കുടുംബജീവിതത്തിൽ പുരുഷന്മാർക്ക് മാതൃകയാക്കാവുന്ന വി. യൗസേപ്പിതാവിന്റെ ഗുണങ്ങൾ

വി. യൗസേപ്പിതാവ് നല്ലൊരു ഭർത്താവായിരുന്നുവെന്ന് നമുക്കറിയാം. ഭർത്താക്കന്മാരായിരിക്കുന്ന എല്ലാ പുരുഷന്മാർക്കും ഒരു പ്രചോദനമായി നമുക്ക് ചൂണ്ടിക്കാണിക്കാവുന്നത് വി. ജോസഫിനെയാണ്. വിശുദ്ധനെ അനുസ്മരിക്കുന്ന ഈ മാർച്ച് മാസത്തിൽ കുടുംബജീവിതക്കാർക്ക് അനുകരിക്കാവുന്ന എട്ടു മാർഗനിർദേശങ്ങളാണ് ലൈഫ്ഡേ പങ്കുവയ്ക്കുന്നത്.

1. ക്ഷമയുടെ വ്യക്തിത്വം

മറിയത്തെപ്പോലെ സദ്ഗുണസമ്പന്നയായ ഒരു ഭാര്യയുടെ കൂടെ ജീവിക്കാൻ എളുപ്പമാണെങ്കിലും അവൾ കടന്നുവന്ന വഴികൾ അത്ര എളുപ്പമുള്ളതല്ലായിരുന്നു. അതിനാൽ തീർച്ചയായും ക്ഷമ എന്നത് വി. ജോസഫിന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആവശ്യമായിരുന്നു. ദൈവത്തിന്റെ പദ്ധതി പിന്തുടരാനും അവരുടെ പരീക്ഷണങ്ങളിലും പ്രയാസങ്ങളിലും ഭാര്യയെ പിന്തുണയ്ക്കാനും അവിശ്വസനീയമായ ക്ഷമ അദ്ദേഹത്തിന് ആവശ്യമായിവന്നിരിക്കണം. ക്ഷമയുടെ വലിയ ഗുണം, വി. യൗസേപ്പിതാവിന്റെ ജീവിതത്തിലുടനീളം ഉണ്ടായിരുന്നുവെന്ന്  തിരുക്കുടുംബത്തിന്റെ ജീവിതരീതിയിൽ നിന്നു നമുക്കു മനസ്സിലാക്കാം.

2. മികച്ച തൊഴിലാളി

തൊഴിലാളികളുടെ പ്രത്യേക മധ്യസ്ഥനായി സാർവത്രികസഭ വി. യൗസേപ്പിനെ വണങ്ങുന്നു. മരപ്പണിക്കാരനായ ജോസഫ് തന്റെ ജോലിയിൽ ഏറ്റവും മികച്ചവനായിരുന്നു. എല്ലാ ഭർത്താക്കന്മാരും തങ്ങളുടെ തൊഴിലിൽ ഏറ്റവും മികച്ചവരായിരിക്കാൻ വിശുദ്ധനോട് പ്രാർഥിക്കാവുന്നതാണ്.

3. വിവേചനബുദ്ധിയുടെ മനുഷ്യൻ

വിവേചനാധികാരത്തിന്റെ പ്രതിരൂപമായിരുന്നു വി. ജോസഫ്. മറിയം യേശുവിനെ അസാധാരണമാംവിധം ഗർഭം ധരിച്ചപ്പോഴും അവളെ സുരക്ഷിതയാക്കാനുള്ള മനസ്സും ബുദ്ധിയും ജോസഫ് കാണിച്ചു. അങ്ങനെ മറിയത്തോടും അവളുടെ ദൈവികവിളിയോടും അവിശ്വസനീയമായ ആദരവ് പ്രകടമാക്കി.

