ക്രിസ്തുമസിലെ 12 ദിവസങ്ങൾ

ക്രിസ്തുമസിനോടനുബന്ധിച്ചും അതിന്റെ തുടർച്ച എന്നപോലെയും പല ആഘോഷങ്ങളും പാരമ്പര്യങ്ങളും നിലനിൽക്കുന്നുണ്ട്. അവയിൽ വളരെ പൊതുവായ ഒരു പാരമ്പര്യമാണ് ‘ക്രിസ്തുമസിലെ 12 ദിവസങ്ങൾ.’ എന്താണ് ഈ 12 ദിവസങ്ങൾ എന്നു നോക്കാം.

നമ്മളെ സംബന്ധിച്ച് ഡിസംബർ 25 -ന് ക്രിസ്തുമസ് ആഘോഷങ്ങള്‍ പൂര്‍ണ്ണമാകുന്നു. എന്നാൽ ചിലയിടങ്ങളില്‍, ഡിസംബർ 25 മുതൽ ജനുവരിയിലേക്കു  നീണ്ടുനിൽക്കുന്നതാണ് ക്രിസ്തുമസ് ആഘോഷങ്ങൾ. ‘ക്രിസ്തുമസിലെ 12 ദിവസങ്ങൾ’ എന്ന പാരമ്പര്യമാണ് അതിനുപിന്നില്‍. അതായത് ക്രിസ്തുമസ് കഴിഞ്ഞുവരുന്ന പന്ത്രണ്ട് ദിനങ്ങളില്‍, പന്ത്രണ്ട് തിരുനാളുകൾ ആഘോഷിക്കുന്നു. അത് ഡിസംബർ 26 -ന് ആരംഭിച്ച് ജനുവരി ആറാം തീയതിയിലെ ‘എപ്പിഫനി’ അഥവാ ദനഹാ തിരുനാളോടെ സമാപിക്കും.

ഈ പന്ത്രണ്ട് ദിനങ്ങളും പന്ത്രണ്ട് തിരുനാളുകളും ഏതൊക്കെയാണെന്ന് നമുക്ക് കാണാം. ഡിസംബർ 26 -ന് ആചരിക്കുന്ന സഭയിലെ ആദ്യത്തെ രക്തസാക്ഷി വി. സ്റ്റീഫന്റെ തിരുനാൾ, ഡിസംബർ 27 -ന് ആചരിക്കുന്ന സുവിശേഷകനായ വി. യോഹന്നാന്റെ തിരുനാൾ, ഡിസംബർ 28 -ന് ആചരിക്കുന്ന കുഞ്ഞിപ്പെതങ്ങളുടെ തിരുനാൾ, ഡിസംബർ 29 -ന് ആചരിക്കുന്ന വി. തോമസ് ബെക്കറ്റിന്റെ തിരുനാൾ, ഡിസംബർ 30 -ന് ആചരിക്കുന്ന വി. എജ്വിന്റെ (എജ് വിന്‍)  തിരുനാൾ, ഡിസംബർ 31 -ന് ആചരിക്കുന്ന വി. സിൽവെസ്റ്റർ ഒന്നാമൻ പാപ്പയുടെ തിരുനാൾ, ജനുവരി 1 -ന് ആചരിക്കുന്ന ഈശോയുടെ പരിഛേദന തിരുനാൾ, ജനുവരി 2 -ന് ആചരിക്കുന്ന യേശുവിന്റെ വിശുദ്ധനാമത്തിന്റെ തിരുനാൾ, ജനുവരി 3 -ന് ആചരിക്കുന്ന വി. സോസ്സിമൂസിന്റെയും അത്തനാസിയൂസിന്റെയും തിരുനാൾ, ജനുവരി 4 -ന് ആചരിക്കുന്ന വി. അക്വിലിനിയൂസിന്റെ തിരുനാൾ, ജനുവരി 5 -ന് ആചരിക്കുന്ന ദനഹാ തിരുനാളിനുള്ള ഒരുക്കദിവസം, ജനുവരി 6 -ന് ആചരിക്കുന്ന ദനഹാ തിരുനാൾ ഇവയാണ് ആ പന്ത്രണ്ട് ദിവസങ്ങൾ.  ദനഹാ തിരുനാളിനോടെ ആഘോഷങ്ങള്‍ പൂര്‍ണ്ണമാകുന്നു.

1780 -ൽ  ഇംഗ്ലണ്ടിൽ ‘ക്രിസ്തുമസിലെ പന്ത്രണ്ടു ദിവസങ്ങൾ’ എന്നപേരിൽ ഒരു കരോൾ രൂപപ്പെട്ടു. ഇത്‌ ഫ്രാൻസിൽ രൂപപ്പെട്ടതാണെന്നും കാലക്രമത്തിൽ ക്രിസ്തുമസ് കരോൾ എന്നപേരിൽ ഇംഗ്ലണ്ടിൽ പ്രസിദ്ധമായതാണന്നും അഭിപ്രായമുള്ള ചിലരുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.