ സൊസൈറ്റിയുടെ ഒരു ഹൗസിൽ താമസമാക്കി. അവിടെവച്ച് ഹിറ്റ്ലറിനെതിരെ അദ്ദേഹം രണ്ടു കത്തുകൾ എഴുതി.

1943 ജൂൺ 23-ാം തീയതി അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 1943 ഒക്ടോബർ 14-ാം തീയതി ഗുരുതരമായ ഗൂഡാലോചനാക്കുറ്റം ചുമത്തി മരണത്തിനു വിധിക്കപ്പെട്ടു. 1944 ഏപ്രിൽ 17-ാം തീയതി അദ്ദേഹം വധിക്കപ്പെട്ടു.

ഫാ . റോണി കിഴക്കേടത്ത്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.