4. സംരക്ഷകൻ

തിരുക്കുടുംബത്തിന്റെ തലവൻ എന്ന നിലയിൽ വി. യൗസേപ്പ് മറിയത്തിന്റെ എല്ലാവിധ ആവശ്യങ്ങൾക്കും ഉറപ്പും സംരക്ഷണവുമേകി. ഉത്തരവാദിത്വത്തിന്റെയും നിസ്വാർഥതയുടെയും സദ്ഗുണങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഭാര്യയുടെയും മകന്റെയും സുരക്ഷയും ജീവിതസൗകര്യങ്ങളും ഉറപ്പാക്കാൻ ജോസഫ് കഠിനാധ്വാനം ചെയ്തു.

5. വിനയത്തിന്റെയും അനുസരണത്തിന്റെയും മാതൃക

വെല്ലുവിളികളെയും അനിശ്ചിതത്വങ്ങളെയും അഭിമുഖീകരിക്കേണ്ടിവന്നപ്പോഴും വി. ജോസഫ് ദൈവഹിതം താഴ്മയോടെ സ്വീകരിക്കുകയും അനുസരണയോടെ അവിടുത്തെ മാർഗനിർദേശം പിന്തുടരുകയും ചെയ്തു. തനിക്കുവേണ്ടി അംഗീകാരമോ, മഹത്വമോ തേടാതെ മറിയത്തെ അവളുടെ അതുല്യമായ വിളിയിൽ പിന്തുണയ്ക്കാൻ ജോസഫിന്റെ വിനയം അദ്ദേഹത്തെ അനുവദിച്ചു.

6. സഹയാത്രികൻ

ജനസംഖ്യാകണക്കെടുപ്പിനായി ബെത്ലഹേമിലേക്കുള്ള യാത്രയിലും ഹേറോദേസിന്റെ പക്കൽനിന്നും ശിശുവിനെ രക്ഷിക്കാനായി ഈജിപ്തിലേക്കുള്ള യാത്രയിലുമെല്ലാം മറിയവും ഈശോയും ജോസഫ് എന്ന മനുഷ്യന്റെ സുരക്ഷിതമായ കൈകളിലായിരുന്നു. കൃത്യമായ വഴികളിലൂടെ, ഒരു വഴികാട്ടിയുടെയും സഹായമില്ലാതെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ തക്കവിധം ഒരു മികച്ച സഹയാത്രികനായിരുന്നു ജോസഫ്.

7. അധ്യാപകനും മാതൃകയും

മറിയത്തിന്റെ സ്നേഹനിധിയായ ഭർത്താവും യേശുവിന്റെ മാതൃകയുമായി ജീവിതകാലം മുഴുവൻ ചിലവഴിച്ച ജോസഫ് വിശ്വാസത്തിലും പുണ്യത്തിലും തിരുക്കുടുംബത്തെ നയിച്ചു. ദൈവത്തോടുള്ള ജോസഫിന്റെ അചഞ്ചലമായ ഭക്തിയും നീതിയോടുള്ള പ്രതിബദ്ധതയും മറിയത്തിന് നല്ലൊരു ഭർത്താവായിരിക്കാൻ ജോസഫിനെ സഹായിച്ചു.

8. വിശ്വസ്തതയുടെ രക്ഷാധികാരി

വി. ജോസഫ് മറിയത്തെ വിശ്വസ്തതയോടെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തു. ദൈവമാതാവെന്ന നിലയിൽ മറിയത്തിന്റെ വിശുദ്ധിയും ദൈവികമായ പങ്കും തിരിച്ചറിഞ്ഞുകൊണ്ട് മറിയത്തിന്റെ ക്ഷേമത്തെക്കുറിച്ചു ബോധവാനായിരുന്നു അദ്ദേഹം. അചഞ്ചലമായ ഈ പ്രതിബദ്ധത ജോസഫ്, മാറിയത്തോടു പുലർത്തിയിരുന്ന ബഹുമാനത്തെയും സ്നേഹത്തെയും പ്രതിഫലിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.