ആദ്യകുർബാന സ്വീകരണത്തിനൊരുക്കാൻ ചില ലളിതമായ വഴികൾ

ആദ്യകുർബാന സ്വീകരണം നമ്മുടെയെല്ലാം മനസ്സുകളിൽ പച്ചകെടാതെ നില്ക്കുന്ന ഓർമ്മകളാണ്. ഈശോയെ സ്വീകരിക്കാനായി പലവിധത്തിൽ ഒരുങ്ങിയതിനെ കുറിച്ചും ആ ദിവസത്തെ ദിവ്യബലിയിൽ നടന്ന സംഭവങ്ങളെക്കുറിച്ചും നമുക്കു ലഭിച്ച സമ്മാനങ്ങളെക്കുറിച്ചുമൊക്കെ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ ഓരോ ക്രൈസ്തവനും ഉണ്ടായിരിക്കും. ആദ്യകുർബാന സ്വീകരണത്തിനൊരുക്കാൻ ചില ലളിതമായ മാർഗങ്ങൾ പരിചയപ്പെടാം.

നല്ല ഒരുക്കം ആവശ്യമാണ്

ആദ്യകുർബാന സ്വീകരണത്തിനു മുന്നോടിയായി പങ്കെടുത്ത ക്ലാസ്സുകളിലെ കാര്യങ്ങൾ എല്ലാം തന്നെ ഓ‌‌‌ർമ്മിച്ചെടുക്കാൻ ചിലപ്പോൾ നമുക്കു കഴിയണമെന്നില്ല. അന്നു പഠിച്ച പ്രാർഥനകളും ജപങ്ങളും മറ്റും ധാരാളം അറിവുകൾ നമുക്കു നല്കിയിട്ടുണ്ട്. ആദ്യകുർബാന സ്വീകരണത്തോടനുബന്ധിച്ചു മാതാപിതാക്കളും ഗ്രാന്റ് പേരന്റസും അധ്യാപകരും സിസ്റ്റേഴ്സുമൊക്കെ പങ്കുവച്ചിട്ടുള്ള തങ്ങളുടെ അനുഭവങ്ങളും പറഞ്ഞിട്ടുള്ള കഥകളും വിശുദ്ധരുടെ ചരിത്രങ്ങളും എല്ലാം പലതരത്തിൽ നമ്മളെ സ്വാധീനിച്ചിട്ടുണ്ട്, ഇപ്പോഴും സ്വാധീനിക്കുന്നുമുണ്ട്. ആദ്യകുർബാന സ്വീകരണത്തിനൊരുക്കമായി കൃത്യമായ ക്ലാസ്സുകളും പഠനവും കുട്ടികൾക്കു നല്കണം. ഇത് മതാധ്യാപകരുടെയോ സിസ്റ്റേഴ്സിന്റെയോ മാത്രം ചുമതലയായി കാണാതെ ഭവനാംഗങ്ങളും തങ്ങളുടെ അറിവും അനുഭവവും കുഞ്ഞുങ്ങളോടു പങ്കുവയ്ക്കണം.

മാതൃകയിലൂടെ പഠിപ്പിക്കാം

പരിശുദ്ധ കു‌ർബാനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്കുനല്കാവുന്ന ഏറ്റവും വലിയ അധ്യാപനം നിങ്ങളുടെ ജീവിതമാതൃക തന്നെയാണ്. കുട്ടികൾ നിങ്ങളുടെ ജീവിതം കണ്ടാണ് പഠിക്കുന്നത്. നിങ്ങളുടെ ജീവിതത്തിൽ ദിവ്യകാരുണ്യത്തിനു നല്കുന്ന പ്രാധാന്യമാണ് കുട്ടികളെ പ്രചോദിപ്പിക്കുന്നത്. ആദ്യകുർബാനയ്ക്കായി കുട്ടികളെ ഒരുക്കാനുള്ള ഏറ്റവും നല്ല മാർഗം ഒരുമിച്ചു പരിശുദ്ധ കുർബാനയ്ക്കു പോകുക എന്നതാണ്.

ദിവ്യകാരുണ്യത്തെക്കുറിച്ചും അതിൽ സന്നിഹിതനാകുന്ന ഈശോയെക്കുറിച്ചും കുടുംബത്തിൽ കൂടെക്കൂടെ സംസാരിക്കുക. ദിവ്യകാരുണ്യത്തിലെ ഈശോയുടെ സാന്നിധ്യത്തെക്കുറിച്ചു പറയുക. നിങ്ങളുടെ സ്വന്തം ആദ്യകുർബാന സ്വീകരണത്തിന്റെ അനുഭവങ്ങൾ അവരുമായി പങ്കുവയ്ക്കുക. നിങ്ങളുടെ ജീവിതത്തിൽ പരിശുദ്ധ കുർബാനയ്ക്കു നല്കുന്ന പ്രാധാന്യമാണ് കുട്ടികളും കണ്ടുപഠിക്കുകയും ജീവിതത്തിൽ മാതൃകയാക്കുകയും ചെയ്യുന്നത്.

ദിവ്യകാരുണ്യ ആരാധന

ആരാധനയ്ക്കായി ഒരുമിച്ചു പോകുന്നത് വളരെ ഉത്തമമായ കാര്യമാണ്. ദിവ്യകാരുണ്യനാഥന്റെ മുമ്പിൽ അവിടത്തെ സാന്നിധ്യത്തിലിരിക്കുന്നത് ജീവിതം മാറ്റുന്ന സമയമാണ്. ഇതുവരെയും അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ലെങ്കിൽ അതിനായി പരിശ്രമിക്കാവുന്നതേയുള്ളു. തുറവിയുള്ളവരായി അവിടുത്തെ സന്നിധിയിലിരിക്കുക. ഇതു നിങ്ങളുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഭാഗമാണെന്നു കാണുന്ന നിങ്ങളുടെ കുട്ടിയും അതിനെ ഗൗരവമായി കണ്ടു ഈശോയുടെ സാന്നിധ്യം അനുഭവിച്ചറിയാൻ പരിശ്രമിക്കും.

മാധ്യമങ്ങളും പുസ്തകങ്ങളും

കാലങ്ങളായി നടന്നിട്ടുള്ള ദിവ്യകാരുണ്യ അത്ഭുതങ്ങളെക്കുറിച്ചും മനുഷ്യരുടെ ജീവിതത്തിലെ ദിവ്യകാരുണ്യ ഇടപെടലുകളെക്കുറിച്ചുമുള്ള കഥകൾ ഒരുമിച്ചു വായിക്കുകയും കാണുകയും ചെയ്യാം. ദിവ്യകാരുണ്യത്തിലുള്ള ഈശോയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള നിരവധി കഥകളുള്ള ‘സ്റ്റോറീസ് ഓഫ് ദ ബ്ലെസഡ് സാക്രമെന്റ്,’ എന്ന പുസ്തകം കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ സ്വാധീനിക്കുന്നതാണ്.

കുടുംബത്തിലുള്ള എല്ലാവർക്കും ഒരുപോലെ കാണാൻ കഴിയുന്ന ഏഴുമിനിട്ട് ദൈർഘ്യമുള്ള വീഡിയോ ആണ് ‘ദ വെയിൽ റിമൂവഡ്’. പരിശുദ്ധ കുർബാനയിൽ സംഭവിക്കുന്ന, നമ്മുടെ കണ്ണുകൾക്കു നേരിട്ടു കാണാൻ കഴിയാത്ത കാര്യങ്ങളെ ചിത്രീകരിച്ചിരുക്കുന്ന വീഡിയോ ആണിത്.

‘പ്രെസൻസ്: ദ മിസ്റ്ററി ഓഫ് യൂക്കരിസ്റ്റ്’ ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള ഒരു സീരീസാണ്. കുട്ടുകൾക്കുവേണ്ടിയും ആദ്യകുർബാന സ്വീകരിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്കുവേണ്ടിയും ഓരോ എപ്പിസോഡുകൾ ഇതിലുണ്ട്. മൂന്നു പ്രധാനപ്പെട്ട എപ്പിസോഡുകൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ യോജിച്ചതാണ്.

അതുപോലെ തന്നെ ദിവ്യകാരുണ്യനാഥനായി തങ്ങളുടെ ജീവിതം ഉഴി‍ഞ്ഞുവച്ച വാഴ്ത്തപ്പെട്ട ഇമെൽഡയെയും വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസിന്റെയും കഥകൾ വായിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്നത് കുട്ടികളെ പ്രചോദിപ്പിക്കും.

ഫാ. റോണി കപ്പുച്ചിൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.